Saturday, September 18, 2010

ആസൂത്രണ പങ്കാളിത്തത്തിന് ആദ്യമേ നിര്‍ദേശം

വികേന്ദ്രീകൃത ജനാധിപത്യമെന്ന ആശയം ആദ്യമായി ശിപാര്‍ശ ചെയ്തത് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ബല്‍വന്ത്റായ് മേത്തയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി പ്രാദേശിക ഭരണസംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ ചുമതലപ്പെടുത്തിയ ബല്‍വന്ത്റായ് മേത്ത കമ്മിറ്റി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം, നാഷണല്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് എന്നിവയെക്കുറിച്ച് വിശദമായി പഠിച്ചു. 1957 ജനുവരിയില്‍നിയോഗിച്ച കമ്മിറ്റി നവംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്തുകളും എന്‍ഇഎസ് ബ്ളോക്ക് അടിസ്ഥാനത്തില്‍ പഞ്ചായത്ത് സമിതികളും ജില്ലാതലത്തില്‍ ജില്ലാപരിഷത്തുകളുമായിരുന്നു കമ്മിറ്റിയുടെ ശിപാര്‍ശ. എന്നാല്‍ ഇവയിലേക്ക് നേരിട്ടുള്ള തെരഞ്ഞെടുപ്പിനെ കമ്മിറ്റി അനുകൂലിച്ചില്ല. ജില്ലാപരിഷത്തിലേക്ക് തെരഞ്ഞെടുപ്പും മറ്റുള്ളവയിലേക്ക് നാമനിര്‍ദേശവുമായിരുന്നു ശിപാര്‍ശ. ആസൂത്രണത്തിലും വികസനപ്രവര്‍ത്തനങ്ങളിലും ത്രിതല സ്ഥാപനങ്ങളെ പങ്കാളികളാക്കാനുള്ളതായിലരുന്നു കമ്മിറ്റിയുടെ നിര്‍ദേശങ്ങളില്‍ പ്രധാനം. കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ 1958 ജനുവരിയില്‍ ദേശീയ വികസന സമിതി അംഗീകരിച്ചു.

സാമ്പത്തികാധികാരങ്ങളുടെ വികേന്ദ്രീകരണത്തെക്കുറിച്ച് ഏറെനാള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇതേക്കുറിച്ച് പഠിക്കാന്‍ 1963ല്‍ കെ സന്താനം കമ്മിറ്റിയെ നിയോഗിച്ചത്. ഈ കമ്മിറ്റിയുടെ ശിപാര്‍ശയെത്തുടര്‍ന്ന് ഭൂനികുതിയും കെട്ടിടനികുതിയും പിരിക്കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് നല്‍കി. കേന്ദ്രത്തിലെ ആദ്യ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനെത്തുടര്‍ന്ന് പഞ്ചായത്ത് രാജ് സ്ഥാനപങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായി. 1977ലെ ജനതാപാര്‍ടി സര്‍ക്കാര്‍ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിന് വേണ്ട നടപടികളെക്കുറിച്ച് പഠിച്ച് നിര്‍ദേശം സമര്‍പിക്കാന്‍ അശോക് മേത്ത ചെയര്‍മാനായി കമ്മിറ്റിയെ നിയോഗിച്ചു. ദ്വിതല പഞ്ചായത്ത് സംവിധാനമായിരുന്നു ഈ കമ്മിറ്റിയുടെ നിര്‍ദേശം. താഴെത്തലത്തില്‍ മണ്ഡല്‍ പഞ്ചായത്തുകളും മുകളില്‍ ജില്ലാപഞ്ചായത്തും. പദ്ധതി ആസൂത്രണത്തിനും അവയുടെ ഏകീകരണത്തിനും സാങ്കേതിക വിദഗ്ധരുടെ ലഭ്യതക്കും സാധ്യത കൂടുതലുള്ളിനാല്‍ ആസൂത്രണം ജില്ലാപരിഷത്തുകളെ ഏല്‍പിക്കണമെന്നായിരുന്നു ഈ കമ്മിറ്റിയുടെ കണ്ടെത്തല്‍. ജനസംഖ്യാനുപാതികമായി പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പഞ്ചായത്തുകളില്‍ സംവരണം ഏര്‍പ്പെടുത്തണമെന്നായിരുന്നു മറ്റൊരു പ്രധാന നിര്‍ദേശം. കക്ഷിരാഷ്ട്രീയാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് എന്ന നിര്‍ദേശവും ഈ കമ്മിറ്റിയുടേതായിരുന്നു. അശോക് മേത്ത കമ്മിറ്റിറിപ്പോര്‍ട്ടിന്റെ അടുസ്ഥാനത്തില്‍ കര്‍ണാടക, ആന്ധ്ര, ബംഗാള്‍ സംസ്ഥാനങ്ങളിലെ നിയമസഭകള്‍ അനുബന്ധ നിയമനിര്‍മാണം നടത്തി.

