Saturday, October 16, 2010

കിടപ്പാടങ്ങള്‍ തീര്‍ക്കുമ്പോള്‍

ഒരു സര്‍ക്കാരിന്റെ നേട്ടം വിലയിരുത്തുന്നത്, എറ്റവും അര്‍ഹരായ ജനവിഭാഗങ്ങള്‍ക്ക് ആ സര്‍ക്കാരിനെക്കൊണ്ട് എന്തു പ്രയോജനമുണ്ടായി എന്ന് പരിശോധിച്ചാണ്. നാലരവര്‍ഷം തികയ്ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് അക്കാര്യത്തില്‍ അഭിമാനകരമായ പലതും ചൂണ്ടിക്കാണിക്കാനുണ്ട്. അതില്‍ ഏറ്റവും തിളങ്ങിനില്‍ക്കുന്നു പാവപ്പെട്ടവര്‍ക്ക് കിടപ്പാടം നിര്‍മിച്ചു നല്‍കുന്നതില്‍ ഉണ്ടായ പുരോഗതി.

എല്ലാ ഭവനരഹിത കുടുംബങ്ങള്‍ക്കും വീട് നല്‍കി കേരളത്തെ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഭവന സംസ്ഥാനമാക്കാന്‍ ലക്ഷ്യമിട്ടാണ് പതിനൊന്നാം പദ്ധതിക്കാലത്ത് ഇ എം എസ് സമ്പൂര്‍ണ പദ്ധതി വിഭാവനംചെയ്തത്. ഭൂരഹിത ഭവനരഹിത കുടുംബങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്നും തീരുമാനിച്ചു. ജനകീയാസൂത്രണത്തിന്റെ ഭാഗമായി ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് വീട് നിര്‍മിച്ചു കൊടുക്കുന്ന ഉത്തരവാദിത്തം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഏറ്റെടുത്തത്. ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് വീടുവയ്ക്കുന്നതില്‍ ഗണ്യമായ പുരോഗതി നേടാന്‍ അതിലൂടെ കഴിഞ്ഞു. തുടര്‍ന്നാണ് സമ്പൂര്‍ണ ഭവനപദ്ധതി എന്ന ലക്ഷ്യം പതിനൊന്നാം പദ്ധതിയില്‍ പൂര്‍ത്തീകരിക്കാനുള്ള തീരുമാനമുണ്ടായത്.

ഭവനരാഹിത്യം ഇന്ന് രാജ്യം നേരിടുന്ന സുപ്രധാന പ്രശ്നമാണ്. ഏറ്റവുമൊടുവിലത്തെ കാനേഷുമാരിയനുസരിച്ച് ഇന്ത്യയില്‍ 130 ലക്ഷം കുടുംബങ്ങള്‍ക്ക് കിടപ്പാടമില്ല. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ ഒരുലക്ഷം കുടുംബങ്ങള്‍ വീടില്ലാത്തവരാണ്. കൊടിയ തണുപ്പിലും ചൂടിലും വെയിലിലും മഴയിലും കടത്തിണ്ണയിലും പുറമ്പോക്കിലും ജീവിക്കേണ്ടിവരുന്ന പട്ടിണിപ്പാവങ്ങളുടെ നാട് എന്ന വിശേഷണം ഇന്നും ഇന്ത്യയ്ക്കുമേലുണ്ട്. അത്തരമൊരു രാജ്യത്ത്, എല്ലാവര്‍ക്കും വീട് എന്നത് ഒരു സ്വപ്നം മാത്രമായേ കണക്കാക്കാനാവൂ. ആ സ്വപ്നമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഇടപെടലിലൂടെ കേരളത്തില്‍ യാഥാര്‍ഥ്യമാകുന്നത്.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വച്ച പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് പാര്‍പ്പിടം സംബന്ധിച്ചുള്ളതാണ്. അതാകട്ടെ, ഇടതുപക്ഷം നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ ഭൂപരിഷ്കരണം മുതലിങ്ങോട്ട് നടപ്പാക്കിയ നയസമീപനത്തിന്റെ തുടര്‍ച്ചയുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കിയ കൂട്ടത്തിലാണ് ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് വീടു നല്‍കുന്നതിനുള്ള ചുമതലയും ഏല്‍പ്പിച്ചത്. ഇതിന്റെ ഫലമായി ഭവന നിര്‍മാണ മേഖലയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടായി. ഒമ്പതാം പദ്ധതിക്കാലത്ത് 5.5 ലക്ഷവും 10-ാം പദ്ധതിക്കാലത്ത് 3 ലക്ഷവും വീടുകള്‍ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കു നിര്‍മിച്ചു നല്‍കുകി. പതിനൊന്നാം പദ്ധതിയില്‍ ലക്ഷ്യം സമ്പൂര്‍ണ ഭവനപദ്ധതി യായി.

സംസ്ഥാനത്ത് അഞ്ചു ലക്ഷം ഭവനരഹിത കുടുംബങ്ങളുണ്ടെന്നും അതില്‍ 1.5 ലക്ഷം ഭൂരഹിത കുടുംബങ്ങളാണെന്നുമാണ് സ്ഥിതിവിവരക്കണക്കുകളില്‍ വ്യക്തമായത്. അത്രയും കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കിയാല്‍ കേരളം ഭവനരഹിതരില്ലാത്ത സംസ്ഥാനമാകും എന്ന ചിന്തയാണ് ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതിക്ക് അടിസ്ഥാനമായത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തിലുള്ള വിവിധ ഭവനപദ്ധതികളെയടക്കം പ്രയോജനപ്പെടുത്തിയാണ് ഇ എംഎസ് ഭവനപദ്ധതി മുന്നേറുന്നത്. 5000 കോടിയിലേറെ ചെലവു വരുന്നതാണ് ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതി. തദ്ദേശഭരണ സ്ഥാപനങ്ങള്‍ സഹകരണ ബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്പകളാണ് ഇതിന്റെ മുഖ്യ സ്രോതസ്സ്. 10 വര്‍ഷംകൊണ്ടു തിരിച്ചടയ്ക്കുന്ന ഈ വായ്പയുടെ പലിശ സംസ്ഥാന സര്‍ക്കാരാണ് നല്‍കുക. പൊതുജനങ്ങളുടെയും ഉദാരമതികളായ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നുമുള്ള സംഭാവന സ്വീകരിക്കാന്‍ ഇഎം എസ് ഭവനനിധി രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്തുതലത്തിലും ഇത്തരത്തില്‍ സംഭാവന സ്വീകരിക്കാനുള്ള സംവിധാനമുണ്ട്. നിരവധി പഞ്ചായത്തുകളില്‍ നടന്ന ജനകീയ സംഗമങ്ങള്‍ ആവേശകരമായ അനുഭവങ്ങളായി. പണമായും നിര്‍മാണ വസ്തുക്കളായും സംഭാവന നല്‍കാന്‍ കക്ഷി-ജാതി-മത ഭേദമില്ലാതെ ജനങ്ങള്‍ തയ്യാറാവുന്നതിന്റെ റിപ്പോര്‍ട്ടുകളാണ് ജനകീയ സംഗമങ്ങളില്‍നിന്നു ലഭിച്ചത്. ഒരു ദിവസത്തെ ശമ്പളം ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതിക്കു സംഭാവനചെയ്യാന്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുമെടുത്ത തീരുമാനം പൊതുസമൂഹത്തില്‍നിന്ന് പദ്ധതിക്കു ലഭിക്കുന്ന പിന്തുണയ്ക്ക് തെളിവാണ്.

