Tuesday, September 21, 2010

വീട് ഇവിടെ സ്വപ്നമല്ല; സാമൂഹ്യ ദൌത്യം

സ്വന്തമായി ഒരുതുണ്ടുഭൂമിയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയ ഭൂപരിഷ്കരണത്തിന്റെ അനിവാര്യമായ തുടര്‍ച്ചയാവുകയാണ് ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതി. ഭൂമിയുണ്ടായിട്ടും തലചായ്ക്കാന്‍ ഒരിടം ഇല്ലാതെ ജീവിതം തള്ളിനീക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും കൈത്താങ്ങിലൂടെ സ്വന്തമായി ഒരു വീട്.

പതിനൊന്നാംപദ്ധതിയില്‍ 2009ല്‍ തുടക്കംകുറിച്ച ഇ എം എസ് ഭവനപദ്ധതിയില്‍ അപേക്ഷകരായത് അഞ്ചുലക്ഷംപേര്‍. വീടിന് അപേക്ഷയുമായി ഓടിനടക്കുന്ന പതിവുകാഴ്ച ഇവിടെയില്ല. പകരം നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും ഒരു കിടപ്പാടം ഒരുക്കാന്‍ വീടില്ലാത്തവരെത്തേടി പഞ്ചായത്തും ഉദ്യോഗസ്ഥരും എത്തുകയാണിന്ന്. ഒമ്പതാം പദ്ധതിക്കാലത്ത് 5.5 ലക്ഷവും പത്താം പദ്ധതിക്കാലത്ത് മൂന്നു ലക്ഷവും വീടുകള്‍ നിര്‍മിച്ചു നല്‍കിയതിന്റെ തുടര്‍ച്ചയായി സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതരെയും കണ്ടെത്തി വീടു നിര്‍മിച്ചു നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇ എംഎസ് ഭവനപദ്ധതി ജനങ്ങളിലേക്കെത്തുന്നത്. കണക്കെടുപ്പില്‍ ലഭിച്ച അപേക്ഷകളില്‍ 5.21 ലക്ഷം പേര്‍ ഭൂമിയുള്ള ഭവനരഹിതരാണ്. 1.46 ലക്ഷം പേരാണ് ഭൂമിപോലും ഇല്ലാത്ത ഭവനരഹിതര്‍. ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീടും ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്ക് ഭൂമി കണ്ടെത്തി വീടും വച്ചുനല്‍കലും പൂര്‍ത്തിയാവുന്നതോടെ കേരളം ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഭവനസംസ്ഥാനമായി മാറും.

2011 മാര്‍ച്ചിനുമുന്‍പ് മുഴുവന്‍ അപേക്ഷകര്‍ക്കും വീടുവച്ചുനല്‍കി പദ്ധതി വിജയത്തിലെത്തിക്കുകയാണ് ലക്ഷ്യം. പഞ്ചായത്ത് നല്‍കിയ ഗുണഭോക്തൃലിസ്റ്റിന്റെയും ഉദ്യോഗസ്ഥര്‍ നടത്തിയ സര്‍വേയുടെയും അടിസ്ഥാനത്തില്‍ തികച്ചും അര്‍ഹരായ അപേക്ഷകരെ കണ്ടെത്തുകയായിരുന്നു പദ്ധതിയുടെ ആദ്യഘട്ടം. നാലുഘട്ടമായാണ് പദ്ധതിക്ക് പണം അനുവദിക്കുന്നത്. 440 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന വീടുകള്‍ക്ക് പട്ടികവര്‍ഗത്തിന് 1.25 ലക്ഷവും പട്ടികജാതിക്ക് ഒരു ലക്ഷവും പൊതുവിഭാഗത്തിന് 75,000 രൂപയുമാണ് ധനസഹായം. ഭൂരഹിതര്‍ക്ക് പഞ്ചായത്ത് കൂടി മുന്‍കൈയെടുത്ത് ഭൂമി വാങ്ങി വീടുവച്ചുനല്‍കും. വീടുനിര്‍മിക്കാന്‍ ഉദ്ദേശിച്ച് പഞ്ചായത്തിന് ഭൂമിവാങ്ങുന്നതിന് എത്ര പണവും വിനിയോഗിക്കാം. പദ്ധതിക്ക് 5000 കോടി രൂപയാണ് ചെലവ്. തദ്ദേശഭരണസ്ഥാപനങ്ങള്‍ സഹകരണസംഘങ്ങളില്‍നിന്ന് എടുക്കുന്ന വായ്പയാണ് പണത്തിന്റെ മുഖ്യസ്രോതസ്സ്. ആദ്യഘട്ടത്തില്‍ പദ്ധതിക്കായി തദ്ദേശസ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പ ഒരുവര്‍ഷത്തിനകം അടച്ചുതീര്‍ക്കണം എന്നായിരുന്നു തീരുമാനം. പിന്നീട് അത് മൂന്നുവര്‍ഷമായി. ഇപ്പോള്‍ അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതിനാല്‍ പത്തുവര്‍ഷത്തിനകം തിരിച്ചടയ്ക്കണം എന്നാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്. വായ്പയുടെ പലിശ സര്‍ക്കാര്‍ നല്‍കും. ഈ വായ്പയോടൊപ്പം പൊതുജനങ്ങള്‍, ഉദാരമതികളായ വ്യക്തികള്‍, സന്നദ്ധസംഘടനകള്‍ പണമായും സേവനമായും നല്‍കുന്ന സംഭാവനകള്‍ എന്നിവയും ഉപയോഗപ്പെടുത്താം.

