Thursday, March 20, 2014

കുമളി-ദിണ്ഡിഗല്‍ പാത വാഗ്ദാനത്തിലൊതുങ്ങി മലയോര പാതയില്‍ തീവണ്ടി ചൂളം വിളിക്കില്ല

കുമളി: മലയോര ജില്ലയുടെ അതിര്‍ത്തിയില്‍ തീവണ്ടിയുടെ ചൂളംവിളിക്ക് കാതോര്‍ത്തവര്‍ക്ക് പറയാനുള്ളത് എംപിയുടേയും കോണ്‍ഗ്രസിന്റേയും വാഗ്ദാനലംഘനത്തിന്റെയും വഞ്ചനയുടെയും കഥ. ജില്ലയിലേക്ക് തീവണ്ടി എത്തുമെന്ന് പ്രഖ്യാപിച്ച് ദിണ്ഡിഗല്‍-കുമളി റെയില്‍പാതയുടെ പേരില്‍ ഇത്രകാലവും പി ടി തോമസും കോണ്‍ഗ്രസും രാഷ്ട്രീയ മുതലെടുപ്പ് നടത്തി. പ്രഖ്യാപനവും തട്ടിപ്പ് പ്രചാരണവും നടത്തി നാട്ടുകാരെ പറ്റിച്ചതല്ലാതെ നാലുറെയില്‍വെ ബജറ്റുകളും ജനങ്ങളെ കാണാതെ പോയി. തിരുവന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജരെ നിലയ്ക്കു നിര്‍ത്താന്‍ യുപിഎ സര്‍ക്കാരിനെ പിന്തുണച്ച ജനപ്രതിനിധികളെ കൊണ്ടുകഴിയാത്തതിനാല്‍ ശബരിപാതയുള്‍പ്പെടെയുള്ള സംസ്ഥാനപാതകളുടെയും ഫണ്ടുകള്‍ വകമാറ്റുകയും പദ്ധതികള്‍ അവതാളത്തിലായി.

2010 ഫെബ്രുവരിയില്‍ ജില്ലയിലൊട്ടാകെ പി ടി തോമസ് എംപിയുടെ അനുയായികള്‍ ദിണ്ഡിഗല്‍-കുമളി റെയില്‍ പാതയ്ക്ക് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാരിനും ഇതിന് പ്രയത്നിച്ച ഇടുക്കി എംപി അഡ്വ. പി ടി തോമസിനും അഭിനന്ദനമറിയിച്ച് ആയിരക്കണക്കിന് പോസ്റ്ററുകള്‍ പതിച്ചു. ഇതിന്റെ പേരില്‍ തട്ടിപ്പ് പ്രചാരണവും മുതലെടുപ്പും നടത്തിയതല്ലാതെ കോണ്‍ഗ്രസും പി ടി തോമസും ഒന്നും ചെയ്തില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടതുപക്ഷ പിന്തുണയോടെയുള്ള ഒന്നാം യുപിഎ സര്‍ക്കാരിന്റെ പ്രഖ്യാപനം ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. 2007ല്‍ പ്രഖ്യാപിച്ച ദിണ്ടുഗല്‍-കുമളി റെയില്‍പാത 2010 ഫെബ്രുവരിയിലെ റെയില്‍വേ ബജറ്റില്‍ മമത വീണ്ടും പ്രഖ്യാപിച്ചു. ഇതാണ് സ്വന്തം നേട്ടമായി പി ടി തോമസും അനുയായികളും അവതരിപ്പിച്ച് നാട്ടുകാരെ പറ്റിക്കാന്‍ നോക്കിയത്. ഇടതുപക്ഷ പിന്തുണയോടെ 2004ലെ ആദ്യ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ദിണ്ടുഗല്‍ മുതല്‍ ലോവര്‍ക്യാമ്പ് വരെയുള്ള പ്രദേശങ്ങളില്‍ 17 ലക്ഷം രൂപ ചെലവില്‍ പ്രാഥമിക സര്‍വെ നടത്തി. ലോവര്‍ക്യാമ്പില്‍ നിന്നും ഗൂഡല്ലൂര്‍, കമ്പം, ഉത്തമപാളയം, ചിന്നമന്നൂര്‍, തേനി, ഉസിലംപെട്ടി, ദിണ്ടുഗല്‍ വരെയുള്ള പ്രദേശത്താണ് സര്‍വേ നടത്തിയത്. തമിഴ്നാട്ടില്‍ നിന്നുള്ള റെയില്‍വേ സഹമന്ത്രി വേലു രണ്ട് തവണ പ്രദേശം സന്ദര്‍ശിച്ചു.

2007ലെ റെയില്‍വേ ബജറ്റില്‍ മന്ത്രി ലാലുപ്രസാദ് യാദവാണ് ദിണ്ഡിഗല്‍-കുമളി പാത ആദ്യം പ്രഖ്യാപിച്ചത്. 2010ല്‍ മമതാ ബാനര്‍ജി പ്രഖ്യാപനം ആവര്‍ത്തിച്ചു. 2007ലെ പ്രഖ്യാപനം വന്നപ്പോള്‍ ലോവര്‍ക്യാമ്പിനോട് ചേര്‍ന്നുള്ള ഇടുക്കിയിലെ മലയോര ജനതയും റെയില്‍വേ പദ്ധതി പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലായി. അതേ പദ്ധതി മമത ബാനര്‍ജി ആവര്‍ത്തിച്ചത്. തേനി വരെയുള്ള പാത ഇടുക്കിക്ക്കൂടി പ്രയോജനപ്പെടുന്ന നിലയില്‍ ലോവര്‍ക്യാമ്പ് വരെ നീട്ടണമെന്നും, നിലവിലെ മീറ്റര്‍ഗേജ് പാത ബ്രോഡ്ഗേജാക്കണമെന്നും എല്‍ഡിഎഫ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇടുക്കിയില്‍ റെയില്‍വേ ലൈന്‍ ഇല്ലാത്തതിനാല്‍ ഹൈറേഞ്ചുകാര്‍ക്കുകൂടി സഹായകരമായി പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ഉയര്‍ത്തി. അന്നത്തെ യുപിഎ സര്‍ക്കാരിലുള്ള ഇടതുപക്ഷ സ്വാധീനവും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലും ഫ്രാന്‍സിസ് ജോര്‍ജ് എംപിയുടെ പരിശ്രമവും മൂലമാണ് 2007ലെ റെയില്‍വേ ബജറ്റില്‍ ലാലുപ്രസാദ് റെയില്‍വേ പാത പ്രഖ്യാപിച്ചത്. 2010ല്‍ മമത ബാനര്‍ജി വീണ്ടും പ്രഖ്യാപിച്ചപ്പോള്‍ ഇതിന്റെ അവകാശവാദവുമായി പി ടി തോമസ് എംപിയും അനുയായികളും രംഗത്ത് വന്നത് നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. തട്ടിപ്പ് വാഗ്ദാനത്തിലൂടെ ജനങ്ങളെ പറ്റിക്കാനുള്ള എംപിയുടേയും കോണ്‍ഗ്രസിന്റേയും ശ്രമവും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.

deshabhimani

No comments:

Post a Comment