സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരമായി നല്‍കേണ്ട 47,272 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നിയമവിരുദ്ധമായി വകമാറ്റിയെന്ന് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) കണ്ടെത്തി. ജിഎസ്‌ടി നഷ്ടപരിഹാര ഫണ്ടിൽ മതിയായ തുകയില്ലെന്ന പേരിൽ സംസ്ഥാനങ്ങൾക്ക് അര്‍ഹമായവിഹിതം കേന്ദ്രം നിഷേധിക്കുമ്പോഴാണ് വകമാറ്റല്‍ വിവരം പുറത്തുവരുന്നത്.
ജിഎസ്‌ടി നഷ്ടപരിഹാര സെസ് വഴി 2017–-18, 2018–-19ല്‍ പിരിച്ച തുക വകമാറ്റിയത് 2017ല്‍ പാസാക്കിയ ജിഎസ്‌ടി നഷ്ടപരിഹാരനിയമത്തിന്റെ ലംഘനമാണെന്നും സിഎജി റിപ്പോർട്ടിലുണ്ട്. ജിഎസ്‌ടി നഷ്ടപരിഹാര സെസ് പൂർണമായി പ്രത്യേക ഫണ്ടിലേക്ക് മാറ്റണമെന്നും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നഷ്ടപരിഹാരം നൽകാൻമാത്രം വിനിയോഗിക്കണമെന്നുമാണ് വ്യവസ്ഥ.
2018–-19ൽ സെസ് ഇനത്തിൽ 95,081 കോടി കിട്ടിയപ്പോൾ പ്രത്യേക ഫണ്ടിലേക്ക് മാറ്റിയത് 54,275 കോടിമാത്രം. 2017–-18ലും സമാനമായ നിയമലംഘനമുണ്ടായി. കേന്ദ്രത്തിന്റെ ധനകമ്മി കുറച്ചുകാണിക്കാൻ ഈ തുക പൊതുഫണ്ടിൽ ഇട്ടു. ജിഎസ്‌ടി നഷ്ടപരിഹാര അക്കൗണ്ടിങ് നടപടികക്രമങ്ങളും കേന്ദ്രം പാലിച്ചില്ല. ജിഎസ്‌ടി നഷ്ടപരിഹാരം കേന്ദ്രത്തിന്റെ ഔദാര്യമല്ല, സംസ്ഥാനങ്ങളുടെ അവകാശമാണ്. ധനമന്ത്രാലയം ഉടൻ നടപടി തിരുത്താൻ സിഎജി നിര്‍ദേശിച്ചു.
നടപ്പു സാമ്പത്തികവർഷം ഏപ്രിൽ–- ജൂലൈ കാലയളവിൽ ജിഎസ്‌ടി നഷ്ടപരിഹാരമായി കേന്ദ്രം സംസ്ഥാനങ്ങൾക്ക് 1.51 ലക്ഷം കോടി നൽകാനുണ്ടെന്ന് കേന്ദ്രസർക്കാർ രാജ്യസഭയെ അറിയിച്ചിരുന്നു. സെസ് തുക അപര്യാപ്‌തമാണെന്നും ഫണ്ടിന്റെ ലഭ്യതപ്രകാരം സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കുന്നുണ്ടെന്നുമാണ് ധനസഹമന്ത്രി സഭയിൽ മറുപടി നൽകിയത്. കേന്ദ്രസർക്കാരിന്റെ അവകാശവാദങ്ങളുടെ വിശ്വസനീയത ചോദ്യംചെയ്യുന്നതാണ് സിഎജി റിപ്പോർട്ട്.
No comments:
Post a Comment