ഇടുക്കി > വൃത്തിയും ശുചിത്വവും സൗകര്യങ്ങളും തോട്ടം തൊഴിലാളികള്‍ക്ക് നിഷേധിച്ച് തൊഴിലാളി സംരക്ഷണനിയമം കമ്പനി മാനേജ്മെന്റ് പാലിക്കുന്നില്ല. തോട്ടം തൊഴിലാളി ക്ഷേമത്തിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ബജറ്റില്‍ രണ്ടു തവണയായി നീക്കിവച്ച 25 കോടിയിലും ഒരു രുപ പോലും ചെലവഴിച്ചില്ല. ബ്രട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുടെ അവസ്ഥ ആരെയും കരളലയിപ്പിക്കും. പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ അതേരൂപവും സൗകര്യവും മാത്രം. വൃത്തിയുള്ള ലയങ്ങളൊന്നുപോലുമില്ല. വൃത്തിഹീനമാക്കുന്നത് ചുറ്റുപാടുകളാണ്.
ആറ് മുറികള്‍ ചേരുന്നതാണ് ഒരു ലയം. ഇങ്ങനെ ഒരു തോട്ടത്തില്‍ 35 മുതല്‍ 50 വരെ മുറികളുണ്ട്. കക്കൂസും കുളിമുറിയും അടുക്കളയും എല്ലാ കൂട്ടിക്കെട്ടിയ നിലയില്‍. ഇതിനിടയിലാണ് ഈ പാവങ്ങള്‍ അന്തിയുറങ്ങുന്നതും. കാറ്റോ മഴയോ വന്നാല്‍ പിന്നെ ഉറക്കമില്ലാത്ത രാത്രികള്‍. മഴയായാല്‍ ഒരു തുള്ളി വെള്ളവും പുറത്തുപോകില്ല. ചെറിയ പാത്രങ്ങളില്‍ വെള്ളം ശേഖരിച്ചില്ലെങ്കില്‍ ലയങ്ങള്‍ വെള്ളത്തില്‍ മുങ്ങും. ഒറ്റ മുറിയിലാണ് കുടുംബത്തിന്റെ ജീവിതം. കക്കൂസുകളെല്ലാം ഒന്നിച്ചാണ് മിക്കയിടങ്ങളിലും. ടാങ്കും കുഴലും ഒന്നിച്ചു തന്നെ. ഒരു കക്കൂസിലെ വെള്ളം മറ്റൊരു കക്കൂസിലെത്തുന്നു. പൈപ്പും ടാങ്കും പൊട്ടിയൊലിച്ച് ഒഴുകുന്നതും പതിവ്. കുടിവെള്ള പൈപ്പും ഇതിന് സമീപം. മാലിന്യം കലര്‍ന്ന വെള്ളം കുടിക്കേണ്ട ഗതികേടിലാണ് തൊളിലാളികളും കുടുംബാംഗങ്ങളും. ലയങ്ങളുടെ മേല്‍ക്കൂര വെറും തകിടുകൊണ്ട് നിര്‍മിച്ചത്. ഏതുസമയവും നിലംപൊത്താറായ അവസ്ഥയിലാണ് ലയങ്ങള്‍. അറ്റകുറ്റപണിക്ക് തോട്ടം മാനേജ്മെന്റ് പണം ചെലവഴിക്കുന്നില്ല. ഇതിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ക്കും കഴിയുന്നില്ല. ഭിത്തികള്‍ പൊട്ടിപൊളിഞ്ഞ നിലയിലാണ്. പൊളിഞ്ഞ ഭാഗം ഷീറ്റുകൊണ്ട് താല്‍ക്കാലികമായി മറച്ചുവച്ചിരിക്കുന്നു. ഇഴ ജന്തുക്കളുടെ ശല്യം വേറെ.
ദുരിതക്കയത്തില്‍ കഴിയുന്ന ഇവരെ കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാരും. തോട്ടംതൊഴിലാളികള്‍ക്കായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കിവച്ച 16000 ഏക്കര്‍ ഭൂമി പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ വിതരണം ചെയ്തില്ല. തുടര്‍ നടപടിയുമുണ്ടായില്ല. ഇടുക്കി, വയനാട്, പാലക്കാട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് തോട്ടങ്ങളില്‍ ലയങ്ങളുള്ളത്. സംസ്ഥാനത്ത് മൂന്ന് ലക്ഷത്തിലധികം തോട്ടം തൊഴിലാളികളുണ്ട്. ഇടുക്കിയിലെ മൂന്നാര്‍ കെഡിഎച്ച്പി കമ്പനി തോട്ടങ്ങള്‍, ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ സൂര്യനെല്ലി, പന്നിയാര്‍, ലക്കാട്, പീരുമേട്ടിലെ തോട്ടങ്ങള്‍ എന്നിവിടങ്ങളിലുള്‍പ്പെടെ എല്ലാ തോട്ടങ്ങളിലും ലയങ്ങളുടെ ദുസ്ഥിതി നരകജീവിതത്തിന് സമാനം.
