Friday, March 9, 2012

രാജി വന്‍ ഗൂഢാലോചന; ശെല്‍വരാജിനെ പുറത്താക്കി

നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍ ശെല്‍വരാജ് രാജിവെച്ചു

നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍ ശെല്‍വരാജ് രാജിവെച്ചു. സ്പീക്കറെക്കണ്ട് രാജിക്കത്ത് കൈമാറിയതായി നെയ്യാറ്റിന്‍കരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശെല്‍വരാജ് പറഞ്ഞു. എല്‍ഡിഎഫ് പ്രതിനിധിയായി നിയമസഭയിലെത്തിയ ശെല്‍വരാജ് രാഷ്ട്രീയ പ്രവര്‍ത്തനം തുടരുമെന്ന് പറഞ്ഞു. യുഡിഎഫുമായി ഒരു തരത്തിലും സഹകരിച്ച് പ്രവര്‍ത്തിക്കില്ലെന്നും ശെല്‍വരാജ് പറഞ്ഞു.

2006ല്‍ പാറശാലയില്‍ നിന്ന് വിജയിച്ച ശെല്‍വരാജ് 2011ല്‍ നെയ്യാറ്റിന്‍കരയില്‍ നിന്നാണ് വിജയിച്ചത്.

രാജി വന്‍ ഗൂഢാലോചന; ശെല്‍വരാജിനെ പുറത്താക്കി

വര്‍ഗ്ഗശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ വഞ്ചിച്ച ആര്‍ ശെല്‍വരാജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സിപിഐഎം തിരുവനന്തപുരം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോടികളാണ് നെറികെട്ട രാഷ്ട്രീയ നീക്കത്തിനായി യുഡിഎഫ് ചെലവഴിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിന് യുഡിഎഫിലെ ഒരു പ്രമുഖയുഡിഎഫ് നേതാവിനൊപ്പം മുഖ്യമന്ത്രിയെ കണ്ടശേഷം സ്പീക്കറുടെ വസതിയിലെത്തിയാണ് രാജി സമര്‍പ്പിച്ചതെന്ന് കടകംപള്ളി പറഞ്ഞു. വാര്‍ത്താസമ്മേളനം നടത്തിയ നെയ്യാറ്റില്‍കര ഗസ്റ്റ് ഹൗസില്‍ ഉന്നതപൊലീസ് ഉദ്യോഗസ്ഥരടക്കം ക്യാമ്പുചെയ്തിരുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. പിറവം തെരഞ്ഞെടുപ്പ് കഴിയും വരെ യുഡിഎഫിനെയും കോണ്‍ഗ്രസിനെയും തള്ളിപ്പറയണമെന്നതും കരാറായിരിക്കുമെന്നും കടകംപള്ളി പറഞ്ഞു. പിറവം തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന കുതിരക്കച്ചവടമാണിത്. പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്താണ് ശെല്‍വരാജിനെക്കൊണ്ട് യുഡിഎഫ് രാജിവെപ്പിച്ചത്. ശെല്‍വരാജ് പാര്‍ട്ടിശത്രുക്കളുടെ കയ്യിലെ ആയുധമായി. വഞ്ചകര്‍ക്ക് നല്ല പാഠം നല്‍കിയ ജനങ്ങളാണ് നെയ്യാറ്റിന്‍കരക്കാര്‍ . ശെല്‍വരാജിനൊപ്പം പത്രസമ്മേളനം നടത്തിയ ബാലകൃഷ്ണന്‍ നായരെയും പുറത്താക്കി.

പണം നല്‍കി എംഎല്‍എയെ വിലക്കെടുത്ത യുഡിഎഫിന് പിറവത്തെ ജനങ്ങളോട് എന്തുപറയാന്‍ കഴിയും. പിറവത്ത് തോല്‍വിയുറപ്പിച്ചപ്പോള്‍ മുഖ്യമന്ത്രി തന്നെയാണ് നാണം കെട്ട നീക്കം നടത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരും. ഭൂരിപക്ഷം നിലനിര്‍ത്താന്‍ യുപിഎ സര്‍ക്കാര്‍ പണം നല്‍കിയതിന്റെ മാതൃകയാണിത്. പാര്‍ട്ടിയോട് കടുത്ത വഞ്ചനയാണ് ശെല്‍വരാജ് കാട്ടിയത്. തന്നെ വളര്‍ത്തിയ പാര്‍ട്ടിയെ പണം വാങ്ങി പിന്നില്‍നിന്നും കുത്തി. ചോര നീരാക്കി പാര്‍ട്ടിപ്രവര്‍ത്തകര്‍ ശെല്‍വരാജിനെ വിജയിപ്പിച്ചു. പാര്‍ട്ടി അംഗീകാരവും സ്ഥാനമാനങ്ങളും നല്‍കി. മൂന്നുതവണ നിയമസഭയിലേക്ക് മല്‍സരിപ്പിച്ചു. ഇപ്പോള്‍ മാധ്യമങ്ങളുടെ മുമ്പാകെ അദ്ദേഹം പറഞ്ഞ ഒരു ആക്ഷേപങ്ങളും ഇതുവരെ ഒരു കമ്മറ്റിയിലും ഉന്നയിച്ചിട്ടില്ല

