Saturday, September 19, 2015

മൂന്നാറിലെ യാഥാര്‍ഥ്യം

മൂന്നാര്‍ തോട്ടംതൊഴിലാളികള്‍ നടത്തിയ സമരം ചൂടേറിയ വിവാദങ്ങള്‍ക്കും തിരികൊളുത്തി. തൊഴിലാളികള്‍ ട്രേഡ് യൂണിയനുകള്‍ക്കെതിരെയാണ് സമരം നടത്തിയതെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഏതാനും കുത്തകമാധ്യമങ്ങള്‍ പതിവുപോലെ ഇടതുപക്ഷ രാഷ്ട്രീയത്തെയും ഇടതുപക്ഷ ട്രേഡ് യൂണിയനെയും അധിക്ഷേപിക്കാനാണ് ഈ അവസരം വിനിയോഗിച്ചത്. സാധാരണ തൊഴില്‍സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നവരും പരിഹസിക്കുന്നവരുമായ മാധ്യമങ്ങള്‍ക്കുപോലും മൂന്നാര്‍ സമരത്തെ വര്‍ണിക്കാന്‍ വലിയ ആവേശമായിരുന്നു. ഇത് തൊഴിലാളികളോടുള്ള സ്നേഹംകൊണ്ടോ മുതലാളിത്തചൂഷണത്തിന് എതിരായോ ഉള്ള വികാരമായി ഒരാളും തെറ്റിദ്ധരിക്കുമെന്ന് കരുതുന്നില്ല.മൂന്നാര്‍സമരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഇന്ത്യന്‍ തൊഴിലാളികളുടെ ദേശീയപണിമുടക്ക് നടന്നത്. നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ നടന്ന ഏറ്റവും വലിയ പണിമുടക്കായിരുന്നു അത്. ആര്‍എസ്എസ് സമ്മര്‍ദത്തിനുവഴങ്ങി സമരത്തില്‍നിന്ന് ബിഎംഎസ് പിന്‍വാങ്ങിയിട്ടും പണിമുടക്കിനെ ബാധിച്ചില്ല. ഈ പണിമുടക്കിനെ മലയാള മനോരമ ഉള്‍പ്പെടെയുള്ള കുത്തകമാധ്യമങ്ങള്‍ അധിക്ഷേപിക്കാനാണ് ശ്രമിച്ചത്. പണിമുടക്കുദിവസം ഏതാനും വ്യക്തികള്‍ക്ക് നേരിട്ട ചില്ലറപ്രയാസങ്ങളെ വര്‍ണംചാലിച്ചെഴുതാന്‍ അവര്‍ മറന്നില്ല.

മൂന്നാര്‍ തൊഴിലാളികള്‍ ഉന്നയിച്ചതുപോലെ സെപ്തംബര്‍ രണ്ടിന് പണിമുടക്കിയ തൊഴിലാളികള്‍ ഉന്നയിച്ച മുദ്രാവാക്യങ്ങളില്‍ ഒന്ന്, ദിവസം 500 രൂപ വേതനം ലഭിക്കണമെന്നായിരുന്നു. ദേശീയപണിമുടക്ക് ദിവസം ഉച്ചയോടെ വ്യവസായികളുടെ സംഘടനയായ അസോചം നിരുത്തരവാദപരമായി തട്ടിവിട്ട 25,000 കോടി രൂപയുടെ നഷ്ടക്കണക്ക് പിറ്റേദിവസം മുന്‍പേജില്‍ പ്രധാന വാര്‍ത്തയാക്കിയ മലയാള മനോരമ, മൂന്നാറിലെത്തുമ്പോള്‍ തലകുത്തിനില്‍ക്കുന്നത് എന്തുകൊണ്ട്? മുതലാളിത്ത ഭരണകൂടനയങ്ങളെ സംഘടിതമായി ചെറുക്കുന്ന സമരങ്ങളെ അധിക്ഷേപിക്കുന്നവര്‍, ഒരുകൂട്ടം തൊഴിലാളികള്‍ പൊടുന്നനെ നടത്തുന്ന സമരങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് സംഘടിതതൊഴിലാളി പ്രസ്ഥാനങ്ങളെ ദുര്‍ബലമാക്കാന്‍വേണ്ടി മാത്രമാണ്. ഈ ദുഷ്ടലാക്ക് അനുഭവിച്ചറിഞ്ഞവരാണ് സംസ്ഥാനത്തെ തൊഴിലാളികള്‍.