ലാക്കാട്, സൂര്യനെല്ലി, പന്നിയാര്‍ എസ്റ്റേറ്റുകളില്‍ സമരം കരുത്താര്‍ജിച്ചു
ഇടുക്കി > ഹാരിസണ്‍ മലയാളം ലിമിറ്റഡ് ഉടമ പ്രതികാര നടപടിതുടങ്ങിയതോടെ ലാക്കാട്, സൂര്യനെല്ലി, പന്നിയാര്‍ എസ്റ്റേറ്റുകളില്‍ സമരം കൂടുതല്‍ കരുത്താര്‍ജിച്ചു. വെള്ളിയാഴ്ചത്തെ ചര്‍ച്ചയും പരാജയപ്പെട്ടു. ഇതോടെ ലാക്കാട് സമരം ശനിയാഴ്ച രണ്ട് ദിവസവും സൂര്യനെല്ലി അഞ്ചും പന്നിയാര്‍ നാലും ദിവസം പിന്നിടുകയാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നതിനും പ്രശ്നം പരിഹരിക്കുന്നതിനും കമ്പനിയോ സര്‍ക്കാരോ തയ്യാറാകാത്തത് വലിയ പ്രതിഷേധത്തിനും കാരണമാകുന്നുണ്ട്. മൂന്ന് സമര കേന്ദ്രങ്ങളിലായി 2000 തൊഴിലാളികളാണ് കമ്പനി ഓഫീസുകള്‍ ഉപരോധിച്ചുകൊണ്ട് നടത്തുന്ന സമരത്തില്‍ പങ്കെടുക്കുന്നത്. രാവിലെ എട്ടരമുതല്‍ സമരം ആരംഭിച്ചു. തുടര്‍ന്ന് വൈകിട്ട് ആറ്മണിയോടെ തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ച് സമരം അവസാനിപ്പിച്ച് പിരിയുകയാണ് ചെയ്യുന്നത്. തങ്ങളുടെ അവകാങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി ആവേശത്തോടെയാണ് തൊഴിലാളികള്‍.
ഇതിനിടയില്‍ തൊഴിലാളികല്‍ സമരം ആരംഭിച്ചത് മൂലം കമ്പനിയ്ക്ക് യതാസമയം വിളവെടുക്കുവാന്‍ കഴിയാത്തിനാല്‍ വന്‍ നഷ്ടമുണ്ടായി. അതുകൊണ്ട് തന്നെ സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ തൊഴിലാളികളുടേയും എട്ട് ദിവസത്തെ വേതനം കമ്പനി പിടിക്കുമെന്നും കാണിച്ച് തൊഴിലാളികള്‍ക്ക് നോട്ടീസ് നല്‍കി. ഇത് വന്‍പ്രതിഷേധത്തിനും ഇടയാക്കി. സമരം പൊളിക്കുന്നതിനുള്ള നീക്കമാണ് കമ്പനി ഇത്തരത്തില്‍ നടത്തുന്നതെന്ന് യൂണിയന്‍ നേതാക്കന്മാര്‍ പറഞ്ഞു. തൊഴിലാളികളുടെ ന്യായമാ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, ശക്തമായ നിലനില്‍ക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. അവകാശം നേടിയെടുക്കാതെ സമരത്തില്‍ നിന്ന് ഒട്ടും പിറകോട്ട് പോകുകയില്ലെന്നും തൊഴിലാളികളും അഭിപ്രായപ്പെട്ടു.
