അവകാശസമരം വ്യാപിക്കുന്നു; തോട്ടം തൊഴിലാളികളൊന്നാകെ ഇടുക്കി > തോട്ടം തൊഴിലാളികളുടെ ധര്‍മസമരം ജില്ലയില്‍ വ്യാപിക്കുന്നു. കൂലി കൂടുതലിനും 20 ശതമാനം ബേണസിനും വേണ്ടിയുള്ള അവകാശ പോരാട്ടത്തെ സഹായിക്കാന്‍ ബഹുജനങ്ങളും മുന്നോട്ട്വന്ന് കഴിഞ്ഞു. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, യൂണിയനുകളുടെ നേതൃത്വത്തില്‍ ഹരിസണ്‍ മലയാളം പ്ലന്റേഷനിലെ സൂര്യനെല്ലി, പന്നിയാര്‍ ലാക്കാട് എസ്റ്റേറ്റുകളിലെ തൊഴിലാളികളാണ് ശക്തമായി സമരരംഗത്തുള്ളത.്് കേരളത്തിലെ ഏറ്റവും കുറഞ്ഞ കുലി നിലനില്‍ക്കുന്ന തോട്ടം മേഖലയില്‍ തൊഴിലാളികളുടെ ജീവിതം ആങ്ങേയറ്റം ദുരിത പൂര്‍ണമാണ്. വിലക്കയറ്റവും മറ്റ് ജീവിത ദുരിതവും മൂലം ആയിരക്കണക്കിന് തൊഴിലാളികളെ ജീവിതസമരത്തിലേയ്ക്ക് മനേജ്മെന്റ് വലിച്ചിഴക്കുകയാണ് ഉണ്ടായത്. ലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുക, ആശുപത്രിയില്‍ സ്ഥിരം ഡോക്ടറെ നിയമിക്കുക, തൊഴിലാളി ചൂഷണം തടയുക തുടങ്ങിയ ആവശ്യങ്ങളും സംയുക്ത ട്രേഡ് യൂണിയന്‍ ഉന്നയിക്കുന്നു. അപ്പര്‍ സൂര്യനെല്ലി എസ്റ്റേറ്റില്‍ അനിശ്ചിതകാല ഉപരോധം 5 ദിവസം പിന്നിട്ടു. കമ്പിനിപ്പടിക്കല്‍ ഉപരോധ സമരമാണ് നടത്തുന്നത്. തൊഴിലാളികള്‍ ഒന്നടങ്കം സമരത്തില്‍ അണി നിരക്കുന്നു.
8.33 ശതമാനം ബോണസാണ് മാനേജ്മെന്റ് ഇവിടെ തിരുമാനിച്ചിരുന്നത്. ഇതിനെ ട്രേഡ് യൂണിയനുകള്‍ ശക്തമായി ഏതിര്‍ത്തിരുന്നു. രേഖാമൂലം വിയോജിപ്പും അറിയിച്ചു. ഇതിനിടയില്‍ ഓണമുണ്ണാന്‍ മറ്റ് മാര്‍ഗമില്ലാതെ തുച്ഛമായ ബോണസ് തൊഴിലാളികള്‍ വാങ്ങുകയായിരുന്നു. 20 ശതമാനം ബോണസ് അനുവദിക്കണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചു. ഇതേ അവസ്ഥയാണ് എച്ച്എംഎലിന്റെ മറ്റ് ഡിവിഷനുകളിലും ഉള്ളത.് അടിസ്ഥാന ശമ്പളം 83 രൂപ 53 പൈസയും ഡി എ 149 രൂപ 37 പൈസയും ഉള്‍പ്പെടെ 232 രൂപ 90 പൈസയാണ് ഇന്നത്തെ കൂലി. മിനിമം 21 കിലോ കൊളുന്ത് തുക്കിയില്ലെങ്കില്‍ കൂലിയും ഡിഎയും കുറയും തൂക്കത്തിലെ വെട്ടിപ്പ് തടയാനുംനടപടിയില്ല. സൂര്യനെല്ലി എസ്റ്റേറ്റില്‍ 813 തൊഴിലാളികളും പന്നിയാര്‍ എസ്റ്റേറ്റില്‍ 400 ഓളം തൊഴിലാളികളും പണിയെടുക്കുന്നു. ഇവിടങ്ങളിലെ ലയങ്ങളുടെ അവസ്ഥയും ദയനീയമാണ്. അപ്പര്‍ സൂര്യനെല്ലി, പന്നിയാര്‍ ഉപരോധ സമരത്തില്‍സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രന്‍ എംഎല്‍എ, പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറി പി എസ് രാജന്‍, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍, ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ്, എ കെ മണി, സിപിഐ എം ഏരിയ സെക്രട്ടറി ടി ജെ ഷൈന്‍, സേനാപതി ശശി, ടി എന്‍ ഗുരുനാഥന്‍, ഡി കുമാര്‍, വി എക്സ് ആല്‍ബിന്‍, എസ് വനരാജ്, എന്‍ ആര്‍ ജയന്‍, എം വി കുട്ടപ്പന്‍, പി ടി മുരുകന്‍ എന്നിവര്‍ എന്നിവര്‍ സംസാരിച്ചു. തൊഴിലാളികളായ ജ്യോതി ലക്ഷ്മി, സരസ്വതി, കലൈശെല്‍വി, കനിസ്റ്റേല്ല എന്നിവരും സംസാരിച്ചു. ലാക്കാട് എസ്റ്റേറ്റില്‍ സമരം എസ് രാജേന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തമിഴ്ശെല്‍വം അധ്യക്ഷനായി. ഡിഇഇ യൂണിയന്‍ പ്രസിഡന്റ് കെ വി ശശി, ജനറല്‍ സെക്രട്ടറി വി ഒ ഷാജി, വര്‍ക്കിങ് പ്രസിഡന്റ് എസ് സുന്ദരമാണിക്യം, സിപിഐ എം മൂന്നാര്‍ ഏരിയാ സെക്രട്ടറി കെ കെ വിജയന്‍, സി എ കുര്യന്‍, എ കെ മണി എന്നിവര്‍ സംസാരിച്ചു. സ്ത്രീകളടക്കം നൂറുക്കണക്കിന് തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുത്തു.
അമ്പനാട് ടിആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റില്‍ നിരാഹാരസമരം തുടങ്ങി
തെന്മല > വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അമ്പനാട്ട് ടിആര്‍ ആന്റ് ടീ എസ്റ്റേറ്റില്‍ ഇടതുപക്ഷ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന ഉപരോധസമരം രണ്ടുദിനം പിന്നിട്ടു. വ്യാഴാഴ്ച അമ്പനാട് എസ്റ്റേറ്റ് ഓഫീസിനുമുന്നില്‍ നിരാഹാരസമരം ആരംഭിച്ചു.
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ബിജുലാല്‍ പാലസും ആര്യങ്കാവ് പഞ്ചായത്ത്അംഗം ജൂലിയറ്റ് മേരിയുമാണ് അമ്പനാട് തേയില ഫാക്ടറിക്ക് സമീപത്തെ എസ്റ്റേറ്റ് മാനേജര്‍ ഓഫീസിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. നൂറു കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത് നടന്ന ഉപരോധസമരവേദിയില്‍ തന്നെയായിരുന്നു നിരാഹാരസമരം ആരംഭിച്ചത്. സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം എസ് സുദേവന്‍ നിരാഹാരസമരം ഉദ്ഘാടനംചെയ്തു.