മൂന്നാറില്‍ സംഭവിച്ചത് 

സംസ്ഥാനത്തെ തോട്ടംതൊഴിലാളികളുടെ വേതനം നിര്‍ണയിക്കുന്നത് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി (പിഎല്‍സി) എന്ന ത്രികക്ഷി സമിതിയാണ്. തോട്ടംതൊഴിലാളി സംഘടനകളുടെയും മാനേജ്മെന്റുകളുടെയും സര്‍ക്കാരിന്റെയും പ്രതിനിധികള്‍ അടങ്ങുന്നതാണ് പിഎല്‍സി. ചെയര്‍മാന്‍ തൊഴില്‍മന്ത്രിയാണ്. തൊഴില്‍മന്ത്രി മുന്‍കൈ എടുത്താല്‍ മാത്രമേ പിഎല്‍സിയോഗം ചേരാനും ചര്‍ച്ച നടത്താനും സാധിക്കൂ. ഏറ്റവും ഒടുവില്‍ തോട്ടംതൊഴിലാളികളുടെ വേതനം പുതുക്കിനിശ്ചയിച്ചത് 2011 മെയ് 22നാണ്. മൂന്ന് വര്‍ഷമായിരുന്നു കാലാവധി. 2014 ഡിസംബര്‍ 31ന് കാലാവധി അവസാനിച്ചു. എന്നിട്ടും വേതനവ്യവസ്ഥ പുതുക്കിനിശ്ചയിക്കാതെ ഒമ്പതുമാസം പിന്നിട്ടു. വേതനംപുതുക്കാന്‍ പിഎല്‍സി വിളിച്ചുചേര്‍ത്ത് ഗൗരവമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ തൊഴില്‍മന്ത്രി താല്‍പ്പര്യം കാണിക്കാത്തതിനാല്‍ പുതിയ കരാറുണ്ടാക്കല്‍ നീണ്ടു.താരതമ്യേന കുറഞ്ഞ വേതനം ലഭിക്കുന്നവരാണ് തോട്ടംതൊഴിലാളികള്‍. ഒടുവിലത്തെ കരാറനുസരിച്ച് തോട്ടംതൊഴിലാളികളുടെ വേതനിരക്ക് ഇങ്ങനെയാണ്. തേയില- 232 രൂപ, റബര്‍- 317 രൂപ, ഏലം- 267 രൂപ.

കിഴക്കന്‍ മലയോരങ്ങളിലെ തേയില- കാപ്പി- റബര്‍ തോട്ടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് കമ്പനികള്‍ ഏര്‍പ്പെടുത്തുന്ന താമസസൗകര്യം വളരെ ശോചനീയമായ അവസ്ഥയിലാണ്. ലയങ്ങള്‍ എന്നറിയപ്പെടുന്ന ഈ താമസസൗകര്യം പരിഷ്കൃത സമൂഹത്തിന് സഹിക്കാനാകാത്ത അവസ്ഥയിലുള്ളതാണ്. മലമ്പ്രദേശങ്ങളില്‍ താമസിക്കുന്ന തോട്ടംതൊഴിലാളികള്‍ക്ക് ലഭിക്കുന്ന ചികിത്സ, മക്കളുടെ വിദ്യാഭ്യാസം എന്നിവയെല്ലാം സമൂഹത്തിലെ മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ പിന്നോക്കമാണ്. ജീവിതദുരിതം തോട്ടംതൊഴിലാളികളില്‍ വ്യാപകമായ അസംതൃപ്തി വളര്‍ത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിലും വേതനപരിഷ്കരണം നീണ്ടുപോയി. 2015 ജനുവരി ഒന്നുമുതല്‍ ബാധകമാകുന്ന പുതുക്കിയ വേതനം നിശ്ചയിക്കേണ്ട പിഎല്‍സിയില്‍ തോട്ടം മാനേജ്മെന്റുകള്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. ദിവസക്കൂലിയില്‍ 10 രൂപ വര്‍ധന നല്‍കാമെന്ന നാണംകെട്ട നിര്‍ദേശമാണ് അവരില്‍നിന്നുണ്ടായത്. അതും അധ്വാനഭാരം വര്‍ധിപ്പിച്ചാല്‍മാത്രം. തോട്ടം മാനേജ്മെന്റിന് വഴിവിട്ട സഹായങ്ങള്‍ പലതും ചെയ്തുകൊടുത്ത സര്‍ക്കാരിന് ന്യായമായ ഒരു തീരുമാനമുണ്ടാക്കാന്‍ സമ്മര്‍ദം ചെലുത്താന്‍ കഴിഞ്ഞില്ല.

