Tuesday, March 13, 2012

അധാര്‍മികതയെ വെള്ളപൂശുന്ന മനോരമ

എംഎല്‍എ രാജി: ചെന്നിത്തലയെ ഒഴിവാക്കി ഉമ്മന്‍ചാണ്ടി കളിച്ചു

സെല്‍വരാജിനെ കാലുമാറ്റിയതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ ശക്തിപ്പെടുന്ന ചേരിതിരിവിന് മറയിടാന്‍ , "എംഎല്‍എ രാജി"യുടെ ഷോക്കില്‍ സിപിഐ എം ഉലയുന്നെന്ന ദിവാസ്വപ്നം പ്രചരിപ്പിക്കുകയാണ് മനോരമ. ഉമ്മന്‍ചാണ്ടിസേവയ്ക്ക് ഏതറ്റംവരെയും പോകുമെന്ന് ബോധ്യമാക്കുകയാണ് ഓരോ സുപ്രഭാതത്തിലും പുറത്തുവരുന്ന മനോരമ. കൈമാറിയ പണത്തിനു പുറമെ, ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വവും ജയിച്ചാല്‍ മന്ത്രിസ്ഥാനവും വാഗ്ദാനം നല്‍കി സെല്‍വരാജിനെ വര്‍ഗവഞ്ചകനാക്കിയതിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. ദല്ലാള്‍ പി സി ജോര്‍ജ്. അധികാരം കാത്തുരക്ഷിക്കാന്‍ എന്ത് ഹീനമാര്‍ഗവും സ്വീകരിക്കുമെന്ന് പാമൊലിന്‍ കേസിലടക്കം തെളിയിച്ച മുഖ്യമന്ത്രി, എംഎല്‍എയെ വിലയ്ക്കുവാങ്ങി രാജിവയ്പിച്ചതിലൂടെ കേരളത്തിന് വലിയ പരിചയമില്ലാത്ത കാലുമാറ്റരാഷ്ട്രീയത്തിന്റെ വാതില്‍ മലര്‍ക്കെ തുറന്നിരിക്കുകയാണ്. എന്നാല്‍ , മുഖ്യമന്ത്രിയുടെ നടപടിയെ പിന്തുണയ്ക്കാന്‍ പരസ്യമായി ഇതുവരെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തയ്യാറായിട്ടില്ല. ചെന്നിത്തലയെപ്പോലും അറിയിക്കാതെയാണ് ഗൂഢമായി കാലുമാറ്റപ്പണി പറ്റിച്ചത്. അതുകൊണ്ടാണ് രാജിക്കുമുമ്പായി പി സി ജോര്‍ജുമായി വിവാദപുരുഷന്‍ വീട്ടില്‍വന്ന് കണ്ടത് നിഷേധിക്കാന്‍ രണ്ടുദിവസത്തിനുശേഷം മുഖ്യമന്ത്രി തിങ്കളാഴ്ച വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്.

ഒരുനാള്‍ ഉറക്കമുണര്‍ന്നപ്പോള്‍ പൊടുന്നനെ വെളിപാടുണ്ടായി സെല്‍വരാജ് രാജിവച്ചതല്ല, ഉമ്മന്‍ചാണ്ടിയുമായി ആഴ്ചകളായി നടത്തിയ രഹസ്യ ഏര്‍പ്പാടുകളുടെ സന്തതിയായിരുന്നു അത്. ഒരു സമുദായത്തിന്റെ പേരില്‍ ഒരു പുത്തന്‍സംഘടനയുടെ ഭാരവാഹിയും ഈ അവിശുദ്ധകളിയില്‍ കൂട്ടിനുണ്ടായിരുന്നു. കാലുമാറ്റക്കാരനെ നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനെ കോണ്‍ഗ്രസിലെ ഒരുവിഭാഗം ശക്തമായി എതിര്‍ക്കുകയാണ്. തന്റെ പേര് പരിഗണിക്കാതെ മറ്റൊരാളെ സമുദായത്തിന്റെ പേരില്‍ മന്ത്രിയാക്കിയാല്‍ ആ നിമിഷം താന്‍ നിയമസഭാംഗത്വം രാജിവയ്ക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ മുന്നറിയിപ്പ് നല്‍കി. കാലുമാറ്റക്കാരനെ സ്ഥാനാര്‍ഥിയാക്കുന്നതിനെ മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍ ചോദ്യംചെയ്തു. പക്ഷേ, ആരെതിര്‍ത്താലും ഉപതെരഞ്ഞെടുപ്പില്‍ സെല്‍വരാജിനുതന്നെ യുഡിഎഫ് പിന്തുണയെന്ന ഉറപ്പ് ഉമ്മന്‍ചാണ്ടി വീണ്ടും നല്‍കിയിട്ടുണ്ട്. ഇതെല്ലാം മറച്ചുവച്ചാണ് സെല്‍വരാജ്ഷോക്കിലാണ് സിപിഐ എമ്മെന്ന കിനാവില്‍ മനോരമ കഴിയുന്നത്.