അമ്പനാട് എസ്റ്റേറ്റിലേതുള്‍പ്പെടെ തൊഴിലാളികള്‍ മാനേജ്മെന്റിന്റെ കോടിയ ചൂഷണത്തിന് ഇരയായി നരകജീവിതത്തില്‍ അകപ്പെട്ടിരിക്കുകയാണെന്നും മനുഷ്യത്വപരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മാനേജ്മെന്റ് തയ്യാറാകാതെ വഞ്ചനാനടപടികള്‍ തുടരുകയാണെന്നും എസ് സുദേവന്‍ പറഞ്ഞു. തകര്‍ന്ന ലയങ്ങളില്‍ വര്‍ഷങ്ങളായി താമസിക്കുന്ന തൊഴിലാളികളുടെ സ്ഥിതിക്ക് പരിഹാരം കാണണമെന്നും എസ്റ്റേറ്റിലെ മിച്ചഭൂമി തൊഴിലാളികള്‍ക്ക് വീടു നിര്‍മിക്കാന്‍ വിട്ടുനല്‍കണമെന്നും അര്‍ഹമായ ആനുകൂല്യങ്ങളെല്ലാം നല്‍കാന്‍ മാനേജ്മെന്റ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
നിരാഹാര സമരം നടത്തുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രാത്രിയിലും തൊഴിലാളികള്‍ എസ്റ്റേറ്റ് ഓഫീസിനു മുന്നില്‍ ഉപരോധസമരം തുടരുകയാണ്. എസ്റ്റേറ്റിലെ നാല് ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഓഫീസിനുള്ളിലുണ്ട്. ബുധനാഴ്ച വൈകുന്നേരം നാലിനാണ് ഓഫീസിന് മുന്നില്‍ ഉപരോധസമരം ആരംഭിച്ചത്.വ്യാഴാഴ്ച വൈകിട്ട് എസ്റ്റേറ്റ് ഓഫീസിനുള്ളില്‍ ഉണ്ടായിരുന്ന മൂന്നു പേരുടെ ആരോഗ്യസ്ഥിതി വഷളായതായി പൊലീസ് സമരക്കാരെ അറിയിച്ചു. കഴുതുരുട്ടിയില്‍നിന്ന് ഡോക്ടര്‍ എത്തി പരിശോധിച്ചു. തുടര്‍ന്ന് അമ്പനാട് എസ്റ്റേറ്റിലെ സീനിയര്‍ മാനേജര്‍ അനില്‍ മഹാരാജന്‍, മാനേജര്‍ ഡൊമിനിക്, ഹെഡ് ക്ലര്‍ക്ക് ജോണ്‍സണ്‍ എന്നിവരെ പൊലീസ്സംഘം എസ്റ്റേറ്റ് ഓഫീസിനുള്ളില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റി.
രോഗബാധിതരായ എസ്റ്റേറ്റിലെ തൊഴിലാളി കുടുംബങ്ങളെ ആംബുലന്‍സിന് പകരം തകര്‍ന്ന ട്രാക്ടറിലാണ് എസ്റ്റേറ്റ്അധികൃതര്‍ ആശുപത്രിയില്‍കൊണ്ടുപോകാന്‍ നിര്‍ദേശിക്കാറുള്ളത്.ഉപരോധസമരത്തെ തുടര്‍ന്ന് എസ്റ്റേറ്റ് ഓഫീസില്‍നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന മാനേജര്‍മാരെയും ഇതേ ട്രാക്ടറില്‍തന്നെ കൊണ്ടുപോകണമെന്നും തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ ഇവരും മനസിലാക്കണമെന്നും നിരവധി തൊഴിലാളികള്‍ പൊലീസിനോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. യോഗം സിപിഐ എം പുനലൂര്‍ ഏരിയ സെക്രട്ടറി എം എ രാജഗോപാല്‍ ഉദ്ഘാടനംചെയ്തു. വൈകിട്ട് നിരാഹാരസമരവും ഉപരോധസമരവും നടത്തുന്നവരെ പ്ലാന്റേഷന്‍ വര്‍ക്കേഴ്സ്യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എസ് ജയമോഹന്‍ അഭിവാദ്യം ചെയ്തു. അമ്പനാട് എസ്റ്റേറ്റിലെ തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാനും ആനുകൂല്യങ്ങള്‍ നല്‍കാനും പ്രശ്നപരിഹാരത്തിനു തൊഴില്‍ മന്ത്രി ഉടന്‍ ഇടപെടണമെന്ന് എസ് ജയമോഹന്‍ ആവശ്യപ്പെട്ടു.
