Saturday, February 15, 2014

നികുതിവരുമാനം ഇടിഞ്ഞത് അഴിമതിയും കെടുകാര്യസ്ഥതയും മൂലം: തോമസ് ഐസക്

കോട്ടയം: യുഡിഎഫ് സര്‍ക്കാരിന്റെ വാണിജ്യനികുതിവരുമാനം ഗണ്യമായി ഇടിയാന്‍ കാരണം അഴിമതിയും കെടുകാര്യസ്ഥതയുമാണെന്ന് ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷംകൊണ്ട് നേടിയത് കെ എം മാണിയും കൂട്ടരും ചേര്‍ന്ന് രണ്ടര വര്‍ഷംകൊണ്ട് പൊളിച്ചടുക്കിയെന്നും അദ്ദേഹം പറഞ്ഞു. കെജിഒഎ കോട്ടയം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി "കേരളം- തകരുന്ന സാമൂഹ്യസുരക്ഷയും വളരുന്ന വികസനപ്രതിസന്ധിയും" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഓപ്പണ്‍ഫോറം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ചെക്കുപോസ്റ്റുകളില്‍ സാര്‍വത്രിക അഴിമതിയാണ്. ഇത് തടയാന്‍ സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇതായിരുന്നില്ല സ്ഥിതി. ഒരാള്‍ക്കുപോലും നികുതിവെട്ടിപ്പ് നടത്താനാവാത്ത വിധം ഉദ്യോഗസ്ഥ സംവിധാനം സുസജ്ജമായിരുന്നു. സര്‍ക്കാര്‍ മാറിയതോടെ വീണ്ടും പഴയപടിയായി. കെ എം മാണി 24 ശതമാനം നികുതിപിരിവ് ലക്ഷ്യമിട്ടിട്ട് ചെന്നെത്തിയത് വെറും 12 ശതമാനത്തിലാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പരിശോധിക്കണം. കേരളത്തില്‍ എല്ലാ മേഖലകളിലും അരക്ഷിതാവസ്ഥയാണിന്ന്. കെ എം മാണി ബജറ്റിന് ഒരു വിലയും കല്‍പ്പിക്കുന്നില്ല. പാവങ്ങള്‍ക്ക് സഹായം ചെയ്യാതെ മിച്ചബജറ്റെന്ന് മേനി പറഞ്ഞിട്ട് കാര്യമില്ല. എല്‍ഡിഎഫ് കാലത്തും വേണമെങ്കില്‍ മിച്ചബജറ്റ് ആകാമായിരുന്നു. എന്നാല്‍, ജനങ്ങളുടെ ക്ഷേമമാണ് നോക്കിയത്. മാണിയുടെ മിച്ചബജറ്റ് പ്രഖ്യാപനം തട്ടിപ്പാണ്. കള്ളക്കണക്കുണ്ടാക്കി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഒരാള്‍ക്കും സാമൂഹ്യസുരക്ഷ നല്‍കരുതെന്ന മുതലാളിത്ത ദര്‍ശനമാണ് സര്‍ക്കാരിനെ ഭരിക്കുന്നത്. സാമൂഹ്യസുരക്ഷ നല്‍കിയാല്‍ ഭാവിയില്‍ ജനം അച്ചടക്കമില്ലാതെ വിലപേശുമെന്നാണ് വിചാരം. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനടക്കമുള്ള കാര്യങ്ങളിലും ഇതാണ് സ്ഥിതി. രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ കുംഭകോണമായി ഊഹക്കച്ചവടം മാറിയതോടെ കാര്‍ഷികരംഗത്തും പ്രതിസന്ധിയായി. ഊഹക്കച്ചവടത്തിലൂടെയും ഇറക്കുമതിയിലൂടെയും റബര്‍ വിലയിടിച്ചു. ഇനി ഇതില്‍ നിക്ഷേപത്തിന് കര്‍ഷകര്‍ മടിക്കും. അറിഞ്ഞുകൊണ്ട് ഉണ്ടാക്കിയ അരക്ഷിതാവസ്ഥയാണിതെന്നും അദ്ദേഹം പറഞ്ഞു.

കെജിഒഎ സംസ്ഥാന ട്രഷറര്‍ ഡോ. കെ എം ദിലീപ് അധ്യക്ഷനായി. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി പി എന്‍ കൃഷ്ണന്‍ നായര്‍, കെജിഒഎ സംസ്ഥാന സെക്രട്ടറി എസ് എഡിസണ്‍ എന്നിവര്‍ സംസാരിച്ചു. കോട്ടയം അര്‍ബന്‍ സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ. കെ അനില്‍കുമാര്‍ പങ്കെടുത്തു. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് ആര്‍ മോഹനചന്ദ്രന്‍ സ്വാഗതവും കോട്ടയം ഏരിയ സെക്രട്ടറി മുഹമ്മദ് ഷെറീഫ് നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment