തൃശൂര്‍: വികസനരംഗത്ത് എല്‍ഡിഎഫ് ഭരണത്തില്‍ ശ്രദ്ധേയമായ നേട്ടമുണ്ടായ മേഖലയാണ് ഭവനനിര്‍മാണം. എല്ലാവര്‍ക്കും ഒരു തുണ്ട് ഭൂമിയും കിടപ്പാടവും എന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ നിദര്‍ശനമായിരുന്നു. അഞ്ചു വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കുന്നത് ഈ രംഗത്ത് അഭൂതപൂര്‍വമായ മുന്നേറ്റം സൃഷ്ടിച്ചുകൊണ്ടാണ്. കേരളം സമ്പൂര്‍ണ ഭവന സംസ്ഥാനമായി മാറുന്നതിന്റെ പടിവാതില്‍ക്കലാണ്. സ്വപ്നതുല്യമായ സാക്ഷാല്‍ക്കാരത്തിന്റെ അടയാളമായി ജില്ലയിലെ കൊടകര ആദ്യ സമ്പൂര്‍ണ ഭവന മണ്ഡലമായി. ഭൂപരിഷ്കരണത്തിനും കാര്‍ഷികബന്ധ നിയമത്തിനും ശേഷമുള്ള ഏറ്റവും വലിയ സാമൂഹ്യ വിപ്ളവമായി ഇതുമാറുകയാണ്. ആധുനിക കേരളത്തിന്റെ ശില്‍പ്പിയായ ഇ എം എസിന്റെ പേരില്‍ തുടങ്ങിയ സമ്പൂര്‍ണ ഭവന പദ്ധതിയാണ് ഇപ്പോള്‍ പൂര്‍ത്തിയാവുന്നത്. മൊത്തം നാലായിരം കോടി രൂപയുടേതാണ് പദ്ധതി.
കേരളത്തില്‍ അഞ്ചുലക്ഷം ഭവനരഹിത കുടുംബങ്ങളും ഒന്നരലക്ഷം ഭൂരഹിത ഭവനരഹിത കുടുംബങ്ങളും ഉണ്ടെന്നാണ് കണക്ക്. ഇതില്‍ രണ്ടുലക്ഷം കുടുംബങ്ങള്‍ക്ക് പതിനൊന്നാം പദ്ധതിയുടെ ആദ്യ രണ്ടുവര്‍ഷത്തില്‍ വിവിധ പദ്ധതികളില്‍ക്കൂടി വീടു നല്‍കിക്കഴിഞ്ഞു. ഒടുവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടത്തിയ പരിശോധനകളില്‍ 3.75 ലക്ഷം ഭവനരഹിതരുടെയും 1.46 ലക്ഷം ഭൂരഹിതരുടെയും പട്ടിക തയ്യാറാക്കിയാണ് സമ്പൂര്‍ണ ഭവന പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇ എം എസ് പദ്ധതി കൂടാതെ വീടൊന്നിന് 38,500 രൂപ സാമ്പത്തികസഹായം നല്‍കുന്ന ഇന്ദിര ആവാസ് യോജന പദ്ധതിയും വീടൊന്നിന് 75,000 രൂപ നല്‍കി, പഴയ ലക്ഷം വീട് പുനരുദ്ധരിക്കുന്ന എം എന്‍ ഭവന പദ്ധതിയും ജവഹര്‍ലാല്‍ നെഹ്റു നഗരപുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായുള്ള ബിഎസ്യുപി, ഐഎച്ച്എസ്ഡിപി പദ്ധതികളും ഇതോടൊപ്പം കേരളം പ്രയോജനപ്പെടുത്തുന്നുണ്ട്.
