Thursday, September 24, 2015

മൂന്നാര്‍ സമരവും അതിന്റെ പാഠങ്ങളും

മൂന്നാറിലെ കണ്ണന്‍ദേവന്‍ തേയിലത്തോട്ടം തൊഴിലാളികള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ നടത്തിയ ധീരമായ സമരവും തുടര്‍ന്നുണ്ടായ ഒത്തുതീര്‍പ്പും സംസ്ഥാനത്തെ ജനങ്ങള്‍ കണ്ടതാണ്. തെരുവില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച തൊഴിലാളികളോട് എറണാകുളം റസ്റ്റ്ഹൗസില്‍ നടന്ന ചര്‍ച്ചയിലെ വ്യവസ്ഥകള്‍ വിശദീകരിച്ചത് മന്ത്രി ജയലക്ഷ്മിയാണ്. അന്ന് അവര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കേണ്ടത് കൂട്ടുത്തരവാദിത്തമുള്ള സര്‍ക്കാരിന്റെ ബാധ്യതയുമാണ്.എന്നാല്‍, 20 ശതമാനം ബോണസ് പ്രഖ്യാപിച്ച മുഖ്യമന്ത്രി കൂലി 500 രൂപയായി വര്‍ധിപ്പിക്കുക എന്ന ആവശ്യം 26ന് ചേരുന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി തീരുമാനിക്കുമെന്നാണ് പറഞ്ഞത്. അത് പിഎല്‍സിക്കുമാത്രമേ നിയമപരമായി തീരുമാനിക്കാനാകൂ എന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഏതെങ്കിലും തേയിലത്തോട്ടത്തിലെ കൂലി വര്‍ധിപ്പിക്കാനുള്ള സമിതിയല്ല പിഎല്‍സി. മറിച്ച്, സംസ്ഥാനത്തെ തേയിലത്തോട്ടങ്ങളിലെ മിനിമംകൂലി നിശ്ചയിക്കാന്‍ പിഎല്‍സിക്കാവും. ഈ സമരം സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കുകയും പ്ലാന്റേഷനുകളിലെ മിനിമംകൂലി 500 രൂപയാക്കണമെന്ന തൊഴിലാളികളുടെ ദീര്‍ഘനാളത്തെ ആവശ്യം നടത്തിയെടുക്കാന്‍ ഈ സമരം കാരണമാകുന്നു എന്നുമാണ് നമ്മള്‍ കരുതിയത്.

എന്നാല്‍, സമരം അവസാനിപ്പിച്ച് തൊഴിലാളികള്‍ പിരിഞ്ഞുപോയ സമയംമുതല്‍ സര്‍ക്കാര്‍ തനിനിറം കാട്ടിത്തുടങ്ങി. 26നുതന്നെ തീരുമാനം ഉണ്ടാകണമെന്നില്ല എന്നാണ് തൊഴില്‍മന്ത്രി പിറ്റേന്ന് പ്രതികരിച്ചതെങ്കില്‍, അടുത്ത ദിവസമായപ്പോഴേയ്ക്കും 500 രൂപ കൂലി നല്‍കിയാല്‍ പ്ലാന്റേഷന്‍മേഖല തകരുമെന്ന വാദവുമായി അദ്ദേഹം രംഗത്തുവന്നു. എത്ര രൂപയുണ്ടെങ്കില്‍ ഒരു തൊഴിലാളികുടുംബത്തിന് കഴിയാം എന്നത് അദ്ദേഹത്തിന് വിഷയമല്ല. മറിച്ച് തൊഴിലാളികളെ പട്ടിണി ഓര്‍മപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും മുതലാളിമാരുടെ ചൂഷണത്തിനു വിധേയരാക്കുന്ന കങ്കാണിപ്പണി ഏറ്റെടുക്കുകയാണ് തൊഴില്‍മന്ത്രി.

ഭക്ഷ്യമന്ത്രിക്കും പാര്‍പ്പിടവകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രിക്കുമൊന്നും തൊഴിലാളികളുടെ ദയനീയാവസ്ഥ വിഷയമല്ല. അവര്‍ സംസാരിക്കുന്നത് മുതലാളിയുടെ വിഷമതകളെക്കുറിച്ചാണ്. നൂറ്റാണ്ടായി തൊഴിലാളികള്‍ ഈ തോട്ടങ്ങളില്‍ പണിയെടുക്കുന്നു. മൂന്നും നാലും തലമുറകളായി കൊളുന്തുനുള്ളുന്നു. മന്ത്രി പറയുന്നത് തോട്ടം ഒരുദിവസം നിര്‍ത്തിയാല്‍ മുതലാളിക്ക് ഒന്നും സംഭവിക്കില്ല, തൊഴിലാളി പട്ടിണി കിടക്കേണ്ടിവരും എന്നാണ്. തൊഴില്‍മന്ത്രിമാത്രമല്ല, പ്ലാന്റേഷന്‍ ഉടമകളുടെ യോഗത്തിനെത്തിയ മുഖ്യമന്ത്രിക്കും ഇതേ സ്വരമായിരുന്നു. ഭൂപരിഷ്കരണ നിയമത്തില്‍ തോട്ടങ്ങള്‍ക്ക് ഇളവുനല്‍കിയത് മുതലാളിമാരുടെ ലാഭം ലക്ഷ്യമിട്ടല്ല എന്നത് സര്‍ക്കാര്‍ മനസ്സിലാക്കണം. മുതലാളിമാരുടെ ലാഭക്കണക്കില്‍ ഉണ്ടാകുന്ന കുറവുപറഞ്ഞ് തോട്ടങ്ങളുടെ അഞ്ചുശതമാനം അവര്‍ക്ക് യഥേഷ്ടം വിട്ടുനല്‍കുന്ന സര്‍ക്കാര്‍ പക്ഷേ, തൊഴിലാളികളുടെ പട്ടിണി കാണുന്നില്ല. മുതലാളിയെ പ്രകോപിപ്പിച്ചാല്‍ നിങ്ങള്‍ പട്ടിണിയിലാകുമെന്നും അവര്‍ക്ക് വഴങ്ങുകയേ മാര്‍ഗമുള്ളൂവെന്നും ഉരുവിടുന്ന ഈ സര്‍ക്കാര്‍ പുതിയ അടിമവ്യവസ്ഥ സൃഷ്ടിക്കുകയാണ്. ഇവര്‍ ആധുനിക കങ്കാണിമാരാണ്. പകലന്തിയോളം കൊളുന്തുനുള്ളിയിട്ടും ഇവരുടെ പട്ടിണിപോലും മാറുന്നില്ല എന്നതും, കണ്‍സ്യൂമര്‍ഫെഡില്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ കൈയിട്ടുവാരുന്നവര്‍ അറിയണം.

മൂന്നാര്‍ സമരത്തില്‍ തോട്ടംമാനേജ്മെന്റിന്റെ ധാര്‍ഷ്ട്യവും ട്രേഡ് യൂണിയനുകളുടെ വിശ്വാസത്തകര്‍ച്ചയും പ്രധാന വിഷയങ്ങളാണ്. എന്നാല്‍, 26ന് ചേരുന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാവുക എന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്. അത് സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ ഇനിയുണ്ടാകുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാര്‍ മാത്രമായിരിക്കും.ഇപ്പോള്‍ നല്‍കുന്ന കൂലിയായ 232 രൂപ തീരെ അപര്യാപ്തമാണെന്നുമാത്രമല്ല, ഈ 232 രൂപതന്നെ കൈയില്‍ കിട്ടുന്നുമില്ല.

