Tuesday, November 1, 2011

ഇന്ന് കേരളപ്പിറവി ദിനം

വീണ്ടും ഒരു ഐക്യകേരളപ്പിറവി. തിരു- കൊച്ചി, മലബാര്‍ എന്നിങ്ങനെ വേര്‍തിരിഞ്ഞ് കിടന്നിരുന്ന പ്രദേശങ്ങളെ സംയോജിപ്പിച്ച് ഐക്യകേരളം സ്ഥാപിച്ചതിന്റെ 55-ാംവാര്‍ഷികമാണിന്ന്. ഇ എം എസ്, എ കെ ജി തുടങ്ങി ഐക്യകേരളപ്പിറവിക്കുവേണ്ടി വിശ്രമമില്ലാതെ ശ്രമിച്ച നേതാക്കളുടെ മനസ്സില്‍ നവകേരളത്തെക്കുറിച്ച് ജ്വലിച്ചുനിന്നിരുന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ എത്രത്തോളം നമുക്ക് കഴിഞ്ഞു എന്ന ചിന്തയാണ് ഐക്യകേരളപ്പിറവി ദിനത്തില്‍ ഏറെ പ്രസക്തമാകുന്നത്. കേരളം ഏറെ മാറിയിരിക്കുന്നു. അന്ധകാരത്തിന്റെയും അനാചാരങ്ങളുടെയും കാലത്തുനിന്ന് വെളിച്ചത്തിന്റെ കാലത്തേക്ക് എത്തി എന്നത് സത്യമാണ്. എന്നാല്‍ , മാറാന്‍ വിസമ്മതിച്ചുകൊണ്ട് 19-ാംനൂറ്റാണ്ടില്‍തന്നെ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ നമ്മുടെ സമൂഹത്തില്‍ ഇന്നുമുണ്ട് എന്നതും സത്യമാണ്. ഇനിയും ഏറെ മാറാനുണ്ട് എന്നതും സത്യമാണ്. ശ്രീനാരായണഗുരുമുതല്‍ അയ്യന്‍കാളിവരെയുള്ളവര്‍ സാമുദായികമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനായി തുടങ്ങിവച്ച പോരാട്ടങ്ങളെ ആ തലത്തിലും സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കുക എന്ന രാഷ്ട്രീയ ഉള്ളടക്കംകൂടി നല്‍കി വികസിപ്പിച്ചും കേരളത്തെ മുന്നോട്ടുകൊണ്ടുപോയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. കല്ലുമാല പൊട്ടിച്ചെറിയാനും മാറുമറയ്ക്കാനും വിദ്യാഭ്യാസം ചെയ്യാനും വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്ച് ഉദ്യോഗം ലഭിക്കാനും ഒക്കെയുള്ള സമരങ്ങള്‍ . ക്ഷേത്രപരിസരത്തുകൂടി വഴിനടക്കാനും ക്ഷേത്രത്തില്‍ കയറി ആരാധിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം സ്ഥാപിച്ചെടുക്കാന്‍വേണ്ടി നടന്ന സമരങ്ങള്‍ . ആ സമരങ്ങളുടെ ഘട്ടത്തില്‍നിന്ന് വിയര്‍പ്പാറുംമുമ്പ് കൂലി കിട്ടാനും മണ്ണില്‍ പണിയെടുക്കുന്നവന് ആ മണ്ണ് സ്വന്തമായി കിട്ടാനുമൊക്കെ കഴിയുന്ന അവസ്ഥയുണ്ടാക്കിയെടുക്കാന്‍ നടന്ന പോരാട്ടങ്ങള്‍ ; സമരോത്സുകങ്ങളായ നിയമനിര്‍മാണങ്ങള്‍ എന്നിവയുടെകൂടി ഘട്ടത്തിലേക്ക് കേരളജനത ഉണര്‍ന്നത് ചുവന്നകൊടിക്കുകീഴില്‍ സംഘടിച്ചുകൊണ്ടാണ്.

