Monday, March 26, 2012

കര്‍ണാടകത്തില്‍ 2 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു

കടക്കെണിയില്‍പ്പെട്ട് കര്‍ണാടകത്തിലെ ഗുല്‍ബര്‍ഗ, സിര്‍സി ജില്ലകളില്‍ രണ്ട് കര്‍ഷകര്‍ ആത്മഹത്യചെയ്തു. ഗുല്‍ബര്‍ഗ അഫ്സാല്‍പുര്‍ താലൂക്കിലെ ആണൂരിലെ മല്‍ക്കപ്പ ദബാഡെ (51), സിര്‍സി സിദ്ധാപുര കോള്‍സിര്‍സിയിലെ ഈശ്വര്‍ സണ്ണനായ്ക് (59) എന്നിവരാണ് ജീവനൊടുക്കിയത്. പരുത്തി കര്‍ഷകനായ മല്‍ക്കപ്പ കാര്‍ഷികാവശ്യത്തിന് ബാങ്കില്‍നിന്ന് അഞ്ചുലക്ഷം രൂപ വായ്പയെടുത്തിരുന്നു. കടുത്ത വരള്‍ച്ചയെത്തുടര്‍ന്ന് കൃഷി നശിച്ചതോടെ വായ്പാ തിരിച്ചടവ് മുടങ്ങി. ഇതില്‍ മനംനൊന്താണ് ഇയാള്‍ വിഷം കഴിച്ചത്. സണ്ണനായ്ക് കീടനാശിനി കഴിച്ചാണ് ആത്മഹത്യ ചെയ്തത്. കാര്‍ഷികാവശ്യത്തിന് സണ്ണനായ്ക് ബാങ്കുകളില്‍നിന്നും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍നിന്നും വന്‍തുക വായ്പയെടുത്തിരുന്നു. കൃഷി നശിച്ചതില്‍ ഏറെക്കാലമായി സണ്ണനായ്ക് ദുഃഖിതനായിരുന്നു. ശനിയാഴ്ച ഇയാളെ കാണാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് തോട്ടത്തിനോടുചേര്‍ന്ന സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നാഴ്ചയ്ക്കിടെ ഏഴ് കര്‍ഷകരാണ് കടക്കെണിമൂലം കര്‍ണാടകത്തില്‍ ആത്മഹത്യ ചെയ്തത്.

കടുത്ത വരള്‍ച്ച: കര്‍ണാടകത്തില്‍കാര്‍ഷികോല്‍പ്പാദനം കുറയുന്നു

ബംഗളൂരു: ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തതയും കടുത്ത വരള്‍ച്ചയുംമൂലം കര്‍ണാടകത്തില്‍ കാര്‍ഷികോല്‍പ്പാദനം കുറയുന്നു. കാര്‍ഷികമേഖലയായ 13 ജില്ലകളില്‍ കാര്‍ഷികവൃത്തിയില്‍നിന്ന് കര്‍ഷകര്‍ കൂട്ടത്തോടെ പിന്തിരിഞ്ഞു. മതിയായ വില ലഭിക്കാത്തതിനാലും കൃഷി വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിനാലും ആത്മഹത്യചെയ്യുന്ന കര്‍ഷകരുടെ എണ്ണവും കൂടിവരികയാണ്. സംസ്ഥാനത്ത് 127 താലൂക്ക് കടുത്ത വരള്‍ച്ചയുടെ പിടിയിലാണ്. ബീദര്‍ , ഗുല്‍ബര്‍ഗ, റെയ്ച്ചൂര്‍ , ഹുബ്ബള്ളി-ധാര്‍വാഡ്, ബെലഗവി, ബിജാപ്പുര്‍ , മൈസൂരു, രാമനഗര, ചിക്ക്ബല്ലാപുര, എന്നീ ജില്ലകളിലാണ് വരള്‍ച്ച ഏറെ രൂക്ഷം. നെല്‍കൃഷിക്ക് പേരുകേട്ട ദക്ഷിണകാനറ, ഉഡുപ്പി ജില്ലകളുടെ സ്ഥിതിയും മറിച്ചല്ല. കടുത്ത വേനലില്‍ പുഴകളും തടാകങ്ങളും വറ്റിവരണ്ടതും കാര്‍ഷികമേഖലയ്ക്ക് തിരിച്ചടിയായി.

കൃഷ്ണ, നേത്രാവതി, ഭദ്ര എന്നീ നദികളില്‍നിന്നാണ് ഉത്തര കര്‍ണാടകത്തിന്റെ വിവിധ മേഖലകളില്‍ ജലസേചന സൗകര്യം ലഭ്യമാക്കിയിരുന്നത്. ഈ നദികളിലെ നീരൊഴുക്ക് കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായി. കാര്‍ഷികോല്‍പ്പാദനത്തില്‍ ഗണ്യമായ ഇടിവാണ് ഈ വര്‍ഷം ഉണ്ടായത്. 21 ശതമാനം ഇടിവുണ്ടായെന്ന് കൃഷിവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉല്‍പ്പാദനം കുറഞ്ഞതിനെത്തുടര്‍ന്ന് പച്ചക്കറി അടക്കമുള്ള സാധനങ്ങള്‍ക്ക് വിപണിയില്‍ വിലവര്‍ധനയും അനുഭവപ്പെട്ടു. കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ബജറ്റും പദ്ധതികളും പ്രഖ്യാപിച്ചെങ്കിലും ഇതൊന്നും നടപ്പായില്ല. കഴിഞ്ഞ കാര്‍ഷിക ബജറ്റിലെ പ്രഖ്യാപനങ്ങള്‍ അതേപടി ആവര്‍ത്തിക്കുകയായിരുന്നു ഇത്തവണയും. വരള്‍ച്ച മറികടക്കാന്‍ ആവശ്യമായ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയാത്തതാണ് കാര്‍ഷികമേഖലയില്‍ കടുത്ത പ്രതിസന്ധിക്ക് വഴിയൊരുക്കുന്നതെന്ന് പ്രാന്ത്യ റെയ്ത്തസംഘ പ്രസിഡന്റ് മാരുതി മാന്‍പടെ പറഞ്ഞു.

deshabhimani 260312

1 comment:

  1. കടക്കെണിയില്‍പ്പെട്ട് കര്‍ണാടകത്തിലെ ഗുല്‍ബര്‍ഗ, സിര്‍സി ജില്ലകളില്‍ രണ്ട് കര്‍ഷകര്‍ ആത്മഹത്യചെയ്തു. ഗുല്‍ബര്‍ഗ അഫ്സാല്‍പുര്‍ താലൂക്കിലെ ആണൂരിലെ മല്‍ക്കപ്പ ദബാഡെ (51), സിര്‍സി സിദ്ധാപുര കോള്‍സിര്‍സിയിലെ ഈശ്വര്‍ സണ്ണനായ്ക് (59) എന്നിവരാണ് ജീവനൊടുക്കിയത്. പരുത്തി കര്‍ഷകനായ മല്‍ക്കപ്പ കാര്‍ഷികാവശ്യത്തിന് ബാങ്കില്‍നിന്ന് അഞ്ചുലക്ഷം രൂപ വായ്പയെടുത്തിരുന്നു. കടുത്ത വരള്‍ച്ചയെത്തുടര്‍ന്ന് കൃഷി നശിച്ചതോടെ വായ്പാ തിരിച്ചടവ് മുടങ്ങി.

    ReplyDelete