രാജ്യത്ത് സ്വച്ഛ് വിദ്യാലയ അഭിയാന്റെ ഭാഗമായി നിർമിച്ച സ്‌കൂൾ ശുചിമുറികളില്‍ 72 ശതമാനത്തിലും വെള്ളമില്ലെന്ന് സിഎജി. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് നിർമിച്ച ശുചിമുറികളില്‍ 30 ശതമാനവും ഉപയോഗിക്കുന്നില്ല. 55 ശതമാനത്തിലും കൈ ശുചിയാക്കാൻ വഴിയില്ല, 30 ശതമാനത്തിൽ സോപ്പോ അണുനാശിനിയോ ലഭ്യമല്ലെന്നും സിഎജിയുടെ സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. കഴിഞ്ഞവര്‍ഷം നടത്തിയ സർവേയുടെ റിപ്പോർട്ട് ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ പാർലമെന്റില്‍ വച്ചു.
പതിനഞ്ച് സംസ്ഥാനത്തെ 2048 സ്‌കൂളിലെ 2695 ശുചിമുറി പരിശോധിച്ചാണ് സിഎജി സർവേ നടത്തിയത്. ആൺകുട്ടികളും പെൺകുട്ടികളും ചേർന്ന് പഠിക്കുന്ന 1967 സ്‌കൂളുകളില്‍ 99ലും ശുചിമുറി ഇല്ല. 436 ഇടത്ത് ഒറ്റ ശുചിമുറിമാത്രം. ആണ്‍കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറി വേണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം 535 സ്‌കൂളിലും നടപ്പായില്ല.
പൊതുമേഖലാ സ്ഥാപനങ്ങൾവഴി നിർമിക്കാന്‍ നിര്‍ദേശിച്ചവയിൽ 200 എണ്ണം നിർമിച്ചിട്ടില്ല. 86 എണ്ണത്തിന്റെ നിർമാണം ഭാഗികം. ഒരുവർഷംകൊണ്ട് പദ്ധതി പൂർത്തീകരിക്കുമെന്ന മന്ത്രാലയത്തിന്റെ പ്രഖ്യാപനം നടപ്പായില്ലെന്നും റിപ്പോർട്ടിലുണ്ട്.
No comments:
Post a Comment