Saturday, April 5, 2014

ബാലവേശ്യയല്ല; കെണിയിലാക്കിയത്

ഒടുവില്‍ നീതിയുടെ പ്രകാശം

കോട്ടയം: വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം; അറിവില്ലാത്ത പ്രായത്തില്‍ അകപ്പെട്ട ദുരന്തത്തില്‍ നിന്ന് ഒടുവില്‍ നീതിപീഠം തന്നെ സൂര്യനെല്ലി പെണ്‍കുട്ടിക്ക് കൈത്താങ്ങായി. ഒരിക്കല്‍ "ബാലവേശ്യ"യെന്നു വരെ വിളിച്ച് അവഹേളിച്ച നീതിപീഠം ഇപ്പോള്‍ ആ തെറ്റുതിരുത്തി- അരുതാത്ത പ്രയോഗത്തില്‍ പശ്ചാത്താപം. നീതിപീഠത്തിന് മനഃസാക്ഷി നഷ്ടപ്പെട്ടിട്ടില്ലെന്നതിന് ഇത് തെളിവ്. സൂര്യനെല്ലി പെണ്‍കുട്ടിയും കുടുംബവും തുരുത്തിലെന്ന പോലെ ഒറ്റപ്പെട്ട് ജീവിതം കഴിക്കുമ്പോള്‍ ഇവളെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവര്‍ സമൂഹത്തില്‍ മാന്യന്മാരായി വിലസുകയായിരുന്നു. ഒടുവില്‍സത്യം വിജയിച്ചു.

കാരാഗൃഹവാസം പോലെയായിരുന്നു പെണ്‍കുട്ടിക്കും കുടുംബത്തിന് കഴിഞ്ഞ നീണ്ട 18 വര്‍ഷങ്ങള്‍. ഇക്കാലയളവില്‍ ഏറെ അനുഭവിച്ചു. സ്വന്തം പേരു പോലും ഇവള്‍ക്ക് നഷ്ടപ്പെട്ടു. പകരം സമൂഹം പുതിയ പേരു നല്‍കി- സൂര്യനെല്ലി പെണ്‍കുട്ടി. പെണ്‍കുട്ടിക്ക് നായനാര്‍ സര്‍ക്കാര്‍ നല്‍കിയ ജോലിപോലും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍. ഇതെല്ലാം ചെയ്തത് ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. കീഴ്ക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധി എത്തിയപ്പോള്‍ ഈ കുടുംബം നടുങ്ങി. സമൂഹമധ്യത്തില്‍ തങ്ങളുടെ മകളെ തൊലിയുരിച്ചു കാണിച്ച കോടതിവിധിയില്‍ അച്ഛനും അമ്മയും തളര്‍ന്നില്ല. നീതിക്കുവേണ്ടി പോരാട്ടം തുടര്‍ന്നു. ഒടുവില്‍ കീഴ്ക്കോടതിയുടെ ശിക്ഷ ശരിവെച്ചുള്ള വിധിയില്‍ ഒന്നും അവസാനിക്കുന്നില്ല. പി ജെ കുര്യനെതിരായ പോരാട്ടം തുടരാനാണ് തീരുമാനം.

1996 ജനുവരി 16നായിരുന്നു ഈ കുടുംബത്തെ തകര്‍ത്ത ആ ദുര്‍ദിനം. മൂന്നാര്‍ ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടി സ്കൂളില്‍ നിന്നും വീട്ടില്‍ മടങ്ങിയെത്തിയില്ല. നാല്‍പതു ദിവസത്തിനു ശേഷം അവളെ കണ്ടെത്തുമ്പോള്‍ ജീവച്ഛവമായ അവസ്ഥ. പതിനാറുകാരി പെണ്‍കുട്ടിയെ 40 ദിവസം കൊണ്ട് വേട്ടയാടിയത് 42 കാമവെറിയന്മാര്‍. അവള്‍ അനുഭവിച്ച ക്രൂരതകള്‍ കേട്ട് കേരളം ഞെട്ടി. ആദര്‍ശധീരന്‍ ചമഞ്ഞ് നടക്കുന്ന ചില രാഷ്ട്രീയ നേതാക്കളും പ്രതിസ്ഥാനത്തു വന്നതോടെ കേസ് തേച്ചുമായ്ച്ചു കളയാന്‍ ശ്രമം. പുറമെ ഭീഷണിയും. ഒടുവില്‍ മഹിളാ അസോസിയേഷന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് പെണ്‍കുട്ടിയ്ക്ക് നീതി ലഭ്യമാക്കാന്‍ കേരളമൊന്നാകെ മുന്നോട്ടുവന്നു.

പെണ്‍കുട്ടിയെ പ്രാപിക്കാന്‍ ഓടിയെത്തിയവരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുത്ത അനുയായിയും കോട്ടയം ഡിസിസി സെക്രട്ടറിയുമായ ജേക്കബ് സ്റ്റീഫനും ഉണ്ടായിരുന്നു. ഇയാള്‍ ഉള്‍പ്പെടെ ഭരണത്തണലില്‍ പഴുതുകള്‍ തേടി കേസില്‍ നിന്ന് രക്ഷപെടുന്നതാണ് പിന്നെ കണ്ടത്. സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലും ഹൈക്കോടതി വിധിയിന്മേലുള്ള പുനഃപരിശോധനയുമാണ് ഒടുവില്‍ ജേക്കബ് സ്റ്റീഫനെയും കാരാഗൃഹവാസത്തില്‍ എത്തിച്ചത്. കുട്ടിയെ കാണാനില്ലെന്ന അച്ഛന്റെ പരാതി ലഭിച്ചപ്പോള്‍ മാന്‍ മിസിങ്  കേസായാണ് അന്ന് യുഡിഎഫിന്റെ പൊലീസ് കേസെടുത്തത്. പിന്നീടെത്തിയ നായനാര്‍ സര്‍ക്കാരാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. വേഗം വിധിതീര്‍പ്പുണ്ടാക്കാന്‍ വിചാരണക്കായി കോട്ടയത്ത് പ്രത്യേക കോടതിയും ആരംഭിച്ചു. ഇതിനിടെയാണ് മുഖ്യപ്രതി ധര്‍മ്മരാജന്‍ പിടിയിലായത്. ഇയാള്‍ക്ക് പ്രത്യേക കോടതി ജീവപര്യന്തം തടവ് വിധിച്ചെങ്കിലും ഹൈക്കോടതി അത് അഞ്ചു വര്‍ഷമാക്കി കുറച്ചു.

കെ എസ് ഷൈജു

ബാലവേശ്യയല്ല; കെണിയിലാക്കിയത്

കൊച്ചി: സൂര്യനെല്ലിക്കേസിലെ പെണ്‍കുട്ടി ബാലവേശ്യയോ വഴിപിഴച്ചവളോ അല്ലെന്ന് ഹൈക്കോടതി. വിചാരണ നേരിട്ട പ്രതികളില്‍ ആര്‍ക്കും പെണ്‍കുട്ടി ബാലവേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണമില്ലെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. സ്വയം വീടുവിട്ട് ഇറങ്ങിയ പെണ്‍കുട്ടി വഴിപിഴച്ചവളാണെന്ന പ്രതിഭാഗത്തിന്റെ വാദം ഡിവിഷന്‍ ബെഞ്ച് പൂര്‍ണമായും തള്ളി. പതിനാറു വയസ്സുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി രക്ഷിതാക്കളെ ഉപേക്ഷിച്ച് ആത്മനിവൃതിക്കായി ആരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമെന്ന് കരുതാനാവില്ല. ഇതിലൂടെ പെണ്‍കുട്ടി പണം സമ്പാദിച്ചതിന് തെളിവില്ല. പെണ്‍കുട്ടിക്ക് താന്‍ 2100 രൂപയും രണ്ടു ചുരിദാറും സ്വര്‍ണംപൂശിയ ആഭരണങ്ങളും നല്‍കിയിരുന്നുവെന്ന ധര്‍മരാജന്റെ വാദത്തെയും കോടതി ചോദ്യംചെയ്തു. 40 ദിവസത്തെ പീഡനങ്ങള്‍ മാത്രമാണ് പെണ്‍കുട്ടി നേടിയതെന്നും കോടതി ചൂണ്ടിക്കാട്ടി. മറിച്ച്, പെണ്‍കുട്ടിയെ പണം സമ്പാദനത്തിന് ഉപയോഗിക്കുകയും അവളുടെ സ്വര്‍ണാഭരണങ്ങള്‍സ്വന്തം ആവശ്യത്തിന് വില്‍ക്കുകയുമാണ് ധര്‍മരാജന്‍ ചെയ്തതെന്നും കോടതി പറഞ്ഞു. വീട്ടില്‍നിന്നു നല്‍കിയ ഹോസ്റ്റല്‍ഫീസും സ്വര്‍ണാഭരണങ്ങള്‍ പണയംവച്ച പണവും കാമുകനായി നടിച്ച രാജുവിന് പെണ്‍കുട്ടി നല്‍കിയതും ഉദ്ധരിച്ച് പെണ്‍കുട്ടി വഴിപിഴച്ചവളാണെന്ന് സ്ഥാപിക്കാനുള്ള പ്രതിഭാഗം വാദം നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. രാജുവിനോടുള്ള പ്രണയമാണ് പെണ്‍കുട്ടിയെ വീടുവിടാന്‍ ഇടയാക്കിയത്. പ്രതികളുടെ ചതിക്കുഴിയില്‍പ്പെട്ട പെണ്‍കുട്ടിക്ക് അതില്‍നിന്നു രക്ഷപ്പെടാനായില്ല. പ്രതികള്‍ ഒരുക്കിയ കെണിയില്‍ പെടുകയായിരുന്നു. രാജുവും ഉഷയും ധര്‍മരാജനുമാണ് ഈ കെണി ഒരുക്കിയത്. രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും ശ്രമിച്ചില്ലെന്ന പ്രതിഭാഗംവാദവും കോടതി തള്ളി. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴെല്ലാം ധര്‍മരാജനും മറ്റും പെണ്‍കുട്ടിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും രക്ഷിതാക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് തെളിവുണ്ട്. പെണ്‍കുട്ടിയുടെ പ്രായവും മാനസികനിലയും വിലയിരുത്തിയാല്‍ സമ്മതത്തോടെയല്ല ലൈംഗികബന്ധമെന്ന് വ്യക്തമാണ്. ലൈംഗിക തൊഴിലാളിക്കുപോലും ലൈംഗികാതിക്രമങ്ങളില്‍നിന്നുള്ള സംരക്ഷണത്തിന് അവകാശമുണ്ട്.

ബലാല്‍സംഗം ഇരകളുടെ ആത്മാവിനെയാണ് നശിപ്പിക്കുന്നത്. ശാരീരികമായ പീഡനത്തിനു പുറമെ മാനസികമായും തകരുന്നു. ഇരകളുടെ മൊഴിയിലെ നേരിയ വൈരുധ്യങ്ങള്‍ കണക്കിലെടുക്കേണ്ടതില്ലെന്ന് 226 പേജുള്ള വിധിന്യായത്തില്‍ ജസ്റ്റിസ് ശങ്കരന്‍ വ്യക്തമാക്കി. മുഖ്യപ്രതി ധര്‍മരാജന്റെ അപ്പീലില്‍ ജസ്റ്റിസ് കെ ടി ശങ്കരനും മറ്റു പ്രതികളുടെ അപ്പീലുകളില്‍ ജസ്റ്റിസ് എം എല്‍ ജോസഫ് ഫ്രാന്‍സിസുമാണ് വിധിപ്രസ്താവന നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി അസഫ് അലി, പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ജിക്കു ജേക്കബ്, ആര്‍ രഞ്ജിത്, ബിജു മീനാറ്റൂര്‍ എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷന്‍ സഹായികളായി കോട്ടയം ക്രൈംബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ സുരേഷ്കുമാര്‍, എഎസ്ഐ പത്മകുമാര്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു. മുതിര്‍ന്ന അഭിഭാഷകരായ രാജു ജോസഫ്, ബി രാമന്‍പിള്ള, പി വിജയഭാനു, എസ് ഗോപകുമാരന്‍നായര്‍, ബച്ചു കുര്യന്‍ തോമസ്, പി കെ രവിശങ്കര്‍, ജോര്‍ജ്കുട്ടി മാത്യു എന്നിവര്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായി.

പി ജെ കുര്യനെതിരെയുള്ള കേസും മുറുകും

ഇടുക്കി: സൂര്യനെല്ലിക്കേസില്‍ പ്രതികളെ ശിക്ഷിച്ച ഡിവിഷന്‍ബെഞ്ച് ഉത്തരവ് പുറത്തുവന്നതോടെ പി ജെ കുര്യനെതിരെ ഹൈക്കോടതിയിലുള്ള കേസിന് പ്രാധാന്യമേറി. കേസിലെ ഒന്നാം പ്രതി ധര്‍മരാജന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കുര്യനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയാണ് ഹൈക്കോടതിയില്‍ വാദം കേള്‍ക്കാനുള്ളത്. പീരുമേട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. പ്രതി ധര്‍മരാജന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.

