Tuesday, March 6, 2012

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയം; തെരച്ചിലിന് സ്വകാര്യ ഏജന്‍സി

കപ്പല്‍ ഇടിച്ചുതകര്‍ന്ന ബോട്ടില്‍ നിന്നു കാണാതായ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ ഏജന്‍സിയുടെ സഹായം തേടി. ഇന്റര്‍ നാഷണല്‍ ഡൈവേഴ്സ് അക്വേറിയം എന്ന മുംബൈ ആസ്ഥാനമായുള്ള സ്ഥാപനത്തെ ദൗത്യം ഏല്‍പ്പിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

കടുത്ത അനാസ്ഥയെ തുടര്‍ന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തിങ്കളാഴ്ച തെരച്ചില്‍ നടത്തിയില്ല. നേവിയോ കോസ്റ്റ് ഗാര്‍ഡോ മറൈന്‍ എന്‍ഫോഴ്സ്മെന്റോ അപകടം നടന്ന മനക്കോടം പുറംകടലില്‍ എത്തിയില്ല. മാര്‍ച്ച് ഒന്നിനായിരുന്നു ദുരന്തം. മൂന്ന് മൃതദേഹങ്ങള്‍ കിട്ടി. കൊല്ലം കോവില്‍തോട്ടം കല്ലിശേരില്‍ ക്ലീറ്റസ്, പള്ളിത്തോട്ടം ഡോണ്‍ബോസ്കോ നഗറില്‍ ബെര്‍ണാര്‍ഡ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. അപകടം നടന്ന് അഞ്ചുദിവസം പിന്നിട്ടിട്ടും ഇവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു സാധിച്ചില്ല. നാവികസേന പോലും പിന്മാറിയ സാഹചര്യത്തിലാണ് സ്വകാര്യസ്ഥാപനത്തെ ആശ്രയിച്ചത്.

കടലിലെ സുരക്ഷ ഉറപ്പാക്കുന്നതു സംബന്ധിച്ച ഉന്നതതല യോഗത്തിനു ശേഷം തിങ്കളാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കൊച്ചിയില്‍ തുറമുഖ ട്രസ്റ്റിന്റെ കപ്പല്‍ ഉയര്‍ത്താന്‍ എത്തിയതായിരുന്നു ഡൈവേഴ്സ് അക്വേറിയം. അവിടെനിന്നാണ് അപകടം നടന്ന അര്‍ത്തുങ്കല്‍ പുറംകടലിലേക്കു കൊണ്ടുവരുന്നത്. മൃതദേഹം കണ്ടെടുക്കാന്‍ ഇവര്‍ക്കു കഴിഞ്ഞില്ലെങ്കില്‍ കൂടുതല്‍ ആഴത്തില്‍ പരിശോധന നടത്താന്‍ കഴിയുന്ന നേവിയുടെ കപ്പല്‍ സംഭവസ്ഥലത്ത് എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ടെത്താനുള്ള രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടുരുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സഭയിലെ വാഗ്ദാനം കേട്ട് തിങ്കളാഴ്ച തോട്ടപ്പള്ളി ഹാര്‍ബറിലെത്തിയവര്‍ തെരച്ചില്‍ നടന്നില്ലെന്നറിഞ്ഞ് നിരാശരായി മടങ്ങി. ഞായറാഴ്ച സന്തോഷിന്റെ മുതദേഹം കിട്ടിയതോടെ തെരച്ചില്‍ അവസാനിപ്പിച്ച് നേവിയുടെ കപ്പലുകള്‍ തിരിച്ചുപോയിരുന്നു. കോസ്റ്റ് ഗാര്‍ഡ് തെരച്ചില്‍ തുടരുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരു കപ്പല്‍പോലും സംഭവസ്ഥലത്ത് എത്തിയില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

കാണാതായ രണ്ടുപേര്‍ ബോട്ടിനുള്ളില്‍ തന്നെ കുടുങ്ങിയിരിക്കുമെന്നാണ് കരുതുന്നത്. കടലില്‍ 50 മീറ്റര്‍ താഴെ മുങ്ങിക്കിടക്കുന്ന ബോട്ടിനു ചുറ്റും വല കുടുങ്ങിക്കിടക്കുകയാണ്. അതിനാല്‍ ബോട്ടിനുള്ളില്‍ കടക്കുക അപകടകരമാണെന്ന് നേവിവൃത്തങ്ങള്‍ പറഞ്ഞു. കൂടുതല്‍ പരിശോധനയ്ക്കായി പേടകം ഇറക്കി പരിശോധിക്കാന്‍ കഴിയുന്ന സംവിധാനമുളള കപ്പല്‍വേണം. ഈ സംവിധാനമുള്ള ദക്ഷിണ നാവികസേനയുടെ ഐഎന്‍എസ് നിരീക്ഷക് അറ്റകുറ്റപ്പണിയിലാണ്. സ്വകാര്യ ഏജന്‍സിയും പരാജയപ്പെട്ടാല്‍ തെരച്ചിലിന് നിരീക്ഷകിന്റെ അറ്റകുറ്റപ്പണി പുര്‍ത്തിയാകേണ്ടി വരും.

deshabhimani 060312

No comments:

Post a Comment