Monday, June 20, 2011

അധികാരദുര്‍വിനിയോഗം: സിപിഐ എം

പൊലീസിലും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും മാനദണ്ഡം ലംഘിച്ച് വ്യാപകമായി നടത്തുന്ന സ്ഥലംമാറ്റം അനീതിയും നിയമവ്യവസ്ഥയെ അട്ടിമറിക്കുന്നതുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ഇത്തരം നടപടികള്‍ ദൂരവ്യാപക ദോഷഫലമുണ്ടാക്കും. മന്ത്രിമാര്‍ ഉള്‍പ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയത് അന്വേഷണം അട്ടിമറിക്കാനാണ്.

വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഇന്റലിജന്‍സ് വിഭാഗങ്ങളിലുള്ളവരെ തെരഞ്ഞുപിടിച്ചാണ് മാറ്റിയത്. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് പുനരന്വേഷിക്കുന്ന സംഘാംഗങ്ങളെ പല തലങ്ങളിലേക്ക് മാറ്റി. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി,അടൂര്‍പ്രകാശ്, എം കെ മുനീര്‍ എന്നിവര്‍ക്കെതിരെയുള്ള കേസ് അന്വേഷിക്കുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി അന്വേഷണം വഴിതെറ്റിക്കാനും മരവിപ്പിക്കാനുമാണ് ശ്രമം. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാത്തവരെ സ്ഥലംമാറ്റരുതെന്ന വ്യവസ്ഥ ലംഘിച്ചാണ് വിജിലന്‍സ്, ക്രൈംബ്രാഞ്ച് തുടങ്ങിയവയിലടക്കം മാറ്റം വരുത്തിയത്. വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളവരെയും മാറ്റി. പിഡബ്ല്യുഡി, ലോക്കല്‍ഫണ്ട്, ഫിഷറീസ്, വ്യവസായം, ആരോഗ്യം, ആസൂത്രണം തുടങ്ങിയ വകുപ്പുകളിലും മാനദണ്ഡം ലംഘിച്ച് തലങ്ങും വിലങ്ങും ജീവനക്കാരെ മാറ്റുകയാണ്. ജില്ലാതല നിയമനം ലഭിച്ച ചിലരെ കാരണം കൂടാതെ പുറംജില്ലകളിലേക്കും മാറ്റിയിട്ടുണ്ട്.

1982-87ലെ യുഡിഎഫ് ഭരണത്തില്‍ നടന്നതുപോലുള്ള സ്ഥലംമാറ്റഅഴിമതി പുനഃസ്ഥാപിക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അന്ന് ജീവനക്കാരുടെ വലിയ പ്രതിഷേധം ഉയര്‍ന്നതാണ്. തുടര്‍ന്ന് അധികാരത്തില്‍വന്ന നായനാര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് പൊതുമാനദണ്ഡം അംഗീകരിക്കുകയും വിവിധ വകുപ്പുകളില്‍ അനുബന്ധ മാനദണ്ഡങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് പൊതുവിലുള്ള സ്ഥലംമാറ്റം നടന്നത്. ഭരണസൗകര്യത്തിന് അത്യാവശ്യമായ സ്ഥലംമാറ്റത്തിനുള്ള സര്‍ക്കാര്‍ അധികാരം വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നതില്‍നിന്നും യുഡിഎഫ് സര്‍ക്കാര്‍ അടിയന്തരമായി പിന്തിരിയണമെന്ന് സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. അന്യായ സ്ഥലംമാറ്റങ്ങളില്‍ പ്രതിഷേധിക്കാനും സെക്രട്ടറിയറ്റ് ആഹ്വാനംചെയ്തു.

deshabhimani 200611

1 comment:

  1. പൊലീസിലും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും മാനദണ്ഡം ലംഘിച്ച് വ്യാപകമായി നടത്തുന്ന സ്ഥലംമാറ്റം അനീതിയും നിയമവ്യവസ്ഥയെ അട്ടിമറിക്കുന്നതുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ഇത്തരം നടപടികള്‍ ദൂരവ്യാപക ദോഷഫലമുണ്ടാക്കും. മന്ത്രിമാര്‍ ഉള്‍പ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയത് അന്വേഷണം അട്ടിമറിക്കാനാണ്.

    ReplyDelete