വേതനപരിഷ്കരണം അനിശ്ചിതമായി നീണ്ടപ്പോള്‍ 2015 ജൂലൈയില്‍ സെക്രട്ടറിയറ്റ് മാര്‍ച്ചും ആഗസ്ത് 20ന് ഒരുദിവസത്തെ സൂചനാപണിമുടക്കും സിഐടിയു സംഘടിപ്പിച്ചു. മറ്റ് സംഘടനകളാരും പ്രത്യക്ഷസമരത്തിന് സന്നദ്ധരായില്ല. സിഐടിയു ആഹ്വാനംചെയ്ത പണിമുടക്കിന് നല്ല പിന്തുണ ലഭിച്ചു. ഈ പണിമുടക്കിനുശേഷമാണ് സെപ്തംബര്‍ 26ന് പിഎല്‍സിയോഗം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.ഈ ഘട്ടത്തിലാണ് 2014-15ലെ ബോണസ് പ്രശ്നം വന്നത്. ആഗസ്ത് 22ന് ട്രേഡ് യൂണിയനുകളുടെ മീറ്റിങ് വിളിച്ച് മാനേജ്മെന്റ് ഏകപക്ഷീയമായി 10 ശതമാനം ബോണസ് പ്രഖ്യാപിച്ചു. തലേവര്‍ഷം 19 ശതമാനമായിരുന്നു. 2014-15ലും കമ്പനി ലാഭംനേടി. എന്നിട്ടും എന്തിനാണ് ബോണസ് കുറച്ചത് എന്ന ചോദ്യത്തിന് ബോധ്യപ്പെടാവുന്ന ഒരു വിശദീകരണവും മാനേജ്മെന്റിനുണ്ടായില്ല. ബോണസ് സംബന്ധിച്ച മാനേജ്മെന്റ് നിര്‍ദേശം സിഐടിയു അംഗീകരിച്ചില്ല. ആരും ബോണസ് വാങ്ങേണ്ടതില്ല എന്ന നിലപാട് സിഐടിയു കൈക്കൊണ്ടു. മറ്റ് യൂണിയനുകളും പരസ്യമായി മറിച്ചൊരു നിലപാട് സ്വീകരിച്ചില്ല. ന്യായമായ ബോണസ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ മെല്ലെപ്പോക്ക് സമരം ആരംഭിച്ചു. ഈ സമരം പണിമുടക്കിന് സമാനമാണെന്നും തോട്ടം ലോക്കൗട്ട് ചെയ്യുമെന്നും മാനേജ്മെന്റ് ട്രേഡ് യൂണിയനുകളെ അറിയിച്ചു. ഈ സാഹചര്യത്തില്‍ മെല്ലെപ്പോക്ക് സമരം അവസാനിപ്പിക്കാന്‍ ട്രേഡ് യൂണിയനുകള്‍ തീരുമാനിക്കുകയും തൊഴിലാളികളെ അറിയിക്കുകയും ചെയ്തു. ബോണസ് കുറച്ചതിനെതിരെ പ്രക്ഷോഭം ആലോചിക്കണമെന്നും സിഐടിയു തീരുമാനിച്ചു.

