Thursday, August 5, 2010

പ്രവേശനം മാനേജ്മെന്റുകള്‍ക്ക് തോന്നുംപോലെയാകും

സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ സംവരണതത്ത്വവും സാമൂഹ്യനീതിയും ഉറപ്പുവരുത്തി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ കോടതിവിധിയിലൂടെ വീണ്ടും അട്ടിമറിക്കപ്പെടുന്നു. സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ ഇല്ലാതായാല്‍ സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് മുഴുവന്‍ സീറ്റിലും തോന്നുംപോലെ പ്രവേശനം നടത്താന്‍ വഴിയൊരുങ്ങും. സര്‍ക്കാരിന്റെ പ്രവേശന പരീക്ഷാ ലിസ്റ്റില്‍നിന്ന് വിദ്യാര്‍ഥികളെ പരിഗണിക്കണമെന്നേ കോടതി പറഞ്ഞിട്ടുള്ളൂ. ആ ലിസ്റ്റില്‍നിന്ന് ആരെ വേണമെങ്കിലും മാനേജ്മെന്റിന് പ്രവേശിപ്പിക്കാന്‍ കഴിയും.

ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ കോളേജുകളില്‍ ഒരു മാനദണ്ഡവും പാലിക്കാതെ മാനേജ്മെന്റിന് സ്വീകാര്യമായ വിധം മുഴുവന്‍ സീറ്റിലും പ്രവേശനം നടത്താമെന്ന സുപ്രീം കോടതി വിധിയുണ്ട്. അതു നിലനില്‍ക്കേ തന്നെയാണ് സര്‍ക്കാരിന്റെ നിരന്തര ഇടപെടലിലൂടെ സ്വാശ്രയ കോളേജുകളില്‍ മെറിറ്റ്-സംവരണ ക്വോട്ട നിശ്ചയിക്കുന്നതിലേക്ക് എത്തിയത്. സംസ്ഥാനത്ത് 11 സ്വാശ്രയ മെഡിക്കല്‍ കോളേജാണ് സര്‍ക്കാരുമായി കരാറുണ്ടാക്കി പ്രവേശനം നടത്തിയിരുന്നത്. അതില്‍ ആറെണ്ണത്തിനു ന്യൂനപക്ഷ പദവിയുണ്ട്. ഇന്റര്‍ ചര്‍ച്ച് കൌസിലിന്റെ കീഴിലുള്ള നാലു സ്വാശ്രയ കോളേജിലാകട്ടെ അവരുടെ താല്‍പ്പര്യം അനുസരിച്ചു തന്നെ മുഴുവന്‍ സീറ്റിലും പ്രവേശനം നടത്തി. എന്‍ട്രന്‍സ് റാങ്കുലിസ്റ്റില്‍പ്പെട്ട വിദ്യാര്‍ഥികളെ യോഗ്യതാപരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശിപ്പിച്ചതെന്ന് ഈ മാനേജ്മെന്റുകള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ആ നടപടികള്‍ സുതാര്യമായല്ല പൂര്‍ത്തിയാക്കിയത്. എന്നാല്‍, ആ കോളേജുകളുടെ പ്രവേശന കാര്യത്തില്‍ ഒരു ആശങ്കയും പ്രകടിപ്പിക്കാത്ത കോടതി സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കിയ കോളേജുകളുടെ കാര്യത്തിലാണ് ഇടപെട്ടത്.

