കൊച്ചി: കുടിവെള്ളത്തിനായി നഗരം സ്തംഭിപ്പിച്ച് അറസ്റ്റ് വരിക്കേണ്ടി വന്നിട്ടുണ്ട് വൈപ്പിന്‍ ഞാറയ്ക്കല്‍ ആറാട്ടുവഴിയിലെ രാധാ രവിക്കും രാജമ്മയ്ക്കും സതിക്കുമെല്ലാം. അതെല്ലാം പഴങ്കഥയല്ലേയെന്ന് ഇവര്‍ ഒരേസ്വരത്തില്‍ പറയുന്നു. അറുപത്തെട്ടുകാരിയായ കാരോത്ത് വീട്ടില്‍ തിലോത്തമ പാതിരാവിലും ഉറക്കമൊഴിഞ്ഞ് കുടിവെള്ള ലോറികള്‍ കാത്തിരുന്നത് ഇന്നുംമറന്നിട്ടില്ല. ഇപ്പോള്‍ മുറ്റത്തെ ടാപ്പില്‍ വെള്ളമെത്തുമ്പോള്‍ ആ കണ്ണുകളിലും സന്തോഷത്തിന്റെ തിളക്കമേറെ. കൊച്ചി നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും പൈപ്പിന്‍ ചോട്ടില്‍ ഒഴിഞ്ഞ കുടങ്ങളുടെ നീണ്ട നിരയില്ല. പ്രതിഷേധം എങ്ങുമില്ല. മലിനജലം പരത്തുന്ന പകര്‍ച്ചവ്യാധി ഭീഷണി ഒട്ടുമില്ല. ഹഡ്കോ കുടിവെള്ള പദ്ധതിയാണ് കൊച്ചിയുടെയും പരിസരപ്രദേശങ്ങളുടെയും ദാഹമകറ്റിയത്. യുഡിഎഫ് കാലത്ത് ഇഴഞ്ഞുനീങ്ങിയ പദ്ധതി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇഛാശക്തിയില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ 21 കോടി രൂപ കുറവില്‍ പൂര്‍ത്തിയാക്കി.
ഗോശ്രീ പാലങ്ങള്‍ വരുംമുമ്പേ 95-ല്‍ തുടക്കമിട്ട പദ്ധതി പാലം തീര്‍ന്നിട്ടും യാഥാര്‍ഥ്യമായിരുന്നില്ല. 58.5 കോടി രൂപയാണ് ആദ്യം ലക്ഷ്യമിട്ടിരുന്നതെങ്കിലും പിന്നീട് പുതുക്കി 136.16 കോടിയാക്കി. എന്നാല്‍ 115 കോടി രൂപയ്ക്ക് 2007 ഒക്ടോബറില്‍ പദ്ധതി പൂര്‍ത്തിയാക്കി. പ്രതിദിനം 60 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് പദ്ധതിവഴി കൂടുതലായി നഗരത്തിലും സമീപപ്രദേശങ്ങളിലുമെത്തിയത്. 30 ശതമാനം വര്‍ധന. പ്രതിദിനം 108 ദശലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കുന്നതിനുള്ള പൈപ്പുകള്‍ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചുവെങ്കിലും ആലുവയിലെ ശുദ്ധീകരണ ടാങ്കിന്റെ സംഭരണശേഷി കുറവായിരുന്നതാണ് ജലവിതരണം 60 ദശലക്ഷം ലിറ്ററിലാക്കിയത്. 45 വര്‍ഷം മുമ്പ് സ്ഥാപിച്ച 900 മില്ലിമീറ്റര്‍ പൈപ്പുകള്‍ക്കും പിന്നീട് ഇണക്കിയ 1050 മില്ലിമീറ്റര്‍ പൈപ്പുകള്‍ക്കും പകരം 1200 മില്ലിമീറ്റര്‍ വ്യാസമുള്ള പൈപ്പുകള്‍ സ്ഥാപിച്ചു. കായലിനടിയിലൂടെയും കൂറ്റന്‍ പൈപ്പ് സ്ഥാപിച്ചു. വടുതല, എളംകുളം, പള്ളുരുത്തി എന്നിവിടങ്ങളില്‍ ജലസംഭരണികളും പമ്പിങ് സ്റ്റേഷനുകളും നിര്‍മിച്ച് കുടിവെള്ളക്ഷാമത്തെ കൊച്ചി പമ്പകടത്തി. ഭാവിയെ മുന്‍നിര്‍ത്തി 201 കോടി രൂപയുടെ ജനോറം കുടിവെള്ളപദ്ധതി ഇപ്പോള്‍ ത്വരിതഗതിയിലാണ്.