വേതനവര്‍ധന നീണ്ടുപോയതും ന്യായമായ ബോണസ് നിഷേധിച്ചതും തൊഴിലാളികളുടെ അമര്‍ഷം ആളിക്കത്തിച്ചു. ട്രേഡ് യൂണിയനുകള്‍ ദേശീയതലത്തില്‍ ആഹ്വാനംചെയ്ത സെപ്തംബര്‍ രണ്ടിന്റെ പണിമുടക്കില്‍ മൊത്തം തൊഴിലാളികളും പങ്കെടുത്തു. ബോണസും വേതനവും സംബന്ധിച്ച് തീരുമാനമുണ്ടാക്കണമെന്നാവശ്യപ്പെട്ട് സെപ്തംബര്‍ മൂന്നുമുതല്‍ ഏതാണ്ട് എല്ലാ തൊഴിലാളികളും സമരത്തിനിറങ്ങി. ടാറ്റാ മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടും സര്‍ക്കാരിന്റെ നിസ്സംഗതയുമാണ് ഈ സ്ഥിതിവിശേഷമുണ്ടാക്കിയത്. ഈ സമരത്തെയാണ് ട്രേഡ് യൂണിയനുകള്‍ക്കെതിരായ സമരമായി ചില മാധ്യമങ്ങള്‍ ചിത്രീകരിച്ചത്.

മാധ്യമപ്രചാരണം

സമരം ആരംഭിച്ച് മൂന്നുദിവസം പിന്നിട്ടശേഷമാണ് ദൃശ്യ- അച്ചടി മാധ്യമപ്പട മൂന്നാറില്‍ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. പിന്നീട് സമരം സംബന്ധിച്ച് അവരില്‍ ചിലര്‍ തയ്യാറാക്കിയ തിരക്കഥയനുസരിച്ചുള്ള വാര്‍ത്തകളാണ് ജനം അറിഞ്ഞത്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമരകേന്ദ്രത്തില്‍ എത്തുകയും സമരക്കാര്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഹര്‍ഷാരവത്തോടെയാണ് തൊഴിലാളികള്‍ കോടിയേരിയുടെ വാക്കുകളെ എതിരേറ്റത്. പി കെ ശ്രീമതി എംപി, കെ കെ ശൈലജ, എം സി ജോസഫൈന്‍ എന്നീ നേതാക്കളും സമരകേന്ദ്രത്തിലെത്തി. സെപ്തംബര്‍ 13ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സമരകേന്ദ്രത്തിലെത്തി. സമരംചെയ്യുന്ന തൊഴിലാളികളോടൊപ്പം വി എസും ഇരുന്നു. സമരം തീരുന്നതുവരെ വി എസ് സമരകേന്ദ്രത്തിലുണ്ടായിരുന്നു. സമരം ഒത്തുതീര്‍ക്കാനുള്ള ചര്‍ച്ച ഈ സമയങ്ങളില്‍ നടക്കുന്നുണ്ടായിരുന്നു. കണ്ണന്‍ദേവന്‍ എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂണിയന്‍ നേതാക്കള്‍ എറണാകുളത്തും തിരുവനന്തപുരത്തുമായി നടന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുകയായിരുന്നു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ ഒ ഹബീബും കൂടിയാലോചനയില്‍ സജീവമായി പങ്കെടുത്തു. ഈ ചര്‍ച്ചകളിലെല്ലാം 20 ശതമാനം ബോണസിനായി ഉറച്ചനിലപാടാണ് സിഐടിയു കൈക്കൊണ്ടത്. സിഐടിയു യൂണിയന്‍ നേതാക്കള്‍ സമരസ്ഥലത്ത് ചെന്നില്ല എന്ന ആക്ഷേപത്തില്‍ അടിസ്ഥാനമില്ല. രാഷ്ട്രീയനേതാക്കളെയും ട്രേഡ് യൂണിയന്‍ നേതാക്കളെയും സമരകേന്ദ്രം സന്ദര്‍ശിക്കാന്‍ തൊഴിലാളികള്‍ അനുവദിച്ചില്ല എന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. സമരരംഗത്ത് സജീവമായുണ്ടായിരുന്ന സ്ത്രീത്തൊഴിലാളികള്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ തങ്ങളുടെ സമരത്തെ സിപിഐ എം, സിഐടിയു നേതാക്കള്‍ സഹായിച്ചിട്ടുണ്ടെന്ന് പറയുകയുണ്ടായി. രാഷ്ട്രീയ- ട്രേഡ് യൂണിയന്‍ നേതൃത്വത്തിന്റെ ഇടപെടലിന്റെയുംകൂടി ഫലമായാണ് പ്രശ്നത്തിന് ഒത്തുതീര്‍പ്പുണ്ടായത്. ഇതൊക്കെ മറച്ചുവച്ചാണ് മാധ്യമപ്രചാരണം.