പദ്ധതി പ്രവൃത്തിപഥത്തിലേക്കെത്തുമ്പോള്‍ ഭവനരഹിതകുടുംബത്തിന് വീട് ലഭ്യമാക്കുക എന്നത് സമൂഹത്തിന്റെകൂടി ഉത്തരവാദിത്തമായി മാറുകയാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ നിലവിലുള്ള ഇന്ദിര ആവാസ് യോജന, എം എന്‍ ലക്ഷംവീട് പുനരുദ്ധാരണ പദ്ധതി എന്നിവയോടൊപ്പം പദ്ധതിപ്പണം വിനിയോഗിച്ചും ഐഎവൈ പദ്ധതിയുടെ സഹായത്തോടെയും മൂന്നു ലക്ഷംവീടുകളാണ് സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയത്. ഇതിനായി തദ്ദേശസ്ഥാപനങ്ങള്‍ മാത്രം നല്‍കിയത് 1080 കോടിരൂപ. ഇതില്‍ 503.34 കോടി രൂപയും ചെലവഴിച്ചത് പട്ടികജാതി വിഭാഗത്തിന്. 112.25 കോടി രൂപ പട്ടികവര്‍ഗത്തിനും. ഇപ്പോള്‍ വായ്പ ഉപയോഗിച്ച് പദ്ധതിപ്രകാരം സംസ്ഥാനത്ത് 1.1 ലക്ഷവും എം എന്‍ ലക്ഷംവീട് പുനരുദ്ധാരണ പദ്ധതിയില്‍ 1792ഉം നഗരഭവനപദ്ധതികളുടെ ഭാഗമായി 7771ഉം വീടുകളുടെ നിര്‍മാണമാണ് നടന്നുവരുന്നത്. നഗരഭവനപദ്ധതിയില്‍ സംസ്ഥാനത്ത് 8462 വീടാണ് പൂര്‍ത്തിയാക്കിയത്.
(ടി എന്‍ സീന)

ദേശാഭിമാനി 21092010

2 comments:

  1. സ്വന്തമായി ഒരുതുണ്ടുഭൂമിയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയ ഭൂപരിഷ്കരണത്തിന്റെ അനിവാര്യമായ തുടര്‍ച്ചയാവുകയാണ് ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതി. ഭൂമിയുണ്ടായിട്ടും തലചായ്ക്കാന്‍ ഒരിടം ഇല്ലാതെ ജീവിതം തള്ളിനീക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും കൈത്താങ്ങിലൂടെ സ്വന്തമായി ഒരു വീട്.

    ReplyDelete