Thursday, January 26, 2012

നിര്‍ണായകമായി "സാംച മോര്‍ച്ച"

പട്യാല: കുടുംബവാഴ്ചയില്‍ ചുറ്റിത്തിരിയുന്ന പഞ്ചാബ് രാഷ്ട്രീയത്തില്‍ ഇക്കുറി നിര്‍ണായകമാകുന്നത് സാംച മോര്‍ച്ച (മൂന്നാം ബദല്‍). ചുരുങ്ങിയ സമയത്തിനിടെ സംസ്ഥാനത്ത് ഒട്ടുമിക്ക മണ്ഡലങ്ങളിലും സാംച മോര്‍ച്ച സാന്നിധ്യമുറപ്പിച്ചുകഴിഞ്ഞു. അകാലിദള്‍ -ബിജെപി മുന്നണിയുടെയും കോണ്‍ഗ്രസിന്റെയും മാറിമാറിയുള്ള ഭരണം അഴിമതിമാത്രമാണ് ബാക്കിവച്ചതെന്ന വിലയിരുത്തലാണ് ജനങ്ങള്‍ക്കുള്ളത്. ചുരുങ്ങിയത് 10 സീറ്റ് ലഭിച്ചാലും സാംച മോര്‍ച്ചയ്ക്ക് സംസ്ഥാന ഭരണം നിയന്ത്രിക്കാന്‍ തക്ക പ്രാധാന്യം കിട്ടുമെന്നാണ് തെരഞ്ഞെടുപ്പു ചിത്രം. മന്‍പ്രീത് സിങ് ബാദലിന്റെ പഞ്ചാബ് പീപ്പിള്‍ പാര്‍ടിയുടെ (പിപിപി) നേതൃത്വത്തിലുള്ള മുന്നണിയില്‍ സിപിഐ എം, സിപിഐ, അകാലിദള്‍ ലോംഗോവാള്‍ പാര്‍ടികള്‍ ഉള്‍പ്പെടുന്നു. ആകെയുള്ള 117 സീറ്റില്‍ 91ല്‍ പിപിപി മത്സരിക്കുന്നു. സിപിഐ എം ഒമ്പതു സീറ്റിലും സിപിഐ 14 സീറ്റിലും മത്സരിക്കുന്നു. രണ്ടില്‍ ലോംഗോവാള്‍ മത്സരിക്കുമ്പോള്‍ ഒരു സീറ്റില്‍ സ്വതന്ത്രനെ പിന്തുണയ്ക്കുന്നു. ഇതില്‍ സിപിഐ എം മത്സരിക്കുന്ന പട്ടി, അമൃത്സര്‍ സെന്റര്‍ , ഗഡ്ശങ്കര്‍ , ഫിലോര്‍ , മലേര്‍കോട്ല, സെവാള്‍ , അനന്ത്പുര്‍സാബ് തുടങ്ങിയവ ഉള്‍പ്പെടെ അമ്പതിലധികം മണ്ഡലങ്ങളില്‍ കടുത്ത ത്രികോണമത്സരമാണ് നടക്കുന്നത്. കാര്‍ഷിക തകര്‍ച്ചയുള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ ചര്‍ച്ചയാകുന്ന മാള്‍വ ബെല്‍റ്റില്‍ മൂന്നാംബദലും പിപിപിയും ശക്തി തെളിയിക്കുമെന്ന് ഉറപ്പാണ്.

