Thursday, January 9, 2014

പിന്തുണക്കുറവ് പരിഷ്കാരങ്ങള്‍ക്ക് തടസ്സമായി: മന്‍മോഹന്‍ സിങ്

മതിയായ രാഷ്ട്രീയ പിന്തുണയില്ലാത്തത് യുപിഎ സര്‍ക്കാരിന് ധനകാര്യ-ഇന്‍ഷുറന്‍സ് മേഖലകളില്‍ സമഗ്ര പരിഷ്കാരത്തിന് തടസ്സമായെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. പരിമിതിക്കുള്ളില്‍നിന്ന് ആകര്‍ഷക നിക്ഷേപകേന്ദ്രമായി ഇന്ത്യയെ മാറ്റാന്‍ നടപടി സ്വീകരിച്ചതായും മാസങ്ങള്‍ക്കകം ഫലമുണ്ടാകുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. 12ാമത് പ്രവാസി ഭാരതീയ ദിവസ് ആഘോഷം ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിപ്പിക്കാനും ധനസ്ഥിതി മെച്ചമാക്കാനും പ്രകൃതിവിഭവം ഉപയോഗപ്പെടുത്താനും നികുതി പരിഷ്കരിക്കാനും ഒട്ടേറെ നടപടികളുണ്ടായി. കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയുടെ സാമ്പത്തികസ്ഥിതി മെച്ചമായിരുന്നു. രണ്ട് വര്‍ഷമായി മാന്ദ്യമാണ്. ഇക്കൊല്ലം അഞ്ച് ശതമാനം മാത്രമാവും വളര്‍ച്ച. പക്ഷേ, സമ്പദ്ഘടനയുടെ അടിസ്ഥാനഘടകങ്ങള്‍ ശക്തമാണ്. മൊത്തം ആഭ്യന്തരവരുമാനത്തിന്റെ 30 ശതമാനവും നിക്ഷേപവും സമ്പാദ്യവുമാണ്. സുതാര്യവും സംശുദ്ധവുമായ ഭരണത്തിനായി നിയമങ്ങള്‍ കൊണ്ടുവന്നെങ്കിലും മതിയായ പുരോഗതിയുണ്ടായിട്ടില്ല. ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. അതേസമയം മാറുന്ന ലോകസാഹചര്യവുമായി പൊരുത്തപ്പെടാനും ശ്രമിക്കുന്നു. പ്രവാസികളുമായുള്ള ബന്ധം ശക്തമാക്കാന്‍ മന്ത്രാലയം സ്ഥാപിച്ചു. പ്രവാസി തൊഴിലാളികളുടെ സുരക്ഷയ്ക്കായി മഹാത്മാഗാന്ധി പ്രവാസി സുരക്ഷാപദ്ധതി തുടങ്ങി. ഡല്‍ഹിയില്‍ പ്രവാസി ഭാരതീയ കേന്ദ്രം ഇക്കൊല്ലം തുറക്കും. പ്രവാസി ഭാരതീയ ഭവന്‍ തുടങ്ങാന്‍ സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കും- പ്രധാനമന്ത്രി പറഞ്ഞു. ഉദ്ഘാടനസമ്മേളനത്തില്‍ മലേഷ്യന്‍ പരിസ്ഥിതി മന്ത്രി ദതൂക്ക് സേരി പളനിവേല്‍ മുഖ്യാതിഥിയായി. മന്ത്രി വയലാര്‍ രവി സംസാരിച്ചു. പ്രേം നാരായണ്‍ സ്വാഗതം പറഞ്ഞു.

സാമ്പത്തികനയം: കോണ്‍ഗ്രസിലെ ഭിന്നത മറനീക്കി

ന്യൂഡല്‍ഹി: പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ മറനീക്കിയത് സാമ്പത്തികനയം സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളിലെ ആശയക്കുഴപ്പവും ആശങ്കയും. ഉദാരവല്‍ക്കരണനയം തുടരുമെന്ന് വാണിജ്യമന്ത്രി ആനന്ദ്ശര്‍മയും നഗരവികസനമന്ത്രി കമല്‍നാഥും വ്യക്തമാക്കിയപ്പോള്‍ ദരിദ്രരെ അവഗണിച്ചുള്ള നയം രാജ്യത്തെ നാശത്തിലെത്തിക്കുമെന്ന് രാജീവ്ഗാന്ധി പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. മോഹന്‍ഗോപാല്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയസാഹചര്യം മാറിവരുന്നതിലുള്ള ആശങ്ക മൂന്നുപേരും പരസ്യമായി പ്രകടിപ്പിച്ചു. "ഇന്ത്യയുടെ വളര്‍ച്ച-വികസന അജന്‍ഡ" എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചാസമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചത്.

മാറ്റങ്ങളിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്നും ഭരണരംഗത്തെ പരിഷ്കാരങ്ങള്‍ക്കാണ് ഊന്നല്‍. സാമ്പത്തികസ്ഥിതിയില്‍ ആശങ്ക വേണ്ട. അമേരിക്കയിലും യൂറോപ്പിലും ബാങ്കുകള്‍ സര്‍ക്കാരില്‍നിന്ന് പണം വാങ്ങുമ്പോള്‍ ഇന്ത്യയില്‍ ബാങ്കുകളില്‍നിന്ന് സര്‍ക്കാര്‍ പണം വാങ്ങുന്നു. എന്നാല്‍, അടിസ്ഥാനസൗകര്യമേഖലയില്‍ രാജ്യം പിന്നിലാണ്- കമല്‍നാഥ് പറഞ്ഞു. ഇന്ത്യയുടെ നേട്ടങ്ങള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നില്ലെന്ന് ആനന്ദ്ശര്‍മ പറഞ്ഞു. 2000-2013 കാലത്ത് 30900 കോടി ഡോളര്‍ നേരിട്ടുള്ള വിദേശനിക്ഷേപം വന്നു. ഇതില്‍ 17600 കോടിയും 2009-2013 കാലത്താണ്. കൃഷിയെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോകാനാവാത്തതുകൊണ്ടാണ് നിര്‍മിതോല്‍പ്പന്നമേഖലയില്‍ എഫ്ഡിഐ പരിധി ഉയര്‍ത്തിയത്. അതേസമയം രണ്ടുതരം പൗരന്മാരെ നിലനിര്‍ത്തി രാജ്യത്തിന് മുന്നേറാനാവില്ലെന്ന് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മോഹന്‍ ഗോപാല്‍ പറഞ്ഞു. ദരിദ്രരും ധനികരുമായി ഇന്ത്യക്ക് നിലനില്‍പ്പില്ല. പത്തു വര്‍ഷമായി രാജ്യത്ത് നിലനിന്ന രാഷ്ട്രീയസ്ഥിരത നഷ്ടമാകുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. ഒരു വശത്ത് ഏകാധിപത്യത്തിനും മറുവശത്ത് ജനപ്രിയനയങ്ങള്‍ക്കും സ്വീകാര്യത ലഭിക്കുന്നു- മോഹന്‍ഗോപാല്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment