Wednesday, June 15, 2011

"മാര്‍ക്സിസം ഒരു പുനര്‍വായന"- ഇ എം എസ് സ്മൃതി: ദേശീയ സെമിനാര്‍ തൃശൂരില്‍

തൃശൂര്‍ : ഇ എം എസ് സ്മൃതിയുടെ ഭാഗമായി 16, 17 തീയതികളില്‍ തൃശൂരില്‍ ദേശീയ സെമിനാര്‍ നടത്തും. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സെമിനാറില്‍ പങ്കെടുക്കും. കോസ്റ്റ്ഫോര്‍ഡിന്റെ നേതൃത്വത്തില്‍ തൃശൂരിലെ വര്‍ഗബഹുജന-സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. "മാര്‍ക്സിസം ഒരു പുനര്‍വായന" എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിലെ ആശയങ്ങള്‍ ക്രോഡീകരിച്ച് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

"വര്‍ത്തമാനകാല ലോകത്തില്‍ മാര്‍ക്സിസം നേരിടുന്ന വെല്ലുവിളികള്‍" എന്ന വിഷയം വ്യാഴാഴ്ച രാവിലെ 9.30ന് സാഹിത്യ അക്കാദമി ഹാളില്‍ സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിക്കും. പ്രൊഫ. ഐജാസ് അഹമ്മദ് പ്രബന്ധം അവതരിപ്പിക്കും. പ്രൊഫ. എം വി നാരായണന്‍ , എ വിജയരാഘവന്‍ , ഡോ. മീര വേലായുധന്‍ , ഡോ. ടി വി മധു എന്നിവര്‍ പങ്കെടുക്കും. സദസ്യരുടെ സംശയങ്ങള്‍ക്ക് പ്രകാശ് കാരാട്ട് മറുപടി പറയും.

ഉച്ചയ്ക്കു ശേഷം "സാമ്രാജ്യത്വം, സമകാലിക മുതലാളിത്തം, സോഷ്യലിസ്റ്റ് പുനര്‍വിഭാവനം" എന്ന വിഷയം പ്രൊഫ. പ്രഭാത് പട്നായിക് അവതരിപ്പിക്കും. ഡോ. തോമസ് ഐസക് സംസാരിക്കും.

വെള്ളിയാഴ്ച രാവിലെ 9.30ന് "വൈരുധ്യാത്മക ഭൗതികവാദവും ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളും" എന്ന വിഷയം ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ അധ്യാപകന്‍ ഡോ. ടി ജയരാമന്‍ അവതരിപ്പിക്കും. ഡോ. എം പി പരമേശ്വരന്‍ , ഡോ. രാമചന്ദ്രന്‍ തെക്കേടത്ത്, പ്രൊഫ. സി രവീന്ദ്രനാഥ്, ഡോ. കെ എസ് ഡേവിഡ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളാകും.

ഉച്ചയ്ക്കുശേഷം നടക്കുന്ന സെഷനില്‍ എം എ ബേബി "ഇന്ത്യന്‍ സമൂഹത്തിലെ സാമൂഹിക-സാമ്പത്തിക-സാംസ്കാരികവൈരുധ്യങ്ങള്‍" എന്ന വിഷയം അവതരിപ്പിക്കും.

മൂന്നുറോളം പേര്‍ സ്ഥിരം പ്രതിനിധികളായി പങ്കെടുക്കും. താല്‍പ്പര്യമുള്ളവര്‍ക്ക് പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘാടകസമിതി ചെയര്‍മാനും സിപിഐ എം ജില്ലാ സെക്രട്ടറിയുമായ എ സി മൊയ്തീന്‍ , അക്കാദമിക് കമ്മിറ്റി ചെയര്‍മാന്‍ സി ഒ പൗലോസ്, സംഘാടകസമിതി ഭാരവാഹികളായ പ്രൊഫ. എം മുരളീധരന്‍ , ധനഞ്ജയന്‍ മച്ചിങ്ങല്‍ , വി കെ ഷറഫുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ദേശാഭിമാനി 150611

1 comment:

  1. ഇ എം എസ് സ്മൃതിയുടെ ഭാഗമായി 16, 17 തീയതികളില്‍ തൃശൂരില്‍ ദേശീയ സെമിനാര്‍ നടത്തും. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സെമിനാറില്‍ പങ്കെടുക്കും. കോസ്റ്റ്ഫോര്‍ഡിന്റെ നേതൃത്വത്തില്‍ തൃശൂരിലെ വര്‍ഗബഹുജന-സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. "മാര്‍ക്സിസം ഒരു പുനര്‍വായന" എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിലെ ആശയങ്ങള്‍ ക്രോഡീകരിച്ച് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete