Monday, January 25, 2021

ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ ഭൂവിനിയോഗ ചട്ടങ്ങൾ ഭേദഗതി ചെയ്യും: മുഖ്യമന്ത്രി

 തൊടുപുഴ > ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ ഭൂവിനിയോഗ ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പര്യടനത്തിന് സമാപനം കുറിച്ച് ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ മുഖ്യപ്രശ്നമായി ഉന്നയിക്കപ്പെട്ടത് ഭൂപ്രശ്നമാണ്. മൂന്നാർ മേഖലയിലെ നിർമാണങ്ങൾക്ക് റവന്യൂ വകുപ്പി നിരാക്ഷേപ പത്രം നിർബന്ധമാക്കിയ കോടതിയുടെ അനുമതിയോടെ പ്രശ്നം പരിഹരിക്കാനുള്ള നടപടിയാണ് സർക്കാർ ഉദ്ദേശിക്കുന്നത്. നിർമാണ നിയന്ത്രണമുള്ള ഭൂമിയിലെ വീട്, ചെറിയ കടകൾ, ഉപജീവന മാർഗമെന്ന നിലയിൽ നടത്തിയ നിർമാണങ്ങൾ എന്നിവ ക്രമപ്പെടുത്താൻ മന്ത്രിസഭ ഉത്തരവിറക്കിയിട്ടുണ്ട്.

ആരാധനാലയങ്ങൾ, മത സ്ഥാപനങ്ങൾ, സാംസ്കാരിക സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, അങ്കണവാടികൾ തുടങ്ങിയവ ഭൂപതിവു ചട്ടം ലംഘിച്ച് നടത്തിയ നിർമാണമാണെങ്കിലും നിശ്ചിത അളവു വരെയുള്ളവ ക്രമപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.  മൂന്നാർ വികസന അതോറിറ്റിക്ക് രൂപം കൊടുക്കാൻ സർക്കാർ ആലോചിക്കുന്നു. മൂന്നാറിൽ ടൂറിസം വികസിക്കണം, മൂന്നാർ പ്രദേശം അതിശൈ പ്രത്യേകതകളോടെ നിലനിൽക്കണം. കാട്ടുപന്നികൾ കർഷകർക്ക് ദ്രോഹം ചെയ്താൽ അത് അങ്ങനെ വിടാൻ പാടില്ല എന്ന് സർക്കാർ തീരുമാനിച്ചു കഴിഞ്ഞു. എവിടെങ്കിലും പന്നി കൊല്ലപ്പെട്ടാൽ ഓടിയെത്താൻ വല്ലാത്ത ധൃതി കാണിക്കേണ്ടതില്ല എന്ന നിലപാടാണുള്ളത്.

ഇനി ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ബജറ്റിൽ അതിനുള്ള പ്രഖ്യാപനം വന്നു കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റം ഉണ്ടാകും.  ജില്ലയിൽ നല്ല നിലയിൽ പട്ടയം നൽകാൻ സാധിച്ചു. ഇ ഓരോ ഘട്ടത്തിലും അവലോകനം ചെയ്യുന്നുണ്ട്. റവന്യുമന്ത്രി ജില്ലയിലെത്തി ചർച്ച നടത്തിയിരുന്നു. നടപടികൾക്ക് വേഗം കൂട്ടും.

നാടിൻ്റെ മതനിരപേക്ഷത ഉലയ്ക്കാൻ ശ്രമിക്കുന്ന ക്ഷുദ്രശക്തികൾ രംഗത്തുണ്ട്. അത് ഗൗരവത്തോടെ കണ്ട്, മതനിരപേക്ഷതയ്ക്ക് ഒരു പോറൽ പോലും ഏൽക്കാതെ സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എം എം മണി അധ്യക്ഷനായി.

മുഖ്യമന്ത്രിയുടെ ആമുഖ പ്രഭാഷണത്തിനു ശേഷം വിവിധ മേഖലകളിലെ വിദഗ്ധർ, പുരോഹിതർ, മതാധ്യക്ഷൻമാർ, സമുദായ നേതാക്കന്മാർ, വ്യവസായികൾ, കർഷക സംഘടനാ നേതാക്കൾ തുടങ്ങിയവർ ക്രിയാത്മകമായ ഒട്ടേറെ നിർദേശങ്ങൾ മുന്നോട്ടുവച്ചു. ഇവയെല്ലാം സശ്രദ്ധം കേട്ട മുഖ്യമന്ത്രി ഓരോന്നിനും വ്യക്തമായ മറുപടിയാണ് നൽകിയത്. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.

No comments:

Post a Comment