Monday, September 10, 2012

എമര്‍ജിങ് ആഘോഷത്തിനിടെ പാവങ്ങളുടെ ഭവനപദ്ധതി മുടങ്ങി


സംസ്ഥാന സര്‍ക്കാര്‍ എമര്‍ജിങ് കേരളയുടെ ആഘോഷത്തില്‍ മുഴുകുന്നതിനിടെ ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള ഭവനപദ്ധതി പൂര്‍ണമായി മുടങ്ങി. ഇ എം എസ് ഭവനപദ്ധതി അവസാനിപ്പിച്ച് രണ്ടുലക്ഷം രൂപയുടെ പുതിയ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് ബിപിഎല്‍ കുടുംബങ്ങളുടെ ഭവനസ്വപ്നങ്ങള്‍ തകര്‍ന്നത്. പുതിയ പദ്ധതിക്കുള്ള പണം കണ്ടെത്താന്‍കഴിയാതെ പഞ്ചായത്തുകളും പ്രതിസന്ധിയിലായി.

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും തല ചായ്ക്കാന്‍ കൂര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ ഇ എം എസ് ഭവനപദ്ധതിക്ക് തുടക്കമിട്ടത്. നാലര ലക്ഷം കുടുംബങ്ങള്‍ക്ക് പദ്ധതിയില്‍ വീട് പൂര്‍ത്തിയാക്കി. ഒരു ലക്ഷത്തോളും വീടുകള്‍ നിര്‍മാണത്തിലിരിക്കെയാണ് "സാഫല്യം" ഭവനപദ്ധതി മന്ത്രി കെ എം മാണി പ്രഖ്യാപിക്കുന്നത്. ഇതേതുടര്‍ന്ന്, നിര്‍മാണത്തിലുള്ള പദ്ധതികളും മുടങ്ങി. ഇ എം എസ് ഭവനപദ്ധതിയില്‍ 75,000 രൂപയാണ് ഒരു വീടിന് തദ്ദേശസ്ഥാപനങ്ങള്‍ മുടക്കേണ്ടിയിരുന്നത്. സര്‍ക്കാര്‍ ഗ്യാരന്റിയില്‍ ബാങ്ക് വായ്പയെടുത്താണ് തദ്ദേശസ്ഥാപനങ്ങള്‍ ഫണ്ട് കണ്ടെത്തുന്നത്. പത്തുവര്‍ഷമാണ് വായ്പാ കാലാവധി. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തില്‍നിന്നാണ് ഇത് തിരിച്ചടയ്ക്കുന്നത്. വായ്പയെടുത്ത വകയില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രതിമാസം പത്തുലക്ഷത്തോളം രൂപ മുടക്കേണ്ടിവരുന്നു. ഇതിനിടെ രണ്ടുലക്ഷം രൂപയുടെ പുതിയ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ നിര്‍മാണത്തിലുള്ള വീടുകള്‍ക്കും പുതിയ തുക ബാധകമായി. ഇതോടെ തദ്ദേശസ്ഥാപനങ്ങള്‍ അടുത്ത ഗഡു മുതല്‍ കൂടിയ തുക നല്‍കേണ്ട സ്ഥിതിയിലായി. ഇതിനുള്ള പണം സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുമില്ല.

കേന്ദ്രപദ്ധതിയായ ഇന്ദിര ആവാസ് യോജനയുടെ (ഐഎവൈ) വിഹിതം 75,000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഇത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, അതിനുശേഷവും ഒന്നേകാല്‍ ലക്ഷം രൂപ കണ്ടെത്തണം. ഇതില്‍ 50 ശതമാനം ബ്ലോക്ക് പഞ്ചായത്തും ബാക്കി തുക ഗ്രാമ-ജില്ലാ പഞ്ചായത്തുകള്‍ ചേര്‍ന്നുമാണ് കണ്ടെത്തേണ്ടത്. എന്നാല്‍, ഇ എം എസ് ഭവനപദ്ധതി വായ്പയുടെ തിരിച്ചടവിനുപുറമെ ഈ തുകകൂടി കണ്ടെത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ല. എസ്എസ്എ ഫണ്ട്, അങ്കണവാടികള്‍ക്കുള്ള പോഷകാഹാരപദ്ധതി, സര്‍ക്കാരിന്റെ വികസനഫണ്ടിലേക്കുള്ള വിഹിതം തുടങ്ങിയ ബാധ്യതകള്‍ക്കിടെ വീടുനിര്‍മാണത്തിന് ഇനിയും പണം മുടക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് പഞ്ചായത്തുകള്‍. പന്ത്രണ്ടാംപദ്ധതിയില്‍ പുതിയ സര്‍വേ നടത്തി ഏഴുലക്ഷം വീടുകള്‍ "സാഫല്യം" പദ്ധതിയിലൂടെ നല്‍കുമെന്നാണ് ധനമന്ത്രി പറയുന്നത്. കോട്ടയം ജില്ലയിലെ അകലക്കുന്നത്ത് പുതിയ പദ്ധതിയുടെ ഉദ്ഘാടനവും നടത്തി. എന്നാല്‍, തുടര്‍നടപടികളൊന്നുമുണ്ടായിട്ടില്ല. സ്വയംസഹായസംഘങ്ങളുടെ സഹായത്തോടെ പദ്ധതി പൂര്‍ത്തിയാക്കാമെന്നും മറ്റുമുള്ള നിര്‍ദേശങ്ങള്‍ പ്രായോഗികമല്ലെന്നും തദ്ദേശസ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
(ആര്‍ സാംബന്‍)

deshabhimani 100912

1 comment:

  1. സംസ്ഥാന സര്‍ക്കാര്‍ എമര്‍ജിങ് കേരളയുടെ ആഘോഷത്തില്‍ മുഴുകുന്നതിനിടെ ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള ഭവനപദ്ധതി പൂര്‍ണമായി മുടങ്ങി. ഇ എം എസ് ഭവനപദ്ധതി അവസാനിപ്പിച്ച് രണ്ടുലക്ഷം രൂപയുടെ പുതിയ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് ബിപിഎല്‍ കുടുംബങ്ങളുടെ ഭവനസ്വപ്നങ്ങള്‍ തകര്‍ന്നത്. പുതിയ പദ്ധതിക്കുള്ള പണം കണ്ടെത്താന്‍കഴിയാതെ പഞ്ചായത്തുകളും പ്രതിസന്ധിയിലായി.

    ReplyDelete