2011 അവസാനം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിവഴി പെരിയാറിനു പുറമെ മൂവാറ്റുപുഴയാറില്‍നിന്നും കൊച്ചിയിലേക്ക് കുടിവെള്ളമെത്തും. മരട്, ചെല്ലാനം, കുമ്പളം, കുമ്പളങ്ങി പഞ്ചായത്തുകളിലും പടിഞ്ഞാറന്‍ കൊച്ചിയിലുമായി പ്രതിദിനം നൂറ് ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ഇതുവഴി ലഭ്യമാകുക. പിറവത്തുനിന്ന് മരടിലെ ജലശുദ്ധീകരണശാലയിലേക്ക് വെള്ളമെത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. ശുദ്ധീകരണശാലയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാണ്. ചെല്ലാനം, കുമ്പളം, മരട് എന്നിവിടങ്ങളില്‍ ടാങ്കുകളും ഉയരും. ഇതിനായുള്ള പൈപ്പിണക്കലും സജീവമാണ്. ജിഡയുടെ ആഭിമുഖ്യത്തില്‍ 32 കോടി രൂപയുടെയും 16 കോടി രൂപയുടെയും പദ്ധതികളും വിവിധ ഘട്ടത്തിലാണ്. 2011 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടുള്ള ആദ്യപദ്ധതി എളങ്കുന്നപ്പുഴ, ഞാറയ്ക്കല്‍, നായരമ്പലം പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ വെള്ളമെത്തിക്കും. 16 കോടി രൂപയുടെ പദ്ധതി കടമക്കുടി പഞ്ചായത്തിനു വേണ്ടിയുള്ളതാണ്.
(ഷഫീഖ് അമരാവതി)
അച്ഛന് ഭൂമി, മക്കള്‍ക്ക് വീട്
കോട്ടയം: ജന്മിചൂഷണത്തിന് അറുതിവരുത്തി അറുപതുകളില്‍ ഇ എം എസ് സര്‍ക്കാര്‍ നടപ്പാക്കിയ കുടികിടപ്പ് നിയമപ്രകാരം അച്ഛന് പത്ത് സെന്റ് ഭൂമി. 2006 ല്‍ വി എസ് സര്‍ക്കാരിന്റെ കാലത്ത് പഞ്ചായത്ത് നടപ്പാക്കിയ കുടില്‍ രഹിത പദ്ധതിപ്രകാരം അതേഭൂമിയില്‍ നാലുമക്കള്‍ക്കും വീട്. ഇടതുപക്ഷം തലമുറകള്‍ക്ക് ഹൃദയപക്ഷമാകുന്നതിന്റെ നേര്‍സാക്ഷ്യം. കോട്ടയം അയ്മനം പഞ്ചായത്തിലെ കുടമാളൂര്‍ മാമ്പള്ളില്‍ വേലായുധന്‍, മക്കളായ കുട്ടന്‍, കുഞ്ഞുമണി, ശശി എന്നിവര്‍ക്കാണ് ഇടതുഭരണം ജീവിതം നല്‍കിയത്.
വേലായുധന്റെ മൂത്തമകന്‍ നാരായണന്റെ മരണത്തോടെ അനാഥമായ കുടുംബത്തിനും വീടായി. കൈപ്പുഴയില്‍നിന്ന് മാമ്പള്ളിയിലെത്തിയ വേലായുധന്‍ കുടമാളൂര്‍ കാരയ്ക്കാട്ട് ഇല്ലത്തെ കുടിയാനായിരുന്നു. ഇദ്ദേഹം നേരത്തെ മരിച്ചു. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു വേലായുധന്‍. പകലന്തിയോളം അധ്വാനിച്ചാല്‍ പട്ടിണി മിച്ചം കിട്ടിയകാലം. കടം വാങ്ങിയും മറ്റും അരി കൊണ്ടുവരുമായിരുന്നു. തോര്‍ത്തില്‍ കിഴികെട്ടി അരിയുമായി വരുന്ന വേലായുധനെ ഭാര്യയും മക്കളും കാത്തിരിക്കും. ഭക്ഷണത്തിന് മാത്രമല്ല, എന്തിനും ദാരിദ്യ്രമായിരുന്നു. സ്വന്തമായി ഭൂമിയുമില്ല. ദുരിതങ്ങളുടെ കുത്തൊഴുക്കില്‍ ആശ്വാസത്തിന്റെ കൈത്താങ്ങായത് ഇ എം എസ് സര്‍ക്കാര്‍ നടപ്പാക്കിയ കുടികിടപ്പ് ബില്‍. നിയമം പ്രാബല്യത്തില്‍ വന്നതോടെ താമസിക്കുന്ന