Tuesday, March 6, 2012

ബലറാമിന് സ്പീക്കറുടെ ശാസന

സഭ കാലത്തിനൊത്ത് മാറണമെന്ന് ബലറാം

നിയമസഭയില്‍ അവതരണാനുമതി ലഭിക്കുന്നതിനുമുമ്പ് അനൗദ്യോഗിക ബില്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചതിന് വി ടി ബലറാമിനെ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ശാസിച്ചു. ആധുനിക സാങ്കേതികവിദ്യ സ്വായത്തമാക്കുന്നതരത്തില്‍ നിയമസഭ മാറണമെന്ന് ബലറാമിന്റെ മറുപടി. ബലറാമിന്റെ ഇത്തരം പ്രവൃത്തിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സ്പീക്കര്‍ , പുതിയ അംഗമായതിനാല്‍ മറ്റു നടപടികള്‍ ഒഴിവാക്കുകയാണെന്നും വ്യക്തമാക്കി.

നടപടിക്രമങ്ങള്‍ സഭയിലിരുന്ന് മനസ്സിലാക്കണമെന്ന് സ്പീക്കര്‍ റൂളിങ്ങില്‍ പറഞ്ഞെങ്കിലും ബലറാം അപ്പോള്‍ സഭയില്‍ ഉണ്ടായിരുന്നില്ല. പിന്നീട് സഭയിലെത്തിയ അദ്ദേഹം നന്ദിപ്രമേയചര്‍ച്ചയില്‍ പങ്കെടുത്തപ്പോഴാണ് പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നവിധത്തില്‍ നിയമസഭ മാറണമെന്ന് അഭിപ്രായപ്പെട്ടത്.

സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സംരക്ഷണ അതോറിറ്റി ബില്ലിനാണ് ബലറാം നോട്ടീസ് നല്‍കിയത്. 13-ാം കേരള നിയമസഭയില്‍ അവതരിപ്പിക്കാന്‍ പോകുന്ന ബില്‍ എന്ന പേരില്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം ആരാഞ്ഞതായും ചെയറിന്റെ ശ്രദ്ധയില്‍പ്പെട്ടു. ബില്‍ പ്രസിദ്ധീകരിക്കുന്നതിന് സ്പീക്കറുടെ ഓഫീസില്‍നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഫേസ്ബുക്കിലിട്ടതെന്നും സ്പീക്കര്‍ പറഞ്ഞു. ബലറാമിന്റെ നടപടി ചട്ടവിരുദ്ധവും നിയമസഭാംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനവുമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. എന്നാല്‍ , നന്ദിപ്രമേയചര്‍ച്ചയില്‍ ഇതേക്കുറിച്ച് ബലറാം പരാമര്‍ശിച്ചില്ല. സോഷ്യല്‍ നെറ്റ്വര്‍ക്കുപോലുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്നവിധത്തില്‍ നിയമസഭയും മറ്റും മാറണമെന്നാണ് തന്റെ അഭിപ്രായമെന്ന് ബലറാം പറഞ്ഞു.

deshabhimani 060312

1 comment:

  1. നിയമസഭയില്‍ അവതരണാനുമതി ലഭിക്കുന്നതിനുമുമ്പ് അനൗദ്യോഗിക ബില്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചതിന് വി ടി ബലറാമിനെ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ശാസിച്ചു. ആധുനിക സാങ്കേതികവിദ്യ സ്വായത്തമാക്കുന്നതരത്തില്‍ നിയമസഭ മാറണമെന്ന് ബലറാമിന്റെ മറുപടി. ബലറാമിന്റെ ഇത്തരം പ്രവൃത്തിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സ്പീക്കര്‍ , പുതിയ അംഗമായതിനാല്‍ മറ്റു നടപടികള്‍ ഒഴിവാക്കുകയാണെന്നും വ്യക്തമാക്കി.

    ReplyDelete