Friday, February 14, 2014

പണമില്ല; ഖജനാവ് പൂട്ടും

കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ സംസ്ഥാന ഖജനാവ് അടച്ചുപൂട്ടലിനോട് അടുക്കുന്നു. പദ്ധതി നിര്‍വഹണം പകുതിയിലേറെ ശേഷിക്കെ വരുമാനസ്രോതസ്സുകള്‍ കാലിയാണ്. റവന്യൂ കമ്മി കുത്തനെ കുതിച്ചതും നികുതി വരുമാനത്തിലെ ചോര്‍ച്ചയും ട്രഷറി നിക്ഷേപം കൂട്ടത്തോടെ പിന്‍വലിക്കാന്‍ അനുവദിച്ചതുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ട്രഷറിയില്‍ ഇനി ശേഷിക്കുന്നത് 300 കോടി രൂപ മാത്രമാണ്. ജനുവരി 31 വരെയുള്ള കണക്ക് പ്രകാരം 45.48 ശതമാനം മാത്രമാണ് പദ്ധതി നിര്‍വഹണം. 54 ശതമാനത്തോളം ഇനിയും ശേഷിക്കുന്നു. വിവിധ കടങ്ങളുടെ പലിശയിനത്തില്‍ ഈ വര്‍ഷം നല്‍കേണ്ടത് 7613 കോടി രൂപയാണ്. ഡിസംബര്‍ അവസാനംവരെ കൊടുത്തുതീര്‍ത്തത് 1682 കോടി മാത്രം. അവസാന മാസമാണ് പലിശബാധ്യത കുന്നുകൂടുക. മാര്‍ച്ചില്‍ മാത്രം ഇതിനായി 5500 കോടി കണ്ടെത്തണം. ഇതിനെല്ലാമുള്ള പണം എവിടെനിന്നാണെന്ന് സര്‍ക്കാരിന് നിശ്ചയമില്ല. ആയിരം കോടിയുടെ കടപ്പത്രങ്ങള്‍ ഇറക്കാന്‍ കഴിഞ്ഞ മാസം സര്‍ക്കാര്‍ തീരുമാനിച്ചതോടെ കടമെടുക്കാന്‍ ശേഷിക്കുന്നത് ആയിരം കോടിയാണ്.

നികുതിയിലും കനത്ത ചോര്‍ച്ചയുണ്ട്്. 20000 കോടി രൂപ ഇനിയും ഖജനാവിലേക്ക് എത്തേണ്ടതാണെങ്കിലും പകുതിയില്‍ താഴയേ ലഭിക്കൂ എന്നതാണ് സ്ഥിതി. ഭാഗ്യക്കുറി ഒഴികെയുള്ള മേഖലകളിലെല്ലാം നികുതിവരുമാനം ഇടിഞ്ഞു. വില്‍പ്പന നികുതി വരുമാനം 25 ശതമാനമാണ് കുറഞ്ഞത്. വാളയാര്‍ മോഡല്‍ അടക്കം കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ ഇല്ലാതാക്കിയതും ആയിരക്കണക്കിന് സ്റ്റേ അനുവദിച്ചതും വരുമാനം ചോര്‍ത്തി. മദ്യത്തിന്റെ ഉപഭോഗം വര്‍ധിക്കുമ്പോഴും നികുതി വരുമാനം ഇടിഞ്ഞു. സ്വകാര്യ ബാറുകളെ പ്രോത്സാഹിപ്പിക്കുന്ന മദ്യനയമാണ് ഇതിനു കാരണമായത്.

ബില്ലുകളും മറ്റുമായി സാമ്പത്തികവര്‍ഷത്തെ അവസാന നാലുദിവസം മാത്രം 3500-4000 കോടി കൊടുക്കേണ്ടിവരും. എങ്ങനെ ശ്രമിച്ചാലും ഇത് സാധ്യമാകില്ലെന്ന് സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭീമമായി വര്‍ധിച്ച റവന്യൂ കമ്മി ഖജനാവ് കുളം തോണ്ടുകയായിരുന്നു. ബജറ്റില്‍ പ്രതീക്ഷിച്ച കമ്മി 2269 കോടിയായിരുന്നു. കഴിഞ്ഞ മാസം തന്നെ കമ്മി 2293 കോടിയിലെത്തി. സാമ്പത്തികവര്‍ഷം അവസാനത്തോടെ ഇത് ഇരട്ടിയാകും. ജനസമ്പര്‍ക്ക പരിപാടിയും ധനവകുപ്പിനെ മറികടന്നുള്ള ധൂര്‍ത്തും സ്ഥിതി വഷളാക്കി. ധനവകുപ്പ് അറിയാതെയും അജന്‍ഡയില്‍ ഉള്‍പ്പെടുത്താതെയും മന്ത്രിസഭായോഗത്തില്‍ ഫയലുകള്‍ പാസാക്കി. എയ്ഡഡ് കോളേജുകളിലും മറ്റുമായി നിരവധി തസ്തികകള്‍ അനുവദിച്ചു. ശമ്പളപരിഷ്കരണത്തിലെ അപാകം പരിഹരിക്കുന്നതിന്റെ പേരില്‍ സമ്മര്‍ദശക്തികള്‍ക്ക് വഴിപ്പെട്ടതും പ്രതിസന്ധിക്ക് ഇരട്ടിയാക്കി. പൊതുമേഖലാസ്ഥാപനങ്ങളുടെയും മറ്റും പണം ബാങ്കിലേക്ക് മാറ്റാന്‍ അനുവദിച്ചതും സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ട്രഷറി എടിഎം തുടങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ച് ശമ്പളം ബാങ്ക് വഴിയാക്കിയതും ട്രഷറിയെ ദുര്‍ബലമാക്കി.

deshabhimani

No comments:

Post a Comment