Tuesday, June 21, 2011

ഇ എം എസ് ഭവനപദ്ധതി: നുണപ്രചാരണങ്ങള്‍ക്ക് മറുപടിയായി 20,455 വീട്

തലചായ്ക്കാന്‍ സ്വന്തമായൊരു കൂരയെന്ന സ്വപ്നം സാക്ഷാത്കരിക്കുന്ന ഇ എം എസ് ഭവനപദ്ധതിയിലൂടെ ജില്ലയില്‍ നിര്‍മിച്ച് നല്‍കിയത് 20,455 വീടുകള്‍ . ഇ എം എസ് ഭവനപദ്ധതി അട്ടിമറിക്കാനുള്ള കുപ്രചാരണങ്ങള്‍ക്ക് തോരാത്ത മഴയിലും ചോരാത്ത കൂരയില്‍ അന്തിയുറങ്ങുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളാണ് മറുപടി. 2011 മെയ് 31വരെയുള്ള കാലയളവിലാണ് പദ്ധതിപ്രകാരം 20,455 വീടുകള്‍ നിര്‍മിച്ച് നല്‍കിയത്. ജില്ലയില്‍ 78 പഞ്ചായത്തുകളിലായി 21,075 വീടുകള്‍ക്കാണ് ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കിയത്. ഇതില്‍ 19,645 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. ഇതിന് പുറമെ തിരുവനന്തപുരം കോര്‍പറേഷന്‍ , ആറ്റിങ്ങല്‍ , നെയ്യാറ്റിന്‍കര, നെടുമങ്ങാട്, വര്‍ക്കല മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലായി 810 വീടുകളും പൂര്‍ത്തീകരിച്ചു.

പഞ്ചായത്തുകള്‍ പരിശോധന നടത്തി അംഗീകരിച്ച ഗുണഭോക്തൃപട്ടികയ്ക്കാണ് ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കിയത്. 21,075 ഗുണഭോക്താക്കളില്‍ 19,645 വീടുകള്‍ നിര്‍മിച്ച് നല്‍കാന്‍ കഴിഞ്ഞത് തന്നെ പദ്ധതിയുടെ വിജയമാണെന്ന് ജില്ലയില്‍ പദ്ധതിക്ക് ചുക്കാന്‍ പിടിച്ച മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും ഒത്തുചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഈ വിജയം. ജനറല്‍വിഭാഗത്തില്‍ 75,000 രൂപയും എസ്സി വിഭാഗത്തില്‍ ഒരുലക്ഷം രൂപയും എസ്ടി വിഭാഗത്തില്‍ ഒന്നേകാല്‍ലക്ഷം രൂപയുമാണ് വീട് നിര്‍മാണത്തിനായി അനുവദിച്ചത്. ദേശസാത്കൃത ബാങ്കുകളുടെയും സഹകരണസ്ഥാപനങ്ങളുടെയും സഹായത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കിയത്. വര്‍ധിച്ചുവരുന്ന നിര്‍മാണച്ചെലവ് കാരണം ഈ തുകയ്ക്ക് 400 സ്ക്വയര്‍ഫീറ്റില്‍ വീട് നിര്‍മിക്കുക എന്നത് അസംഭവ്യം എന്ന് കരുതിയവര്‍ക്കുള്ള മറുപടികൂടിയാണ് നിശ്ചിതദിവസത്തിനുള്ളില്‍ത്തന്നെ വീടുകള്‍നിര്‍മിച്ചത്.

ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതി ജില്ലാസെല്‍ ആണ് ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കേവലമൊരു സര്‍ക്കാര്‍ പദ്ധതി എന്നതിലുപരിയായി ജനകീയക്കൂട്ടായ്മ ഉണ്ടാക്കിയെടുക്കാന്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. ഏഴ് കൗണ്ടര്‍ സ്ഥാപിച്ച് ഒറ്റദിവസംകൊണ്ട് ഏകജാലകസംവിധാനത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് രേഖകള്‍ പരിശോധന, ബാങ്ക് അക്കൗണ്ട് തുറക്കല്‍ , എഗ്രിമെന്റ് വയ്ക്കല്‍ , സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ തുടങ്ങിയവ ഉറപ്പുവരുത്തിയ ഗുണഭോക്തൃസംഗമങ്ങള്‍ സംഘടിപ്പിച്ചത് ഈ സെല്ലിന്റെ തീരുമാനപ്രകാരമായിരുന്നു. ഇത്തരത്തില്‍ സംഘടിപ്പിക്കപ്പെട്ട ഗുണഭോക്തൃസംഗമങ്ങളും ജനകീയ കണ്‍വന്‍ഷനുകളും പദ്ധതിപ്രവര്‍ത്തനം വിജയത്തിലെത്തിക്കാന്‍ ജില്ലയില്‍ ഒരുപാട് സഹായകരമായിട്ടുണ്ട്.

deshabhimani 210611

1 comment:

  1. തലചായ്ക്കാന്‍ സ്വന്തമായൊരു കൂരയെന്ന സ്വപ്നം സാക്ഷാത്കരിക്കുന്ന ഇ എം എസ് ഭവനപദ്ധതിയിലൂടെ ജില്ലയില്‍ നിര്‍മിച്ച് നല്‍കിയത് 20,455 വീടുകള്‍ . ഇ എം എസ് ഭവനപദ്ധതി അട്ടിമറിക്കാനുള്ള കുപ്രചാരണങ്ങള്‍ക്ക് തോരാത്ത മഴയിലും ചോരാത്ത കൂരയില്‍ അന്തിയുറങ്ങുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളാണ് മറുപടി. 2011 മെയ് 31വരെയുള്ള കാലയളവിലാണ് പദ്ധതിപ്രകാരം 20,455 വീടുകള്‍ നിര്‍മിച്ച് നല്‍കിയത്. ജില്ലയില്‍ 78 പഞ്ചായത്തുകളിലായി 21,075 വീടുകള്‍ക്കാണ് ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കിയത്. ഇതില്‍ 19,645 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. ഇതിന് പുറമെ തിരുവനന്തപുരം കോര്‍പറേഷന്‍ , ആറ്റിങ്ങല്‍ , നെയ്യാറ്റിന്‍കര, നെടുമങ്ങാട്, വര്‍ക്കല മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലായി 810 വീടുകളും പൂര്‍ത്തീകരിച്ചു.

    ReplyDelete