ഏതുസമരം വന്നാലും അതിനെ അധിക്ഷേപിക്കാറുള്ള മലയാള മനോരമ പോലുള്ള കുത്തകമാധ്യമങ്ങള്‍ക്ക് മൂന്നാര്‍സമരത്തോട് വലിയ സ്നേഹംതോന്നാന്‍ എന്താണ് കാരണം? സെപ്തംബര്‍ രണ്ടിന്റെ ദേശീയപണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായതില്‍ കുണ്ഠിതപ്പെട്ട പത്രമാണ് മനോരമ. തൊഴിലാളിസമരങ്ങളാണ് വികസനങ്ങളെ തടസ്സപ്പെടുത്തുന്നതെന്ന് മനോരമ സ്ഥിരമായി വാദിക്കുന്നു. എന്നിട്ടും മനോരമയും കൂട്ടാളികളും മൂന്നാറിലെ തൊഴിലാളികള്‍ പണിമുടക്കി സമരം നടത്തിയതിനെ പ്രകീര്‍ത്തിച്ചു. ഒറ്റക്കാരണമേയുള്ളൂ- സംഘടിത തൊഴിലാളിപ്രസ്ഥാനങ്ങളെ അധിക്ഷേപിക്കാന്‍ ചെറിയ ഒരു പഴുതുകിട്ടി. സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളെ ദുര്‍ബലമാക്കാനും അപകീര്‍ത്തിപ്പെടുത്താനും കിട്ടുന്ന ഒരു സന്ദര്‍ഭവും കുത്തകമാധ്യമങ്ങള്‍ ഒഴിവാക്കില്ല.

ആലപ്പുഴ സമരം

മൂന്നാര്‍സമരം നടക്കുന്ന ഘട്ടത്തില്‍ ആലപ്പുഴയിലെ കയര്‍ ഫാക്ടറി തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലായിരുന്നു. ട്രേഡ് യൂണിയനുകളുടെ സംയുക്തനേതൃത്വത്തിലായിരുന്നു സമരം. 2015 സെപ്തംബര്‍ നാലിന് ആരംഭിച്ച പണിമുടക്ക് 14നാണ് ഒത്തുതീര്‍പ്പാക്കിയത്. ഒത്തുതീര്‍പ്പനുസരിച്ച് തൊഴിലാളികള്‍ക്ക് മിനിമം ദിവസക്കൂലി 500 രൂപയായി ഉയര്‍ന്നു. 20,000 തൊഴിലാളികളാണ് ഈ പണിമുടക്കില്‍ പങ്കെടുത്തത്. മനോരമ ഉള്‍പ്പെടെയുള്ള കുത്തകമാധ്യമങ്ങള്‍ ഒന്നുപോലും ആലപ്പുഴയിലേക്ക് തിരിഞ്ഞുനോക്കിയില്ല. കൊല്ലത്തെ കശുവണ്ടിത്തൊഴിലാളികള്‍ മിനിമംകൂലി വര്‍ധിപ്പിക്കാന്‍ സമരംചെയ്യുമ്പോള്‍ ആ സമരം കശുവണ്ടി വ്യവസായത്തെ തകര്‍ക്കുമെന്നെഴുതാന്‍ മനോരമയ്ക്ക് ഒരു മടിയുമുണ്ടായില്ല.