അശോക് മേത്ത കമ്മിറ്റിക്ക് ഇഎംഎസ് എഴുതിയ വിയോജനക്കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ നിര്‍ണായക സ്ഥാനമാണ് പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ക്കുള്ളതെന്ന് 1985ല്‍ നിയോഗിക്കപ്പെട്ട ജിവികെ റാവു കമ്മിറ്റി കണ്ടെത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കക്ഷിരാഷ്ട്രീയാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പുവേണ്ടെന്നായിരുന്നു ഈ കമ്മിറ്റിയുടെ നിര്‍ദേശം. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ ഭരണഘടനാസ്ഥാനപങ്ങളാക്കണമെന്നായിരുന്നു മറ്റൊരു നിര്‍ദേശം. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഭരണഘടനയുടെ 64, 65 ഭേദഗതികള്‍ പഞ്ചായത്തീരാജ്, നഗരപാലിക ബില്‍ എന്ന പേരില്‍ അവതരിപ്പിച്ചെങ്കിലും ഇവ രാജ്യ സഭയില്‍ പരാജയപ്പെട്ടു. വികേന്ദ്രീകരണത്തിന്റെ മറവില്‍ ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതായിരുന്നു ഈ ബില്‍. 1991ലെ 73,74 ഭരണഘടനാഭേദഗതിയാണ് ഇന്ത്യയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഇന്നത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗരേഖ.

ദേശാഭിമാനി 18092010

1 comment:

  1. വികേന്ദ്രീകൃത ജനാധിപത്യമെന്ന ആശയം ആദ്യമായി ശിപാര്‍ശ ചെയ്തത് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ബല്‍വന്ത്റായ് മേത്തയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി പ്രാദേശിക ഭരണസംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ ചുമതലപ്പെടുത്തിയ ബല്‍വന്ത്റായ് മേത്ത കമ്മിറ്റി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം, നാഷണല്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് എന്നിവയെക്കുറിച്ച് വിശദമായി പഠിച്ചു. 1957 ജനുവരിയില്‍നിയോഗിച്ച കമ്മിറ്റി നവംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്തുകളും എന്‍ഇഎസ് ബ്ളോക്ക് അടിസ്ഥാനത്തില്‍ പഞ്ചായത്ത് സമിതികളും ജില്ലാതലത്തില്‍ ജില്ലാപരിഷത്തുകളുമായിരുന്നു കമ്മിറ്റിയുടെ ശിപാര്‍ശ. എന്നാല്‍ ഇവയിലേക്ക് നേരിട്ടുള്ള തെരഞ്ഞെടുപ്പിനെ കമ്മിറ്റി അനുകൂലിച്ചില്ല. ജില്ലാപരിഷത്തിലേക്ക് തെരഞ്ഞെടുപ്പും മറ്റുള്ളവയിലേക്ക് നാമനിര്‍ദേശവുമായിരുന്നു ശിപാര്‍ശ. ആസൂത്രണത്തിലും വികസനപ്രവര്‍ത്തനങ്ങളിലും ത്രിതല സ്ഥാപനങ്ങളെ പങ്കാളികളാക്കാനുള്ളതായിലരുന്നു കമ്മിറ്റിയുടെ നിര്‍ദേശങ്ങളില്‍ പ്രധാനം. കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ 1958 ജനുവരിയില്‍ ദേശീയ വികസന സമിതി അംഗീകരിച്ചു.

    ReplyDelete