സംസ്ഥാനം 1000 കോടി രൂപകൂടി കടമെടുക്കുന്നു. കടപ്പത്രലേലം ചൊവ്വാഴ്ച മുംബൈയില്‍ റിസര്‍വ് ബാങ്ക് നടത്തും. 9.62 ശതമാനം പലിശയിലാണ് കടപ്പത്രം ഇറക്കുന്നത്. ഇത് സംസ്ഥാനം നല്‍കുന്ന ഏറ്റവും വലിയ പലിശനിരക്കാണ്. കഴിഞ്ഞ ഒമ്പതിന് 1000 കോടി രൂപ കടമെടുത്തിരുന്നു. സംസ്ഥാന ട്രഷറിയുടെ വിശ്വാസ്യത പൂര്‍ണമായും ചോദ്യംചെയ്യപ്പെടുന്ന നിലയിലേക്കാണ് സാമ്പത്തികസ്ഥിതി. ജീവനക്കാരുടെയും അധ്യാപകരുടെയും പിഎഫ് വായ്പയും ലീവ് സറണ്ടറും ചികിത്സാസഹായവും ഭവനവായ്പയും അടക്കമുള്ള എല്ലാ ആനുകൂല്യവും നിര്‍ത്തലാക്കാനാണ് സാധ്യത. ഏപ്രില്‍ 11 മുതല്‍ എല്ലാ ആനുകൂല്യവും വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നു.
മാര്‍ച്ചിലെ ശമ്പളവും പെന്‍ഷനും ഇനിയും പൂര്‍ണമായി വിതരണം ചെയ്തിട്ടില്ല. ഇതില്‍നിന്ന് തലയൂരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 1000 കോടിയുടെ പുതിയ കടംകൂടി അടിച്ചേല്‍പ്പിക്കുന്നത്. മെയ് രണ്ടിന് ഏപ്രിലിലെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യണം. ഇതിനായി തനതുവരുമാനം ഒന്നുമില്ല. എങ്ങനെയും ശമ്പളം നല്‍കാനുള്ള നെട്ടോട്ടത്തിന്റ ഭാഗമായാണ് ചരിത്രത്തിലില്ലാത്തവിധം സാമ്പത്തികവര്‍ഷത്തിന്റെ ആദ്യമാസംതന്നെ രണ്ടാമതും കടമെടുക്കുന്നത്. ഒരു കടത്തില്‍മാത്രം അടുത്ത പത്തുവര്‍ഷത്തേക്ക് പ്രതിവര്‍ഷം 96.20 കോടി രൂപ പലിശ നല്‍കണം. പത്തുവര്‍ഷത്തേക്ക് 962 കോടി രൂപയുടെ അധികബാധ്യത. സംസ്ഥാനം സാമ്പത്തിക അരാജകത്വത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് സര്‍ക്കാര്‍ നടപടികളിലൂടെ വ്യക്തമാകുന്നത്.
9.62 ശതമാനം എന്ന ഏറ്റവുമുയര്‍ന്ന പലിശയില്‍ കടമെടുക്കുന്നതുതന്നെ സര്‍ക്കാരിന്റ സമ്പൂര്‍ണ പരാജയം വിളിച്ചോതുന്നു. ശമ്പളത്തിനും പെന്‍ഷനും മാത്രമായി 2800 മുതല്‍ 3000 കോടി രൂപ വേണം. ജനുവരി മുതല്‍ ക്ഷാമബത്ത കുടിശ്ശികയാണ്. 10 ശതമാനം ക്ഷാമബത്ത നല്‍കണം. പ്രതിമാസ കുടിശ്ശിക 300 കോടി കവിയും. ഇതിന്റെ 8.8 ശതമാനം പലിശബാധ്യത വേറെയും. സര്‍ക്കാര്‍ ചെലവുകള്‍ നീട്ടിക്കൊണ്ടുപോകുന്നതിലൂടെ സാമ്പത്തിക ബാധ്യത കുന്നുകൂടുന്നു. 20 ദിവസത്തിനുള്ളില്‍ 2000 കോടി രൂപയുടെ കടമാണ് അടിച്ചേല്‍പ്പിച്ചത്. കടമെടുത്ത് വികസന ആവശ്യങ്ങള്‍പോലും നിര്‍വഹിക്കാന്‍ പാടില്ലെന്ന് അവകാശപ്പെട്ട ആളാണ് ധനമന്ത്രി കെ എം മാണി. എന്നിട്ട് നിത്യച്ചെലവിനുപോലും കടമെടുക്കുകയാണ് സര്‍ക്കാര്‍.
ജി രാജേഷ്കുമാര്‍ deshabhimani
No comments:
Post a Comment