സമരക്കാരോടൊപ്പം ഞാന്‍ 12 മണിക്കൂറോളം സമരരംഗത്ത് ഉണ്ടായി. നിരവധി തൊഴിലാളിസ്ത്രീകള്‍ അവരുടെ ജീവിതസാഹചര്യം വിവരിച്ചു. വിറകിനും ചികിത്സയ്ക്കും മറ്റുമായി ഈ 232 രൂപയില്‍ത്തന്നെ കൈയിട്ടുവാരുകയാണ് മുതലാളിമാര്‍. കണ്ണന്‍ദേവന്‍ തോട്ടത്തിലെ കാര്യംതന്നെ എടുക്കാം. 16,898.91 ഏക്കര്‍ സ്ഥലമാണ് വിറകുമരം കൃഷിചെയ്യാന്‍ സര്‍ക്കാര്‍ കമ്പനിക്ക് വിട്ടുനല്‍കിയത്. 2329.06 ഏക്കര്‍ സ്ഥലത്താണ് തേയിലക്കൃഷി ചെയ്തിരിക്കുന്നത്. അതായത്, തേയിലത്തോട്ടത്തിന്റെ 73 ശതമാനം സ്ഥലത്ത് വിറകുമരം നട്ടിരിക്കുന്നു. ഈ അനുവാദം ആവശ്യമില്ലെന്ന് കമ്പനിതന്നെ സമ്മതിക്കും. 40 ശതമാനത്തിലധികം വിറകുമരം കൃഷിചെയ്യാന്‍ ആവശ്യമില്ല. മാത്രമല്ല, കണ്ണന്‍ദേവന്‍ കമ്പനിയാകട്ടെ കൊളുന്ത് അതേപടി വില്‍ക്കുകയും ചെയ്യുന്നു. ഇത് വിറകിനുള്ള ആവശ്യകത വീണ്ടും കുറയ്ക്കുന്നു. അപ്പോള്‍ ആവശ്യത്തില്‍ വളരെയധികം ഭൂമി വിറകുമരം കൃഷിചെയ്യാനായി സര്‍ക്കാര്‍ വിട്ടുനല്‍കിയിരിക്കുന്നു. അവിടെ കൃഷിചെയ്യുന്ന വിറക് തൊഴിലാളികളുടെ ആവശ്യത്തിനുംകൂടി നല്‍കുന്നതിനുപകരം അത് അവര്‍ക്ക് വിലയ്ക്ക് നല്‍കുന്നതിന്റെ യുക്തി എന്താണ്? ഒരു യൂണിറ്റ് വിറകിന് 465 രൂപയാണ് തൊഴിലാളികളില്‍നിന്ന് ഈടാക്കുന്നത്. ഇത് അടിയന്തരമായി നിര്‍ത്തലാക്കുകയും തൊഴിലാളികള്‍ക്ക് സൗജന്യമായി വിറകുനല്‍കാന്‍ നിഷ്കര്‍ഷിക്കുകയും വേണം. പ്ലാന്റേഷന്‍ ലേബര്‍ ആക്ട് പ്രകാരം ചീഫ് ഇന്‍സ്പെക്ടറെയും ഇന്‍സ്പെക്ടര്‍മാരെയും നിയമിക്കുകയും ഈ കാര്യങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും വേണം.

പ്ലാന്റേഷന്‍ ആക്ട് സെക്ഷന്‍ 15 പ്രകാരം ഓരോ തൊഴിലാളി കുടുംബത്തിനും താമസിക്കാന്‍ വീടുനല്‍കാന്‍ തൊഴിലുടമയ്ക്ക് ബാധ്യതയുണ്ട്. സെക്ഷന്‍ 16 പ്രകാരം ഇത്തരത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന പാര്‍പ്പിടത്തിനുവേണ്ടുന്ന സൗകര്യങ്ങള്‍, അതിന്റെ വലുപ്പം തുടങ്ങിയവ നിഷ്കര്‍ഷിച്ച് നിയമം നിര്‍മിക്കാനുള്ള സര്‍ക്കാരിന്റെ അധികാരവും അടിവരയിടുന്നു. അതുകൊണ്ട് പിഎല്‍എ ആക്ടിന്റെ സെക്ഷന്‍ 16 പ്രകാരമുള്ള ചട്ടം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ തയ്യാറാകണം. കണ്ണന്‍ദേവന്‍ പ്ലാന്റേഷന്‍കാര്യം കുറച്ചുകൂടി വ്യത്യസ്തമാണ്. അവര്‍ക്ക് ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ് പ്രകാരം വിട്ടുനല്‍കിയ 57,359.14 ഏക്കര്‍ ഭൂമിയില്‍ തേയിലയും വിറകുമരവും കൃഷിചെയ്യുന്ന സ്ഥലംകൂടാതെ 17221.17 ഏക്കര്‍ സ്ഥലം അധികമായി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ അരുവികളും ചതുപ്പുനിലവും ഒഴിവാക്കിയാല്‍ത്തന്നെ ഏതാണ്ട് 16,000 ഏക്കര്‍ ബാക്കിയുണ്ട്. ഈ സ്ഥലം തൊഴിലാളികളുടെ താമസത്തിനും കാലികളെ മേയ്ക്കാനും മറ്റുമായി സര്‍ക്കാര്‍ വിട്ടുനല്‍കിയതാണ്. 35 വര്‍ഷത്തിലധികമായി ഈ ബാധ്യത കമ്പനി നിറവേറ്റിയിട്ടില്ല. കാലിത്തൊഴുത്തിനു സമാനമായ ലയങ്ങളില്‍ പത്തും പന്ത്രണ്ടും കുടുംബമാണ് കഴിയുന്നത്. ഈ സ്ഥലത്ത് അടിയന്തരമായി തൊഴിലാളികള്‍ക്ക് പാര്‍പ്പിടസൗകര്യം ഒരുക്കണം.

തൊഴിലാളികളുടെ ആരോഗ്യപ്രശ്നം ഇനി കമ്പനിയുടെ ഇഷ്ടത്തിന് വിട്ടുനല്‍കാനാകില്ല. ആധുനിക സൗകര്യമുള്ള ആശുപത്രി മൂന്നാറിലുണ്ടാകണം. മാത്രമല്ല, തൊഴിലാളികള്‍ക്ക് ഇഎസ്ഐ ആനുകൂല്യം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണം. ക്യാന്‍സര്‍രോഗിക്കും രണ്ട് വെളുത്ത ഗുളിക നല്‍കി മടക്കി അയക്കുന്ന ഇന്നത്തെ സമ്പ്രദായം ഇനി ഒരുനിമിഷംപോലും തുടരാനാകില്ല.

ചില കാര്യങ്ങളിലെങ്കിലും തീരുമാനമെടുക്കാതെ ഇനി മുന്നോട്ടു പോകാനാകില്ല.

1. ദിവസക്കൂലി മിനിമം 500 രൂപയാക്കി നിശ്ചയിക്കണം. എല്ലാ തോട്ടങ്ങളും മിനിമംകൂലിയെങ്കിലും നല്‍കണം. ഇത് നിശ്ചയിക്കേണ്ടത് പ്രധാനമായും ജീവിതച്ചെലവുകളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍, ലാഭമുണ്ടാക്കുന്ന തോട്ടങ്ങള്‍ മിനിമംകൂലിയല്ല നല്‍കേണ്ടത്. അവര്‍ മിനിമംകൂലിയേ നല്‍കൂ എന്നത് അനാവശ്യ ശാഠ്യമാണ്. കണ്ണന്‍ദേവന്‍ കമ്പനിയും ടാറ്റയും ഇപ്പോള്‍ പ്രകടിപ്പിക്കുന്നത് ഈ ശാഠ്യമാണ്.

2. അധിക ജോലിക്കുള്ള ഇന്‍സെന്റീവ് തൊഴിലാളിക്ക് തുച്ഛവും മേല്‍നോട്ടക്കാര്‍ക്ക് കൂടുതലും എന്നത് മാറണം.

3. വിറകിനും മറ്റും കൂലിയില്‍നിന്ന് ഏര്‍പ്പെടുത്തുന്ന കിഴിവ് പാടെ ഒഴിവാക്കണം. ഇത്തരത്തില്‍ തൊഴിലാളിക്ക് കൈയില്‍ കിട്ടുന്ന തുക വര്‍ധിപ്പിക്കണം.

4. കണ്ണന്‍ദേവന്‍ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് പ്ലാന്റേഷന്‍ ആക്ട് വിഭാവനംചെയ്യുന്ന രീതിയില്‍ ഓരോ തൊഴിലാളികുടുംബത്തിനും വീട് നല്‍കുക.

5. ഇഎസ്ഐ ആനുകൂല്യം തോട്ടംതൊഴിലാളികള്‍ക്കും ഏര്‍പ്പെടുത്തുക, ആശുപത്രി സൗകര്യം മെച്ചപ്പെടുത്തുക, ഇവരുടെ മറ്റ് സൗകര്യം പരിശോധിക്കാന്‍ സ്ഥിരംസംവിധാനം ഉണ്ടാക്കുക.

6. ചീഫ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ ഇന്‍സ്പെക്ടര്‍മാരും നിരീക്ഷിക്കുന്ന റിപ്പോര്‍ട്ടിങ് സംവിധാനവും പിഎല്‍ ആക്ട് പ്രകാരം നടപ്പാക്കുക.

7. പ്ലാന്റേഷന്‍ മേഖലയില്‍ തൊഴിലാളികള്‍ക്ക് നല്‍കേണ്ട പാര്‍പ്പിടത്തിന്റെ വലുപ്പം, സൗകര്യം എന്നിവ പിഎല്‍ ആക്ട് സെക്ഷന്‍ 16 പ്രകാരം നിയമമായി സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുക. ഈ സൗകര്യങ്ങളെല്ലാം ഒരുക്കുക സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

കണ്ണന്‍ ദേവന്‍ കമ്പനിയുടെ ഭൂമിയുടെ മേലുള്ള ഉടമസ്ഥാവകാശം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതിമുമ്പാകെയാണ്. മുകളില്‍ പറഞ്ഞ അഭിപ്രായങ്ങള്‍ അത് മനസ്സിലാക്കാതെയല്ല. എന്നാല്‍, ദൈനംദിനജീവിതത്തിന് കഷ്ടപ്പെടുന്ന തൊഴിലാളിയുടെ ആവശ്യങ്ങള്‍ അങ്ങനെ നീട്ടിവച്ചു പരിഹരിക്കാവുന്നതല്ല. അവര്‍ക്ക് ആഹാരം അന്നന്നു കഴിക്കേണ്ടതുണ്ട്.തെറ്റായ സാമ്പത്തികനയങ്ങളും അഴിമതിയും ഒത്തുചേര്‍ന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണ്. തുണിക്കടകളില്‍, അണ്‍ എയ്ഡഡ് സ്കൂളുകളില്‍, നേഴ്സുമാര്‍, തോട്ടം തൊഴിലാളികള്‍ എല്ലായിടത്തും സ്ത്രീകള്‍ സമരരംഗത്തേക്ക് വരുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. മറ്റ് നിര്‍വാഹമില്ല എന്ന മുതലാളിത്തത്തിന്റെ ഗീബല്‍സിയന്‍ തന്ത്രങ്ങളില്‍ സമരപാരമ്പര്യമുള്ള സംഘടനകള്‍പോലും കുടുങ്ങിക്കിടക്കുമ്പോള്‍ തങ്ങളുടെ പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങള്‍ ഈ സ്ത്രീകളെ തെരുവിലിറക്കുകയാണ്. ഇത് ഈ തെറ്റായ നയങ്ങളുടെ അനിവാര്യത കൂടിയാണ്. ഈ സമരരംഗത്ത് അണിചേരേണ്ടത് എല്ലാ മനുഷ്യസ്നേഹികളുടെയും കര്‍ത്തവ്യമാണ്. 26ന് നടക്കുന്ന ചര്‍ച്ച പ്രഹസനമാക്കി ഈ സംഘടിതശക്തിയെ കബളിപ്പിക്കാനാണ് ടാറ്റയും സര്‍ക്കാരും ശ്രമിക്കുന്നതെങ്കില്‍ മൂന്നാറിലെ ഭൂമി പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളെക്കുറിച്ച് ആലോചിക്കേണ്ടിവരും

*
വി എസ് അച്യുതാനന്ദന്‍ on 24-September-2015

No comments:

Post a Comment