തൊഴിലാളികള്‍ക്ക് 500 രൂപ ശമ്പളം നല്‍കുക, 20 ശതമാനം ബോണസ് നല്‍കുക, എസ്റ്റേറ്റ് ലയങ്ങള്‍ പണയിക്കുക, സിക്ക് അലവന്‍സ് നല്‍കുക, ആശുപത്രി പ്രവര്‍ത്തനം പുനരാരംഭിക്കുക, ആശ്രിതര്‍ക്ക് എസ്റ്റേറ്റില്‍ നിയമനം നല്‍കുക, ലയങ്ങളില്‍ക്കൂടി വെള്ളസൗകര്യം ലഭ്യമാക്കുക, വന്യജീവി ശല്യത്തില്‍നിന്നും സംരക്ഷണം നല്‍കുക, തൊഴിലാളികള്‍ക്ക് യാത്രക്കൂലി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ നിരാഹാരസമരം നടത്തുന്നത്
തോട്ടംതൊഴിലാളികള്‍ പട്ടിണിയില്‍
അഗളി > "സാറന്മാരോ, ഇവിടെയോ'? തൊട്ടുമുന്നില്‍ നില്‍ക്കുന്നത് ഒരു ജനപ്രതിനിധിയാണെന്ന് ഇടവാണി ഊരിലെ ആദിവാസികള്‍ക്ക് വിശ്വസിക്കാനാവുന്നില്ല. എം ബി രാജേഷ് എംപി അടുത്ത് നിന്നിട്ടും അവര്‍ക്ക് സംശയം തീരുന്നില്ല. ഒരു പഞ്ചായത്ത്അംഗംപോലും തിരിഞ്ഞു നോക്കാത്ത ഞങ്ങളുടെ ഊരിലേക്ക് ആദ്യമായി എത്തുന്ന ജനപ്രതിനിധിയാണ് സഖാവ് രാജേഷെന്ന് പറയുമ്പോള്‍ ഊരിലെ മാണിക്യന്‍ മാഷിന്റെ വാക്കുകളില്‍ ആവേശം. തുടര്‍ന്ന് ഊരിന്റെ നടുമുറ്റത്ത് ഒരുക്കിയ ചെറിയ പന്തലില്‍ ഊരുമൂപ്പന്‍ കാളി, എംബി രാജേഷ് എംപിയെ രക്തഹാരംചാര്‍ത്തി സ്വീകരിച്ചു. ഇതിനിടെ, എണ്‍പതുകാരിയായ കാടുപ്പത്തി എംപിയുടെ കാല്‍പ്പാദങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചത് വൈകാരികമായി.എംപിയും എംഎല്‍എയുമെല്ലാം വലിയ സാറന്മാരാണെന്നു ധരിച്ചുവച്ചിരുന്ന കാടിന്റെ മക്കള്‍ക്കുമുന്നില്‍ വിനയാന്വിതനായി എം ബി രാജേഷ് നിന്നു. എല്ലാവരും എംപിക്കുമുന്നില്‍ ഒത്തുകൂടി. നിങ്ങളുടെ പ്രശ്നങ്ങള്‍ തുറന്നുപറയൂ എന്ന നിര്‍ദേശത്തിനു മുന്നില്‍ അവര്‍ പരാതികളുടെ കെട്ടഴിച്ചു. വീട്,വെളിച്ചം,വെള്ളം, വഴി, വന്യമൃഗങ്ങളില്‍നിന്നുള്ള സംരക്ഷണം തുടങ്ങി തങ്ങളുടെ ഇല്ലായ്മകളും ആവശ്യങ്ങളും അവര്‍ നിരത്തി. പറ്റുന്നതെല്ലാം ചെയ്തുതരാമെന്നും ഉറപ്പു നല്‍കി.കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയിലേക്ക് പുതൂര്‍ പഞ്ചായത്തിനെ ദത്തെടുത്ത കാര്യവും എം ബി രാജേഷ് അറിയിച്ചു. പിന്നീട് ഊരും പരിസരവും ചുറ്റിനടന്നു കണ്ടു. ഇതിനിടെ, ആദിവാസികള്‍ ഒരുക്കിയ കപ്പയും ചമ്മന്തിയും കട്ടന്‍ചായയും കഴിച്ചു. ആദിവാസികളുടെ സ്നേഹവായ്പിനുമുന്നില്‍ സമയം കടന്നുപോയതറിഞ്ഞില്ല. ദുര്‍ഘടമായ കാട്ടുപാതയിലൂടെ നടന്നുവേണം വാഹനം എത്തുന്ന താഴെ ഭൂതാര്‍ ഊരിനു സമീപം എത്താന്‍. യാത്ര