സര്‍ക്കാരുമായി കരാറുണ്ടാക്കിയ 11 കോളേജില്‍ എംബിബിഎസിന് 1100 സീറ്റാണുള്ളത്. ഇതില്‍ കോഴിക്കോട് മലബാര്‍ കോളേജില്‍ 150 സീറ്റും വെഞ്ഞാറമൂട് ശ്രീഗോകുലത്തില്‍ 50 സീറ്റുമുണ്ട്. മറ്റു കോളേജുകളില്‍ 100 സീറ്റുവീതമാണുള്ളത്. അതില്‍ 50 ശതമാനമാണ് സര്‍ക്കാര്‍ മെറിറ്റ്. ബാക്കി 50 ശതമാനം സീറ്റില്‍ 35 ശതമാനമാണ് മാനേജ്മെന്റ് ക്വോട്ട. 15 ശതമാനം എന്‍ആര്‍ഐ വിഭാഗത്തിനാണ്. ഇതില്‍ മാനേജ്മെന്റിന് തോന്നുംപോലെ പ്രവേശനം നടത്താം. കോടതി അതില്‍ ഇടപെട്ടിട്ടേയില്ല. സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷാ റാങ്കുലിസ്റ്റില്‍നിന്നാണ് ഈ കോളേജുകളില്‍ 50 ശതമാനം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത്. മൊത്തം 1100 സീറ്റില്‍ 550 സീറ്റാണ് ഇപ്രകാരമുള്ളത്. അതിലും സംവരണതത്ത്വം പാലിക്കുന്നുണ്ട്. കരാര്‍ പ്രകാരം 25 കുട്ടികള്‍ക്ക് 1.38 ലക്ഷം രൂപയാണ് പ്രതിവര്‍ഷം ഫീസ്. ബിപിഎല്‍ കുടുംബങ്ങളില്‍നിന്നുള്ള ഏഴു കുട്ടികള്‍ക്ക് 25,000 രൂപയും സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്ന എസ്ഇബിസി വിഭാഗത്തിലെ 13 വിദ്യാര്‍ഥികള്‍ക്ക് 45,000 രൂപയുമാണ് ഫീസ്. 100 വിദ്യാര്‍ഥികളില്‍ അഞ്ചുപേര്‍ എസ്സി-എസ്ടി വിഭാഗത്തില്‍ ഉള്ളവരായിരിക്കും. അവര്‍ക്ക് സൌജന്യമായി ഇവിടെ പഠിക്കാം. മാനേജ്മെന്റ് ക്വോട്ടയിലെ 35 ശതമാനം സീറ്റില്‍ 5.5 ലക്ഷമാണ് ഫീസ്. എന്നാല്‍, സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കാത്ത നാല് ഇന്റര്‍ ചര്‍ച്ച് കൌസിലിന്റെ കീഴിലുള്ള കോളേജുകളില്‍ മുഴുവന്‍ സീറ്റിലും 3.25 ലക്ഷം മുതല്‍ 3.98 ലക്ഷം രൂപവരെയാണ് പരസ്യപ്പെടുത്തിയ ഫീസ്. സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെയും സുപ്രീം കോടതിയെയും സമീപിച്ച് അനുകൂല വിധി സമ്പാദിക്കാനാകുമെന്നാണ് ഈ കോളേജുകളുടെ പ്രതീക്ഷ.

ദേശാഭിമാനി 05082010

8 comments:

  1. സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ സംവരണതത്ത്വവും സാമൂഹ്യനീതിയും ഉറപ്പുവരുത്തി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ കോടതിവിധിയിലൂടെ വീണ്ടും അട്ടിമറിക്കപ്പെടുന്നു. സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ ഇല്ലാതായാല്‍ സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് മുഴുവന്‍ സീറ്റിലും തോന്നുംപോലെ പ്രവേശനം നടത്താന്‍ വഴിയൊരുങ്ങും. സര്‍ക്കാരിന്റെ പ്രവേശന പരീക്ഷാ ലിസ്റ്റില്‍നിന്ന് വിദ്യാര്‍ഥികളെ പരിഗണിക്കണമെന്നേ കോടതി പറഞ്ഞിട്ടുള്ളൂ. ആ ലിസ്റ്റില്‍നിന്ന് ആരെ വേണമെങ്കിലും മാനേജ്മെന്റിന് പ്രവേശിപ്പിക്കാന്‍ കഴിയും.