സ്ഥലത്തെ പത്ത് സെന്റ് ഭൂമിയുടെ ഉടമയായി വേലായുധന്‍. മറ്റുകാര്യങ്ങളിലും ജീവിതം മെച്ചപ്പെട്ടു. മക്കള്‍ വിവാഹിതരാകുന്നതിനനുസരിച്ച് ഇതേ ഭൂമിയില്‍ തന്നെ കുടില്‍ കെട്ടി താമസമാക്കി. അടച്ചുറപ്പുള്ള വീടില്ലാത്തത് ദുരിതമായി തുടര്‍ന്നു. മാനം കറുക്കുമ്പോള്‍ നെഞ്ച് വേവും. ഇരവീശ്വരം പാടത്തെ വെള്ളം ഈ പ്രദേശത്ത് ഒഴുകിയെത്തും. കാല്‍ഭാഗം മണ്ണുകൊണ്ടും ബാക്കി പലക കൊണ്ടും നിര്‍മിച്ച കുടിലുകളില്‍ വെള്ളം കയറും.വെള്ളം കയറിയാല്‍ ഇഴജന്തുക്കളും കുടിലില്‍ താമസത്തിനെത്തും. പായത്തുമ്പില്‍നിന്ന് പാമ്പിനെ തട്ടിക്കളയുന്നത് ഇവര്‍ക്ക് പതിവായിരുന്നു. വെള്ളം കയറിയാല്‍ മക്കളെയുമെടുത്ത് നീന്തണം. പിന്നെ ദിവസങ്ങളോളം ദുരിതാശ്വാസ ക്യാമ്പുകളില്‍. ഈ ദുരിതത്തിലും കൈപിടിച്ചത് ഇടതുപക്ഷം.
പ്രസിഡന്റ് കെ കെ ഷാജിമോന്റെ നേതൃത്വത്തില്‍ 2006 ല്‍ അയ്മനം പഞ്ചായത്ത് നടപ്പാക്കിയ കുടില്‍രഹിത പദ്ധതിപ്രകാരം നാലുപേര്‍ക്കും വീട് ലഭിച്ചു. വാര്‍ഡ് മെംബര്‍ ഉഷാബാലചന്ദ്രന്റെ പരിശ്രമവുമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പ്ളാന്‍ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി. രണ്ട് സെന്റ് ഭൂമിയുള്ളവര്‍ക്ക് വീട് വയ്ക്കാന്‍ അപേക്ഷ ക്ഷണിച്ചപ്പോള്‍ കുടികിടപ്പ് ഭൂമി തുണച്ചു. അങ്ങിനെ 10 സെന്റില്‍ നാലു വീട്! അന്നും ഇന്നും എങ്ങിനെയെന്ന് ചോദിച്ചാല്‍ അവര്‍ പറയും പിറന്നുവീണത് മുതലുള്ള കഷ്ടപ്പാടുകള്‍ പടിയിറങ്ങി. കോരിച്ചൊരിയുന്ന മഴയിലും വേവലാതി യില്ലാതെ ഉറങ്ങാമെന്നായി. ഞങ്ങള്‍ മാറി. എല്ലാരീതിയിലും. ഇന്ന് മനുഷ്യരോട് സംസാരിക്കാം.
(വി കെ രഘുപ്രസാദ്)
കുടിയേറ്റത്തൊഴിലാളി ക്ഷേമപദ്ധതി ആനുകൂല്യങ്ങള്‍ പുതുക്കി നിശ്ചയിച്ചു
കേരള അന്തര്‍ സംസ്ഥാന കുടിയേറ്റത്തൊഴിലാളി ക്ഷേമപദ്ധതിയിലെ ആനുകൂല്യങ്ങള്‍ പുതുക്കി നിശ്ചയിച്ചതായി തൊഴില്‍മന്ത്രി പി കെ ഗുരുദാസന്‍ അറിയിച്ചു. പുതുക്കിയ പദ്ധതി അനുസരിച്ച് കുടിയേറ്റ തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. ഒരു കുടിയേറ്റ തൊഴിലാളിക്ക് പ്രതിവര്‍ഷം ചികിത്സാചെലവ് 25,000 രൂപ വരെ ലഭിക്കും. നിശ്ചിത കാലയളവില്‍ കേരളത്തില്‍ ജോലി ചെയ്തശേഷം വിരമിക്കുമ്പോള്‍ 25,000 രൂപ ഓരോ തൊഴിലാളിക്കും നല്‍കും. അപകടത്തില്‍ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപയും സ്വാഭാവിക മരണത്തിന് 10,000 രൂപയും നല്‍കും. മരിക്കുന്ന തൊഴിലാളികളെ അവരുടെ സ്വന്തം നാട്ടിലെത്തിക്കുന്നതിന് 15,000 രൂപ വരെ ലഭ്യമാക്കും. അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്ക് പ്രതിവര്‍ഷം 3000 രൂപ വരെ വിദ്യാഭ്യാസസഹായം നല്‍കാനും വ്യവസ്ഥയുണ്ട്.
