Friday, October 30, 2020

ഇഡി കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ; അറസ്‌റ്റ്‌ ഓർഡറിലെയും കസ്‌റ്റഡി റിപ്പോർട്ടിലെയും വിവരങ്ങൾ തെളിവ്

 സ്വർണക്കടത്ത്‌ കേസിലെ കള്ളപ്പണ ഇടപാട്‌ അന്വേഷണം ഏറ്റെടുത്തതുമുതൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിനുമേലുണ്ടായത് കനത്ത രാഷ്‌ട്രീയസമ്മർദം. എം ശിവശങ്കറിന്റെ അറസ്‌റ്റോടെ അതു‌ കൂടുതൽ വ്യക്തമായെന്ന്‌ നിഷ്‌പക്ഷ രാഷ്‌ട്രീയനിരീക്ഷകരും സമ്മതിക്കുന്നു. ബുധനാഴ്‌ച രാത്രി ഇഡി തയ്യാറാക്കിയ അറസ്‌റ്റ്‌ ഓർഡറിലെയും വ്യാഴാഴ്‌ച കോടതിയിൽ സമർപ്പിച്ച കസ്‌റ്റഡി റിപ്പോർട്ടിലെയും വിവരങ്ങൾ കേസിലെ രാഷ്ട്രീയ ഇടപെടലിന്‌ തെളിവ്.

23ന്‌ ഇല്ലാത്ത മൊഴി  28നുണ്ടാക്കി

സ്വർണക്കടത്തിൽ ശിവശങ്കറിന്റെ പങ്ക്‌ കണ്ടെത്തിയെന്ന്‌ കസ്‌റ്റഡി റിപ്പോർട്ടിന്റെ ഏഴാംഖണ്ഡികയിൽ ഇഡി പറയുന്നു. സ്വപ്‌നയും ശിവശങ്കറും തമ്മിലുണ്ടായ വാട്‌സാപ്‌ ചാറ്റാണ്‌ തെളിവ്‌.എന്നാൽ, അതിന്റെ തീയതിയില്ല. 2019 ഏപ്രിലിലെ കാര്യമാണ്‌ പറയുന്നതെന്ന്‌ പത്താംഖണ്ഡികയിലാണുള്ളത്‌‌‌‌. അതായത്,‌ പ്രതികൾ നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തിന്റെ‌ ആലോചനയാരംഭിക്കുന്നതിനും രണ്ടുമാസംമുമ്പുള്ള കാര്യം. യുഎഇ കോൺസുലേറ്റിലേക്ക്‌ വന്ന ബാഗേജ്‌ വിട്ടുനൽകാൻ ഇടപെടണമെന്ന്‌ സ്വപ്‌ന വാട്‌സാപ്പിലൂടെ ആവശ്യപ്പെട്ടു എന്നാണ്‌ പ്രധാന കണ്ടെത്തൽ. അതുപ്രകാരം ശിവശങ്കർ കസ്‌റ്റംസിനെ ബന്ധപ്പെട്ടുവെന്നും അതിൽ സ്വർണമായിരുന്നെന്ന്‌‌ സംശയിക്കാമെന്നും‌ ശിവശങ്കറിന്റെ മൊഴിയായി ഇഡി റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്‌ .

നൂറുദിവസത്തിലേറെ ഇഡിയും കസ്‌റ്റംസും എൻഐഎയും അന്വേഷിക്കുന്ന കേസിൽ ഈ വിവരം ശിവശങ്കറന്റെ മൊഴിയായിമാത്രം രേഖപ്പെടുത്തിയിരിക്കുന്നു എന്നത്‌ വിചിത്രം. അന്വേഷണ ഏജൻസിക്കുതന്നെ ഇക്കാര്യം ഡിജിറ്റൽ തെളിവായി സ്ഥാപിക്കാവുന്നതല്ലേ ഉള്ളു എന്ന ചോദ്യം പ്രസക്തമാണ്‌.  കസ്‌റ്റംസിൽ വിളിച്ച കാര്യം,  15ലെ മൊഴിയിൽ ശിവശങ്കർ സമ്മതിച്ചെന്നും‌ റിപ്പോർട്ടിലുണ്ട്‌‌. കഴിഞ്ഞ 23ന്‌ ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുമ്പോൾ പക്ഷേ, ഇക്കാര്യം കോടതിയെ ഇഡി അറിയിച്ചിട്ടില്ല. 23ന്‌ ഇല്ലാത്ത 15ലെ മൊഴി എങ്ങനെ 28നുണ്ടായി എന്നതും വിചിത്രം‌.

