Saturday, June 5, 2010

സ്പെഷ്യാലിറ്റി സംവിധാനം അട്ടിമറിക്കരുത്

കേരളത്തിലെ പൊതുജനാരോഗ്യ മേഖലയില്‍ ജനക്ഷേമകരമായ മാറ്റത്തിന് തുടക്കം കുറിച്ചാണ് 100 കിടക്കയ്ക്കു മുകളിലുള്ള മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തുന്നതിന് സ്പെഷ്യാലിറ്റി-അഡ്മിനിസ്ട്രേറ്റീവ് കേഡര്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ ആശുപത്രികളില്‍ നേരത്തെ സിവില്‍ സര്‍ജന്‍, അസി. സര്‍ജന്‍ എന്നീ തസ്തികകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇനി ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, കണ്‍സള്‍ട്ടന്റ്, സീനിയര്‍ കണ്‍സള്‍ട്ടന്റ്, ചീഫ് കണ്‍സള്‍ട്ടന്റ് എന്നീ തസ്തികകളിലാവും ഡോക്ടര്‍മാരെ നിയമിക്കുക.

ഗൈനക്കോളജിസ്റ്റ് കുഷ്ഠരോഗാശുപത്രിയിലും അസ്ഥിരോഗ വിദഗ്ധന്‍ പ്രസവാശുപത്രിയിലും സര്‍ജറിയില്‍ ഉന്നത ബിരുദം നേടിയവര്‍ ഓപ്പറേഷന്‍ തിയറ്റര്‍ ഇല്ലാത്ത ആശുപത്രികളിലും ജോലിചെയ്യുന്ന അവസ്ഥയാണ് കേരളത്തില്‍ പതിറ്റാണ്ടുകളായി നിലനിന്നത്. ഗൈനക്കോളജിസ്റ്റ് ഉണ്ടെങ്കിലും ലേബര്‍ റൂം ഇല്ല, ലേബര്‍ റൂം ഉള്ളിടത്ത് ഗൈനക്കോളജിസ്റ്റ് ഇല്ല, സര്‍ജറി നടക്കാത്തിടത്ത് അനസ്തറ്റിസ്റ്റ്-ഇങ്ങനെയുള്ള സ്ഥിതിക്കാണ് മാറ്റം വന്നത്. ഇനി ഒരു ആശുപത്രിയില്‍നിന്ന് ഗൈനക്കോളജിസ്റ്റ് സ്ഥലം മാറിപ്പോകുമ്പോള്‍ പകരം അതേ വിഭാഗത്തില്‍പെട്ട ഡോക്ടര്‍ക്ക് മാത്രമേ പോസ്റ്റിങ് നല്‍കൂ. ആശുപത്രികളിലെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പ്രത്യേകം തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിയിട്ടുമുണ്ട്.
തിരക്കേറിയ ആശുപത്രികളില്‍ രോഗികളെ പരിശോധിക്കുന്നതോടൊപ്പം ഭരണകാര്യങ്ങളും നോക്കേണ്ടിവരുന്ന ഡോക്ടര്‍മാര്‍ക്ക് ആശുപത്രികളുടെ വികസന കാര്യങ്ങളിലോ ദൈനംദിന ഭരണത്തിലോ ഇടപെടാന്‍ കഴിഞ്ഞിരുന്നില്ല. ഇത് ആശുപത്രികളുടെ ഭൌതിക സാഹചര്യങ്ങളെ പാടെ മോശമാക്കുന്ന സ്ഥിതിയുണ്ടാക്കി. ഇതിനും പരിഹാരമാവുകയാണ്. താലൂക്ക് നിലവാരത്തില്‍ ഉയര്‍ത്തപ്പെട്ട ആശുപത്രികളില്‍ ഉള്‍പ്പെടെ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തുന്നതിനും റോഡപകടങ്ങളിലും മറ്റ് അത്യാഹിതങ്ങളിലും പെടുന്നവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പുവരുത്തുന്നതിനും കാഷ്വാലിറ്റി സംവിധാനവും ഏര്‍പ്പെടുത്തി. ഇതിനായി ഓരോ ആശുപത്രിയിലും നാല് വീതം ഡോക്ടര്‍മാരെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരായി നിയമിച്ചു. സംസ്ഥാനത്തെ നൂറോളം സര്‍ക്കാര്‍ ആശുപത്രികള്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗവുമുള്ള ആശുപത്രികളായി ഉയരുകയാണ്. ഏത് സ്വകാര്യ സ്പെഷ്യാലിറ്റി ആശുപത്രികളില്‍നിന്നും ലഭിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട ചികിത്സ ഇവിടങ്ങളില്‍ ലഭിക്കും. സൂപ്പര്‍സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജും സുസജ്ജമാണ്. ഇതോടെ ആരോഗ്യരംഗത്തെ കേരള മാതൃകയുടെ പുതിയ അധ്യായമാണ് കൂട്ടിച്ചേര്‍ക്കപ്പെടുന്നത്.