ഇ എം എസ് ഭവനപദ്ധതിയുടെ പ്രകാരം വീടുവയ്ക്കാന്‍ രണ്ടു സെന്റു ഭൂമിയെങ്കിലുമുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും. ജനറല്‍ വിഭാഗത്തിന് 75,000 രൂപയും പട്ടിക ജാതിക്കാര്‍ക്ക് 1,00,000 രൂപയും പട്ടികവര്‍ഗക്കാര്‍ക്ക് 1,25,000 രൂപയും വീടുവയ്ക്കാന്‍ നല്‍കുന്നു. ഗുണഭോക്താക്കള്‍ സംഖ്യ തിരിച്ചടക്കേണ്ടതില്ല. ഈ മാര്‍ച്ചിനു മുമ്പുതന്നെ ലക്ഷ്യം പൂര്‍ത്തിയാക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു തദ്ദേശ സ്ഥാപനങ്ങള്‍. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം യുഡിഎഫ് അധികാരത്തില്‍ വന്ന കേന്ദ്രങ്ങളില്‍ സമ്പൂര്‍ണ ഭവനപദ്ധതി അട്ടിമറിക്കും വിധമുള്ള അലംബാവം കാട്ടുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ജില്ലയില്‍ ഇ എം എസ് ഭവന പദ്ധതിയുടെ ഗുണഭോക്താക്കള്‍ 5983 പേരാണ്. ഇതില്‍ 3,000 ത്തോളം നിര്‍മാണം പൂര്‍ത്തിയായി ക്കഴിഞ്ഞു. മെത്തം 18,983 ഭവനരഹിതരാണ് ജില്ലയിലുള്ളത്. കൊടകര മണ്ഡലത്തില്‍ പുതുതായി 5000 വീടുകള്‍ നിര്‍മിച്ചുകൊടുത്താണ് സമ്പൂര്‍ണ ഭവന മണ്ഡലമായി പ്രഖ്യാപിച്ചത്.
സ്വന്തമായി സ്ഥലമുള്ളവര്‍ക്ക് വീടുവയ്ക്കാന്‍ സാമ്പത്തിക സഹായം നല്‍കുന്ന ഒന്നാംഘട്ടം പിന്നിടുന്നതോടെ റേഷന്‍കാര്‍ഡുള്ളവരും ഭൂമിയില്ലാത്തവരുമായവര്‍ക്ക് സ്ഥലവും വീടുവയ്ക്കാന്‍സഹായവും നല്‍കും. മൂന്നാംഘട്ടത്തില്‍ റേഷന്‍കാര്‍ഡും ഭൂമിയും ഇല്ലാത്തവര്‍ക്കും സ്വന്തമായി കിടപ്പാടം നല്‍കി അവരെ വീടിന്റെയും മണ്ണിന്റെയും അവകാശികളാക്കും. 430 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന് ചുരുങ്ങിയത് 150 തൊഴില്‍ദിനങ്ങളാണ് കണക്കാക്കുന്നത്. ആഗോളവല്‍ക്കരണത്തിന്റെയും സാമ്പത്തിക മാന്ദ്യത്തിന്റെയും കെടുതികള്‍ക്ക് എതിരായുള്ള ബദല്‍ സാമ്പത്തിക ചെറുത്തുനില്‍പ്പ് കൂടിയാണ് ഇത്തരം തൊഴില്‍ സംരംഭങ്ങള്‍.
വിജ്ഞാന്‍ സാഗറിന്റെ ചിറകരിയാന്‍ യുഡിഎഫ്
തൃശൂര്‍: ശാസ്ത്ര സാങ്കേതിക വൈജ്ഞാനികരംഗത്ത് ജില്ലയുടെ സ്വപ്നപദ്ധതിയായ വിജ്ഞാന്‍ സാഗര്‍ പദ്ധതി ഉപേക്ഷിക്കാന്‍ ജില്ലാ പഞ്ചയത്തിലെ യുഡിഎഫ് ഭരണസമിതിയുടെ ഗൂഢനീക്കം. വിദ്യാഭ്യാസരംഗത്ത് ഏറെ പ്രതീക്ഷയുണര്‍ത്തുന്ന പദ്ധതിയായ വിജ്ഞാന്‍ സാഗറിന് 2011-12 വര്‍ഷത്തെ പദ്ധതിയില്‍ തുക വകയിരുത്താത്ത യുഡിഎഫ് ഭരണസമിതിയുടെ തീരുമാനമാണ് പദ്ധതിയുടെ സാധ്യതക്ക് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്. രാജ്യത്തിനുതന്നെ മാതൃകയായ പദ്ധതി എല്‍ഡിഎഫ് ഭരണസമിതി ആരംഭിച്ചുവെന്ന കാരണത്താലാണ് ഇപ്പോള്‍ അട്ടിമറിക്കുന്നത്. അതിവിപുലമായ ഈ ശാസ്ത്ര വൈജ്ഞാനിക മ്യൂസിയം സംസ്ഥാനത്തിന്റെ വിദ്യാഭ്യാസതലസ്ഥാനം എന്ന നിലയിലേക്കുയരുന്ന ജില്ലക്ക് മുതല്‍ക്കൂട്ടാകുമായിരുന്നു. ആരോഗ്യമേഖലയിലെ എല്ലാ ശാഖകളെയും ഉള്‍പ്പെടുത്തിയ കേരള ആരോഗ്യ സര്‍വകലാശാല, പുത്തൂരില്‍ ആരംഭിക്കുന്ന ലോകോത്തര കേന്ദ്രസര്‍വകലാശാല, സയന്‍സ് സിറ്റി എന്ന പേരില്‍ ഉന്നത ശാസ്ത്ര വിദ്യാഭ്യാസകേന്ദ്രം എന്നിവക്കൊപ്പം നാടിന്റെ അഭിമാനമായി ഉയരേണ്ട പദ്ധതിയാണ് യുഡിഎഫ് നേതൃത്വം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.