    ReplyDelete
  2. ജനശക്തി,

    ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ കോളേജുകളില്‍ നടപടികള്‍ സുതാര്യമായല്ല പൂര്‍ത്തിയാക്കിയത് എന്ന വാദം യുക്തിസഹമയായ തെളിവുകള്‍ ലഭിച്ചാല്‍ അംഗീകരിയ്ക്കാന്‍ ഞാന്‍ തയ്യാറാണ്‌. നേരത്തെ തന്നെ തിയതികള്‍ പ്രഖ്യാപിയ്ക്കുകയും, അതിനനുസരിച്ച് പ്രവേശനം നടത്തുകയും ഓരോ ഘട്ടവും കൃത്യമായി ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന പ്രവേശന രീതി എപ്രകാരം സുതാര്യമല്ലെന്നു പറയാനുള്ള ബാധ്യത ദേശഭിമാനിയ്ക്കില്ലേ.

    ReplyDelete
  3. ഇതുകൂടി കൂട്ടി വായിക്കുക

    സര്‍ക്കാരുമായി കരാറില്‍ ഒപ്പിട്ട പതിനൊന്നു സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ സ്വന്തമായി നടത്തിയ പ്രവേശന പരീക്ഷയെക്കുറിച്ചു നാലുതവണ മുഹമ്മദ് കമ്മിറ്റി അന്വേഷിച്ചിട്ടും കോളജുകള്‍ മറുപടി നല്കിയിരുന്നില്ല.

    പരീക്ഷ നടത്തി രണ്ടു ദിവസത്തിനുശേഷമാണ് മുഹമ്മദ് കമ്മിറ്റിയെ വിവരം അറിയിച്ചത്. പ്രവേശന പരീക്ഷ നടത്തുന്ന സമയത്ത് 11 കോളജുകളില്‍ ആറു കോളജുകള്‍ക്കു മെഡിക്കല്‍ കൌണ്‍സിലിന്റെ അംഗീകാരമുണ്ടായിരുന്നില്ല. ഇപ്പോഴും രണ്ടു കോളജുകള്‍ക്ക് അംഗീകാരമില്ല.

    സുതാര്യമല്ലാത്ത രീതിയില്‍ പ്രവേശന പരീക്ഷ നടത്തിയതിനൊപ്പം കുറ്റകരമായ അനാസ്ഥയാണ് സ്വാശ്രയ കോളജുകളുടെ പ്രവേശനത്തെക്കുറിച്ചു തീരുമാനമെടുക്കാന്‍ ചുമതലപ്പെട്ട ജുഡീഷ്യല്‍ അധികാരമുള്ള കമ്മിറ്റിയെ ധിക്കരിച്ചുവെന്നത്.

    അനുമതിയില്ലാതെയാണ് കരാറില്‍ ഒപ്പിട്ട സ്വാശ്രയ കോളജുകള്‍ പ്രവേശനപരീക്ഷ നടത്തിയത് എന്നു മുഹമ്മദ് കമ്മിറ്റി കോടതിയില്‍ മൊഴി നല്കിയിട്ടുണ്ട്

    ReplyDelete
  4. ഹൈക്കോടതി വിധി അനുസരിച്ച് 35 ശതമാനം മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കു പകരമായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ റാങ്ക്ലിസ്റില്‍നിന്നു വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കണം. പരീക്ഷാ കമ്മീഷണറുടെ റാങ്ക്ലിസ്റില്‍ 50 ശതമാനമെങ്കിലും മാര്‍ക്കുള്ളവര്‍ക്കേ മെഡിക്കല്‍ പഠനത്തിന് അര്‍ഹതയുള്ളൂ.

    എന്നാല്‍, കരാറില്‍ ഒപ്പിട്ട സ്വാശ്രയ കോളജുകള്‍ നടത്തിയ പ്രവേശപരീക്ഷയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗത്തിനും 50 ശതമാനം മാര്‍ക്ക് നേടാന്‍ സാധിച്ചില്ല. ചിലര്‍ പരീക്ഷാ കമ്മീഷണറുടെ പരീക്ഷയില്‍ പങ്കെടുത്തിട്ടുമില്ല. ഹൈക്കോടതി വിധി നടപ്പായാല്‍ ഇപ്പോള്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കു പകരമായി പുതിയ വിദ്യാര്‍ഥികളെ കരാറില്‍ ഒപ്പിട്ട സ്വാശ്രയ മാനേജ്മെന്റുകള്‍ കണ്െടത്തേണ്ടിവരും.