രണ്ടരപതിറ്റാണ്ടിലേറെയായി ആരോഗ്യ മേഖലയില്‍ സ്പെഷ്യാലിറ്റി കേഡര്‍ നടപ്പാക്കണമെന്ന ആവശ്യം ഉയരുന്നു. സ്പെഷ്യാലിറ്റി കേഡര്‍ എന്തു വിലകൊടുത്തും നടപ്പാക്കുമെന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യപ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു. പുതിയ രീതി നടപ്പാക്കുമ്പോള്‍ വ്യക്തിപരമായി പ്രയാസങ്ങള്‍ ഉണ്ടാവുന്ന ചില ഡോക്ടര്‍മാര്‍ നിരന്തരം കോടതി വ്യവഹാരത്തില്‍ ഏര്‍പ്പെട്ടു. നീണ്ട നിയമയുദ്ധത്തിനും ഭരണപരമായ നടപടിക്രമങ്ങള്‍ക്കും ശേഷമാണ് തീരുമാനം യാഥാര്‍ഥ്യമാക്കിയത്. പുതിയ ഉത്തരവ് നടപ്പാക്കുമ്പോള്‍ സ്വാഭാവികമായും ചില ഡോക്ടര്‍മാര്‍ക്കെങ്കിലും താല്‍പ്പര്യമുള്ള സ്ഥലത്ത് കിട്ടണമെന്നില്ല. അങ്ങനെയുള്ള ചിലര്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്ഥലംമാറ്റ ഉത്തരവില്‍ തിങ്കളാഴ്ചവരെ തല്‍സ്ഥിതി തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലംമാറ്റ ഉത്തരവില്‍ എന്തെങ്കിലും അപാകതകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അത് തിങ്കളാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കുമെന്ന് സര്‍ക്കാരും ബോധിപ്പിച്ചിട്ടുണ്ട്. അപാകത ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതുമാണ്.

വിരലിലെണ്ണാവുന്ന ചില ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് കോട്ടം തട്ടുംവിധം ഉണ്ടായ സ്ഥലംമാറ്റത്തിന്റെ പേരില്‍ ആരോഗ്യമേഖലയില്‍ സമൂലായ മാറ്റത്തിന് തുടക്കം കുറിക്കുന്ന തീരുമാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന് ഖേദകരമാണ്. ഡോക്ടര്‍മാരുടെ സംഘടന പതിറ്റാണ്ടുകളായി ഉന്നയിക്കുന്ന ഒരു പ്രധാന ആവശ്യമാണിത്. സര്‍ക്കാരുമായി നടത്തുന്ന ഓരോ ചര്‍ച്ചയിലെയും സംഘടനയുടെ ആദ്യത്തെ ആവശ്യം സ്പെഷ്യാലിറ്റി കേഡര്‍ നടപ്പാക്കണമെന്നതായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഓരോ ഘട്ടത്തിലും സംഘടനയുമായി മന്ത്രി നേരിട്ടും ഉദ്യോഗസ്ഥതലത്തിലും ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയതാണ്. സംഘടന മുന്നോട്ടുവച്ച ഫോര്‍മുലയുടെ അടിസ്ഥാനത്തിലാണ് സീനിയോറിറ്റിയും മറ്റും നിശ്ചയിച്ചത്. ഇപ്പോള്‍ ഉണ്ടായി എന്ന് പറയുന്ന ഒറ്റപ്പെട്ട അപാകതകളുടെ പേരില്‍ തീരുമാനംതന്നെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണം. ഡോക്ടര്‍മാരുടെ സ്ഥലംമാറ്റത്തിന്റെ ഭാഗമായി ചുരുക്കം ചില ആശുപത്രികളില്‍ പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ പ്രയാസങ്ങള്‍ രണ്ടു ദിവസത്തിനകം പരിഹരിക്കുമെന്നാണ് മന്ത്രി ഉറപ്പ് നല്‍കിയത്.