മാവൂര്‍ അനുഭവംമാവൂര്‍ ഗ്വാളിയോര്‍ റെയോണ്‍സ് ഫാക്ടറി പ്രവര്‍ത്തിക്കുന്ന കാലത്ത് ശമ്പളവര്‍ധനയ്ക്കും മറ്റാനുകൂല്യങ്ങള്‍ക്കുമായി തൊഴിലാളികള്‍ സമരം നടത്തുമ്പോള്‍ ആ സമരങ്ങളെ അധിക്ഷേപിക്കാന്‍ മുമ്പന്തിയിലുണ്ടായിരുന്നു മനോരമ. ഒരുഘട്ടത്തില്‍ നിലവിലുള്ള ട്രേഡ് യൂണിയനുകളെ തള്ളിപ്പറഞ്ഞ് മുന്‍ നക്സലൈറ്റ് നേതാവ് വാസുവിന്റെ നേതൃത്വത്തില്‍ ""ഗ്രോ'' എന്ന പേരില്‍ പുതിയ യൂണിയന്‍ രൂപീകരിച്ചപ്പോള്‍ അതേ മനോരമ വാസുവിനെ വിമോചകനായി പാടിപ്പുകഴ്ത്തി. എല്ലാ ട്രേഡ് യൂണിയന്‍ നേതാക്കളും അഴിമതിക്കാരാണെന്നും ""ഗ്രോ'' യൂണിയന്‍ യഥാര്‍ഥ തൊഴിലാളിസംഘടനയാണെന്നുമായിരുന്നു പ്രചാരണം. ദേശീയതലത്തില്‍ പ്രചാരണം കിട്ടിയ സംഭവമായിരുന്നു അത്. ഇപ്പോള്‍ ഗ്രോ എവിടെ? ബോംബെയില്‍ ദേശീയ ട്രേഡ് യൂണിയനുകളെ തള്ളിപ്പറഞ്ഞ് രംഗത്തുവന്ന ദത്താ സാമന്തിന്റെ സ്വതന്ത്ര ട്രേഡ് യൂണിയന്റെ ഗതിയെന്തായി? മൂന്നാര്‍സമരത്തെ മുല്ലപ്പൂ വിപ്ലവമെന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങള്‍ മുല്ലപ്പൂ വിപ്ലവത്തിന്റെ ഗതിതന്നെ മൂന്നാറിലെ പാവപ്പെട്ട തൊഴിലാളികള്‍ക്കും വരണമെന്നാണോ ആഗ്രഹിക്കുന്നത്?

മാധ്യമങ്ങള്‍ കാണാത്ത സമരങ്ങള്‍കുത്തകമാധ്യമങ്ങള്‍ തൊഴിലാളിസമരങ്ങള്‍ക്കുനേരെ പൊതുവില്‍ കണ്ണടയ്ക്കുകയാണ് പതിവ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്തെല്ലാം സമരങ്ങളാണ് സംസ്ഥാനത്ത് നടന്നത്. കയര്‍ത്തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, കശുവണ്ടിത്തൊഴിലാളികള്‍, കൈത്തറിത്തൊഴിലാളികള്‍, ബീഡിത്തൊഴിലാളികള്‍, നിര്‍മാണത്തൊഴിലാളികള്‍, ലോട്ടറിത്തൊഴിലാളികള്‍, മോട്ടോര്‍ തൊഴിലാളികള്‍, കെഎസ്ആര്‍ടിസി തൊഴിലാളികള്‍, എഫ്എസിടി തൊഴിലാളികള്‍, കൊച്ചി തുറമുഖതൊഴിലാളികള്‍, അങ്കണവാടി- ആശാ വര്‍ക്കേഴ്സ് തുടങ്ങിയ വിവിധ മേഖലയിലെ തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുമെല്ലാം സമരത്തില്‍ അണിനിരന്നു. ഇപ്പോള്‍ ഉറഞ്ഞുതുള്ളുന്ന മാധ്യമങ്ങള്‍ക്ക് ആ സമരത്തോടൊന്നും ഒരു താല്‍പ്പര്യവും തോന്നാതിരുന്നതെന്താണ്?

