Thursday, June 23, 2011

ഇ എം എസ് ഭവനപദ്ധതി തകര്‍ക്കരുത്

ഭവനരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് നല്‍കാനുള്ള ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതി ആധുനിക കേരളത്തിന്റെ ഏറ്റവും തിളക്കമുള്ള നേട്ടങ്ങളിലൊന്നാണ്. ഐക്യകേരളത്തിന്റെ ആദ്യമുഖ്യമന്ത്രിയും കേരള വികസന മാതൃകയുടെ ശില്‍പ്പിയുമായ ഇ എം എസിന്റെ നാമധേയത്തില്‍ പാവങ്ങള്‍ക്ക് പാര്‍പ്പിടം നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച ആ മഹദ്പദ്ധതി തകര്‍ക്കാനൊരുമ്പെടുകയാണ് യുഡിഎഫ്. പഞ്ചായത്ത് മന്ത്രി എം കെ മുനീറാണ് പദ്ധതിക്കെതിരായ പ്രസ്താവനയുമായി ആദ്യം രംഗത്തുവന്നതെങ്കില്‍ ഇപ്പോള്‍ ഗ്രാമവികസന മന്ത്രി കെ സി ജോസഫ് ഇ എം എസ് ഭവനനിര്‍മാണപദ്ധതി തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഉറപ്പിച്ചുപറഞ്ഞിരിക്കുന്നു. ഇത് കേരളത്തിലെ പാവപ്പെട്ട ജനങ്ങളോടുള്ള യുഡിഎഫിന്റെ വെല്ലുവിളിയാണ്. ജനങ്ങള്‍ക്കുവേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കിയ പദ്ധതികള്‍ ഒന്നൊന്നായി തകര്‍ക്കുക എന്ന നിര്‍ബന്ധത്തില്‍നിന്നാണ് ഈ നിഷേധനയം ഉടലെടുക്കുന്നത്.

പദ്ധതി നിര്‍ത്തിവയ്ക്കാന്‍ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നോട് നിര്‍ദേശിച്ചെന്നാണ് എം കെ മുനീര്‍ വെളിപ്പെടുത്തിയിരുന്നത്. ഒപ്പം പദ്ധതി പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സുപ്രഭാതത്തില്‍ ജനങ്ങളുടെ കൈയടി വാങ്ങാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തട്ടിക്കൂട്ടിയ ഒന്നല്ല ഇ എം എസ് ഭവനപദ്ധതി. പതിനൊന്നാം പദ്ധതിക്കാലത്ത് ഭവനരഹിതരായ മുഴുവന്‍ ദുര്‍ബല കുടുംബങ്ങള്‍ക്കും വീട് നല്‍കാന്‍ കഴിയുമോ എന്ന ചിന്തയുടെ ഭാഗമായി ഏറെ നാള്‍ നീണ്ട ചര്‍ച്ചകളുടെയും വിദഗ്ധ പരിശോധനകളുടെയും തുടര്‍ച്ചയായി രൂപപ്പെടുത്തിയതാണത്. എത്ര വീടുകള്‍ വേണ്ടിവരുമെന്ന് തിട്ടപ്പെടുത്തിയത് ഡോ. എ അച്യുതന്റെ നേതൃത്വത്തിലുള്ള സമിതിയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ത്തന്നെ ഭവനരഹിതരായ എല്ലാ കുടുംബങ്ങള്‍ക്കും വീടു നല്‍കാനാണ് ലക്ഷ്യമിട്ടത്. കേന്ദ്രസര്‍ക്കാരിന്റെ ഐഎവൈ പദ്ധതി, പട്ടികജാതി/വര്‍ഗ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഭവന ധനസഹായം ബിഎസ്യുപി, ഐഎച്ച്എസ്ഡിപി പദ്ധതികള്‍ വഴി നഗരസഭകളില്‍ നടക്കുന്ന ഭവന നിര്‍മാണം എന്നിവ ഈ ലക്ഷ്യത്തിന്റെ ഒരു പങ്ക് നിര്‍വഹിക്കാന്‍ സഹായകരമാകുമെന്നും കണ്ടെത്തി. ലക്ഷംവീടു പദ്ധതിപ്രകാരം പണിത ഇരട്ട വീടുകളില്‍ നല്ലാരു പങ്ക് പഞ്ചായത്തുകള്‍ മെച്ചപ്പെടുത്തിയിരുന്നു.