തെരഞ്ഞെടുപ്പിന് ഏതാനും മാസംമുമ്പാണ് മൂന്നാം ബദലും പിപിപിയും രൂപീകരിച്ചതെങ്കിലും ഇവരുടെ യോഗങ്ങളില്‍ പ്രതീക്ഷയ്ക്ക് അപ്പുറമുള്ള ജനപങ്കാളിത്തമുണ്ട്. സാധാരണക്കാരുടെ ജീവിതപ്രശ്നം പരിഹരിക്കാനോ പദ്ധതി രൂപീകരിക്കാനോ തയ്യാറാകാത്തതില്‍ അകാലിദള്‍ -ബിജെപി, കോണ്‍ഗ്രസ് സര്‍ക്കാരുകളോട് പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ , അകാലിദള്‍ സര്‍ക്കാരിനോടുള്ള പ്രതിഷേധം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഓരോ തെരഞ്ഞെടുപ്പിലും പഞ്ചാബില്‍ ഭരണം മാറിയിട്ടുണ്ട് എന്ന കീഴ്വഴക്കവും കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നു. അകാലിദള്‍ സര്‍ക്കാര്‍ ഒന്നുംചെയ്യാത്ത സമയത്തും കേന്ദ്രം ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയതായി കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അവകാശപ്പെട്ടതും അതുതന്നെ.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മദന്‍ലാല്‍ ജലാല്‍പുര്‍ മത്സരിക്കുന്ന ഭക്നോര്‍ മണ്ഡലത്തില്‍ കടുത്ത ത്രികോണമത്സരമാണ്. കഴിഞ്ഞ തവണ നിസാര വോട്ടിന് സ്വതന്ത്രനായി ജയിച്ച മദന്‍ലാല്‍ കോണ്‍ഗ്രസില്‍ ചേക്കേറുകയായിരുന്നു. എന്നാല്‍ , പിന്നോക്ക ജാതിക്കാര്‍ക്ക് ചെയ്തുകൊടുത്ത സഹായങ്ങളുടെ പേരില്‍ ജനം തങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്നാണ് അകാലിദള്‍ മുന്നണിയുടെ അവകാശവാദം. ഒരു രൂപയ്ക്ക് ആട്ട നല്‍കിയതും പിന്നോക്ക കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിന് 21,000 രൂപ സഹായം നല്‍കുന്നതും അഞ്ച് ഏക്കറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് വൈദ്യുതി സൗജന്യമാക്കിയതും ആണ് അകാലിദളിന്റെ പ്രചാരണം. പിന്നോക്കക്കാര്‍ക്കുള്ള പദ്ധതികളെക്കുറിച്ച് ഇരുകൂട്ടരും പറയാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായെന്നും ഒന്നുപോലും ജനങ്ങളിലെത്തിയിട്ടില്ലെന്നും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ധരംപാല്‍ സിങ് പറഞ്ഞു.
(ദിനേശ്വര്‍മ)

deshabhimani 260112

1 comment:

  1. കുടുംബവാഴ്ചയില്‍ ചുറ്റിത്തിരിയുന്ന പഞ്ചാബ് രാഷ്ട്രീയത്തില്‍ ഇക്കുറി നിര്‍ണായകമാകുന്നത് സാംച മോര്‍ച്ച (മൂന്നാം ബദല്‍). ചുരുങ്ങിയ സമയത്തിനിടെ സംസ്ഥാനത്ത് ഒട്ടുമിക്ക മണ്ഡലങ്ങളിലും സാംച മോര്‍ച്ച സാന്നിധ്യമുറപ്പിച്ചുകഴിഞ്ഞു. അകാലിദള്‍ -ബിജെപി മുന്നണിയുടെയും കോണ്‍ഗ്രസിന്റെയും മാറിമാറിയുള്ള ഭരണം അഴിമതിമാത്രമാണ് ബാക്കിവച്ചതെന്ന വിലയിരുത്തലാണ് ജനങ്ങള്‍ക്കുള്ളത്. ചുരുങ്ങിയത് 10 സീറ്റ് ലഭിച്ചാലും സാംച മോര്‍ച്ചയ്ക്ക് സംസ്ഥാന ഭരണം നിയന്ത്രിക്കാന്‍ തക്ക പ്രാധാന്യം കിട്ടുമെന്നാണ് തെരഞ്ഞെടുപ്പു ചിത്രം. മന്‍പ്രീത് സിങ് ബാദലിന്റെ പഞ്ചാബ് പീപ്പിള്‍ പാര്‍ടിയുടെ (പിപിപി) നേതൃത്വത്തിലുള്ള മുന്നണിയില്‍ സിപിഐ എം, സിപിഐ, അകാലിദള്‍ ലോംഗോവാള്‍ പാര്‍ടികള്‍ ഉള്‍പ്പെടുന്നു. ആകെയുള്ള 117 സീറ്റില്‍ 91ല്‍ പിപിപി മത്സരിക്കുന്നു. സിപിഐ എം ഒമ്പതു സീറ്റിലും സിപിഐ 14 സീറ്റിലും മത്സരിക്കുന്നു.

    ReplyDelete