Monday, March 5, 2012

നാടിനെ നാറ്റിക്കുന്ന നഗരമാലിന്യം: ബഹുജന കണ്‍വന്‍ഷന്‍ നാളെ

അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന മാലിന്യ പ്രശ്നത്തില്‍ കുറ്റകരമായ അനാസ്ഥയും കടുത്ത അലംഭാവവും കാട്ടുന്ന കോര്‍പറേഷന്‍ ഭരണാധികാരികളുടെ ജനദ്രോഹ നയത്തിനെതിരെ സിപിഐ എം പ്രക്ഷോഭം ശക്തിപ്പെടുത്തും. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് നാലിന് തൃശൂര്‍ മുണ്ടശേരി ഹാളില്‍ ബഹുജന കണ്‍വന്‍ഷന്‍ ചേരും. തുടര്‍ന്ന് കോര്‍പറേഷനിലെ 55 ഡിവിഷനിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ അറിയിച്ചു.

ഒരു ഭരണസംവിധാനം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ക്രൂരതയാണ് കോര്‍പറേഷന്‍ ഭരണാധികാരികള്‍ തൃശൂര്‍ ജനതയോട് കാണിക്കുന്നത്. ഒന്നരമാസമായി തെരുവോരങ്ങളില്‍ തള്ളപ്പെടുന്ന മാലിന്യം നീക്കം ചെയ്യുന്നില്ല. വീടുകളിലെയും കടകമ്പോളങ്ങളിലെയും മാര്‍ക്കറ്റുകളിലെയും ആശുപത്രികളിലെയും മാലിന്യങ്ങളും നഗരത്തിലാകെ പരന്നുകിടക്കുന്ന ഭീതിദമായ അവസ്ഥയാണ്. നഗരം തന്നെ മറ്റൊരു&ഹറൂൗീ;ലാലൂര്‍ ആകുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. ലാലൂരില്‍ സൃഷ്ടിക്കപ്പെട്ട തീപിടിത്തവും വിഷപ്പുക ദുരിതവും നഗരമാകെ വ്യാപിച്ചിരിക്കയാണ്. നഗരത്തില്‍ കുന്നുകൂടിയ മാലിന്യത്തിന് തീ കൊടുക്കാന്‍ ഭരണാധികാരികള്‍ തന്നെ നേതൃത്വം നല്‍കന്ന വിചിത്ര കാഴ്ചയാണ് കാണുന്നത്. അലക്ഷ്യമായി മാലിന്യത്തിന് തീയിടുന്നത് ഏത് നിമിഷവും നഗരത്തില്‍ വന്‍ അഗ്നിബാധ ഉണ്ടാക്കാവുന്ന അവസ്ഥ സൃഷ്ടിച്ചിരിക്കയാണ്. മഴ പെയ്താല്‍ തൃശൂരാകെ പകര്‍ച്ചവ്യാധി പടരുമെന്നതിലും ആശങ്കയുണ്ട്. ആത്മസംയമനം പാലിച്ച് സമയം കൊടുത്തിട്ടും പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണാധികാരികള്‍ തയ്യാറാകുന്നില്ല.

സര്‍വകക്ഷിയോഗവും തൃശൂരിലെ പൊതുസമൂഹവും അംഗീകരിച്ച വികേന്ദ്രീകരണ മാലിന്യ സംസ്കരണ പദ്ധതി അട്ടിമറിച്ച ഇക്കൂട്ടര്‍ പുതിയ പദ്ധതി ചര്‍ച്ച ചെയ്തുകൊണ്ടേയിരിക്കുന്നു. അരലക്ഷത്തോളം ലോഡ് മാലിന്യം കുമിഞ്ഞുകൂടിയ ലാലൂരില്‍ നിന്ന് നാലഞ്ചുലോഡ് മാത്രം സ്വന്തം പറമ്പില്‍ കൊണ്ടുവന്നിട്ട് വാര്‍ത്ത സൃഷ്ടിക്കുന്ന മതിഭ്രമത്തിലാണ്. കോര്‍പറേഷന്‍ ഭരണാധികാരികളോട് ചങ്ങാത്തം സ്ഥാപിച്ച ലാലൂര്‍ സമരസമിതിയും വഞ്ചിക്കപ്പെട്ട് സമൂഹത്തില്‍ ഒറ്റപ്പെട്ട നിലയിലാണ്. മാലിന്യ പ്രശ്നത്തില്‍ ആത്മാര്‍ഥ നിലപാട് സ്വീകരിച്ച് പ്രശ്നം പരിഹരിക്കാന്‍ തയ്യാറാകാത്തത് സ്വാര്‍ഥ താല്‍പ്പര്യത്താലാണെന്ന് പൊതുസമൂഹം വിശ്വസിക്കുന്നു. സിപിഐ എം ഉള്‍പ്പെടെ അകമഴിഞ്ഞ പിന്തുണ നല്‍കിയിട്ടും നിഷ്ക്രിയത്വം തുടരുകയാണ്. ഇതിനെതിരെ വമ്പിച്ച ബഹുജന പ്രക്ഷോഭം ഉയര്‍ത്തി ക്കൊണ്ടുവരാനാണ് സിപിഐ എം തീരുമാനം. മാലിന്യദുരിതം പേറുന്ന നഗരവാസികളെയാകെ അണിനിരത്തി വമ്പിച്ച പ്രക്ഷോഭം വരുംദിവസങ്ങളില്‍ സംഘടിപ്പിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് എ സി മൊയ്തീന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

deshabhimani 050312

1 comment:

  1. അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന മാലിന്യ പ്രശ്നത്തില്‍ കുറ്റകരമായ അനാസ്ഥയും കടുത്ത അലംഭാവവും കാട്ടുന്ന കോര്‍പറേഷന്‍ ഭരണാധികാരികളുടെ ജനദ്രോഹ നയത്തിനെതിരെ സിപിഐ എം പ്രക്ഷോഭം ശക്തിപ്പെടുത്തും. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് നാലിന് തൃശൂര്‍ മുണ്ടശേരി ഹാളില്‍ ബഹുജന കണ്‍വന്‍ഷന്‍ ചേരും. തുടര്‍ന്ന് കോര്‍പറേഷനിലെ 55 ഡിവിഷനിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ അറിയിച്ചു.

    ReplyDelete