പറയുന്നതിനിടെ ഊരിലെ ആദിവാസിയുവാക്കള്‍ നോട്ടുബുക്കുമായെത്തി. ഊരിലെ ചലഞ്ചര്‍ ബോയ്സ് ക്ലബിലെ പ്രവര്‍ത്തകരാണ്. "ഊരിന്റെ നിറഞ്ഞ സ്നേഹത്തിനു നന്ദി. ഇനിയുംവരും നിങ്ങളുടെ ആവശ്യങ്ങളില്‍ ചിലതെങ്കിലും നിറവേറ്റിയശേഷം' എം ബി രാജഷ് നോട്ട്ബുക്കില്‍ കുറിച്ചു. എംപിയോടൊപ്പം സിപിഐ എം ഏരിയ സെക്രട്ടറി വി ആര്‍ രാമകൃഷ്ണന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ പി രാമമൂര്‍ത്തി, സി പി ബാബു, വി കെ ജെയിംസ്, എം പി രാജന്‍, ജോസ് പനക്കാമറ്റം, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എന്‍ ജംഷീര്‍, എ പി ലാല്‍, ജയപ്രകാശ് തുടങ്ങിയവരുമുണ്ടായി.
പി എസ് പത്മദാസ്
തോട്ടംതൊഴിലാളി സമരം ഗവണ്‍മെന്റ് പ്ലാന്റേഷനുകളിലേക്കും വ്യാപിപ്പിക്കും: എസ് ജയമോഹന്‍
കൊല്ലം > തോട്ടംതൊഴിലാളികളുടെ ജീവിതദുരിതങ്ങള്‍ അകറ്റുന്നതിനുവേണ്ടി കേരളത്തില്‍ സ്വകാര്യ തോട്ടങ്ങളില്‍ നടന്നുവരുന്ന സമരങ്ങള്‍ ഗവണ്‍മെന്റ് പ്ലാന്റേഷനുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ജില്ലാ പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജനറല്‍സെക്രട്ടറി എസ് ജയമോഹന്‍ പ്രസ്താവനയില്‍ പറഞ്ഞു.
തോട്ടംതൊഴിലാളികളോടുള്ള സര്‍ക്കാര്‍ സമീപനം നിരാശാജനകമാണ്. മുതലാളിമാരെ സഹായിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ തോട്ടങ്ങളില്‍ തൊഴിലാളികള്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാതിരിക്കുന്നത്. സ്വകാര്യമുതലാളിമാരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരും തൊഴില്‍വകുപ്പും സ്വീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയിലുള്ള പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കേരള, റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡ്, ഓയില്‍പാം ഇന്‍ഡ്യാ ലിമിറ്റഡ്, സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍ എന്നിവിടങ്ങളിലും വരുംദിവസങ്ങളില്‍ സമരം ആരംഭിക്കും. ആവശ്യമെങ്കില്‍ മന്ത്രിയുടെ വീട്ടുപടിക്കലേക്കും സമരം വ്യാപിപ്പിക്കും. ജില്ലയിലെ അമ്പനാട് ടിആര്‍വൈ, ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍, എവിടി ചാലിയക്കര എന്നിവിടങ്ങളിലും സമരം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
deshabhimani 180915
No comments:
Post a Comment