പ്രതികള്‍ നാലുപേരും ഗൂഢാലോചന നടത്തി ധര്‍മരാജന്റെ കാറില്‍ പി ജെ കുര്യന്‍ കുമളി റസ്റ്റ് ഹൗസിലെത്തി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും തന്റെ പക്കലുണ്ടെന്നും ധര്‍മരാജന്‍ പറഞ്ഞു.

പുതിയ വെളിപ്പെടുത്തലോടെ പുതിയ വിവരമാണ് പുറത്തുവന്നതെന്നും ഇത് കേസില്‍ നിര്‍ണായകമാണെന്നും പ്രതികള്‍ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി പീരുമേട് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് കൊടുത്തത്. തുടര്‍ന്ന് തൊടുപുഴ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി 2013 മാര്‍ച്ച് 27ന് കുര്യന് നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടു. കുര്യനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊലീസിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. എന്നാല്‍ സെഷന്‍സ് കോടതിയും കേസ് തള്ളിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. അതിന്റെ വിചാരണ നടക്കുകയാണിപ്പോള്‍. കൂട്ട ബലാത്സംഗക്കേസില്‍ 35 പ്രതികളെ കോട്ടയം പ്രത്യേക കോടതി മുമ്പ് ശിക്ഷിച്ചിരുന്നു. ഇതിനെതിരെ ഫയല്‍ചെയ്ത കേസില്‍ ഹൈക്കേടതി ഉത്തരവിന്റെ ചുവടുപിടിച്ചാണ് സുപ്രീംകോടതി കുര്യനെ കുറ്റവിമുക്തനാക്കിയത്്. എന്നാല്‍ ഇതിനുശേഷം ഹൈക്കോടതിവിധി റദ്ദാക്കി പ്രതികളെല്ലാം കീഴടങ്ങണമെന്നും വീണ്ടും പുനഃപരിശോധിക്കണമെന്നും സുപ്രീംകോടതി 2013 ജനുവരി 31ന് വിധിച്ചു. ഇതോടെയാണ് കുര്യനെതിരെ നല്‍കിയ അപ്പീലിന് പ്രാധാന്യമേറിയത്.

590 പേജ് മൊഴി, 40 ദിവസത്തെ പീഡനങ്ങളുടെ നേര്‍ചിത്രം

കൊച്ചി: ബലാത്സംഗത്തിനും കൂട്ടബലാത്സംഗത്തിനും ഇരയായ ഒരു പെണ്‍കുട്ടിയുടെ ദുഃഖകരമായ കഥയാണ് സൂര്യനെല്ലിക്കേസെന്ന് വിധിന്യായത്തിന്റെ ആമുഖത്തില്‍ പറയുന്നു. പെണ്‍കുട്ടിയുടേത് ബാലവേശ്യാവൃത്തിയോ ബലാത്സംഗമോ സമ്മതത്തോടെയുള്ള ലൈംഗികബന്ധമോ എന്നതും പണത്തിനുവേണ്ടി ശരീരവില്‍പ്പന നടത്തുകയായിരുന്നോ എന്നതുമാണ് പരിശോധിച്ചത്. പെണ്‍കുട്ടി വിചാരണക്കോടതി മുമ്പാകെ നല്‍കിയ 590 പേജ് മൊഴി അവര്‍ 40 ദിവസത്തോളം അനുഭവിച്ച പീഡനങ്ങളുടെ നേര്‍ ചിത്രമാണ്. മൊഴി വിശ്വസനീയവും സത്യത്തിന്റെ കണികകള്‍ നിറഞ്ഞതുമാണ്.

