Saturday, April 5, 2014

അഡ്വ. ജോയ്സ് ജോര്‍ജിനെതിരെയുള്ള അപവാദപ്രചാരണങ്ങള്‍ അവസാനിപ്പിക്കണം: സിപിഐ എം

ഇടുക്കി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി അഡ്വ. ജോയ്സ് ജോര്‍ജിനെതിരെ കോണ്‍ഗ്രസ് നേതാക്കളും ചില മാധ്യമങ്ങളും നടത്തുന്ന അടിസ്ഥാന രഹിതമായ അപവാദ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. ജോയ്സ് ജോര്‍ജിന് വട്ടവട പഞ്ചായത്തില്‍ ഭൂമിയുണ്ടെന്നും ആ ഭൂമിയുടെ പട്ടയത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. യുഡിഎഫ് നേതൃത്വം തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഫോറസ്റ്റ് ഉദ്യേഗസ്ഥര്‍ക്ക് അന്വേഷിക്കാര്‍ നിര്‍ദ്ദേശംനല്‍കി തുടങ്ങിയ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമായ പ്രചാരണം കൊഴുപ്പിക്കുന്നതിനുവേണ്ടിയാണ്.

കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ജോയ്സ് ജോര്‍ജിന്റെ അച്ഛന്‍ പാലിയത്ത് ജോര്‍ജിന്റെ പേരില്‍ വട്ടവട പഞ്ചായത്തില്‍ ഭൂമി ഉള്ളതാണ്. അദ്ദേഹം മക്കള്‍ക്ക് കുടുംബവിഹിതമായി ഭൂമി പതിച്ചു നല്‍കി. അങ്ങിനെയാണ് ജോയ്സ് ജോര്‍ജിന്റെയും ഭാര്യയുടെയും പേരില്‍ ഭൂമി വരാനിടയായത്. ഇതിനെല്ലാം പ്രമാണങ്ങളും രേഖകളും ഉള്ളതുമാണ്. നോമിനേഷന്‍ കൊടുത്തപ്പോള്‍ സത്യവാങ്മൂലത്തില്‍ ഭൂമിയുടെ വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ജോയ്സ് ജോര്‍ജ് തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാലും അദ്ദേഹത്തിനെതിരെ അടിസ്ഥാന രഹിതമായ പ്രചാരണമാണ് ചില മാധ്യമങ്ങളും യുഡിഎഫും നടത്തുന്നത്.

ജോയ്സ് ജോര്‍ജിന്റെ കുടുംബവക ഭൂമി അവിടെ ഉള്ളതാണ്. ജോയ്സ് ജോര്‍ജിന്റെ സഹോദരന്‍ കോണ്‍ഗ്രസിന്റെ ജില്ലാ പഞ്ചായത്ത് മെമ്പറാണ്. അദ്ദേഹത്തിനും അവിടെ ഭൂമിയുണ്ട്. ഇതുവരെ ഈ കുടുംബത്തെപ്പറ്റി ഭൂമിസംബന്ധമായി ഒരു ആക്ഷേപവും ഇല്ലായിരുന്നു. എന്നാല്‍ അദ്ദേഹം ഹൈറേഞ്ച് സംരക്ഷണസമിതി പിന്തുണയുള്ള എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരരംഗത്തുവന്നപ്പോഴാണ് ഈ ആരോപണം ഉന്നയിക്കുന്നത്. പി പി തങ്കച്ചനടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വട്ടവടയിലും കാന്തല്ലൂരും അനവധി ഏക്കര്‍ഭൂമിയുണ്ട്. അതിലൊന്നും ഒരുദുരാരോപണവും മാധ്യമങ്ങള്‍ കാണുന്നില്ല. ഇതുസംബന്ധിച്ച വസ്തുതകള്‍ പ്രസിദ്ധീകരിക്കാന്‍ സിപിഐ എം തയ്യാറാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുകയും ഭൂമി കൈവശം വച്ചിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ലിസ്റ്റ് പരസ്യപ്പെടുത്തുമെന്നും പാര്‍ടി ജില്ലാ സെക്രട്ടറിയറ്റ് മുന്നറിയിപ്പ് നല്‍കി. അടിസ്ഥാന രഹിതമായ അപവാദപ്രചാരണത്തില്‍ തെറ്റിദ്ധരിക്കരുതെന്ന് പൊതുജനങ്ങളോട് സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. അപവാദപ്രചാരണം തുടര്‍ന്നാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സി ജില്ലാ സെക്രട്ടറി എം എം മണി പറഞ്ഞു.