ഇനിയും ജീര്‍ണാവസ്ഥയില്‍ അവശേഷിക്കുന്നവ മെച്ചപ്പെടുത്തുന്നതിന് ഭവനബോര്‍ഡ് സഹായിക്കാന്‍ തയ്യാറായി. എം എന്‍ ലക്ഷംവീട് പുനരുദ്ധാരണപദ്ധതി പ്രകാരം പകുതി സഹായം ഭവനബോര്‍ഡ് പഞ്ചായത്തുകള്‍ക്ക് നല്‍കി. ഇവയുടെ പിന്‍ബലത്തില്‍ പഞ്ചായത്തുകളും നഗരസഭകളും പദ്ധതിവിഹിതമുപയോഗിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പദ്ധതിവിഹിതത്തില്‍നിന്ന് പണം കണ്ടെത്തി നിശ്ചയിച്ച പരിധിക്കകം പദ്ധതി പൂര്‍ത്തിയാക്കാന്‍ വളരെ കുറച്ചു പഞ്ചായത്തുകള്‍ക്കേ കഴിയുമായിരുന്നുള്ളൂ. ആ പ്രശ്നം മറികടക്കാന്‍ മൂന്നുവര്‍ഷംകൊണ്ട് തിരിച്ചടയ്ക്കാവുന്ന തരത്തില്‍ വായ്പയെടുത്ത് പദ്ധതി നടപ്പാക്കാന്‍ അനുമതി നല്‍കി. അതും അപര്യാപ്തമാണെന്ന് വന്നപ്പോള്‍ പദ്ധതിവിഹിതത്തിന്റെ 15 ശതമാനംവീതം പത്തുവര്‍ഷംകൊണ്ട് കൊടുത്തു തീര്‍ക്കാവുന്നത്ര തുക വായ്പയെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് അനുവാദം നല്‍കി. വായ്പയ്ക്കുള്ള പലിശ സര്‍ക്കാര്‍ നല്‍കാനും തീരുമാനിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 4.57 ലക്ഷം വീടുകള്‍ പൂര്‍ത്തിയായിരുന്നു. 1.84 ലക്ഷം വീടുകള്‍ നിര്‍മാണത്തിലിരിക്കുന്നു. ഇനി രണ്ടുലക്ഷത്തോളം കുടുംബങ്ങളാണ് ഭവനരഹിതര്‍ എന്ന് കണക്കാക്കുന്നു. അതില്‍ ഒന്നര ലക്ഷം ഭൂരഹിത കുടുംബങ്ങളാണ്. ഇവര്‍ക്കുകൂടി വീടുവച്ചുകൊടുത്താല്‍ മഹത്തായ ഒരു നേട്ടത്തിലേക്ക് സംസ്ഥാനത്തെ എത്തിക്കാന്‍ കഴിയും. അതുകാണാതെ, പദ്ധതി അവസാനിപ്പിച്ചുകളയാനുള്ള നീക്കം അസംബന്ധമാണ്; ജനവിരുദ്ധമാണ്. എന്തു കാരണംകൊണ്ടാണ് പദ്ധതി നിര്‍ത്തിവയ്ക്കുന്നതെന്ന് യുഡിഎഫ് വിശദീകരിക്കണം.

