Friday, April 4, 2014

സൂര്യനെല്ലി കേസ്: ധര്‍മ്മരാജന് ജീവപര്യന്തം; മറ്റ് 17 പ്രതികള്‍ക്കും ശിക്ഷ

ന്യൂഡല്‍ഹി: സൂര്യനെല്ലി പീഡന കേസില്‍ ഒന്നാം പ്രതി ധര്‍മ്മരാജനടക്കം 23 പ്രതികള്‍ക്ക് വിചാരണ കോടതി നല്‍കിയ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ധര്‍മ്മരാജന് നല്‍കിയ ജീവപര്യന്തം ശിക്ഷ ശരിവെച്ചു. ഇവരില്‍ കോണ്‍ഗ്രസ് നേതാവും ഉമ്മന്‍ചാണ്ടിയുടെ ഉറ്റ അനുയായിയുമായ ജേക്കബ്ബ് സ്റ്റീഫനും ഉള്‍പ്പെടുന്നു.

രാജു, ഉഷ എന്നിവര്‍ക്ക് 10 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. 15 പ്രതികള്‍ക്ക് മൂന്നു മുതല്‍ ഏഴുവര്‍ഷം ശിക്ഷയാണ് വിധിച്ചത്. ഏഴുപേരെ വെറുതെവിട്ടിട്ടുണ്ട്. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് പ്രതികള്‍ പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന മുന്‍ നീരീക്ഷണം തള്ളിയാണ് വിധി.

ധര്‍മ്മരാജനെതിരെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി നേരത്തേ അഞ്ച് കൊല്ലമായി ചുരുക്കിയിരുന്നു. മറ്റുള്ളവരെ ൊറുതെ വിടുകയും ചെയതിരുന്നു. ആ വിധി തിരുത്തിയാണ് ഇപ്പോഴത്തെ വിധി. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് വീണ്ടും വാദംകേട്ടത്. ജസ്റ്റിസ്മാരായ കെ ടി ശങ്കരന്‍, എം എല്‍ ജോസഫ് ഫ്രാന്‍സിസ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. 2013 നവംബര്‍ 13ന് ആരംഭിച്ച വാദം 2014 ജനുവരി 17നാണ് പൂര്‍ത്തിയാക്കിയത്.

വിചാരണകോടതി കേസില്‍ 33 പ്രതികളെ ശിക്ഷിച്ചിരുന്നു. വിചാരണക്കോടതിയുടെ ശിക്ഷാവിധിക്കെതിരെ മുഖ്യ പ്രതി ധര്‍മരാജനടക്കം 33 പ്രതികള്‍ അപ്പീല്‍ നല്‍കി. ധര്‍മരാജന്‍ ഒഴികെ മറ്റുള്ളവരെ ഹൈക്കോടതി വിട്ടയച്ചു. ഏറെവിമര്‍ശനത്തിനിരയായ ഈ വിധിന്യായത്തെ ന്യായീകരിച്ച് വിധി പറഞ്ഞ ജഡ്ജിമാരിലൊരാളായ ജ. ആര്‍ ബസന്ത് നടത്തിയ പ്രതികരണങ്ങളും വിവാദമായിരുന്നു.

മുമ്പത്തെ വിധിയിലെ ഇത്തരം പരാമര്‍ശങ്ങളെല്ലാം കോടതി നീക്കി. ആ വിധിയില്‍ പറഞ്ഞതു പോലെ വേശ്യാവൃത്തിയല്ല നടന്നതെന്ന് ഡിവിഷന്‍ ബഞ്ചിന്റെ വിധിന്യായം വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ല. പെണ്‍കുട്ടിക്ക് രക്ഷപെടാന്‍ സാധ്യതയില്ലായിരുന്നു. കൂട്ട ബലാത്സംഗം നടന്നതിന് തെളിവുണ്ട്. പീഡനത്തിനിരയായ 40 ദിവസക്കാലത്തിനിടയ്ക്ക് പെണ്‍കുട്ടിക്ക് വേണമെങ്കില്‍ രക്ഷപെടാമായിരുന്നുവെന്നുവെന്ന വാദം നിലനില്‍ക്കില്ല. ധര്‍മ്മരാജനില്‍ നിന്ന് പെണ്‍കുട്ടിക്ക് നിരന്തരം ഭീഷണി ഉണ്ടായിരുന്നു. മാതാപിതാക്കളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പ്രതി ദാക്ഷിണ്യം അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു

 പെണ്‍കുട്ടിയും സംസ്ഥാന സര്‍ക്കാരും ജനാധിപത്യ മഹിളാ അസോസിയേഷനും നല്‍കിയ അപ്പീല്‍ പരിഗണിച്ച് ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയും പ്രതികളുടെ അപ്പീലുകള്‍ വീണ്ടും വാദംകേട്ട് തീരുമാനിക്കാനും സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. കേസില്‍ ഹൈക്കോടതി സ്വീകരിച്ച സമീപനത്തെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഏഴുവര്‍ഷം തീര്‍പ്പാകാതെ കിടന്നശേഷമാണ് സുപ്രീംകോടതി 2013ല്‍ കേസില്‍ തീര്‍പ്പുണ്ടാക്കിയത്.

പതിനാറ് വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ നാല്‍പ്പതുദിവസത്തോളം തുടര്‍ച്ചയായി 42 പേര്‍ പീഡിപ്പിക്കുകയായിരുന്നു. കേസില്‍ 39 പ്രതികളാണ് വിചാരണ കോടതിയില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 35 പേരെ പ്രത്യേക കോടതി ശിക്ഷിച്ചു. എന്നാല്‍ അപ്പീലില്‍ പ്രതികളില്‍ ഒരാളൊഴികെ എല്ലാവരെയും ഹൈക്കോടതി വെറുതേവിട്ടു. പ്രധാനപ്രതി ധര്‍മരാജന് വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി അഞ്ചു വര്‍ഷമായി ചുരുക്കിയിരുന്നു. 1996 ലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 40 ദിവസത്തോളം പീഡിപ്പിച്ച കേസുണ്ടായത്.

കേസിനെപ്പറ്റി കൂടുതല്‍ വായനയ്ക്ക്

സൂര്യനെല്ലി കേസുംരാഷ്ട്രീയ നിലപാടുകളും

ദുരിത പര്‍വ്വം തുടരുന്നു

സൂര്യനെല്ലി ഒരു സാമൂഹ്യകുറ്റവിചാരണ

ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍

No comments:

Post a Comment