ഭവനരഹിത കുടുംബത്തിന് വീട് ലഭ്യമാക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ് എന്ന ബോധ്യത്തിന്റെ പിന്‍ബലത്തിലാണ് സമ്പൂര്‍ണ ഭവനപദ്ധതി ജനകീയ പദ്ധതിയാകുന്നത്. അനുയോജ്യമായ പ്ളാന്‍ തെരഞ്ഞെടുക്കാന്‍, സ്കെച്ച് തയ്യാറാക്കാന്‍,രജിസ്റര്‍ ചെയ്യേണ്ട രേഖകള്‍ തയ്യാറാക്കാന്‍, ഒറ്റ ദിവസംകൊണ്ട് പെര്‍മിറ്റ് ലഭ്യമാക്കാന്‍ എല്ലാംതന്നെ നിര്‍വഹണ ഉദ്യോഗസ്ഥരും വിവിധ സാങ്കേതിക മേഖലകളിലെ പ്രവര്‍ത്തകരുടെ സംഘടനകളും നല്‍കുന്ന സന്നദ്ധ സേവനം പഴയ കാലത്തെ സാക്ഷരതാ പ്രവര്‍ത്തനത്തെ ഓര്‍മിപ്പിക്കുന്നു. ലഭ്യമായ അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ വേണ്ട ആവേശവും ആത്മധൈര്യവും ഗുണഭോക്താക്കള്‍ക്കു നല്‍കാന്‍ കഴിയുന്നുണ്ട്. അര്‍ഹരായ മുഴുവന്‍ ഭവനരഹിത കുടുംബങ്ങള്‍ക്കും വീടു നല്‍കുക എന്ന ദൌത്യം ലക്ഷ്യത്തോടടുക്കുകയാണ്. ഭവനരഹിത കുടുംബങ്ങളുടെ പൂര്‍ണമായ ലിസ്റ് തയ്യാറാക്കി ഐഎവൈ പദ്ധതിയുടെയും എം എന്‍ ലക്ഷം വീട് പുനരുദ്ധാരണ പദ്ധതിയുടെയും സാധ്യതകള്‍കൂടി ഉപയോഗപ്പെടുത്തി എല്ലാവര്‍ക്കും വീടു നല്‍കുകയാണ്.

2010 ആഗസ്ത് അവസാനത്തെ കണക്കുകളനുസരിച്ച് 2007 ഏപ്രില്‍ മുതല്‍ക്കുള്ള പതിനൊന്നാം പദ്ധതിക്കാലത്ത് ഇതുവരെ 3.14 ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 1.29 ലക്ഷം വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ പദ്ധതിവിഹിതത്തില്‍നിന്ന് 1669 കോടി രൂപ ആദ്യ മൂന്നു വര്‍ഷങ്ങളില്‍ ചെലവഴിച്ചു. സഹകരണ ബാങ്കുകളില്‍നിന്ന് 1889 കോടി രൂപയാണ് വായ്പയെടുക്കുന്നത്. ഇവ രണ്ടും ചേര്‍ന്ന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ 3558 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിനുപുറമെ ഐഎവൈ, ലക്ഷം വീട്, ഭവനശ്രീ തുടങ്ങിയ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ക്കായി 760 കോടി രൂപയും ചെലവഴിച്ചു. നിര്‍മാണത്തിലിരിക്കുന്ന വീടുകളുടെ പൂര്‍ത്തീകരണവും അവശേഷിക്കുന്ന ഭവനരഹിത കുടുംബങ്ങള്‍ക്കുകൂടി വീടു നല്‍കുന്ന പ്രവര്‍ത്തനവും ലക്ഷ്യമിട്ട പ്രകാരംതന്നെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന പൂര്‍ണവിശ്വാസമാണ് തദ്ദേശ സ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടി കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചത്.

എല്‍ഡിഎഫ് ഗവമെന്റിന്റെ ചരിത്ര നേട്ടമാണിത്. മറ്റൊരു സര്‍ക്കാരിനും കഴിയാത്തതാണ്. പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജനങ്ങളുടെ മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ചു ചൂണ്ടിക്കാണിക്കാനാവുന്നതാണിത്.

ദേശാഭിമാനി മുഖപ്രസംഗം

1 comment:

  1. ഒരു സര്‍ക്കാരിന്റെ നേട്ടം വിലയിരുത്തുന്നത്, എറ്റവും അര്‍ഹരായ ജനവിഭാഗങ്ങള്‍ക്ക് ആ സര്‍ക്കാരിനെക്കൊണ്ട് എന്തു പ്രയോജനമുണ്ടായി എന്ന് പരിശോധിച്ചാണ്. നാലരവര്‍ഷം തികയ്ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് അക്കാര്യത്തില്‍ അഭിമാനകരമായ പലതും ചൂണ്ടിക്കാണിക്കാനുണ്ട്. അതില്‍ ഏറ്റവും തിളങ്ങിനില്‍ക്കുന്നു പാവപ്പെട്ടവര്‍ക്ക് കിടപ്പാടം നിര്‍മിച്ചു നല്‍കുന്നതില്‍ ഉണ്ടായ പുരോഗതി.

    ReplyDelete