Wednesday, April 2, 2014

ശമ്പളത്തിന് എല്‍ഐസിയില്‍നിന്ന് കടമെടുക്കും

ശമ്പളവും പെന്‍ഷനും നല്‍കാന്‍ എല്‍ഐസിയില്‍നിന്ന് ഉയര്‍ന്ന പലിശയ്ക്ക് കടമെടുക്കുന്നു. 16 മുതല്‍ 22 വരെ ശതമാനം പലിശയ്ക്ക് കടം നല്‍കാമെന്ന് എല്‍ഐസി അറിയിച്ചു. ധനവകുപ്പില്‍ ഏകദേശ ധാരണയായി. ബുധനാഴ്ച മന്ത്രിസഭാ യോഗം അന്തിമ തീരുമാനമെടുക്കും. മിനിമം ഫണ്ടുമാത്രമാണ് ട്രഷറിയില്‍ അവശേഷിക്കുന്നത്.

തിങ്കളാഴ്ച ട്രഷറിയില്‍നിന്ന് പണം നല്‍കാതെ അക്കൗണ്ടില്‍ ഫണ്ട് മാറ്റിനല്‍കല്‍ നടത്തി കുറച്ചു പണം ശേഖരിച്ചിട്ടുണ്ട്. ഇടപാടുകള്‍ക്ക് മൂന്നു മാസത്തിനുള്ളില്‍ ബാങ്ക് അക്കൗണ്ടുവഴി പണം കൈപ്പറ്റാവുന്ന ചെക്ക് നല്‍കുകയായിരുന്നു. ഇവ ബാങ്കില്‍ നല്‍കുന്നതിനുമുമ്പ് ധനവകുപ്പിന്റെ അനുമതി വാങ്ങണമെന്ന രഹസ്യ നിര്‍ദേശവും നല്‍കി. ധനകാര്യപരിശോധനാവിഭാഗം പല വകുപ്പുകളിലും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മിച്ചമുണ്ടായിരുന്ന ചെറിയ തുകപോലും ട്രഷറിയിലേക്ക് മാറ്റിച്ചു. പുതിയ സാമ്പത്തികവര്‍ഷത്തിലെ കേന്ദ്രത്തില്‍നിന്നുള്ള നികുതിയുടെയും കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും ആദ്യവിഹിതം ബുധനാഴ്ചതന്നെ ട്രഷറിയിലെത്തിക്കാനുള്ള നീക്കവും നടക്കുന്നു.

നിത്യനിദാനച്ചെലവുകള്‍ക്കായി 175 കോടി രൂപ അവശേഷിക്കുന്നു. ഇതും എടുക്കും. പുതിയ വായ്പയ്ക്ക് തല്‍ക്കാലം തടസ്സമില്ല. ഈ ധൈര്യത്തിലാണ് ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് ധനമന്ത്രി ആവര്‍ത്തിക്കുന്നത്. ബുധനാഴ്ച തിരുവനന്തപുരത്ത് പ്രാദേശിക അവധിയായതിനാല്‍ തലസ്ഥാനത്ത് ശമ്പളം നല്‍കുന്നതിനുള്ള ബാധ്യത ഒരു ദിവസത്തേക്കുകൂടി നീട്ടാനാകുന്നത് സര്‍ക്കാരിന് ആശ്വാസമാണ്. തലസ്ഥാനത്താണ് ശമ്പളയിനത്തില്‍ ഏറ്റവും കുടുതല്‍ പണം വേണ്ടത്. ശമ്പളം പല ദിവസങ്ങളിലായി നല്‍കുന്നതിനാല്‍ ഒരുവിധം ഒപ്പിച്ചുപോകാനാകുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടല്‍. ബുധനാഴ്ച ഫണ്ട് എത്തുമെന്നും മുടക്കമില്ലാതെ ശമ്പളവും പെന്‍ഷനും നല്‍കുമെന്നുമാണ് ധനവകുപ്പ് അവകാശപ്പെടുന്നത്. എന്നാല്‍, വര്‍ഷാന്ത്യത്തിനുശേഷം ട്രഷറിമിച്ചം എത്രയെന്ന് വ്യക്തമാക്കാന്‍ ധനമന്ത്രിയോ വകുപ്പ് നേതൃത്വമോ തയ്യാറായിട്ടില്ല.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ അവസാന ഒരാഴ്ചമാത്രം 5541.75 കോടിയുടെ ഇടപാടുകള്‍ ട്രഷറി വഴി നടത്തിയെന്ന്് ധനമന്ത്രി കെ എം മാണി വാര്‍ത്താ കുറിപ്പില്‍ അവകാശപ്പെട്ടു. അവസാനദിവസം 2530 കോടി രൂപയുടെ ബില്ലുകള്‍ പാസാക്കി. കഴിഞ്ഞ സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്റെ മൊത്തംവരവ് 66,046.71 കോടിയും ചെലവ് 68,917.86 കോടി രൂപയുമാണ്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യഥാക്രമം 10.14 ശതമാനവും 15.74 ശതമാനവും കൂടുതലാണെന്നും മന്ത്രി അവകാശപ്പെടുന്നു. സാമ്പത്തിക ക്രമീകരണം മാത്രമാണുള്ളതെന്ന് ആവര്‍ത്തിക്കുന്ന മന്ത്രി ഇപ്പോള്‍ മിച്ചമെത്ര എന്നു പറയുന്നില്ല.

ധനവകുപ്പിലെയും ട്രഷറി വകുപ്പിലെയും ഉദ്യോഗസ്ഥര്‍ക്കെല്ലാം ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കുന്നതില്‍ കര്‍ശന വിലക്കും ഏര്‍പ്പെടുത്തി. വോട്ടെടുപ്പ് ദിവസംവരെയെങ്കിലും ശമ്പളകാര്യത്തില്‍ പരാതി ഉണ്ടാകാന്‍ പാടില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശം. അതിനാല്‍ എല്‍ഐസിയില്‍നിന്ന് വമ്പന്‍ പലിശയ്ക്ക് കടമെടുക്കുന്നതില്‍ മന്ത്രിസഭാ യോഗത്തില്‍ എന്തെങ്കിലും എതിര്‍പ്പുണ്ടായാല്‍ മുഖ്യമന്ത്രി തടയിടുമെന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ.

ജി രാജേഷ്കുമാര്‍ deshabhimani

No comments:

Post a Comment