Friday, March 9, 2012

ഇളനീര്‍ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള കേന്ദ്രപദ്ധതിയില്‍ കേരളത്തിനിടമില്ല

ഇളനീര്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായുള്ള കേന്ദ്രപദ്ധതിയില്‍ കേരവൃക്ഷത്തിന്റെസ്വന്തംനാടായ കേരളത്തിനിടമില്ല. നാളികേര വികസന ബോര്‍ഡ് വിഭാവനംചെയ്ത കേരകൃഷി പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത് ഗുജറാത്തിനെയാണ്. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലയില്‍ ഇളനീര്‍ ഉത്പാദനത്തിനായി പദ്ധതി തുടങ്ങുന്നതിനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്.

കരിക്ക്‌വില്‍പ്പനയിലുണ്ടായ വര്‍ധനയാണ് ബോര്‍ഡിനെ ഈ പദ്ധതിക്കായി പ്രേരിപ്പിച്ചത്. ഇളനീര്‍വില്‍പനയിലുണ്ടായ മുേന്നറ്റം ബോര്‍ഡിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. 20 ശതമാനത്തിലേറെ വര്‍ധനയാണ് ഇളനീര്‍വില്‍പനയിലുണ്ടായിട്ടുള്ളത്. രാജ്യത്ത് 1500 കോടി നാളികേരമാണ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ 15 ശതമാനം അതായത് 225 കോടിയാണ് കരിക്കിന്റെ വിഹിതം. ഇത് 350 കോടിയാക്കി ഉയര്‍ത്താനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്.

കരിക്ക്വില്‍പ്പനയ്ക്കായി ആധുനിക സജ്ജീകരണത്തോടെ ബ്രാന്‍ഡഡ് പാര്‍ലറുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്. ശുചിത്വവും പരിസ്ഥിതിക്കനുയോജ്യവുമായി രാജ്യത്തുടനീളം ഏകീകൃതരീതിയില്‍ പാര്‍ലറുകള്‍ ആരംഭിക്കാനാണ് പദ്ധതി. പ്രതിദിനം 300 ഓളം കരിക്കുകള്‍ വില്‍ക്കുന്ന പാര്‍ലറുകള്‍ ഒരുക്കും. അമ്പത് ശതമാനം സബ്‌സിഡിയും നല്‍കും. ഈ ഉത്പന്നങ്ങള്‍ ഒരുക്കുന്നതിനായി സ്ഥാപിക്കാനുദ്ദേശിക്കുന്ന പ്ലാന്റ് കര്‍ണാടകയിലെ മൈസൂരില്‍ നടപ്പാക്കാനാണ് തീരുമാനം. രാജ്യത്ത് അയ്യായിരത്തോളം പാര്‍ലറുകള്‍ ആരംഭിക്കാനാണ് നീക്കം.

പുതിയ പാര്‍ലറുകള്‍ വഴിയോര കരിക്കുകച്ചവടക്കാര്‍ക്ക് തിരിച്ചടിയാകും. വഴിയോരങ്ങളില്‍ കരിക്കുവില്‍പന നടത്തുന്ന കേന്ദ്രങ്ങള്‍ ശുചിത്വത്തിലും പരിസ്ഥിതി അനുകൂല ഘടനയിലും ഏറെ പിന്നിലാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. വടക്കേ ഇന്ത്യയിലേക്കാവശ്യമായ കരിക്കുകള്‍ നല്‍കുന്നത് ഈ സംസ്ഥാനങ്ങളാണ്. പദ്ധതിയില്‍ കേരളത്തിന് പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യം കര്‍ഷകസംഘടനകള്‍ കേന്ദ്ര പ്രതിനിധികളെ അറിയിക്കുവാനൊരുങ്ങുകയാണ്.

janayugom 090312

1 comment:

  1. ഇളനീര്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായുള്ള കേന്ദ്രപദ്ധതിയില്‍ കേരവൃക്ഷത്തിന്റെസ്വന്തംനാടായ കേരളത്തിനിടമില്ല. നാളികേര വികസന ബോര്‍ഡ് വിഭാവനംചെയ്ത കേരകൃഷി പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത് ഗുജറാത്തിനെയാണ്. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലയില്‍ ഇളനീര്‍ ഉത്പാദനത്തിനായി പദ്ധതി തുടങ്ങുന്നതിനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്.

    ReplyDelete