Friday, March 9, 2012

ഓശാനപ്പെരുന്നാളും 'അ' ക്രമപ്രശ്‌നങ്ങളും

കേരള മുഖ്യന്‍ ഉമ്മന്‍ചാണ്ടിക്ക് എന്തിലൊക്കെയാണ് ദു:ഖമുള്ളതെന്ന് ഒന്ന് എണ്ണി തിട്ടപ്പെടുത്താന്‍ ഒരുമ്പെട്ടാല്‍ സഭയ്ക്കുള്ളിലിരുന്ന് വിരലുകള്‍ മടക്കിയെണ്ണിത്തുടങ്ങിയാല്‍ രണ്ടുകൈകളിലെയും വിരലുകള്‍ തിയകാതെവരും. സംസ്ഥാനത്തെ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടതില്‍ ദു:ഖം, ബസ് കൊക്കയിലേക്ക് മറിഞ്ഞതില്‍ ദു:ഖം, കര്‍ഷക ആത്മഹത്യയുണ്ടായാല്‍ ദു:ഖം എന്നുവേണ്ട ഏപ്രില്‍ മാസം ഒന്നിനുതന്നെ ഓശാനപ്പെരുന്നാള്‍ വന്നതിലുമുണ്ട് ഉമ്മന്‍ചാണ്ടിക്ക് അടങ്ങാത്ത ദു:ഖം. അങ്ങനെ സങ്കടം അടക്കാനാവാതെ ഏപ്രില്‍ ഒന്നിന് നടക്കുന്ന പ്രവേശന പരീക്ഷ മാറ്റിവയ്ക്കാന്‍, ഒന്നല്ല, രണ്ടുതവണയാണ് ഉത്തരവാദിത്തമുള്ള മന്ത്രി മുഖ്യന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഈ സങ്കടം ആരെങ്കിലും അറിയുന്നുണ്ടോ. സര്‍ക്കാരിന്റെ ചീഫ് വിപ്പിനെപ്പോലും ഇക്കാര്യം ഓര്‍മിപ്പിക്കാന്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വേണ്ടിവന്നു.

പൊതുജന സമ്പര്‍ക്കപരിപാടിയെ ചൂണ്ടിക്കാണിച്ച് യേശുവിന്റെ വസ്ത്രത്തില്‍ തൊട്ടപ്പോള്‍ രോഗശാന്തിവന്ന രോഗിയെക്കുറിച്ച് പറഞ്ഞ് ബിജിമോള്‍ തന്റെ അനുഭവം എത്ര വിവരിച്ചാലും മുഖ്യമന്ത്രിക്ക് യേശുവിനെ ഓര്‍മ്മവന്നുവെന്ന് വരില്ല. അതുകൊണ്ടാണ്  പിറവത്ത് യാഗാശ്വത്തെ കടിഞ്ഞാണുമിട്ട് പറഞ്ഞയച്ചിരിക്കുകയാണെന്ന് ബന്നി ബഹനാന്‍ പറഞ്ഞുനോക്കിയത്. അപ്പോഴും മുഖ്യന് ഓശാനപ്പെരുന്നാള്‍ ഓര്‍മ വന്നില്ല. യാഗാശ്വത്തിന് കടിഞ്ഞാണില്ലെന്ന യാഥാര്‍ഥ്യം  ജി സുധാകരന്‍ ബെന്നിക്ക് പറഞ്ഞുകൊടുക്കുന്നത് കേട്ടിട്ടും മുഖ്യന് ഒന്നും മനസിലായില്ല. അങ്ങനെയാണ് കോടിയേരി ഇടപെട്ടത്. അപ്പോഴല്ലേ മന്ത്രിമുഖ്യന്റെ  ദു:ഖം ശരിക്കും മനസിലായത്. എന്തേ ഇങ്ങനെ സംഭവിക്കാന്‍ എന്ന് ചോദിച്ചതേയുള്ളൂ  പ്രവേശന പരീക്ഷ മാറ്റിവയ്ക്കാന്‍ ഒരിക്കല്‍ക്കൂടി കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് ദൃഢപ്രപതിജ്ഞയെടുത്തുകളഞ്ഞു, മുഖ്യന്‍. വേറെന്തുവേണം. പക്ഷേ ആവശ്യം തള്ളിയാല്‍ മുഖ്യന്റെ സ്ഥിതിയെന്താകുമെന്ന് വ്യാകുലപ്പെടേണ്ടതില്ല. അതിനുള്ള വഴി അദ്ദേഹം നേരത്തെ തന്നെ കണ്ടുവച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യാ തലത്തിലുള്ള പരീക്ഷയല്ലേ, പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്, മുഖ്യന്‍ സഭയില്‍ വ്യക്തമാക്കി. ഓടുന്ന പട്ടിക്ക് പല മുഴം മുമ്പേ...