20 കോടിയുടെ ബൃഹദ്പദ്ധതിയായ വിജ്ഞാന്‍സാഗര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി മ്യൂസിയം-പാര്‍ക്കിന്റെ ആദ്യഘട്ടത്തിന് തുടക്കമിടാനും കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതിക്കായിരുന്നു. അറിവിന്റെ പുത്തന്‍ വാതായനങ്ങള്‍ തുറക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന പദ്ധതിയില്‍ 89 ലക്ഷം രൂപയോളം ചെലവഴിച്ച് നിര്‍മിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കും തുറന്നു. കഴിഞ്ഞ ഓഗസ്ത് ഒന്നിന് സ്പീക്കര്‍ കെ രാധാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്്. രാമവര്‍മപുരം ഡയറ്റിനു സമീപം സര്‍ക്കാര്‍ നല്‍കിയ പത്തേക്കര്‍ സ്ഥലത്താണ് വിജ്ഞാന്‍സാഗര്‍ പദ്ധതി നടപ്പാക്കുന്നത്. വിജ്ഞാന്‍സാഗറിന്റെ ഭാഗമായി വാനനിരീക്ഷണകേന്ദ്രം, ബട്ടര്‍ഫ്ളൈ ഗാര്‍ഡന്‍, എന്‍ഡേഞ്ചേഴ്സ് സ്പീഷീസ് ഗാര്‍ഡന്‍, ശാസ്ത്ര മ്യൂസിയം എന്നിവയാണ് അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കില്‍ സജ്ജമാക്കുന്നത്.
ഇന്ത്യയില്‍ ആദ്യമായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഒരുങ്ങുന്ന വിജ്ഞാനകേന്ദ്രത്തിന്റെ സന്ദേശം വിദ്യാര്‍ഥികളിലെത്തിക്കാന്‍ മൊബൈല്‍ ഒബ്സര്‍വേറ്ററി സ്കൂളുകളിലെത്തിക്കും. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ആരംഭിക്കുന്നതിന് സ്ഥലം വാങ്ങാന്‍ നീക്കിവച്ച മൂന്നേമുക്കാല്‍ കോടി രൂപ വകമാറ്റി ചെലവഴിക്കാനുള്ള നീക്കവും സാംസ്കാരികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഏഴുലക്ഷം രൂപയോളം വകമാറ്റാനുള്ള ശ്രമവും കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്നു.
ദേശാഭിമാനി 020211
വികസനരംഗത്ത് എല്‍ഡിഎഫ് ഭരണത്തില്‍ ശ്രദ്ധേയമായ നേട്ടമുണ്ടായ മേഖലയാണ് ഭവനനിര്‍മാണം. എല്ലാവര്‍ക്കും ഒരു തുണ്ട് ഭൂമിയും കിടപ്പാടവും എന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ നിദര്‍ശനമായിരുന്നു. അഞ്ചു വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കുന്നത് ഈ രംഗത്ത് അഭൂതപൂര്‍വമായ മുന്നേറ്റം സൃഷ്ടിച്ചുകൊണ്ടാണ്. കേരളം സമ്പൂര്‍ണ ഭവന സംസ്ഥാനമായി മാറുന്നതിന്റെ പടിവാതില്‍ക്കലാണ്. സ്വപ്നതുല്യമായ സാക്ഷാല്‍ക്കാരത്തിന്റെ അടയാളമായി ജില്ലയിലെ കൊടകര ആദ്യ സമ്പൂര്‍ണ ഭവന മണ്ഡലമായി. ഭൂപരിഷ്കരണത്തിനും കാര്‍ഷികബന്ധ നിയമത്തിനും ശേഷമുള്ള ഏറ്റവും വലിയ സാമൂഹ്യ വിപ്ളവമായി ഇതുമാറുകയാണ്. ആധുനിക കേരളത്തിന്റെ ശില്‍പ്പിയായ ഇ എം എസിന്റെ പേരില്‍ തുടങ്ങിയ സമ്പൂര്‍ണ ഭവന പദ്ധതിയാണ് ഇപ്പോള്‍ പൂര്‍ത്തിയാവുന്നത്. മൊത്തം നാലായിരം കോടി രൂപയുടേതാണ് പദ്ധതി.
ReplyDelete