എംഎല്‍എയെ യുഡിഎഫ് വിലക്കെടുത്തു: വി എസ്

ആലപ്പുഴ: എംഎല്‍എയെ യുഡിഎഫ് വിലക്കെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ആര്‍ ശെല്‍വരാജ് എംഎല്‍എ പദവി രാജിവച്ചതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. യുഡിഎഫിലെ പ്രമുഖ നേതാവിനൊപ്പം മുഖ്യമന്ത്രിയെ കണ്ടശേഷമാണ് ശെല്‍വരാജ് രാജിവച്ചത്. പിറവത്തു തോറ്റാലും സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ഉമ്മന്‍ചാണ്ടിയുടെ ഗൂഢശ്രമമാണ് ഇതിനുപിന്നിലെന്നും വി എസ് തുടര്‍ന്നു. പാര്‍ട്ടിയിലെ പ്രശ്നങ്ങളെക്കുറിച്ച് ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെയൊ തന്നെയൊ അറിയിച്ചിട്ടില്ലെന്നും വി എസ് പറഞ്ഞു.

പണം കൊടുത്താല്‍ ജനസ്വാധീനം നേടാനാവില്ല: കോടിയേരി

പണം കൊടുത്ത് എംഎല്‍എമാരെ സ്വാധീനിക്കാന്‍ യുഡിഎഫിന് കഴിയുമെങ്കിലും പണമെറിഞ്ഞ് ജനസ്വാധീനം നേടാനാവില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ . കഴക്കൂട്ടത്ത് ഡിവൈഎഫ്ഐയും എസ്എഫ്ഐയും സംയുക്തമായി സംഘടിപ്പിച്ച പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനല്ല ജനസ്വാധീനം വര്‍ധിപ്പിക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. ഇത് പിറവത്ത് തെളിയിക്കും. നിയമസഭയിലെ അംഗബലം കൂട്ടാന്‍ എംഎല്‍എമാരെ കുതന്ത്രത്തിലൂടെ പിടികൂടാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ശെല്‍വരാജിന്റെ രാജിയില്‍ യുഡിഎഫിന് ബന്ധമില്ലെന്ന് ചെന്നിത്ത

പിറവം: ശെല്‍വരാജ് രാജിവെച്ചതുകൊണ്ട് യുഡിഎഫിന് അമിതാവേശമൊന്നുമില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഴയ അനുഭവങ്ങള്‍ മുന്നിലുണ്ട്. ശെല്‍വരാജിന് യുഡിഎഫുമായി ഒരു ബന്ധമൊന്നുമില്ല. അത് ശെല്‍വരാജ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമങ്ങളിലൂടെ മാത്രമാണ് ഇക്കാര്യം അറിഞ്ഞത്. അദ്ദേഹത്തെ യുഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള നേതാക്കളുടെ പ്രസ്താവനകള്‍ സ്വാഭാവികം മാത്രമാണ്. സര്‍ക്കാരിന്റെ മാത്രമല്ല പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലാവും പിറവം തെരഞ്ഞെടുപ്പെന്നും ചെന്നിത്തല അവകാശപ്പെട്ടു.

deshabhimani news

1 comment:

  1. വര്‍ഗ്ഗശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ വഞ്ചിച്ച ആര്‍ ശെല്‍വരാജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സിപിഐഎം തിരുവനന്തപുരം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോടികളാണ് നെറികെട്ട രാഷ്ട്രീയ നീക്കത്തിനായി യുഡിഎഫ് ചെലവഴിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിന് യുഡിഎഫിലെ ഒരു പ്രമുഖയുഡിഎഫ് നേതാവിനൊപ്പം മുഖ്യമന്ത്രിയെ കണ്ടശേഷം സ്പീക്കറുടെ വസതിയിലെത്തിയാണ് രാജി സമര്‍പ്പിച്ചതെന്ന് കടകംപള്ളി പറഞ്ഞു. വാര്‍ത്താസമ്മേളനം നടത്തിയ നെയ്യാറ്റില്‍കര ഗസ്റ്റ് ഹൗസില്‍ ഉന്നതപൊലീസ് ഉദ്യോഗസ്ഥരടക്കം ക്യാമ്പുചെയ്തിരുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. പിറവം തെരഞ്ഞെടുപ്പ് കഴിയും വരെ യുഡിഎഫിനെയും കോണ്‍ഗ്രസിനെയും തള്ളിപ്പറയണമെന്നതും കരാറായിരിക്കുമെന്നും കടകംപള്ളി പറഞ്ഞു.

    ReplyDelete