Monday, June 20, 2011

ഭൂമി കൈയേറ്റം: വീരേന്ദ്രകുമാറും ശ്രേയാംസും ഒറ്റപ്പെട്ടു

വയനാട് കൃഷ്ണഗിരി വില്ലേജില്‍ ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈയേറിയ ഭൂമി ഒഴിയണമെന്ന ഹൈക്കോടതി വിധി സോഷ്യലിസ്റ്റ് ജനത ഡമോക്രാറ്റിക്കിലും കലാപം പടര്‍ത്തുന്നു. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ വീരേന്ദ്രകുമാറും ശ്രേയാംസും പദവികള്‍ ഒഴിയണമെന്ന് പാര്‍ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. ഭൂമി പാരമ്പര്യമായി കിട്ടിയതാണെന്ന ശ്രേയാംസ്കുമാറിന്റെ വാദങ്ങളെല്ലാം പൊള്ളയാണെന്ന് കോടതിവിധിയോടെ വീണ്ടും വ്യക്തമായെന്നാണ് സീനീയര്‍ നേതാവ് കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള വിഭാഗം വാദിക്കുന്നത്. ഭൂമിസംബന്ധിച്ച് പാര്‍ടിക്കുള്ളില്‍ തെറ്റായ വിവരമാണ് വീരേന്ദ്രകുമാറും ശ്രേയാംസ്കുമാറും നല്‍കിയത്. ഭൂമിവിവാദം ഉയര്‍ന്നുവന്ന കാലത്ത് പാര്‍ടിയില്‍ വീരേന്ദ്രകുമാര്‍ പറഞ്ഞത് കോടതി പറയുന്നത് അനുസരിക്കുമെന്നായിരുന്നു. അത്തരം അവസ്ഥയില്‍ ഇപ്പോഴത്തെ വിധി അംഗീകരിക്കാതിരിക്കുമോ എന്ന ചോദ്യവും ചില നേതാക്കള്‍ ഉയര്‍ത്തുന്നു.
കോടതിവിധിയുടെ പൂര്‍ണവിവരം പുറത്തുവന്നതോടെ സോഷ്യലിസ്റ്റ് ജനതയില്‍ വീരേന്ദ്രകുമാറും മകനും ഒറ്റപ്പെട്ട അവസ്ഥയാണ്. സംഘടനാതെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ വീരേന്ദ്രകുമാറില്‍ സമ്മര്‍ദം വര്‍ധിപ്പിച്ചിട്ടുണ്ട്. പാര്‍ടിയുടെ അധ്യക്ഷസ്ഥാനം ഒരുതരത്തിലും വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത അദ്ദേഹം ഭൂമിവിവാദം കൃഷ്ണന്‍കുട്ടിവിഭാഗത്തിന് ശക്തിപകരുമെന്നും കരുതുന്നു. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം അവസാനിച്ച് ഉടന്‍ പാര്‍ടിയില്‍ തെരഞ്ഞെടുപ്പ് നടപടിക്രമം തുടങ്ങും. ഇന്നത്തെ അവസ്ഥയില്‍ മറുവിഭാഗം ഉയര്‍ത്തുന്ന വെല്ലുവിളിയെ എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയിലാണ് വീരേന്ദ്രകുമാറുള്ളത്. അദ്ദേഹവും മകന്‍ ശ്രേയാംസ്കുമാര്‍ എംഎല്‍എയും ഇപ്പോള്‍ വിദേശത്താണുള്ളത്. 23നേ ഇരുവരും തിരിച്ചെത്തൂ.

ശ്രേയാംസ് കൈയേറിയ 14 ഏക്കര്‍ ഭൂമിയില്‍ ആദിവാസികള്‍ അവകാശം സ്ഥാപിച്ചപ്പോള്‍ ജനതാദള്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇക്കാര്യം ചര്‍ച്ചയായിരുന്നു. എന്നാല്‍ , കൈവശാവകാശത്തിലുള്ള ഭൂമിക്ക് പട്ടയത്തിനുള്ള അപേക്ഷയാണ് ഹൈക്കോടതിയില്‍ നല്‍കിയതെന്നായിരുന്നു വീരേന്ദ്രകുമാര്‍ ബോധ്യപ്പെടുത്തിയത്. ഗ്രോ ഫോര്‍ ഫുഡ് സ്കീമില്‍ പൂര്‍വികര്‍ക്ക് കിട്ടിയ ഭൂമിയാണെന്നും വര്‍ഷങ്ങളായി കൈവശംവയ്ക്കുന്ന ഭൂമിക്ക് പട്ടയത്തിന് അര്‍ഹതയുണ്ടെന്നുമായിരുന്നു വാദം. എന്നാല്‍ , ഈ വാദങ്ങള്‍ തെറ്റാണെന്നാണ് ഹൈക്കോടതി വിധിയോടെ വ്യക്തമാകുന്നത്.

കൃഷ്ണഗിരിയിലെ 14 ഏക്കര്‍ കാപ്പിത്തോട്ടം വര്‍ഷങ്ങളായി കൈവശംവയ്ക്കുന്നതാണെന്നും ഇത് പതിച്ചുനല്‍കണമെന്നും അഭ്യര്‍ഥിച്ചാണ് ശ്രേയാംസ്കുമാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ , ഭൂമി പതിച്ചുനല്‍കുന്നത് ഭൂരഹിതര്‍ക്കാണെന്നാണ് കോടതി പറഞ്ഞത്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്റെ ഉത്തരവ്, ഹൈക്കോടതി 2008ല്‍ പുറപ്പെടുവിച്ച വിധി എന്നിവയും ശ്രേയാംസിന് എതിരായിരുന്നു. കൈയേറിയത് സര്‍ക്കാര്‍ഭൂമിതന്നെയെന്ന് കലക്ടറും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രേഖാമൂലം മുമ്പ് വെളിപ്പെടുത്തിയിട്ടുമുണ്ട്.
(ഒ വി സുരേഷ്)

deshabhimani 200611

2 comments:

  1. വയനാട് കൃഷ്ണഗിരി വില്ലേജില്‍ ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈയേറിയ ഭൂമി ഒഴിയണമെന്ന ഹൈക്കോടതി വിധി സോഷ്യലിസ്റ്റ് ജനത ഡമോക്രാറ്റിക്കിലും കലാപം പടര്‍ത്തുന്നു. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ വീരേന്ദ്രകുമാറും ശ്രേയാംസും പദവികള്‍ ഒഴിയണമെന്ന് പാര്‍ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. ഭൂമി പാരമ്പര്യമായി കിട്ടിയതാണെന്ന ശ്രേയാംസ്കുമാറിന്റെ വാദങ്ങളെല്ലാം പൊള്ളയാണെന്ന് കോടതിവിധിയോടെ വീണ്ടും വ്യക്തമായെന്നാണ് സീനീയര്‍ നേതാവ് കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള വിഭാഗം വാദിക്കുന്നത്.

    ReplyDelete
  2. എം വി ശ്രേയാംസ് കുമാര്‍ എംഎല്‍എ വയനാട്ടില്‍ കൈയേറിയ കൃഷ്ണഗിരി എസ്റ്റേറ്റിലെ 14 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ആദിവാസികള്‍ക്ക് വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ ശ്രേയാംസ്കുമാറിന്റെ ഹര്‍ജി ബുധനാഴ്ച ഡിവിഷന്‍ബെഞ്ച് തള്ളി. സിംഗിള്‍ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി പിന്‍വലിക്കാനുള്ള ശ്രേയാംസ്കുമാറിന്റെ അപേക്ഷയും സ്വീകരിച്ചില്ല.കോഴിക്കോട്-മൈസൂരു ദേശീയപാത 212ലാണ് എം വി ശ്രേയാംസ് കുമാര്‍ കൈയേറിയ ഭൂമി. കൃഷ്ണഗിരി വില്ലേജ് ഓഫീസിലെ രേഖയില്‍ ഇത് ഇപ്പോഴും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൃഷിഭൂമിയാണ്. എന്നാല്‍ , യുഡിഎഫ് സ്ഥാനാര്‍ഥിയായി കല്‍പ്പറ്റയില്‍ മത്സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കൃഷ്ണഗിരി വില്ലേജിലെ ഇതുള്‍പ്പെടെയുള്ള സ്ഥലവും പിതൃസ്വത്തായി കിട്ടിയ ഭൂമിയെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ഈ ഭൂമിയില്‍ ഭൂസമരസഹായസമിതിയുടെയും ആദിവാസി ക്ഷേമസമിതിയുടെയും നേതൃത്വത്തില്‍ ആദിവാസികള്‍ കുടില്‍കെട്ടി സമരം നടത്തിയിരുന്നു.

    ReplyDelete