കേന്ദ്രനിയമമായ 1979ലെ ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വര്‍ക്ക്മെന്‍ (റെഗുലേഷന്‍ ഓഫ് എംപ്ളോയ്മെന്റ് ആന്‍ഡ് കണ്ടീഷന്‍സ് ഓഫ് സര്‍വീസ്) ആക്ടിന്റെയും ബന്ധപ്പെട്ട ചട്ടങ്ങളുടെയും വ്യവസ്ഥകള്‍ പ്രകാരം ലഭിക്കുന്ന തൊഴില്‍ പരിരക്ഷയ്ക്ക് പുറമെയാണിത്. ഈ നിയമത്തിന് വിധേയമായി കേരളത്തില്‍ പണിയെടുക്കാന്‍ കരാറുകാര്‍ വഴി ജോലിക്കെത്തുന്ന തൊഴിലാളികള്‍ ചെറിയൊരുവിഭാഗം മാത്രമാണ്്. കേന്ദ്രനിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കാനുള്ള നടപടികളും ഗവമെന്റ് സ്വീകരിക്കും. ക്ഷേമപദ്ധതി അനുസരിച്ച് കുടിയേറ്റ തൊഴിലാളികള്‍ പ്രതിവര്‍ഷം 30 രൂപയും കേരള കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും സംസ്ഥാന ഗവമെന്റും 30 രൂപ വീതവും പദ്ധതിക്കുവേണ്ടി അംശാദായമടയ്ക്കും. സംസ്ഥാന ഗവമെന്റ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി രൂപ അനുവദിച്ചു. നിര്‍മാണതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കീഴിലാണ് കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി നടപ്പാക്കുന്നത്. ലേബര്‍ കമീഷണര്‍ അധ്യക്ഷനായി വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികളടങ്ങിയ ഉപദേശകസമിതിയാണ് ക്ഷേമപദ്ധതിയുടെ മോണിറ്ററിങ് നടത്തുന്നത്. ബന്ധപ്പെട്ട ലേബര്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കുന്ന പ്രക്രിയ ആരംഭിച്ചിട്ടുണ്ട്.
ദേശാഭിമാനി 04092010
കുടിവെള്ളത്തിനായി നഗരം സ്തംഭിപ്പിച്ച് അറസ്റ്റ് വരിക്കേണ്ടി വന്നിട്ടുണ്ട് വൈപ്പിന്‍ ഞാറയ്ക്കല്‍ ആറാട്ടുവഴിയിലെ രാധാ രവിക്കും രാജമ്മയ്ക്കും സതിക്കുമെല്ലാം. അതെല്ലാം പഴങ്കഥയല്ലേയെന്ന് ഇവര്‍ ഒരേസ്വരത്തില്‍ പറയുന്നു. അറുപത്തെട്ടുകാരിയായ കാരോത്ത് വീട്ടില്‍ തിലോത്തമ പാതിരാവിലും ഉറക്കമൊഴിഞ്ഞ് കുടിവെള്ള ലോറികള്‍ കാത്തിരുന്നത് ഇന്നുംമറന്നിട്ടില്ല. ഇപ്പോള്‍ മുറ്റത്തെ ടാപ്പില്‍ വെള്ളമെത്തുമ്പോള്‍ ആ കണ്ണുകളിലും സന്തോഷത്തിന്റെ തിളക്കമേറെ. കൊച്ചി നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും പൈപ്പിന്‍ ചോട്ടില്‍ ഒഴിഞ്ഞ കുടങ്ങളുടെ നീണ്ട നിരയില്ല. പ്രതിഷേധം എങ്ങുമില്ല. മലിനജലം പരത്തുന്ന പകര്‍ച്ചവ്യാധി ഭീഷണി ഒട്ടുമില്ല. ഹഡ്കോ കുടിവെള്ള പദ്ധതിയാണ് കൊച്ചിയുടെയും പരിസരപ്രദേശങ്ങളുടെയും ദാഹമകറ്റിയത്. യുഡിഎഫ് കാലത്ത് ഇഴഞ്ഞുനീങ്ങിയ പദ്ധതി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇഛാശക്തിയില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ 21 കോടി രൂപ കുറവില്‍ പൂര്‍ത്തിയാ
ReplyDelete