തിരുവഞ്ചൂര്‍ മാപ്പ് പറയണം കോണ്‍ഗ്രസ് നേതാക്കളുടെ ഭൂമിയെക്കുറിച്ചും അന്വേഷിക്കണം: കെ കെ ജയചന്ദ്രന്‍ എംഎല്‍എ

തൊടുപുഴ: അഡ്വ. ജോയ്സ് ജോര്‍ജിന് അനുകൂലമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ റൂളിങ്വന്ന സാഹചര്യത്തില്‍ മന്ത്രിപദവി ദുരുപയോഗംചെയ്ത് വ്യക്തിഹത്യ ചെയ്യാന്‍ ഗൂഢാലോചന നടത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് കെ കെ ജയചന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു.യുഡിഎഫ് നേതാക്കള്‍ക്കൊപ്പം ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണം. മറയൂര്‍ ഭാഗത്ത് കോണ്‍ഗ്രസ് നേതാക്കളുടെ കൈവശമുള്ള ഭൂമിയെക്കുറിച്ചും അന്വേഷണം നടത്താന്‍ എന്തുകൊണ്ടാണ് തിരുവഞ്ചൂര്‍ തയ്യാറാകാതിരുന്നത്. അഡ്വ. ജോയ്സ് ജോര്‍ജിന്റെ അച്ഛന്‍വാങ്ങിയ ഭൂമിയെക്കുറിച്ച് മാത്രം അന്വേഷിക്കാനുള്ള നീക്കം അംഗീകരിക്കില്ല. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ഭഭരണസ്വാധീനത്തിന്റെ മറവില്‍ ജനവിധിയെ അട്ടിമറിക്കാന്‍ നടത്തുന്ന നീക്കത്തെ സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കും.

കൊട്ടക്കാമ്പൂര്‍ വില്ലേജില്‍ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ മകന്റെ ഭഭാര്യ ഡെമനാ വര്‍ഗീസിന്റെ പേരില്‍ നാലേകാല്‍ ഏക്കര്‍ ഭൂമിയുണ്ട്. സമീപകാലത്ത് ഇത് മറ്റൊരാളുടെ പേരിലേക്ക് എഴുതി മാറിയിട്ടുണ്ടെങ്കിലും റിസോര്‍ട്ട് ഇപ്പോഴും ഇവര്‍ തന്നെയാണ് നടത്തുന്നത്.ഡിസിസി ജനറല്‍ സെക്രട്ടറിയും അടിമാലി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനുമായ ബാബു കുര്യാക്കോസിന് ഈ ഭാഗത്ത് 80 ഏക്കര്‍ ഭൂമിയുണ്ട്. കെപിസിസി വൈസ് പ്രസിഡന്റ് എകെ മണി കീഴാന്തൂര്‍ വില്ലേജില്‍ ചന്ദ്രമംഗലം ഭാഗത്ത് 60 ഏക്കര്‍ ഭൂമിക്ക് കരം അടയ്ക്കുന്നുണ്ട്. യുഡിഎഫ് നേതാവ് ടിയുകുരുവിള എംഎല്‍എയുടെ ബിനാമിയുടെ പേരില്‍ ഏക്കറുകണക്കിന് ഭൂമിയും ഇവിടെയുണ്ട്. കുടുംബസ്വത്തായി ലഭിച്ച ജോയ്സ് ജോര്‍ജിന്റെ എട്ടേക്കര്‍ സ്ഥലത്തെക്കുറിച്ച് മാത്രം ഏകപക്ഷീയമായി അന്വേഷണം നടത്താനുള്ള നീക്കം ഗൂഢാലോചനയാണ്. റൂളിങ്വന്ന സാഹര്യത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ ഗൂഡാലോചന നടത്താന്‍ കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാതി നല്‍കും. കൈവശമുള്ളത് ഏത് തരത്തിലുള്ള ഭഭൂമിയാണെന്ന് വിശദീകരിക്കാന്‍ പി പി തങ്കച്ചനും എ കെ. മണിയും ടി യു കുരുവിളയും ബാബു കുര്യാക്കോസും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment