Wednesday, March 19, 2014

ഇടുക്കി: ജനം ഏറ്റുവാങ്ങുന്നു ഈ സൗഹൃദം

ആകുലതകളൂം ആശങ്കകളും നെഞ്ചില്‍ നെരിപ്പോടായി പുകയുന്ന മനസ്സുകളിലേക്ക് മലയോരമണ്ണില്‍ ഉയര്‍ന്ന ജനമുന്നേറ്റത്തിന്റെ നേര്‍സാക്ഷ്യമായി നിറചിരിയോടെ കൈവീശി യുവസാന്നിധ്യം. അസ്ഥിര ജീവിത ചുറ്റുപാടിനും പലായനത്തിനും മധ്യേ മനമുരുകുന്ന മലനാട്ടില്‍ വലിയ രാഷ്ട്രീയമാറ്റത്തിന് നാന്ദികുറിക്കാന്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി അഡ്വ. ജോയ്സ് ജോര്‍ജ് വേദിയിലെത്തിയതോടെ പ്രവര്‍ത്തകരില്‍ ആവേശത്തിരയിളക്കം. ""ഇടുക്കിയിലെ ജനങ്ങളുടെ അവകാശപ്പോരാട്ടങ്ങള്‍ക്കുവേണ്ടിയാണ് ഞാന്‍ വോട്ട് ചോദിക്കുന്നത.് അന്താരാഷ്ട്ര കരാറുകൊണ്ട് ജനതയെ വരിഞ്ഞുമുറുക്കുന്ന ഭരണാധികാരികള്‍ക്കെതിരെയാണ് ഈ അങ്കം.

ജനപ്രതിനിധികള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന ദാനമാണ് സ്ഥാനമാനങ്ങള്‍, അത് ജനങ്ങള്‍ക്കുവേണ്ടിതന്നെ ഉപയോഗിക്കും, ഈ തെരഞ്ഞെടുപ്പ് ഇടുക്കിജനതയുടെ പോരാട്ടവിജയത്തിന്റെ ചരിത്രമാകും"" ജോയ്സിന്റെ വാക്കുകള്‍ ജനം ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്.

തിരുവനന്തപുരം ഗവ. ലോ കോളേജില്‍നിന്ന് നിയമത്തില്‍ ഉന്നത വിജയവും ലയോളാ കോളേജില്‍നിന്ന് എം എസ്ഡബ്ല്യുവില്‍ റാങ്കും കരസ്ഥമാക്കിയ ജോയ്സ് ജോര്‍ജ് ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുമ്പോഴും കര്‍ഷകജനതയുടെ നിലനില്‍പ്പിനായുള്ള സമരത്തിലെ മുന്നണിപ്പോരാളിയാണ്. കര്‍ഷകര്‍ക്കുമേല്‍ ഇടിത്തീയായി കേന്ദ്ര ഭരണകൂടം പറഞ്ഞയച്ച മാധവ് ഗാഡ്ഗിലിന്റെയും കസ്തൂരിരംഗന്റെയും നിലപാടുകളെ സമരത്തിന്റെ തീച്ചൂളയില്‍ നിന്നുകൊണ്ട് ചെറുത്ത് തോല്‍പ്പിക്കാന്‍ മലനാടിന്റെ ഹൃദയപക്ഷത്ത് ചേര്‍ന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, കാര്‍ഷിക പ്രതിസന്ധി എന്നിവ മുന്‍നിര്‍ത്തി ഹൈറേഞ്ച് സംരക്ഷണസമിതി സമരമാരംഭിച്ചപ്പോള്‍ നിയമപരമായ പിന്തുണ നല്‍കാന്‍ അദ്ദേഹം രംഗത്തെത്തി. പിന്നീട് സമിതിയുടെ ലീഗല്‍ അഡൈ്വസറായി. കര്‍ഷകജനതയ്ക്കുവേണ്ടി വിവിധ കോടതികളിലും ഹരിത ട്രിബ്യൂണലിലും ഹാജരായി. പഠനത്തിലും പോരാട്ടത്തിലും കഴിവുതെളിയിച്ച ജോയ്സ് സര്‍വകലാശാല മത്സരങ്ങളില്‍ പ്രസംഗത്തില്‍ ഒന്നാമനായിരുന്നു. സമകാലിക സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തിയും കാര്‍ഷിക പ്രശ്നങ്ങളുയര്‍ത്തിയും ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നു. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്തും സ്ഥാനാര്‍ഥിയുടെ മികവും ഒത്തുചേരുമ്പോള്‍ ജോയ്സ് ജോര്‍ജിന്റെ വിജയം ഉറപ്പാണെന്ന് മലയോര ജനത തിരിച്ചറിയുന്നു.

കെ ടി രാജീവ് deshabhimani

ജനകീയപ്രശ്നങ്ങളില്‍ സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്ത്: ജോയ്സ് ജോര്‍ജ്

തൊടുപുഴ: കസ്തൂരിരംഗന്‍ വിഷയത്തിലും ജനകീയപ്രശ്നങ്ങളിലും സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നയങ്ങള്‍ സംബന്ധിച്ച റഫറണ്ടമായിരിക്കും ലോക്സഭാ തെരഞ്ഞെടുപ്പെന്ന് എല്‍ഡിഎഫ് സ്ഥനാര്‍ഥി അഡ്വ. ജോയ്സ് ജോര്‍ജ് പറഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ദുരിതംപേറുകയും ചെയ്യുന്ന ജനസമൂഹത്തിന്റെ പ്രതിനിധിയായാണ് താന്‍ മത്സരിക്കുന്നത്. തൊടുപുഴയില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു ജോയ്സ് ജോര്‍ജ്. ഹൈറേഞ്ച് സംരക്ഷണസമിതി ഏറെക്കാലമായി മലയോരജനതയുടെ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭത്തിലാണ്. ഇതേ ആവശ്യങ്ങളുന്നയിച്ച് സമരരംഗത്ത് നില്‍ക്കുന്ന മുന്നണിയെന്ന നിലയില്‍ എല്‍ഡിഎഫിനൊപ്പം ചേരുന്നതിന് അതുകൊണ്ടുതന്നെ ന്യായീകരണമുണ്ട്. തന്റെ സ്ഥാനാര്‍ഥിത്വം എല്‍ഡിഎഫും ഹൈറേഞ്ച് സംരക്ഷണമുന്നണിയും യോജിച്ചെടുത്ത തീരുമാനത്തിന്റെ ഭാഗമാണ്.

പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരില്‍ ചില രഹസ്യ അജന്‍ഡകളാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ മലയോരകര്‍ഷകര്‍ നടത്തുന്ന പോരാട്ടത്തിനെപ്പമാണ് എല്‍ഡിഎഫും ഹൈറേഞ്ച് സംരക്ഷണസമിതിയും. രണ്ടിന്റെയും പ്രതിനിധിയായാണ് മത്സരരംഗത്ത് വന്നത്. കാര്‍ഷികമേഖലയും അനുബന്ധ തൊഴില്‍മേഖലയുമെല്ലാം കടുത്ത പ്രതിസന്ധി നേരിടുകയാണ്. സര്‍ക്കാര്‍ നയങ്ങളാണ് ഇതിനെല്ലാം കാരണം. റബറിന് കിലോയ്ക്ക് നൂറുരൂപവരെ കുറഞ്ഞു. ഏലവും വില വിലത്തകര്‍ച്ച നേരിടുകയാണ്്. ബാഹ്യശക്തികളാണ രാഷ്ട്രീയനേതൃത്വത്തെ പോലും നിയന്ത്രിക്കുന്നത്. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ വിഷയങ്ങളിലും പട്ടയപ്രശ്നത്തിലും യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നു. ഇടുക്കിയിലെ എല്‍ഡിഎഫിന്റെ വിജയം ഈ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പോരാട്ടങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടും. ജനപ്രതിനിധിയാകന്‍ കഴിഞ്ഞാല്‍ ഇക്കാര്യങ്ങളിലെല്ലാം ഇടപെട്ട് പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മീറ്റ് ദ പ്രസ് പരിപാടിയില്‍ പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി സ്വാഗതവും സെക്രട്ടറി ഹാരിസ് മുഹമ്മദ് നന്ദിയും പറഞ്ഞു.

No comments:

Post a Comment