എല്‍ഡിഎഫ് ഭരിക്കുന്ന ഘട്ടത്തില്‍ കേരളം തുടര്‍ച്ചയായി ദേശീയ അംഗീകാരങ്ങള്‍ നേടിയപ്പോള്‍ , ഇനി അവാര്‍ഡ് കൊടുക്കരുത് എന്ന നിവേദനവുമായി ഡല്‍ഹിക്ക് പോയവരാണ് ഇവിടത്തെ യുഡിഎഫുകാര്‍ . ഭവനരഹിതരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള ഭാവനാപൂര്‍ണമായ പദ്ധതിയെ അട്ടിമറിക്കുന്നതിന് അവര്‍ക്ക് മടിയുണ്ടാകേണ്ട കാര്യമില്ല. എന്താണ് ഈ പദ്ധതിയോടുള്ള എതിര്‍പ്പിന് കാരണം? ഇ എംഎസിന്റെ പേരാണോ? അതോ തുടക്കമിട്ടത് എല്‍ഡിഎഫ് സര്‍ക്കാര്‍ ആയതുകൊണ്ടാണോ? അപാകങ്ങളുണ്ടെങ്കില്‍ അവലോകനം നടത്തുന്നതിലും തിരുത്തുവരുത്തുന്നതിലും ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ , പദ്ധതിതന്നെ അവസാനിപ്പിക്കുമെന്ന ഭീഷണി ജനങ്ങള്‍ക്ക് അംഗീകരിക്കാവുന്ന കാര്യമല്ല. ഇരിക്കുന്ന പദവിയോട് അല്‍പ്പമെങ്കിലും ആദരവുണ്ടെങ്കില്‍ അവശേഷിക്കുന്ന പാവങ്ങള്‍ക്ക് ഏറ്റവും വേഗത്തില്‍ വീടുവച്ചുകൊടുക്കാനുള്ള മര്യാദയാണ് ഉമ്മന്‍ചാണ്ടി കാണിക്കേണ്ടത്. പാതി പണിത വീടുകള്‍ അടിയന്തര പ്രാധാന്യം നല്‍കി പൂര്‍ത്തിയാക്കണം. ഇതില്‍നിന്നെല്ലാം ഒളിച്ചോടി പദ്ധതി നശിപ്പിച്ചാല്‍ ജനങ്ങളില്‍നിന്നുണ്ടാകുന്ന പ്രതികരണം കടുത്തതാകുമെന്ന് ഓര്‍ക്കുന്നത് നന്ന്. റേഷന്‍ മുടക്കിയും കടിഞ്ഞാണില്ലാത്ത ഇന്ധന വിലവര്‍ധനയ്ക്ക് മൗനസമ്മതം മൂളിയും വിലക്കയറ്റത്തെ കയറൂരിവിട്ടും യുഡിഎഫും അതിന്റെ കേന്ദ്രരാഷ്ട്രീയരൂപമായ യുപിഎയും ജനങ്ങളെയാകെ പരിധിയില്ലാതെ ദ്രോഹിക്കുന്നുണ്ട്. അതിനു പുറമെയാണ്, സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ കൈയിട്ടുവാരാനുള്ള നീക്കം. അത് അനുവദിക്കാതിരിക്കാനുള്ള കൂട്ടായ്മയും ശക്തമായ പ്രക്ഷോഭവും ഉയരേണ്ടതുണ്ട്. ഇ എം എസ് ഭവനപദ്ധതി തകര്‍ക്കാന്‍ നോക്കിയാല്‍ അത് സ്വന്തം തകര്‍ച്ചതന്നെയായി മാറുമെന്ന് യുഡിഎഫിനെ ബോധ്യപ്പെടുത്തുംവിധമുള്ള പ്രതികരണങ്ങള്‍ ഉയരണം.

ദേശാഭിമാനി മുഖപ്രസംഗം 230611

1 comment:

  1. ഭവനരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് നല്‍കാനുള്ള ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതി ആധുനിക കേരളത്തിന്റെ ഏറ്റവും തിളക്കമുള്ള നേട്ടങ്ങളിലൊന്നാണ്. ഐക്യകേരളത്തിന്റെ ആദ്യമുഖ്യമന്ത്രിയും കേരള വികസന മാതൃകയുടെ ശില്‍പ്പിയുമായ ഇ എം എസിന്റെ നാമധേയത്തില്‍ പാവങ്ങള്‍ക്ക് പാര്‍പ്പിടം നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച ആ മഹദ്പദ്ധതി തകര്‍ക്കാനൊരുമ്പെടുകയാണ് യുഡിഎഫ്. പഞ്ചായത്ത് മന്ത്രി എം കെ മുനീറാണ് പദ്ധതിക്കെതിരായ പ്രസ്താവനയുമായി ആദ്യം രംഗത്തുവന്നതെങ്കില്‍ ഇപ്പോള്‍ ഗ്രാമവികസന മന്ത്രി കെ സി ജോസഫ് ഇ എം എസ് ഭവനനിര്‍മാണപദ്ധതി തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഉറപ്പിച്ചുപറഞ്ഞിരിക്കുന്നു. ഇത് കേരളത്തിലെ പാവപ്പെട്ട ജനങ്ങളോടുള്ള യുഡിഎഫിന്റെ വെല്ലുവിളിയാണ്. ജനങ്ങള്‍ക്കുവേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കിയ പദ്ധതികള്‍ ഒന്നൊന്നായി തകര്‍ക്കുക എന്ന നിര്‍ബന്ധത്തില്‍നിന്നാണ് ഈ നിഷേധനയം ഉടലെടുക്കുന്നത്.

    ReplyDelete