അങ്ങനെ നീട്ടിയെറിഞ്ഞ ഒരു മുഴം അങ്ങ് 'കാലിക്കറ്റ്' വരെച്ചെന്നു; സര്‍വകലാശാലയില്‍. അവിടെ ഇപ്പോള്‍ നടക്കുന്നത് അക്രമം മാത്രമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞുതന്നു. അവിടെ പൊതുമുതല്‍ നശിപ്പിക്കപ്പെടുകയാണ്. പൊലീസ് ജീപ്പ് തകര്‍ത്തതില്‍ സൂക്ഷ്മം പതിനായിരം രൂപ അണ പൈ കുറയാതെ നഷ്ടം വന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. വളരെ ദു:ഖത്തോടെയാണെങ്കിലും സെക്യൂരിറ്റിക്കാരനെ ആരൊക്കെയോ മര്‍ദിച്ച് തലയ്ക്ക് പരുക്കേല്‍പ്പിച്ച വിവരവും സഭാംഗങ്ങളെ ബോധ്യപ്പെടുത്തി. ആരാ കുറ്റക്കാര്‍ ഭരണം ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ കയ്യിലല്ലെന്ന് കേരളജനതയ്ക്ക് അറിയാം. പക്ഷേ മാണിക്ക് നേരിയ സംശയമൊക്കെയുണ്ട്. തോമസ് ഐസക്കിനെ ബഹുമാനപ്പെട്ട ധനമന്ത്രി എന്ന് അറിയാതെ വിളിച്ചുപോയത് അതുകൊണ്ടാണ്.

''ആശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തൊന്ന് പിഴയ്ക്കും ശിഷ്യന്'' വി ഡി സതീശന് പറ്റിയത് അതാണ്. നിയമസഭാ സമിതിയുടെ തലപ്പത്തിരുന്ന് അരുണ്‍കുമാറിനെതിരെ റിപ്പോര്‍ട്ട് കുറിച്ചപ്പോള്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ തുരുതുരെ വന്നത് സതീശന്റെ കുറ്റമല്ല. ഈ വാദം അടിസ്ഥാന രഹിതമാണെന്ന് സതീശന്‍ ആണയിടുന്നു. പിന്നെ എങ്ങനെ ഇത് സംഭവിച്ചു എന്ന് രണ്ടത്താണിയോട് ചോദിച്ചാല്‍, സമിതി യോഗം കഴിഞ്ഞാലുടന്‍ ഫോണ്‍ ഓഫാക്കാന്‍ സതീശന്‍ നിര്‍ദേശിച്ച കാര്യം മാത്രമേ രണ്ടത്താണിക്ക് അറിയൂ. ഇതിലൊന്നും ഒരു ക്രമ പ്രശ്‌നവും ഉന്നയിക്കാന്‍ പറ്റില്ല. വിയോജനക്കുറിപ്പ് വയ്ക്കുകയല്ലേ വേണ്ടൂ..? ആയിക്കോ സ്പീക്കറെക്കൊണ്ട് ഇങ്ങനെയൊക്കെയേ പറ്റൂ. പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പുകൂടിച്ചേര്‍ത്താലേ റിപ്പോര്‍ട്ട് പൂര്‍ണമാകൂവെന്ന് മുല്ലക്കര രത്‌നാകരന്‍ പറഞ്ഞെങ്കില്‍ അതിനും സ്പീക്കര്‍ റെഡി. റിപ്പോര്‍ട്ട് റിപ്പോര്‍ട്ടായും വിയോജനക്കുറിപ്പ് വിയോജനക്കുറിപ്പായും മേശപ്പുറത്തിരിക്കും. അതാണ് സ്പീക്കര്‍.
 (ബി ആര്‍ സുമേഷ്)

ഗ്യാലറിയില്‍ നിന്ന് janayugom 090312

1 comment:

  1. കേരള മുഖ്യന്‍ ഉമ്മന്‍ചാണ്ടിക്ക് എന്തിലൊക്കെയാണ് ദു:ഖമുള്ളതെന്ന് ഒന്ന് എണ്ണി തിട്ടപ്പെടുത്താന്‍ ഒരുമ്പെട്ടാല്‍ സഭയ്ക്കുള്ളിലിരുന്ന് വിരലുകള്‍ മടക്കിയെണ്ണിത്തുടങ്ങിയാല്‍ രണ്ടുകൈകളിലെയും വിരലുകള്‍ തിയകാതെവരും. സംസ്ഥാനത്തെ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടതില്‍ ദു:ഖം, ബസ് കൊക്കയിലേക്ക് മറിഞ്ഞതില്‍ ദു:ഖം, കര്‍ഷക ആത്മഹത്യയുണ്ടായാല്‍ ദു:ഖം എന്നുവേണ്ട ഏപ്രില്‍ മാസം ഒന്നിനുതന്നെ ഓശാനപ്പെരുന്നാള്‍ വന്നതിലുമുണ്ട് ഉമ്മന്‍ചാണ്ടിക്ക് അടങ്ങാത്ത ദു:ഖം. അങ്ങനെ സങ്കടം അടക്കാനാവാതെ ഏപ്രില്‍ ഒന്നിന് നടക്കുന്ന പ്രവേശന പരീക്ഷ മാറ്റിവയ്ക്കാന്‍, ഒന്നല്ല, രണ്ടുതവണയാണ് ഉത്തരവാദിത്തമുള്ള മന്ത്രി മുഖ്യന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഈ സങ്കടം ആരെങ്കിലും അറിയുന്നുണ്ടോ. സര്‍ക്കാരിന്റെ ചീഫ് വിപ്പിനെപ്പോലും ഇക്കാര്യം ഓര്‍മിപ്പിക്കാന്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വേണ്ടിവന്നു.

    ReplyDelete