വിവിധ കേന്ദ്രങ്ങളില്‍ നടന്ന സമരത്തില്‍ പങ്കെടുത്തുകൊണ്ട് ട്രേഡ് യൂണിയന്‍ നേതാക്കന്മാരായ . എ ഐ റ്റി യു സി സംസ്ഥാന പ്രസിഡന്റ് സി എ കുര്യന്‍, സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍, സി പി എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍, ഇ എസ് ബിജിമോള്‍ എം എല്‍ എ, എസ് രാജേന്ദ്രന്‍ എം എല്‍ എ, ഐ എന്‍ റ്റി യുസി നേതാവ് എ കെ മണി, പ്രിന്‍സ് മാത്യൂ, പി റ്റി മുരുകന്‍, എന്‍ ആര്‍ ജയന്‍, വില്യംസ്, എം പി കുട്ടപ്പന്‍, കെ വി ശശി, പി പളനിവേല്‍, ജി മുനിയാണ്ടി, കെ കെ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തോട്ടം തൊഴിലാളികള്‍ ഗാന്ധിജയന്തി ദിനത്തില്‍ സംസ്ഥാനപാത ഉപരോധിക്കും
വാഗമണ്‍ > ശമ്പളവര്‍ധനവും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് തോട്ടം തൊഴിലാളികള്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ഏലപ്പാറയില്‍ ദേവികുളം-പീരുമേട് സംസ്ഥാനപാത സിഐടിയു വിന്റെ ആഭിമുഖ്യത്തില്‍ ഉപരോധിക്കും. പീരുമേട്ടിലെ പൂട്ടിയതും തുറന്ന് പ്രവര്‍ത്തിക്കുന്നതുമായ തേയിലതോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ജോലി കാലാവധി കഴിഞ്ഞിട്ടും കമ്പനികള്‍ സര്‍വീസ് ആനുകൂല്യങ്ങള്‍ കൊടുക്കുവാനുള്ളത് നാല്‍പ്പതും അന്‍പതും വര്‍ഷം ജോലി ചെയിട്ടുള്ളവരാണ്. തോട്ടത്തില്‍ നിന്നും പിരിഞ്ഞശേഷം സര്‍വീസിനായി കാത്തിരിക്കുന്നത്. നിരവധിപേര്‍ ഇതിനോടകം സര്‍വീസ് കൈപ്പറ്റാതെ മരണമടഞ്ഞു. തുറന്ന തോട്ടമായ പീരുമേട് ടീ കമ്പനിയുടെ വക ചീന്തലാര്‍ തോട്ടത്തില്‍ തൊഴിലാളികള്‍ കൊടിയ ചൂഷണത്തിന് വിധേയമായിരിക്കുന്നു. തോട്ടം തുറക്കുവാനായി കമ്പനി യൂണിയനുമായി ഉണ്ടാക്കിയ കരാര്‍ നടപ്പിലാക്കിയിട്ടില്ല. തൊഴിലാളികളുടെ ചികിത്സാ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കി. ഒരായുസ് മുഴുവന്‍ ജോലി ചെയ്ത കൂലിക്കായി നൂറുകണക്കിന് തൊഴിലാളികള്‍ വര്‍ഷങ്ങളായി കാത്തിരിക്കുകയാണ്.
നിരവധിയായ പ്രതിഷേധങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി തൊഴിലാളികള്‍ നടത്തുന്നു. എസ്റ്റേറ്റ് ഓഫീസ് പടിക്കല്‍ സത്യാഗ്രഹം, ലേബര്‍ഓഫീസ് മാര്‍ച്ച്, വില്ലേജ് ഓഫീസുകളിലേക്ക് പട്ടിണി മാര്‍ച്ച് എന്നിവയടക്കം നടത്തിയിട്ടും സര്‍ക്കാരും തോട്ടമുടമകളും കണ്ടഭാവം നടിക്കുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് മൂന്നാഘട്ട പ്രതിഷേധമെന്ന നിലയ്ക്കാണ് ഏലപ്പാറയിലെ റോഡ് ഉപരോധം. സമരത്തിന്റെ പ്രചരണഭാഗമായി ഏലപ്പാറ, ഉപ്പുതറ, കൊക്കയാര്‍, പെരുവന്താനം എന്നീ പഞ്ചായത്തുകളില്‍ പ്രചരണജാഥകളും, കുടുംബസംഗമങ്ങളും നടത്തും. സമരം വിജയിപ്പിക്കാന്‍ മുഴുവന്‍ തൊഴിലാളികളും സഹകരിക്കണമെന്ന് ഹില്‍റേഞ്ച് എസ്റ്റേറ്റ് എംപ്ലോയ്സ് അസോസിയേഷന്‍ (സിഐടിയു) പ്രസിഡന്റ് ആന്റപ്പന്‍ എന്‍ ജേക്കബ്, കെ ടി ബിനു എന്നിവര്‍ പറഞ്ഞു.
deshabhimani 190915
No comments:
Post a Comment