Thursday, March 1, 2012

കോട്ടയത്ത് കെഎസ്യു "ഐ" ക്കാരെ തല്ലിയോടിച്ചു

ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ കോട്ടയത്ത് കെഎസ്യുവിലെ ഐ വിഭാഗക്കാരെ ഡിസിസി ഓഫീസില്‍ നിന്ന് തല്ലി ഓടിച്ചു. കെഎസ്യു ജില്ലാ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് പതിനെട്ടോളം "ഐ"ക്കാരെ മാരകായുധങ്ങളുമായി നേരിട്ടത്. ഡിസിസി പ്രസിഡന്റ് കുര്യന്‍ ജോയിയുടെ മുന്നിലിട്ടായിരുന്നു തല്ലിച്ചതച്ചത്. ക്രൂരമായ മര്‍ദ്ദനമേറ്റ കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് സനോജ് പനയ്ക്കല്‍ , നിലവിലെ ജനറല്‍ സെക്രട്ടറി സുബില്‍ തര്യത്ത്, മുന്‍ ജില്ലാ ഭാരവാഹി ഷെറിന്‍ സലീം എന്നിവരെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ അടിയും കൊണ്ട് ഓടി രക്ഷപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയുമായ ജോബോയ് ജോര്‍ജിന്റെയും മറ്റൊരു നേതാവ് ജോണി ജോസഫിന്റെയും നേതൃത്വത്തില്‍ ഹാളിലിരുന്നവരാണ് ഐ വിഭാഗക്കാരെ അടിച്ചോടിച്ചത്. കമ്പിവടി, ഇടിക്കട്ട എന്നിവ കൊണ്ട് ആക്രമിച്ചതായി സനോജ് പറഞ്ഞു. കസേരകൊണ്ടും പലരെയും തലയ്ക്കടിച്ചു. ഓഫീസില്‍ പെയിന്റിങ് നടക്കുന്നതിനിടെയായതിനാല്‍ പെയിന്റ് പാത്രം കൊണ്ടും ആക്രമിച്ചു. ചിലരുടെ ദേഹത്ത് പെയിന്റ് ഒഴിച്ചു.

ബുധനാഴ്ച പകല്‍ പതിനൊന്നരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഉമ്മന്‍ചാണ്ടിയുടെ അനുയായിയും പുതിയ ജില്ലാപ്രസിഡന്റുമായ ജോബിന്‍ ജേക്കബും മറ്റ് ഭാരവാഹികളും സ്ഥാനമേല്‍ക്കുന്നതായിരുന്നു ചടങ്ങ്. ഇതിനിടെയാണ് ഐ വിഭാഗം പ്രകടനമായി മുദ്രാവാക്യം വിളിച്ച് എത്തിയത്. ജോബിന്‍ ജേക്കബ് വ്യാജവിദ്യാര്‍ഥിയാണെന്നും തെരഞ്ഞെടുക്കപ്പെടാന്‍ യോഗ്യതയില്ലെന്നുമായിരുന്നു ഐ വിഭാഗത്തിന്റെ വാദം. പള്ളിക്കത്തോട് ഐടിഐയില്‍ വിദ്യാര്‍ഥിയാണെന്ന് തെളിയിക്കുന്ന രേഖ ഇദ്ദേഹം വ്യാജമായി സൃഷ്ടിച്ചെന്നായിരുന്നു ആരോപണം. ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം ഐടിഐയിലെ ഹാജര്‍ബുക്കില്‍ ജോബിന്റെ് ഹാജര്‍ രേഖപ്പെടുത്തി വിദ്യാര്‍ഥിയാണെന്ന തിരിച്ചറിയല്‍കാര്‍ഡ് നല്‍കിയതില്‍ എന്‍എസ്യു നേതൃത്വത്തിന് ഐ വിഭാഗം പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് ജോബിന്‍ സ്ഥാനം ഏല്‍ക്കരുതെന്ന് എന്‍എസ്യു നേതൃത്വം നിര്‍ദ്ദേശം നല്‍കിയതായും ഇവര്‍ പറയുന്നു. ഇക്കാര്യം നിലനില്‍ക്കെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തിയതാണ് ഐക്കാരെ ചൊടിപ്പിച്ചത്.

ഇവര്‍ മുദ്രാവാക്യം വിളിച്ച് ഹാളില്‍ കയറിയ ഉടന്‍ അടി തുടങ്ങുകയായിരുന്നു. അടി കിട്ടിത്തുടങ്ങിയതോടെ പലരും രക്ഷപ്പെട്ടു. ഇവരെ അടിച്ചോടിച്ചശേഷമാണ് സത്യപ്രതിജ്ഞ ചടങ്ങ് പുനരാരംഭിച്ചത്. അടിയേറ്റവരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് എടുത്തു. അടിയ്ക്കുശേഷം കെഎസ്യു ഭാരവാഹികളും പ്രവര്‍ത്തകരും നഗരത്തില്‍ പ്രകടനം നടത്തി.

deshabhimani 010312

1 comment:

  1. ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ കോട്ടയത്ത് കെഎസ്യുവിലെ ഐ വിഭാഗക്കാരെ ഡിസിസി ഓഫീസില്‍ നിന്ന് തല്ലി ഓടിച്ചു. കെഎസ്യു ജില്ലാ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് പതിനെട്ടോളം "ഐ"ക്കാരെ മാരകായുധങ്ങളുമായി നേരിട്ടത്. ഡിസിസി പ്രസിഡന്റ് കുര്യന്‍ ജോയിയുടെ മുന്നിലിട്ടായിരുന്നു തല്ലിച്ചതച്ചത്. ക്രൂരമായ മര്‍ദ്ദനമേറ്റ കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് സനോജ് പനയ്ക്കല്‍ , നിലവിലെ ജനറല്‍ സെക്രട്ടറി സുബില്‍ തര്യത്ത്, മുന്‍ ജില്ലാ ഭാരവാഹി ഷെറിന്‍ സലീം എന്നിവരെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ അടിയും കൊണ്ട് ഓടി രക്ഷപ്പെട്ടു.

    ReplyDelete