Wednesday, September 2, 2020

രാജ്യത്തിന്റെ ജിഡിപി 24 ശതമാനം ഇടിഞ്ഞു ; ലോകത്തെ പ്രധാന സമ്പദ്‌ഘടനകളിലെ ഏറ്റവും കടുത്ത തകർച്ച

 ന്യൂഡൽഹി: കോവിഡിനു മുമ്പേ മാന്ദ്യത്തിലായിരുന്ന രാജ്യത്തിന്റെ സമ്പദ്‌ഘടന ഏപ്രിൽ–-ജൂൺ കാലയളവിൽ 24 ശതമാനം ചുരുങ്ങി. ലോകത്തെ പ്രധാന സമ്പദ്‌ഘടനകളിലെ ഏറ്റവും കടുത്ത തകർച്ചയാണിത്‌. ആഭ്യന്തര ഉൽപാദന (ജിഡിപി)  കണക്ക് മൂന്നുമാസത്തിലൊരിക്കൽ പ്രസിദ്ധീകരിക്കാൻ തുടങ്ങിയശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ ഇടിവാണിത്. 1996 മുതലാണ്‌ ത്രൈമാസ കണക്ക്‌ പ്രസിദ്ധീകരിച്ചു തുടങ്ങിയത്‌.

നിർമാണമേഖല 50.3 ശതമാനവും ഉൽപാദനമേഖല 39.3 ശതമാനവും ഇടിഞ്ഞു. വാണിജ്യ, ഹോട്ടൽ, ഗതാഗത, വാർത്താവിനിമയ–-വാർത്താവിതരണ മേഖലകളിലെ ഇടിവ്‌ 47 ശതമാനം‌. ധനകാര്യസേവനമേഖലയിൽ 5.3, ഖനനത്തിൽ 23.3, വൈദ്യുതി–-വാതകരംഗങ്ങളിൽ ഏഴ്‌ ശതമാനം വീതം ഇടിവ്. കാർഷികമേഖലയിൽ മാത്രമാണ്‌ വളർച്ച–-3.4 ശതമാനം. മൊത്തം മൂല്യവർധന 22.8 ശതമാനം ചുരുങ്ങും. ഈ വർഷം പൂർണമായി സമ്പദ്‌ഘടന ചുരുക്കത്തിലേ‌ക്ക്‌ നീങ്ങി.

കഴിഞ്ഞ സാമ്പത്തികവർഷം ഏപ്രിൽ–-ജൂൺ കാലത്ത്‌ 35.35 ലക്ഷം കോടി രൂപയായിരുന്ന ജിഡിപി ഇക്കൊല്ലം ഇതേ കാലയളവിൽ 26.90 ലക്ഷം കോടിയായി ഇടിഞ്ഞു. ധനകമ്മി ഏപ്രിൽ–-ജൂലൈ കാലയളവിൽ  8.21 ലക്ഷം കോടിയായി ഉയർന്നു. നടപ്പുവർഷത്തിലാകെ പ്രതീക്ഷിച്ച ധനകമ്മി 7.96 ലക്ഷം കോടി മാത്രം.  നടപ്പുവർഷം ബജറ്റ്‌കമ്മി ജിഡിപിയുടെ ഏഴ്‌ ശതമാനമായി ഉയരും.

ജനങ്ങളുടെ ദുരിതമേറി: യെച്ചൂരി

കോവിഡ്‌ രോഗവ്യാപന വളർച്ച നിരക്കിൽ ഏറ്റവും മുന്നിലെത്തിയ സമയത്ത്‌ തന്നെയാണ്‌ ഇന്ത്യ ജിഡിപി ഇടിവിലും ഒന്നാം സ്ഥാനം നേടിയതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനങ്ങളുടെ ദുരിതവും വേദനയും ജീവനോപാധികളുടെ വിനാശവും പെരുകുന്നു. ഇനി ജിഡിപി 35 ശതമാനം വികസിച്ചാൽ മാത്രമാണ്‌ 2017ലെ വളർച്ചതോതിൽ എത്താൻ കഴിയുക–-യെച്ചൂരി പ്രതികരിച്ചു.

സാജൻ എവുജിൻ

No comments:

Post a Comment