    എന്നാല്‍, പരീക്ഷാ കമ്മീഷണര്‍ നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റില്‍നിന്നു പ്രവേശനം നല്‍കാനും തയാറാകില്ലെന്നു കരാറില്‍ ഒപ്പിട്ട സ്വാശ്രയകോളജ് വക്താവ് പറഞ്ഞു. പരീക്ഷാ കമ്മീഷണറുടെ പരീക്ഷയില്‍ അഞ്ചു ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ് യോഗ്യത നേടുന്നത്. അതില്‍ത്തന്നെ അഞ്ചു ശതമാനം മാത്രമാണ് ഉയര്‍ന്ന ഫീസ് നല്‍കി പഠിക്കാന്‍ സാധിക്കുന്നവര്‍. പുതുതായി അപേക്ഷ ക്ഷണിച്ചാവും പ്രവേശനം നടത്തുകയെന്നും സ്വാശ്രയ കോളജ് വക്താവ് പറഞ്ഞു.

    സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ട 11 സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ നടത്തിയ പ്രവേശന പരീക്ഷ ഹൈക്കോടതി റദ്ദാക്കിയതോടെ വിദ്യാര്‍ഥികള്‍ക്കു നഷ്ടപ്പെടുന്നതു പ്രവേശനത്തിനുവേണ്ടി മുടക്കിയ കോടിക്കണക്കിനു രൂപയാണ്. കൂടാതെ 550 വിദ്യാര്‍ഥികള്‍ക്ക് ഈവര്‍ഷം പഠനം നടത്താനുമാവില്ല. തങ്ങള്‍ക്ക് ലഭിച്ച 35 ശതമാനം മാനേജ്മെന്റ് സീറ്റുകള്‍ക്ക് കരാറില്‍ ഒപ്പിട്ട സ്വാശ്രയ കോളജുകള്‍ വാങ്ങുന്നതു പ്രതിവര്‍ഷം 5.5 ലക്ഷം രൂപ വീതമാണ്.

    പല കോളജുകളും അഞ്ചുവര്‍ഷത്തെ ഫീസ് ഒരുമിച്ചു വാങ്ങിയിട്ടുണ്ട്. ഇതനുസരിച്ച് ഒരു വിദ്യാര്‍ഥിക്ക് നഷ്ടമാകുന്നത് ഏകദേശം 30 ലക്ഷം രൂപയാണ്. അന്‍പതു ലക്ഷം വരെ നഷ്ടപ്പെടുന്ന വിദ്യാര്‍ഥികളുമുണ്െടന്നതാണ് യാഥാര്‍ഥ്യം.

    പഠനമികവോ ചികിത്സാവൈദഗ്ധ്യമോ ഇല്ലാത്ത ഒരു സമൂഹമായി മെഡിക്കല്‍ രംഗത്തെ മാറ്റുന്നതിനുള്ള മൌനാനുമതിയാണ് വിദ്യാഭ്യാസ മന്ത്രിയും സ്വാശ്രയ കോളജുകളും തമ്മില്‍ ഒപ്പിട്ട കരാര്‍.

    സ്വാശ്രയ കോളജില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ പലരും തങ്ങള്‍ക്കു സീറ്റ് നേടിത്തന്ന ഏജന്റുമാരെ ശല്യപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ചെക് (കണ്‍സോര്‍ഷ്യം ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്റ് ഓഫ് കേരള) സംഘടനാ ഭാരവാഹികളില്‍ പലരും കേരളത്തിലെ സ്വാശ്രയ കോളജുകളിലേക്ക് വിദ്യാര്‍ഥികളെ ശിപാര്‍ശ ചെയ്തിട്ടില്ലെന്ന് അവകാശപ്പെട്ടു രംഗത്തു വന്നുതുടങ്ങി.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. പഠനമികവോ ചികിത്സാവൈദഗ്ധ്യമോ ഇല്ലാത്ത ഒരു സമൂഹമായി മെഡിക്കല്‍ രംഗത്തെ മാറ്റുന്നതിനുള്ള മൌനാനുമതിയാണ് വിദ്യാഭ്യാസ മന്ത്രിയും സ്വാശ്രയ കോളജുകളും തമ്മില്‍ ഒപ്പിട്ട കരാര്‍.

    സ്വാശ്രയ കോളജില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ പലരും തങ്ങള്‍ക്കു സീറ്റ് നേടിത്തന്ന ഏജന്റുമാരെ ശല്യപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ചെക് (കണ്‍സോര്‍ഷ്യം ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്റ് ഓഫ് കേരള) സംഘടനാ ഭാരവാഹികളില്‍ പലരും കേരളത്തിലെ സ്വാശ്രയ കോളജുകളിലേക്ക് വിദ്യാര്‍ഥികളെ ശിപാര്‍ശ ചെയ്തിട്ടില്ലെന്ന് അവകാശപ്പെട്ടു രംഗത്തു വന്നുതുടങ്ങി.

    ReplyDelete
  7. ഒരു കാര്യം ഉറപ്പായി... സ്വശ്രയകോളേജുകളെ ചുമ്മാ തലിയൊതുക്കുവാൻ സാധിക്കില്ല...

    ചുരുങ്ങിയത്‌ 25% സീറ്റ്‌ സർക്കാർ കയ്യടക്കി ബാക്കി 75% മാനേജ്‌മെന്റിന്‌ നല്കുക...

    സർക്കാരിന്‌ ഒരു പൈസയും ചിലവില്ലാത്ത പരിപാടിയല്ലെ, 25% സീറ്റ്‌ കൊണ്ട്‌ സാമൂഹിക നീതി നടപ്പിലാക്കട്ടെ...

    ReplyDelete
  8. കക്കര,

    സാമൂഹിക നീതി എന്നാല്‍ മാനേജുമെന്റുകള്‍ സര്‍ക്കാരിനു കുറച്ചു സീറ്റില്‍ പ്രവേസനം നടത്താന്‍ അനുവദിയ്കുന്നതും സര്‍ക്കാര്‍ പറയുന്ന ഫീസ് വാങ്ങുന്നതും ആണെന്നുള്ള കാഴ്ചപ്പാടു മാറണം. കുറച്ചു പേരുടെ കയ്യില്‍ നിന്ന് കൂടുതല്‍ ഫീസ് വാങ്ങി മറ്റു ചിലരെ പടിപ്പിയ്കുന്നതില്‍ എന്ത് സാമൂഹിക നീതി ആണുള്ളത്. ഫീസ് കുറച്ചു കൊടുക്കുന്നവര്‍ സാമ്പത്തിക നിലവാരം കുറഞ്ഞവരും കൂടുതല്‍ ഫീസ് കൊടുക്കുന്നവര്‍ ഉയര്‍ന്ന സാമ്പത്തിക നിലവാരം ഉള്ളവരുമാനെന്നു എന്താണ് ഉറപ്പു.
    സര്‍ക്കാര്‍ - സ്വാശ്രയ , സ്വകാര്യ സ്വാശ്രയ ഫ്രീ സീറ്റ് പെയ്മെന്റ് സീറ്റ് സമ്പ്രദായവും സാമൂഹിക നീതിയും തമ്മില്‍ വലിയ ബന്ധമില്ല. 15 രൂപയ്കോ ഇരുപതു രൂപയ്കോ അരി മേടിയ്ക്കനാവുന്ന സാമ്പത്തിക നിലവാരത്തിലേയ്ക്ക് സമൂഹത്തെ ഉയര്‍ത്തുവാന്‍ ദീര്‍ഘ ദൃഷ്ടിയോടെ പദ്ധതികള്‍ ആവിഷ്കരിയ്കുന്നതിനേക്കാള്‍ 2 രൂപയോ 3 രൂപയ്കൂ അരി കൊടുക്കുന്നത് മഹത്വ വാത്കരിക്കപ്പെടുന്നത് പോലെ ഉള്ള ഒരു കൌസലം മാത്രമാണ് ഫിഫ്ടി ഫിഫ്ടി യും പിന്നീടു വന്ന പലതട്ടിലുള്ള ഫീസ് ഘടനയും.

    ReplyDelete