Saturday, March 22, 2014

വായ്പ 600 കോടിമാത്രം: ട്രഷറി പൂട്ടും

സാമ്പത്തികപ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാന്‍ സര്‍ക്കാര്‍ നടത്തിയ അവസാന കളിയും പരാജയത്തില്‍. കടമെടുപ്പു പരിധി പരിഗണിക്കാതെ 1500 കോടി വായ്പ അനുവദിക്കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. 600 കോടി രൂപയുടെ വായ്പയ്ക്കുമാത്രമാണ് അനുമതിയായത്. ഇതു സംബന്ധിച്ച അറിയിപ്പും സര്‍ക്കാരിന് ലഭിച്ചു. കണക്കിലെ വാര്‍ഷിക ക്രമീകരണങ്ങള്‍കൂടിയാകുമ്പോള്‍ 450 കോടിയില്‍ താഴെയേ ലഭിക്കൂ. ഇതോടെ സാമ്പത്തികവര്‍ഷത്തിന്റെ അവസാനാളില്‍ ധനകമ്മി 1000 കോടി കവിയും. ട്രഷറി പൂട്ടും.

ശമ്പളവും പെന്‍ഷനുമടക്കം ചെലവുകള്‍ക്ക് പണമില്ലാതെയാകും. പൊതു കടപത്രങ്ങളുടെ ഈ വര്‍ഷത്തെ അവസാന ലേലം റിസര്‍വ്ബാങ്ക് 25നാണ് നടത്തുക. ഇതിനുമുമ്പ് 1500 കോടിയെങ്കിലും കടമെടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. തെരഞ്ഞെടുപ്പുകാലത്തിന്റെ സാധ്യത പരിഗണിച്ച് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. രാഷ്ട്രീയ സമ്മര്‍ദമടക്കം പ്രയോഗിച്ചിട്ടും സംസ്ഥാനസര്‍ക്കാര്‍ പരാജയപ്പെട്ടു. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി അത്ര മോശമായതിനാലാണ് കേന്ദ്രം അനുമതി നിഷേധിച്ചത്. ട്രഷറി പൂട്ടല്‍ അനിവാര്യമായതോടെ അസാധാരണ നടപടികളിലൂടെ സ്തംഭനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ പെടാപ്പാട് തുടങ്ങി.പൊതുമേഖല- സ്വയംഭരണ- സഹകരണ സ്ഥാപനങ്ങള്‍, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അനുവദിച്ച പണം ട്രഷറി അക്കൗണ്ടില്‍ത്തന്നെ സൂക്ഷിക്കണമെന്ന കര്‍ശന നിര്‍ദേശം ധനവകുപ്പ് നല്‍കി. സര്‍വകലാശാലകള്‍ക്കടക്കം പണം ലഭിക്കില്ല. വാര്‍ഷികപദ്ധതിയിലെ പണവും നല്‍കില്ല. ഈ സ്ഥാപനങ്ങളുടെ ബില്ലുകള്‍ക്ക് ഭരണാനുമതി നല്‍കുന്നതും ധനവകുപ്പ് വിലക്കി. ഫണ്ട് പാഴാകാതിരിക്കാന്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഡിമാന്‍ഡ് ഡ്രാഫ്റ്റായി തുക പിന്‍വലിക്കുന്നതും തടഞ്ഞു. ബജറ്റില്‍ മാറ്റിവച്ച തുക അനുവദിക്കാന്‍ ട്രഷറിയില്‍ പണമില്ല.

അസാധാരണ നിയന്ത്രണങ്ങളിലൂടെ ഇതില്‍നിന്ന് രക്ഷപ്പെടാനാകുമോ എന്നാണ് നോട്ടം. നികുതിപിരിവിലെ കെടുകാര്യസ്ഥതയും ധൂര്‍ത്തും സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ കണക്കിലും കള്ളക്കളി തുടങ്ങി. വാര്‍ഷിക പദ്ധതി ചെലവ് 95 ശതമാനമെങ്കിലും എത്തിക്കാന്‍ കണക്കുകള്‍ പെരുപ്പിച്ചുകാട്ടും. ജനുവരിവരെ ചെലവ് 43.75 ശതമാനമാണ്. ഫെബ്രുവരിയിലെ കണക്കില്‍ 65.31 ശതമാനമായി ഉയര്‍ത്തി. ഒരു മാസത്തില്‍ 21.50 ശതമാനം വര്‍ധന. മാര്‍ച്ച് 31നകം ചെലവില്‍ 30 ശതമാനം വര്‍ധനകൂടി കാട്ടണം. ഇതിനുള്ള പണം ട്രഷറിയില്‍ ഇല്ലാത്തതിനാല്‍ ഫണ്ട് തടഞ്ഞുവച്ച്, കണക്കില്‍ കള്ളത്തരം കാട്ടി ചെലവ് കൂട്ടിക്കാണിക്കുന്ന കുതന്ത്രം പ്രയോഗിക്കും. എല്ലാ മുന്‍കൂര്‍ ചെലവും തടഞ്ഞു. ഒരു കോടിക്കുമുകളിലെ ചെലവുകള്‍ ഉത്തരവിലൂടെ തടഞ്ഞെങ്കില്‍, ചെറിയ തുകകള്‍ക്ക് വാക്കാല്‍ വിലക്കുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 1550 കോടി രൂപയുടെ വികസനഫണ്ട് വകമാറ്റി ചെലവഴിക്കാന്‍ നിര്‍ദേശിച്ചതിലൂടെയും ട്രഷറിയില്‍നിന്ന് പണം പിന്‍വലിക്കലും വിലക്കിലാണ്.

ജി രാജേഷ്കുമാര്‍ deshabhimani

No comments:

Post a Comment