Monday, March 5, 2012

തേക്കടിയിലെ തമിഴ്നാട് ഗവ. പ്രൈമറി സ്കൂളിന്റെ പേരില്‍ നിന്ന് തമിഴ് നീക്കി

മുല്ലപ്പെരിയാര്‍ പ്രശ്നം രൂക്ഷമായിരിക്കെ പേര് മായ്ച്ചതിലൂടെ വിവാദമായ തമിഴ്നാട് ഗവ. പ്രൈമറി സ്കൂളിന്റെ പേരില്‍ നിന്നും തമിഴ് മീഡിയം എന്നത് നീക്കി. തേക്കടിയില്‍ ഒരു നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ഗവ. പ്രൈമറി സ്കൂളിന്റെ പേരില്‍ നിന്നാണ് തമിഴ് എന്നത് ഒഴിവാക്കി പുതിയ ബോര്‍ഡ് എഴുതിയത്. നേരത്തെ ഭിത്തി മുഴുവന്‍ തമിഴില്‍ എഴുതിയിരുന്നതും ഇപ്പോള്‍ നീക്കിയിട്ടുണ്ട്. തേക്കടിയില്‍ ഷട്ടറിന് സമീപത്തെ തമിഴ്നാട് പ്രൈമറി സ്കൂളിന്റെ ബോര്‍ഡ് ഡിസംബറില്‍ മുല്ലപ്പെരിയാര്‍ പ്രശ്നം രൂക്ഷമായ ഘട്ടത്തില്‍ അധികൃതര്‍ മായ്ക്കുകയായിരുന്നു. പ്രശ്നം രൂക്ഷമായിരിക്കെ സ്കൂള്‍ അധികൃതരുടെ നടപടി സംശയങ്ങള്‍ക്കിടയാക്കി. എന്നാല്‍ ഒരാഴ്ച മുമ്പാണ് സ്കൂള്‍ ബോര്‍ഡ് വീണ്ടും പെയിന്റില്‍ എഴുതിയത്. ഇപ്പോള്‍ ബോര്‍ഡില്‍ ഗവ. പ്രൈമറി സ്കൂള്‍ എന്ന് മാത്രമാണുള്ളത്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മാണത്തിനെത്തിയ തൊഴിലാളികളുടെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനാണ് സ്കൂള്‍ ആരംഭിച്ചത്. മദ്രാസ് സര്‍ക്കാര്‍ ആരംഭിച്ച സ്കൂളിലെ ആദ്യകാല വിദ്യാര്‍ഥികള്‍ അണക്കെട്ടില്‍ താമസിച്ച തൊഴിലാളികളുടെ മക്കളാണ്. അണക്കെട്ട് നിര്‍മാണം ശേഷം സ്കൂള്‍ തേക്കടിയില്‍ തമിഴ്നാട് ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിലേക്ക് മാറ്റി. പിന്നീടാണ് ഷട്ടറിന് സമീപത്തെ തമിഴ്നാടിന്റെ പത്ത് സെന്റ് പാട്ടഭൂമിയിലേക്ക് മാറ്റിയത്. ആദ്യം തമിഴ്നാട് പിഡബ്ല്യൂഡി സ്കൂള്‍ എന്നറിയപ്പെട്ടു. തൊഴിലാളികളുടെയും ജീവനക്കാരുടെയും കുട്ടികളെ ലഭിക്കാതായതോടെ 17 വര്‍ഷം മുമ്പ് പിഡബ്ല്യൂഡി സ്കൂള്‍ വിട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ തമിഴ്നാട് ഗവ. പ്രൈമറി സ്കൂളായി. ഇപ്പോള്‍ പൂര്‍ണമായും പുറത്തുനിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

കുമളി ടൗണിന് സമീപത്തെ പെരിയാര്‍ നഗര്‍ , റോസാപ്പൂക്കണ്ടം, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ നിന്നായി അഞ്ച് ക്ലാസുകളിലായി 40 കുട്ടികള്‍ പഠിക്കുന്നു. ഉത്തമപാളയത്താണ് ഹെഢ്ഓഫീസ്. രണ്ട് അധ്യാപകരും ഒരു പാചകക്കാരനുമുണ്ട്. പാചകത്തിനുള്ള സാധനങ്ങള്‍ ലോവര്‍ക്യാമ്പിലെ തമിഴ്നാട് സ്കൂളില്‍ നിന്നാണ് കൊണ്ടുവരുന്നത്. ഇടുക്കി ജില്ലയിലെ തമിഴ്നാടിന്റെ ഏക എല്‍പി സ്കൂളാണിത്. തമിഴ്നാട്ടിലെ സ്കൂളുകളിലെ വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നേരത്തെ സ്കൂളിന്റെ മുമ്പിലെ ഭിത്തിയില്‍ ഗവ. എല്‍പി സ്കൂള്‍ തമിഴ് മീഡിയം എന്നെഴുതിയിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നം കത്തി നില്‍കവെ ഇത് മായ്ച്ചു. ഇപ്പോള്‍ വീണ്ടും പേര്‍ എഴുതിയപ്പോള്‍ തമിഴ് എന്നത് നീക്കുകയും ചെയ്തു.

deshabhimani 050312

1 comment:

  1. മുല്ലപ്പെരിയാര്‍ പ്രശ്നം രൂക്ഷമായിരിക്കെ പേര് മായ്ച്ചതിലൂടെ വിവാദമായ തമിഴ്നാട് ഗവ. പ്രൈമറി സ്കൂളിന്റെ പേരില്‍ നിന്നും തമിഴ് മീഡിയം എന്നത് നീക്കി. തേക്കടിയില്‍ ഒരു നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ഗവ. പ്രൈമറി സ്കൂളിന്റെ പേരില്‍ നിന്നാണ് തമിഴ് എന്നത് ഒഴിവാക്കി പുതിയ ബോര്‍ഡ് എഴുതിയത്. നേരത്തെ ഭിത്തി മുഴുവന്‍ തമിഴില്‍ എഴുതിയിരുന്നതും ഇപ്പോള്‍ നീക്കിയിട്ടുണ്ട്. തേക്കടിയില്‍ ഷട്ടറിന് സമീപത്തെ തമിഴ്നാട് പ്രൈമറി സ്കൂളിന്റെ ബോര്‍ഡ് ഡിസംബറില്‍ മുല്ലപ്പെരിയാര്‍ പ്രശ്നം രൂക്ഷമായ ഘട്ടത്തില്‍ അധികൃതര്‍ മായ്ക്കുകയായിരുന്നു. പ്രശ്നം രൂക്ഷമായിരിക്കെ സ്കൂള്‍ അധികൃതരുടെ നടപടി സംശയങ്ങള്‍ക്കിടയാക്കി. എന്നാല്‍ ഒരാഴ്ച മുമ്പാണ് സ്കൂള്‍ ബോര്‍ഡ് വീണ്ടും പെയിന്റില്‍ എഴുതിയത്. ഇപ്പോള്‍ ബോര്‍ഡില്‍ ഗവ. പ്രൈമറി സ്കൂള്‍ എന്ന് മാത്രമാണുള്ളത്.

    ReplyDelete