സാമ്പത്തിക വര്‍ഷാന്ത്യത്തില്‍ സംസ്ഥാന ട്രഷറി ഫലത്തില്‍ അടച്ചുപൂട്ടുന്നത് ജനദ്രോഹവും വികസന വിരുദ്ധവുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനത്തെ എത്തിച്ചത് ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വികസന- ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പകുതിയോളം തുകമാത്രമേ ചെലവഴിച്ചിട്ടുള്ളൂ. ബാക്കി തുക ഉപയോഗിച്ച് വികസന-ക്ഷേമ പരിപാടികള്‍ നടത്തി മാര്‍ച്ച് 31നകം ബില്ലുകള്‍ പാസാക്കുന്നതിനാണ് പ്രാദേശിക സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. എന്നാല്‍, ട്രഷറി കാലിയാക്കിയ സര്‍ക്കാര്‍ പ്രാദേശിക വികസനത്തിന് നിരോധനം അടിച്ചേല്‍പ്പിച്ചിരിക്കുന്നു. മാര്‍ച്ച് 26 മുതല്‍ ബില്ലുകളൊന്നും മാറേണ്ട എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഏതെങ്കിലും ബില്ലുകള്‍ മാറണമെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവും വേണം. ഇതിന്റെ അര്‍ഥം സംസ്ഥാനത്ത് യുഡിഎഫ് ഭരണം സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പാക്കിയിരിക്കുന്നു എന്നാണ്.
ഗുരുതരമായ ഈ സ്ഥിതിവിശേഷം എന്തുകൊണ്ടുണ്ടായി എന്ന് അറിയിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കും ധനമന്ത്രിക്കുമുണ്ട്. നികുതി പിരിച്ചെടുക്കുന്നതിലെ അനാസ്ഥ, കേന്ദ്രത്തില്‍നിന്ന് ന്യായമായ വിഹിതം വാങ്ങുന്നതിലെ ഉപേക്ഷ, അധിക വിഭവ സമാഹരണത്തില്‍ കാട്ടിയ ശുഷ്കാന്തിയില്ലായ്മ, ഭരണധൂര്‍ത്ത്, അഴിമതി എന്നിവയൊക്കെ പ്രതിസന്ധിയിലേക്ക് നയിച്ച ഘടകങ്ങളാണ്. എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് സര്‍ക്കാര്‍ ഭരണമേറ്റെടുത്തത് സമ്പന്നമായ ട്രഷറിയോടെയായിരുന്നു. എന്നാല്‍, എല്‍ഡിഎഫ് അധികാരത്തില്‍ ഉണ്ടായിരുന്നതിന്റെ മൂന്നിരട്ടിയോളമായി റവന്യൂ കമ്മി വര്‍ധിച്ചു. 2008-09ല്‍ 3711.67 കോടി രൂപയായിരുന്നത് 2012-13ല്‍ 9351 കോടിയായി. മൂന്നുവര്‍ഷംകൊണ്ട് വര്‍ധിച്ചത് മൂന്നിരട്ടി. ധനകമ്മി ഇതേ ഘട്ടത്തില്‍ 6346 കോടിയില്‍നിന്ന് 15,002 കോടിയിലേക്ക് ഉയര്‍ന്നു. ഇത്തരമൊരു സ്ഥിതി സൃഷ്ടിച്ച യുഡിഎഫ് ഭരണത്തിന്റെ കൊള്ളരുതായ്മയാണ് ട്രഷറി പൂട്ടുന്നതിനു തുല്യമായ അവസ്ഥയിലെത്തിച്ചത്.
റവന്യൂ വരുമാനത്തിലെ കേന്ദ്രവിഹിതം 2007-08ല്‍ 29.55 ശതമാനമായിരുന്നത് 22.34 ശതമാനമായി ചുരുങ്ങി. ഗ്രാന്റ്-ഇന്‍-എയ്ഡും ഇടിഞ്ഞു. സംസ്ഥാനം കടുത്ത വേനലിലേക്ക് കടക്കുമ്പോള്‍ കുടിവെള്ളം എത്തിക്കുന്നതിന് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ട്രഷറി നിയന്ത്രണംമൂലം തടസ്സപ്പെടും. വേനല്‍ക്കെടുതിക്ക് പരിഹാരമുണ്ടാക്കാന്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കൈമാറുന്നത് വിലക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ട്രഷറി പൂട്ടലിനു തുല്യമായ അവസ്ഥ സൃഷ്ടിച്ച സംസ്ഥാന സര്‍ക്കാരിന്റെ കൊള്ളരുതായ്മയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ എല്ലാ വിഭാഗം ജനങ്ങളോടും പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.
സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ
തിരു: സംസ്ഥാനത്ത് അപ്രഖ്യാപിത സാമ്പത്തിക അടിയന്തരാവസ്ഥ. എല്ലാത്തരം ചെലവുകള്‍ക്കും കടുത്തനിയന്ത്രണം ഏര്‍പ്പെടുത്തി. ധനവകുപ്പിന്റെ പ്രത്യേക അനുമതിയുള്ള ബില്ലുകള്‍മാത്രമേ മാറിനല്‍കാവൂ എന്ന് ട്രഷറി ഡയറക്ടര്‍ കര്‍ശനിര്‍ദേശം നല്‍കി. ഈ വര്‍ഷത്തെ പ്രതീക്ഷിത റവന്യൂ വരുമാനത്തില്‍ 10,900 കോടി രൂപ കുറവുണ്ടായി. മാര്‍ച്ചിലെ ശമ്പളവും പെന്‍ഷനും വിതരണംചെയ്യാനുള്ള നെട്ടോട്ടത്തിലാണ് സര്‍ക്കാര്‍. ശനിയാഴ്ചമുതല്‍ ഫണ്ട് വിതരണത്തിനുള്ള കത്ത് (അലോട്ട്മെന്റ് ലെറ്റര്‍) ട്രഷറികളില്‍ സ്വീകരിച്ചിരുന്നില്ല. ബുധനാഴ്ച മൂന്നുമണിക്കുശേഷം ട്രഷറി ബില്‍, ചെക്ക്, ചെലാന്‍ എന്നിവയൊന്നും എടുക്കേണ്ടതില്ലെന്നും ട്രഷറി ഡയറക്ടര്‍ ട്രഷറി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
കഴിഞ്ഞ 20നുശേഷം മുന്‍കൂര്‍ ബില്ലില്‍ പണം അനുവദിക്കുന്നില്ല. റവന്യൂ വരുമാനം കുത്തനെ ഇടിഞ്ഞതോടെയാണ് സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകളെല്ലാം കര്‍ശനമായി നിയന്ത്രിക്കാന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പായതിനാല്‍ ശമ്പളവും പെന്‍ഷനും ഏതുവിധേനയും വിതരണംചെയ്യണമെന്ന നിര്‍ദേശം ധനവകുപ്പിന് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കേന്ദ്രവിഹിതത്തില്‍നിന്ന് പ്രതീക്ഷിക്കുന്ന ആയിരം കോടിക്കുപുറമെ കടപ്പത്രത്തിലൂടെ 600 കോടിയും ഈ മാസംതന്നെ ലഭിക്കുമെന്നാണ് ധനവകുപ്പ് കരുതുന്നത്. എന്നാലും 1500 കോടി രൂപയെങ്കിലും പുറമെനിന്ന് കണ്ടെത്തിയാലേ ഈ മാസം തള്ളിനീക്കാനാകൂ. ഇല്ലെങ്കില്‍ കേരളത്തിന്റെ ട്രഷറികള്‍ക്ക് റിസര്‍വ് ബാങ്ക് താഴിടും. ഇത് മറികടക്കാനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയടക്കം സര്‍ക്കാര്‍ സമീപിച്ചു. തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളുടെ മിച്ചഫണ്ടാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബോര്‍ഡുകളുടെ ബാങ്ക് നിക്ഷേപങ്ങള്‍ തല്‍ക്കാലത്തേക്ക്് ട്രഷറിയിലേക്ക് മാറ്റാനാണ് നീക്കം. ഇതിലൂടെ ഈ മാസം കടന്നുപോകാമെന്ന്് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍, ഏപ്രില്‍മുതല്‍ കൂടുതല്‍ കടുത്തപ്രതിസന്ധിക്കും നടപടികള്‍ക്കും ഇത് കാരണമാകും.
നികുതിവരുമാനം കുത്തനെ ഇടിഞ്ഞത് പ്രതിസന്ധിക്ക് ആക്കംകൂട്ടി. രജിസ്ട്രേഷന്‍നികുതിയും സ്റ്റാമ്പ് ഡ്യൂട്ടിയുമായി 4207 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തി. എന്നാല്‍, മാസം അവസാനിക്കുമ്പോള്‍ വരവ് 2294 കോടി രൂപയില്‍ ഒതുങ്ങും. 50 ശതമാനത്തിന്റെ കുറവാണ് ധനവകുപ്പ് കണക്കാക്കുന്നത്. വാണിജ്യനികുതിയില്‍ 15 ശതമാനം കുറവുണ്ട്. 28,456 കോടിയുടെ വരവ് പ്രതീക്ഷിച്ചു. 24,558 കോടിയില്‍ ഒതുങ്ങും. എക്സൈസ് നികുതി 36 ശതമാനം കുറയും. മോട്ടോര്‍വാഹനികുതിയില്‍ 32 ശതമാനമാണ് കുറവ്. 2570 കോടി ഉണ്ടാകേണ്ടത് 2027 കോടിയില്‍ അവസാനിക്കും. നികുതിയിതര വരുമാനത്തിലും 972 കോടിയുടെ കുറവുണ്ടാകുമെന്നാണ് ധനവകുപ്പിന്റെ അന്തിമവിശകലനം. ബജറ്റില്‍ 4821 കോടിയുടെ വരവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, 3839 കോടിയില്‍ ഒതുങ്ങും. കേന്ദ്രവിഹിതത്തിലും വലിയ അന്തരമുണ്ട്. 12,523 കോടി രൂപ ലഭിക്കേണ്ടിടത്ത് 10,061 കോടിമാത്രമാണ് മാര്‍ച്ച് 19 വരെ ലഭിച്ചത്. 2462 കോടിയുടെ കുറവ്. ഇനി എത്ര ശ്രമിച്ചാലും ആയിരം കോടിയിലധികം കേന്ദ്രത്തില്‍നിന്ന് ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍.
ജി രാജേഷ് കുമാര്‍ deshabhimani
No comments:
Post a Comment