തന്റെ അച്ഛനെക്കാള്‍ പ്രായമുള്ളവരില്‍നിന്നുമാണ് പെണ്‍കുട്ടിക്ക് പീഡനം ഏല്‍ക്കേണ്ടിവന്നത്. ഇവരില്‍നിന്ന് രക്ഷയ്ക്കായി യാചിച്ചെങ്കിലും ചെവികൊള്ളാതെ ക്രൂരമായി പീഡിപ്പിച്ചു. ഇവരെ ദുരുദ്ദേശ്യപരമായി പ്രതിചേര്‍ക്കേണ്ട കാര്യം പെണ്‍കുട്ടിക്കില്ല. ധര്‍മരാജന്‍ പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ ലോഡ്ജുകളില്‍ പാര്‍പ്പിച്ചതിന് തെളിവുണ്ട്. ഫോറന്‍സിക് പരിശോധനയില്‍ ലോഡ്ജ് രജിസ്റ്ററുകളിലെ കൈയക്ഷരം ഇയാളുടേതാണെന്ന് വ്യക്തമായിട്ടുണ്ടെന്നും കോടതി പറഞ്ഞു. മൊഴിക്ക് ഉപോല്‍ബലകമായി 14 സാക്ഷികളുടെ മൊഴിയും മെഡിക്കല്‍ രേഖകളുമുണ്ട്.

പണത്തിനുവേണ്ടിയാണ് ധര്‍മരാജന്‍ പെണ്‍കുട്ടിയെ ഉപയോഗിച്ചതെന്നും തെളിവുണ്ട്. കന്യകുമാരിയില്‍ മറ്റൊരു പ്രതി റെജിയുമായി പണത്തെച്ചൊല്ലി തര്‍ക്കമുണ്ടായതും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളെല്ലാം സൂക്ഷ്മമായി വിലയിരുത്തിയാണ് വിചാരണക്കോടതിയുടെ ശിക്ഷാവിധിയെന്നും ഒരു അഭിഭാഷകന്‍ പെണ്‍വാണിഭത്തിന്റെ വക്താവായെന്നും അതിനാല്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു. പെണ്‍കുട്ടിയെ കാണാതായതിനെക്കുറിച്ചു മാത്രമേ പൊലീസ് കേസെടുത്തിട്ടുള്ളു എന്നും പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക കേസ് രജിസ്റ്റര്‍ചെയ്യാത്തതിനാല്‍ കുറ്റാരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന പ്രതികളുടെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. മുഖ്യപ്രതികളായ ധര്‍മരാജനും രാജുവും ഉഷയും ചേര്‍ന്നു നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തങ്കലില്‍ പാര്‍പ്പിച്ച് പീഡനത്തിന് ഇരയാക്കിയതെന്ന വിചാരണക്കോടതിയുടെ കണ്ടെത്തല്‍ വസ്തുതാപരമാണെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

തനിക്ക് നേരിട്ട പീഡനാനുഭവങ്ങള്‍ പൂര്‍ണമായും വിവിധ ഘട്ടങ്ങളില്‍ കേസന്വേഷിച്ച ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയില്ലെന്ന കാരണത്താല്‍ മൊഴി അവിശ്വസിക്കേണ്ടതില്ല. ഐജി സിബി മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക അന്വേഷണം ശരിയായ തരത്തിലായിരുന്നുവെന്നും കോടതി വിലയിരുത്തി. ലൈംഗികപീഡനത്തിന് ഇരയായ പെണ്‍കുട്ടി തനിക്ക് നേരിട്ട എല്ലാ കാര്യങ്ങളും സൂക്ഷ്മമായി വെളിപ്പെടുത്തുകയെന്നത് മനുഷ്യസാധ്യമല്ല. നേരിയ വൈരുധ്യങ്ങള്‍ സ്വാഭാവികമാണെന്നും കോടതി പറഞ്ഞു.

ജേക്കബ് സ്റ്റീഫന്‍ ഉമ്മന്‍ചാണ്ടിയുടെ വലംകൈ

കോട്ടയം: സൂര്യനെല്ലിക്കേസില്‍ ഹൈക്കോടതി പത്തുവര്‍ഷം അഴിയെണ്ണാന്‍ ശിക്ഷിക്കുമ്പോഴും കോണ്‍ഗ്രസ് നേതാവ് ജേക്കബ് സ്റ്റീഫന്‍ ഭരണത്തിന്റെ ശീതളിമയില്‍. ഉമ്മന്‍ചാണ്ടിയുടെ നിര്‍ലോഭ പിന്തുണയിലാണ് ഇയാള്‍ക്ക് കോട്ടയം സഹകരണ കാര്‍ഷിക-ഗ്രാമവികസനബാങ്കിന്റെ പ്രസിഡന്റായി വിധി വരുമ്പോഴും തുടരാന്‍ കഴിഞ്ഞത്. ഏറെനാളായി കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പദവി കൂടി വഹിക്കുന്നുണ്ട്. കോട്ടയം ഡിഡിസി സെക്രട്ടറിയും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായിരിക്കെയാണ് ജേക്കബ് സ്റ്റീഫന്‍ സൂര്യനെല്ലി കേസില്‍ പിടിയിലായത്. കേസില്‍ പത്താം പ്രതിയായിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ വലംകൈയും ജില്ലയിലെ പ്രമുഖനായ എ ഗ്രൂപ്പ് നേതാവുമായിരുന്ന ഇയാളെ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കാനായിരുന്നു ആദ്യം മുതലേയുള്ള ശ്രമം. എ കെ ആന്റണിയായിരുന്നു അന്ന് മുഖ്യമന്ത്രി. ജേക്കബ് സ്റ്റീഫനു പുറമെ പി ജെ കുര്യനും കേരളാ കോണ്‍ഗ്രസ് എം നേതാവ് അഡ്വ. ജോസ് നെടുംതകിടിയുമെല്ലാം ആരോപണവിധേയരായതോടെയാണ് യുഡിഎഫ് സര്‍ക്കാര്‍ കേസ് തേയ്ച്ചു മായ്ച്ചു കളയാന്‍ ശ്രമിച്ചത്. പ്രതികളില്‍ പലര്‍ക്കും തണലൊരുക്കിയത് കോണ്‍ഗ്രസിന്റെ നേതാക്കളായിരുന്നു.

നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് വിചാരണനടപടി വേഗം പൂര്‍ത്തിയാക്കി പ്രത്യേക കോടതി പ്രതികള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കിയിരുന്നു. എന്നാല്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റതോടെ സൂര്യനെല്ലി പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്താനും പ്രതികള്‍ക്ക് സംരക്ഷണം ഒരുക്കാനുമാണ് തുനിഞ്ഞത്. ഇരയ്ക്കുവേണ്ടി വാദിക്കേണ്ട സര്‍ക്കാര്‍ കൂറുമാറിയ അവസ്ഥ. വിചാരണയും നടപടികളുമെല്ലാം പുരോഗമിച്ചപ്പോഴും കോട്ടയം സഹകരണ കാര്‍ഷിക- ഗ്രാമവികസനബാങ്കിന്റെ പ്രസിഡന്റ് പദവിയില്‍നിന്നു ജേക്കബ് സ്റ്റീഫനെ മാറ്റാന്‍ ഡിസിസി നേതൃത്വം തയ്യറായില്ല. ആദ്യഘട്ടത്തില്‍ ഡിസിസി സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അനുവദിച്ച ജേക്കബ് സ്റ്റീഫനെ കേസില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായതോടെ അടുത്ത നാളിലാണ് ഒഴിവാക്കിയത്. എന്നാല്‍, ബാങ്ക് പ്രിസഡന്റുസ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയായിരുന്നു. നിലവില്‍ ഇയാള്‍ അയര്‍ക്കുന്നം സര്‍വീസ് സഹകരണബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡംഗവുമാണ്.

വിധിയില്‍ സന്തോഷം; കുര്യനെതിരായ നിയമപോരാട്ടം തുടരും

കോട്ടയം: സൂര്യനെല്ലി കേസില്‍ ഒടുവില്‍ ഹൈക്കോടതിയില്‍ നിന്നു നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് കേസിലെ ഇരയുടെ മാതാപിതാക്കള്‍. പി ജെ കുര്യനെതിരായ നിയമപോരാട്ടം തുടരുമെന്നും അവര്‍ വ്യക്തമാക്കി. മകളെ ബാലവേശ്യയെന്ന് വിളിച്ച് പരിഹസിച്ച ജസ്റ്റിസ് പി ബസന്തിനേറ്റ തിരിച്ചടിയാണ് ഈ വിധി. ജഡ്ജിയുടെ പരാമര്‍ശം ഏറെ വേദനയുണ്ടാക്കിയിരുന്നു. ജഡ്ജിമാര്‍ക്ക് ഇത്ര അഹന്ത പാടില്ല. വര്‍ഷങ്ങളായി നടത്തിയ നിയമപോരാട്ടമാണിത്. ജനാധിപത്യത്തോടും മാധ്യമങ്ങളോടും ഏറെ കടപ്പാടുണ്ടെന്നും മാതാപിതാക്കള്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment