Saturday, June 18, 2011

‘ഇ എം എസ് ഭവനപദ്ധതി അട്ടിമറിക്കാന്‍ അനുവദിക്കില്ല‘

ഇ എം എസ് ഭവനപദ്ധതി നിര്‍ത്തിവയ്ക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം വീടില്ലാത്ത പാവങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു. പദ്ധതി നിര്‍ത്തിവയ്ക്കാന്‍ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി തന്നോട് നിര്‍ദേശിച്ചെന്നു വെളിപ്പെടുത്തിയ മന്ത്രി എം കെ മുനീര്‍ , പദ്ധതി പരാജയമാണെന്നും പറഞ്ഞിരിക്കയാണ്. അവലോകനത്തിനുശേഷമേ പദ്ധതി തുടരണമോയെന്നു തീരുമാനിക്കൂ എന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പാവങ്ങളെ ദ്രോഹിക്കുന്ന സങ്കുചിതരാഷ്ട്രീയത്തിന്റെ ദിശയിലാണ് യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് ഈ നീക്കം തെളിയിക്കുന്നു. എന്തടിസ്ഥാനത്തിലാണ് പദ്ധതി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. പദ്ധതി അട്ടിമറിക്കുന്നത് കേരളം അംഗീകരിക്കില്ല.

ഇന്ത്യകണ്ട ഏറ്റവും മാതൃകാപരമായ ജനക്ഷേമപദ്ധതിയാണ് ഇ എം എസിന്റെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിയത്. ഭവനരഹിതരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള ഭാവനാപൂര്‍ണമായ പദ്ധതിയാണിത്. അഞ്ചുലക്ഷം വീട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. രണ്ടുവര്‍ഷംകൊണ്ട് മൂന്നുലക്ഷം വീട് നിര്‍മിച്ചു. ഗുണഭോക്താക്കളെ നിര്‍ണയിച്ചതില്‍ അപാകതയുണ്ട് എന്ന ആക്ഷേപത്തിലും കഴമ്പില്ല. ജനോപകാരപ്രദമായ ഒരു വന്‍ പദ്ധതി അട്ടിമറിച്ചുകൊണ്ടാകരുത് എല്‍ഡിഎഫിനെ എതിര്‍ക്കുന്നത്. പതിനൊന്നാം പദ്ധതിക്കാലത്താണ് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയത്. ഇതിനു മുന്നോടിയായി ശാസ്ത്രീയപഠനത്തിലൂടെ അഞ്ചുലക്ഷം ഭവനരഹിത കുടുംബങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നും അവരില്‍ 1.5 ലക്ഷം ഭൂരഹിതരാണെന്നും കണ്ടെത്തി. ഒപ്പം 4.5 ലക്ഷംവീടുകള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും വിലയിരുത്തി. ആസൂത്രണ ബോര്‍ഡിന്റെ ടാസ്ക് ഫോഴ്സും മറ്റു പഠനങ്ങളും സമാനമായ വിവരങ്ങളാണ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭകളും പഞ്ചായത്തുകളും ഗുണഭോക്താക്കളുടെ ലിസ്റ്റ് ഗ്രാമസഭകളില്‍ പ്രസിദ്ധപ്പെടുത്തി അംഗീകരിച്ചു. ആക്ഷേപം കേള്‍ക്കാനും തീര്‍പ്പുകല്‍പ്പിക്കാനും കലക്ടര്‍മാര്‍ക്ക് ചുമതല നല്‍കിയിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ഇന്ദിരാഗാന്ധി ആവാസ് യോജന പദ്ധതിയില്‍ ഭവനരഹിതര്‍ക്ക് വീട് വയ്ക്കാന്‍ 38,500 രൂപയാണ് സഹായധനം. ഇതില്‍ 25 ശതമാനം സംസ്ഥാനസര്‍ക്കാരിന്റെ വിഹിതമാണ്. എന്നാല്‍ , ഇ എം എസ് ഭവനപദ്ധതിയില്‍ പട്ടികവര്‍ഗക്കാര്‍ക്ക് 1.25 ലക്ഷം രൂപയും പട്ടികജാതിക്കാര്‍ക്ക് ഒരുലക്ഷംരൂപയും പൊതുവിഭാഗത്തിന് 75,000 രൂപയും സഹായധനമായി നല്‍കുന്നു. ഇതിനുപുറമെ, പല പ്രദേശങ്ങളിലും കായികാധ്വാനവും ശുചിത്വസംവിധാനവുമെല്ലാം സൗജന്യമായി നല്‍കി. രണ്ടുവര്‍ഷംകൊണ്ടുതന്നെ ഏകദേശം മൂന്നുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. ശേഷിക്കുന്നവ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ സഹായം നല്‍കേണ്ട ചുമതലയാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. പകരം, പാവങ്ങള്‍ക്ക് സ്വന്തമായി ഒരു കൂര കിട്ടുന്നതിനെതിരായ നീക്കവുമായി മുന്നോട്ടുപോകാന്‍ പ്രബുദ്ധകേരളം യുഡിഎഫ് സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് പിണറായി മുന്നറിയിപ്പ് നല്‍കി.

ദേശാഭിമാനി 180611

1 comment:

  1. ഇ എം എസ് ഭവനപദ്ധതി നിര്‍ത്തിവയ്ക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം വീടില്ലാത്ത പാവങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു. പദ്ധതി നിര്‍ത്തിവയ്ക്കാന്‍ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി തന്നോട് നിര്‍ദേശിച്ചെന്നു വെളിപ്പെടുത്തിയ മന്ത്രി എം കെ മുനീര്‍ , പദ്ധതി പരാജയമാണെന്നും പറഞ്ഞിരിക്കയാണ്. അവലോകനത്തിനുശേഷമേ പദ്ധതി തുടരണമോയെന്നു തീരുമാനിക്കൂ എന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പാവങ്ങളെ ദ്രോഹിക്കുന്ന സങ്കുചിതരാഷ്ട്രീയത്തിന്റെ ദിശയിലാണ് യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് ഈ നീക്കം തെളിയിക്കുന്നു. എന്തടിസ്ഥാനത്തിലാണ് പദ്ധതി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. പദ്ധതി അട്ടിമറിക്കുന്നത് കേരളം അംഗീകരിക്കില്ല.

    ReplyDelete