കേരളത്തിലെ തൊഴിലാളികള്‍ എല്ലാ നേട്ടങ്ങളും നേടിയത് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ തീക്ഷ്ണമായ സമരം ചെയ്താണ്. മൂന്നാറിലെ തൊഴിലാളികളുടെ സമരചരിത്രത്തില്‍, പൊലീസ് വെടിവയ്പില്‍ രക്തസാക്ഷികളായ ഹസ്സന്‍ റാവുത്തര്‍, പാപ്പ അമ്മാള്‍ എന്നീ തൊഴിലാളികളുടെ കഥയുണ്ട്. നവഉദാരവല്‍ക്കരണ നയങ്ങളിലൂടെ രാഷ്ട്രസമ്പത്ത് വന്‍കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്ക്കുന്ന ബിജെപി സര്‍ക്കാരിന്റെയും മുമ്പ് യുപിഎ സര്‍ക്കാരിന്റെയും നയങ്ങള്‍ക്കെതിരെ ദേശീയതലത്തില്‍ പോരാട്ടംനയിക്കുന്നതും ട്രേഡ് യൂണിയനുകളാണ്. ഈ സംഘടിതപ്രസ്ഥാനങ്ങളെ ദുര്‍ബലമാക്കലാണ് മൂലധനശക്തികളുടെയും അവരുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളുടെയും ലക്ഷ്യം.എക്കാലവും തൊഴിലാളികളുടെ ഒപ്പംനിന്ന പ്രസ്ഥാനമാണ് സിഐടിയു. മൂന്നാറില്‍ ഏതെങ്കിലും സിഐടിയു നേതാവ് ടാറ്റാ കമ്പനിയുടെ സൗജന്യംപറ്റുന്നില്ല. ഒന്നിച്ച് സമരത്തിനിറങ്ങിയ തൊഴിലാളികളില്‍ ഒരാള്‍ക്കും സിഐടിയുവിനെക്കുറിച്ചോ സിപിഐ എമ്മിനെക്കുറിച്ചോ ഒരാക്ഷേപവുമില്ല. എന്നാല്‍, മൂന്നാറിലെ തൊഴിലാളികള്‍ക്ക് സമരത്തിലേക്ക് ഇറങ്ങേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് ഞങ്ങള്‍ ആത്മപരിശോധന നടത്തും. ഓരോ തൊഴിലാളിയെയും ആത്മവിശ്വാസത്തോടെതന്നെ സിഐടിയു സമീപിക്കും. തൊഴിലാളിപക്ഷത്ത് ഉറച്ചുനിന്ന് തോട്ടംതൊഴിലാളികള്‍ക്ക് 500 രൂപ ദിവസവേതനത്തിനും താമസസ്ഥലം മെച്ചപ്പെടുത്തിക്കിട്ടാനും മതിയായ ചികിത്സാസഹായം ലഭ്യമാക്കാനും സിഐടിയു പോരാടും. സംസ്ഥാനത്തെ തോട്ടംതൊഴിലാളികളുടെ വേതനം പുതുക്കി നിശ്ചയിക്കുന്നതില്‍ കേരളസര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്. കൂലി വര്‍ധിപ്പിക്കുന്നതിനെതിരെ മുതലാളിമാരേക്കാള്‍ ശക്തമായി തൊഴില്‍മന്ത്രി വാദിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. കാലഘട്ടത്തിനുസരിച്ച് വേതനംനല്‍കാത്ത സ്ഥാപനങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് നിലനില്‍ക്കുന്നത്? ഭൂപരിഷ്കരണനിയമത്തില്‍ നിന്നൊഴിവായി ലക്ഷക്കണക്കിന് ഏക്കര്‍ മലയോരഭൂമി കൈവശംവച്ച് വനവിഭവങ്ങള്‍ സ്വന്തം ആവശ്യത്തിനുപയോഗിക്കുകയും തൊഴിലാളികള്‍ക്ക് പട്ടിണിക്കൂലിമാത്രം നല്‍കുകയുംചെയ്യുന്ന ഏര്‍പ്പാട് ഇനിയും തുടരാന്‍ അനുവദിക്കില്ല. സംസ്ഥാനത്ത് കുറഞ്ഞ കൂലിക്ക് ജോലിചെയ്യേണ്ടിവരുന്ന എല്ലാ തൊഴിലാളികള്‍ക്കും ന്യായമായ വേതനംലഭിക്കാനുള്ള പോരാട്ടത്തിന് എല്ലാ തൊഴിലാളികളും സന്നദ്ധരാകണം

*
എളമരം കരീം

No comments:

Post a Comment