കാലുമാറ്റി മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം ഉറപ്പാക്കാമെന്ന അവിശുദ്ധരാഷ്ട്രീയം പിറവത്ത് യുഡിഎഫിനെ പ്രതിക്കൂട്ടിലാക്കുകയാണ്. എന്നിട്ടും ജനങ്ങളുടെ ബോധനിലവാരത്തെ പരിഹസിക്കുന്ന റിപ്പോര്‍ട്ടുകളും ലേഖനങ്ങളും മനോരമയുടെ താളുകളെ നിറയ്ക്കുകയാണ്. കാലുമാറ്റക്കാരന് സംരക്ഷണംതീര്‍ക്കാന്‍ പൊലീസിനെമാത്രമല്ല, ഒരുവിഭാഗം മാധ്യമങ്ങളെയും ഉമ്മന്‍ചാണ്ടി കെട്ടഴിച്ചുവിട്ടിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് വര്‍ഗവഞ്ചകന്റെ ഗീര്‍വാണ വാറോല മുഖപ്രസംഗപേജിലെ ലേഖനമാക്കി മനോരമയും മാതൃഭൂമിയും പ്രസിദ്ധീകരിച്ചത്. ഏതാനുംനാള്‍മുമ്പുവരെ "പാര്‍ടിയിലെ ഔദ്യോഗിക ചേരിക്കാരന്‍" എന്ന ചാപ്പകുത്തിയാണ് ഇദ്ദേഹത്തെ മനോരമയും മറ്റും വിശേഷിപ്പിച്ചിരുന്നത്. രാജിക്കു പിന്നിലെ ഉമ്മന്‍ചാണ്ടിയുടെ അധാര്‍മികതയെ വെള്ളപൂശുന്ന മനോരമ സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് എതിരെ ഒന്നാംപേജുമുതല്‍ കച്ചമുറുക്കി രംഗത്തുവന്നിരിക്കുന്നത് കണ്ടാല്‍ ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടോ എന്ന് തോന്നിപ്പോകും. വി എസിന്റെ ഒരു നാടന്‍ഭാഷാപ്രയോഗത്തെ സ്ത്രീത്വത്തിനെതിരെയുള്ള ആക്രമണമായി ചിത്രീകരിക്കുന്നത് അസംബന്ധമാണ്.
(ആര്‍ എസ് ബാബു)

എല്‍ഡിഎഫ് വിട്ടുവന്നാല്‍ എത്ര പണവും കൊടുക്കാം: പി സി ജോര്‍ജ്

കോഴിക്കോട്: എല്‍ഡിഎഫില്‍നിന്ന് ഇനിയും ആളുകള്‍ വന്നാല്‍ എത്ര പണം കൊടുക്കാനും തയ്യാറാണെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ്. കോടികള്‍ കൊടുത്താണോ ശെല്‍വരാജിനെ യുഡിഎഫ് പാളയത്തിലെത്തിച്ചതെന്ന ചോദ്യത്തിന് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വി എസിനെ ജനകീയനാക്കിയത് താനാണെന്നും ജോര്‍ജ് അവകാശപ്പെട്ടു. സെല്‍വരാജിന്റെ ദുഃഖം നേരത്തേ മനസ്സിലാക്കിയിട്ടുണ്ട്. അദ്ദേഹം നെയ്യാറ്റിന്‍കരയില്‍ മത്സരിക്കുമോയെന്നത് കണ്ടറിയാം. ഒറ്റയ്ക്ക് മത്സരിച്ചാലും ശെല്‍വരാജ് 30000 വോട്ടിന് ജയിക്കും- പി സി ജോര്‍ജ് പറഞ്ഞു. കുടുംബാംഗം കൂടിയായ നടന്‍ ജഗതി ശ്രീകുമാറിനെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ജോര്‍ജ്. തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാരോപിച്ച് വി എസ് അച്യുതാനന്ദന്‍ , സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ജോര്‍ജ് പറഞ്ഞു.

പൊലീസ് ഒത്താശയോടെ വി എസിനെ കരിങ്കൊടി കാണിക്കാന്‍ ശ്രമം

കൊച്ചി: പൊലീസിന്റെ ഒത്താശയോടെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെ ആലുവ ഗസ്റ്റ് ഹൗസില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ 15ഓളം പ്രവര്‍ത്തകരാണ് കരിങ്കൊടിയുമായി എത്തിയത്. പ്രതിഷേധം ഉണ്ടാകുമെന്ന് സൂചനയുണ്ടായിട്ടും ഗസ്റ്റ് ഹൗസിനു സമീപം നാമമാത്രമായ പൊലീസാണ് ഉണ്ടായിരുന്നത്. മഹിളാ കോണ്‍ഗ്രസ് പ്രകടനം എത്തുന്ന സമയത്ത് വനിതാ പൊലീസും ഉണ്ടായിരുന്നില്ല. പകല്‍ രണ്ടരയോടെ പ്രകടനമായെത്തിയവര്‍ ഗസ്റ്റ് ഹൗസിലേക്ക് കയറി. വി എസ് താമസിച്ച മുറിയുടെ വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിക്കുകയും ചവിട്ടുകയുംചെയ്തു. 20 മിനിറ്റോളം മുദ്രാവാക്യംവിളികളുമായി പ്രവര്‍ത്തകര്‍ മുറിക്കു മുന്നില്‍നിന്നശേഷമാണ് വനിതാ പൊലീസ് എത്തിയത്. അറസ്റ്റ്ചെയ്യാന്‍ ശ്രമിച്ച വനിതാ പൊലീസിനുനേരെ പ്രവര്‍ത്തകര്‍ തട്ടിക്കയറി. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ്ചെയ്തു നീക്കി.

deshabhimani 130312

1 comment:

  1. സെല്‍വരാജിനെ കാലുമാറ്റിയതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ ശക്തിപ്പെടുന്ന ചേരിതിരിവിന് മറയിടാന്‍ , "എംഎല്‍എ രാജി"യുടെ ഷോക്കില്‍ സിപിഐ എം ഉലയുന്നെന്ന ദിവാസ്വപ്നം പ്രചരിപ്പിക്കുകയാണ് മനോരമ. ഉമ്മന്‍ചാണ്ടിസേവയ്ക്ക് ഏതറ്റംവരെയും പോകുമെന്ന് ബോധ്യമാക്കുകയാണ് ഓരോ സുപ്രഭാതത്തിലും പുറത്തുവരുന്ന മനോരമ.

    ReplyDelete