ഇതിനിടയില്‍, ആശുപത്രി പ്രവര്‍ത്തനങ്ങള്‍ ആകെ താറുമാറായി എന്ന പ്രചാരണവുമായി ഏതാനും മാധ്യമങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. നാല് വര്‍ഷം മുമ്പ് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥിതി ഇവര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. നാല് വര്‍ഷം മുമ്പ് 40 ശതമാനം ഡോക്ടര്‍മാരുടെ ഒഴിവുണ്ടായിരുന്നു. ഇപ്പോള്‍ എന്‍ട്രി കേഡറില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ പൂര്‍ണമായി നികത്തി. രാജ്യത്തെങ്ങും ഗ്രാമീണ മേഖലയില്‍ ഡോക്ടര്‍മാരുടെ കടുത്ത ക്ഷാമം നേരിടുമ്പോഴാണ് കേരളത്തില്‍ ഈ ഒഴിവുകള്‍ നികത്തിയതെന്നത് ഓര്‍ക്കണം. നാലു വര്‍ഷം മുമ്പ് മുറിവ് വച്ചുകെട്ടാന്‍ പഞ്ഞിപോലുമില്ലെന്ന പരാതികളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് ഉയര്‍ന്നത്. ഇന്ന് മരുന്ന് യഥേഷ്ടം ലഭ്യമാണ്. അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തിലും വന്‍ കുതിച്ചുചാട്ടമാണുണ്ടായിട്ടുള്ളത്. ഇത് ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഗുണഫലമാണ്. ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ് പരിഷ്കാരങ്ങള്‍ എന്നും അത് തങ്ങളില്‍ മഹാഭൂരിപക്ഷത്തിനും പ്രയോജനംചെയ്യുമെന്നും തിരിച്ചറിഞ്ഞ് സ്പെഷ്യലിസ്റ് കേഡര്‍ തീരുമാനം വിജയിപ്പിക്കാന്‍ എല്ലാ ഡോക്ടര്‍മാരും തയ്യാറാകണം.

ദേശാഭിമാനി മുഖപ്രസംഗം 05062010

1 comment:

  1. ഇതിനിടയില്‍, ആശുപത്രി പ്രവര്‍ത്തനങ്ങള്‍ ആകെ താറുമാറായി എന്ന പ്രചാരണവുമായി ഏതാനും മാധ്യമങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. നാല് വര്‍ഷം മുമ്പ് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥിതി ഇവര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. നാല് വര്‍ഷം മുമ്പ് 40 ശതമാനം ഡോക്ടര്‍മാരുടെ ഒഴിവുണ്ടായിരുന്നു. ഇപ്പോള്‍ എന്‍ട്രി കേഡറില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ പൂര്‍ണമായി നികത്തി. രാജ്യത്തെങ്ങും ഗ്രാമീണ മേഖലയില്‍ ഡോക്ടര്‍മാരുടെ കടുത്ത ക്ഷാമം നേരിടുമ്പോഴാണ് കേരളത്തില്‍ ഈ ഒഴിവുകള്‍ നികത്തിയതെന്നത് ഓര്‍ക്കണം. നാലു വര്‍ഷം മുമ്പ് മുറിവ് വച്ചുകെട്ടാന്‍ പഞ്ഞിപോലുമില്ലെന്ന പരാതികളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് ഉയര്‍ന്നത്. ഇന്ന് മരുന്ന് യഥേഷ്ടം ലഭ്യമാണ്. അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തിലും വന്‍ കുതിച്ചുചാട്ടമാണുണ്ടായിട്ടുള്ളത്. ഇത് ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഗുണഫലമാണ്. ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ് പരിഷ്കാരങ്ങള്‍ എന്നും അത് തങ്ങളില്‍ മഹാഭൂരിപക്ഷത്തിനും പ്രയോജനംചെയ്യുമെന്നും തിരിച്ചറിഞ്ഞ് സ്പെഷ്യലിസ്റ് കേഡര്‍ തീരുമാനം വിജയിപ്പിക്കാന്‍ എല്ലാ ഡോക്ടര്‍മാരും തയ്യാറാകണം.

    ReplyDelete