അങ്ങനെ കേരളജനത നേടിയെടുത്ത അവകാശങ്ങള്‍ക്കുമേല്‍ വിലങ്ങുവീഴുന്നുവോ എന്ന് ആശങ്കപ്പെടേണ്ട ഘട്ടത്തിലെത്തി നില്‍ക്കുന്നു നാമിന്ന്. ഭൂപരിഷ്കരണത്തെവരെ അട്ടിമറിക്കാനുള്ള കുറുക്കുവഴിശ്രമങ്ങള്‍ നടക്കുന്നു. കച്ചോലത്തിന്റെമുതല്‍ ആര്യവേപ്പിന്റെവരെ പേറ്റന്റ് നമുക്ക് നഷ്ടപ്പെടുന്നു. നമ്മുടെ കുടിവെള്ളംമുതല്‍ സംസ്കാരംവരെ ചോര്‍ത്തിയെടുക്കപ്പെടുന്നു. ഏത് വിത്ത് വിതയ്ക്കണമെന്ന് നിശ്ചയിക്കാനുള്ള അവകാശംപോലും കവര്‍ന്നെടുക്കപ്പെടുന്നു. നാം എന്ത് കാണണമെന്നും എന്ത് ആസ്വദിക്കണമെന്നും നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യംപോലും നിഹനിക്കപ്പെടുന്നു. വര്‍ഗീയതയുടെ ഛിദ്രീകരണശക്തികള്‍മുതല്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശശക്തികള്‍വരെ ഒരു ജനത എന്ന നിലയ്ക്ക് നമുക്കുള്ള സംസ്കാരം കവരാന്‍ വ്യഗ്രതപ്പെടുന്നു. മലയാളഭാഷയ്ക്ക് അര്‍ഹതപ്പെട്ട ക്ലാസിക്കല്‍ പദവി നിഷേധിക്കപ്പെടുന്നു. സ്കൂളുകളില്‍ മലയാളഭാഷ നിര്‍ബന്ധിതമാക്കുക എന്നത് കടലാസുകളിലെ സ്വപ്നമായി ഒതുങ്ങുന്നു. അഭിമാനിക്കാന്‍ ഒന്നുമില്ലാത്ത ഒരു ജനതയാണ് നാമെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നിരന്തരം നടക്കുന്നു. പാമൊലിന്‍മുതല്‍ റബര്‍വരെ ഇറക്കുമതിചെയ്ത് നമ്മുടെ കര്‍ഷകസമൂഹത്തെ അത് ദരിദ്രമാക്കുന്നു. വികസനപദ്ധതികളെല്ലാം സാങ്കേതികത്വത്തിന്റെ വാദമുഖങ്ങളില്‍ തട്ടിത്തകരുന്നു. തുടര്‍ച്ചയായ കേന്ദ്രവിവേചനങ്ങളില്‍ കേരളം ശോഷിക്കുന്നു. ഭരണരാഷ്ട്രീയവും അതിന്റെ നേതാക്കളും സംസ്കാരരാഹിത്യത്തിന്റെ വക്താക്കളായി നിന്ന് അഭിമാനകരമായ കേരളപൈതൃകത്തെവരെ അധിക്ഷേപിക്കുന്നു. ജീര്‍ണഭാഷയുടെയും ജീര്‍ണ സംസ്കാരത്തിന്റെയും പതാകവാഹകരായി മന്ത്രിസ്ഥാനം വഹിക്കുന്നവരില്‍ ചിലര്‍പോലും കരിവേഷം പൂണ്ട് നില്‍ക്കുന്നു. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും രാഷ്ട്രീയസംസ്കാരം ജനസേവന രാഷ്ട്രീയസംസ്കാരത്തെ ഭരണത്തിന്റെ ശീതളച്ഛായക്കുകീഴില്‍ നിന്നുകൊണ്ട് പകരംവയ്ക്കുന്നു. ജാതീയതയുടെയും വര്‍ഗീയതയുടെയും ഇരുട്ടുനിറഞ്ഞ ചിന്തകള്‍ കുഞ്ഞുമനസ്സുകളില്‍വരെ കുത്തിനിറയ്ക്കുന്നു. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കി മാറ്റാനുള്ള കേളികൊട്ട് മുഴങ്ങുന്നു. ഇതിനൊക്കെ എതിരായ ചൈതന്യവത്തായ രാഷ്ട്രീയസംസ്കാരം വളര്‍ത്തിയെടുക്കാനുള്ള പ്രതിരോധശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാകട്ടെ, ഈ കേരളപ്പിറവി വാര്‍ഷികദിനം. അതിനുള്ള പ്രതിജ്ഞ പുതുക്കലാകട്ടെ, എല്ലാമലയാളികള്‍ക്കും ഈ ചരിത്രദിനം.
(പി വി)

deshabhimani 011111

1 comment:

  1. വീണ്ടും ഒരു ഐക്യകേരളപ്പിറവി. തിരു- കൊച്ചി, മലബാര്‍ എന്നിങ്ങനെ വേര്‍തിരിഞ്ഞ് കിടന്നിരുന്ന പ്രദേശങ്ങളെ സംയോജിപ്പിച്ച് ഐക്യകേരളം സ്ഥാപിച്ചതിന്റെ 55-ാംവാര്‍ഷികമാണിന്ന്. ഇ എം എസ്, എ കെ ജി തുടങ്ങി ഐക്യകേരളപ്പിറവിക്കുവേണ്ടി വിശ്രമമില്ലാതെ ശ്രമിച്ച നേതാക്കളുടെ മനസ്സില്‍ നവകേരളത്തെക്കുറിച്ച് ജ്വലിച്ചുനിന്നിരുന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ എത്രത്തോളം നമുക്ക് കഴിഞ്ഞു എന്ന ചിന്തയാണ് ഐക്യകേരളപ്പിറവി ദിനത്തില്‍ ഏറെ പ്രസക്തമാകുന്നത്. കേരളം ഏറെ മാറിയിരിക്കുന്നു.

    ReplyDelete