മുഖപത്രത്തിന്റെ സ്‌കൂപ്

നയതന്ത്ര പാഴ്സൽ വിട്ടുകിട്ടാൻ സഹായം തേടി സ്വപ്ന, ശിവശങ്കറിന്റെ ഫ്ലാറ്റിൽ പോയെങ്കിലും അദ്ദേഹം സഹായിച്ചില്ലെന്ന് എൻഐഎക്കുവേണ്ടി അസി. സോളിസിറ്റർ ജനറൽ പി വിജയകുമാർ നേരത്തേ കോടതിയിൽ പറഞ്ഞിട്ടുണ്ട്‌. 2018 നവംബറിൽ തിരുവനന്തപുരത്തെ എസ്‌ബിഐയിൽ ലോക്കർ എടുത്തുനൽകാൻ ശിവശങ്കർ സ്വപ്‌നയെ‌ സഹായിച്ചു എന്നതാണ്‌ മറ്റൊരു തെളിവ്‌. എന്നാൽ ഷാർജ ഭരണാധികാരിയിൽനിന്നു കിട്ടിയതാണ്‌ ഈ ലോക്കറിലെ 30 ലക്ഷം രൂപയെന്ന്‌ ‌ സ്വപ്‌ന മൊഴി നൽകിയിരുന്നു. രണ്ടാമത്തെ ലോക്കറിലെ ഒരുകോടി വരുന്ന പണവും സ്വർണവുമാണ്‌ കള്ളക്കടത്ത്‌ സമ്പാദ്യമായി ഏജൻസികൾ കണ്ടെത്തിയത്‌. അന്വേഷണം ഏറ്റെടുത്തതിനുപിന്നാലെ ഇഡിയുടെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നീക്കി. പകരം വന്നത്‌ ബിജെപി മുഖപത്രത്തിന്റെ ലീഗൽ അഡ്വൈസർ. മൊഴികൾ ബിജെപി മുഖപത്രത്തിൽ സ്‌കൂപ്പായി വന്നതോടെ അതിലും കാര്യം കൂടുതൽ വ്യക്തമായി.


സ്വർണക്കടത്ത്‌ അന്വേഷിക്കുന്ന ഉദ്യോഗസ്ഥയെ മാറ്റി ; വീണ്ടും ബിജെപി ഇടപെടല്‍

സ്വർണക്കടത്ത്‌ കേസ്‌ അന്വേഷിക്കുന്ന ഉന്നത ഉദ്യോഗസ്ഥയും കരിപ്പൂർ വിമാനത്താവളത്തിലെ എയർ കസ്‌റ്റംസ്‌ ഡെപ്യൂട്ടി കമീഷണറുമായ ഡോ. എൻ എസ്‌ രാജിയെ  സ്ഥലംമാറ്റി.  കേസിൽ ബിജെപി ഇടപെടൽ മൂലം സ്ഥലംമാറ്റപ്പെടുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥയാണിവർ.

സംസ്ഥാനം മുഴുവൻ അധികാരപരിധിയുള്ള സ്പെഷൽ കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ ചുമതല ഡോ. എൻ എസ്‌ രാജിയ്ക്ക് ആയിരുന്നു. കലിക്കറ്റ് എയർപോർട്ട്, കാർഗോ, കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം  എന്നിവയുടെ ചുമതലയുണ്ടായിരുന്ന ഡോ. രാജി  ചുമതലയേറ്റതോടെ കരിപ്പൂരിലെ സ്വർണവേട്ട ശക്തമാക്കി. കാർഗോ വിഭാഗത്തിലുൾപ്പെടെ പലവട്ടം കള്ളക്കടത്ത്‌ സ്വർണം പിടിച്ചു.

ഡോ. രാജിയെ തൽസ്ഥാനത്തുനിന്ന്‌ തെറിപ്പിക്കാൻ ‌ ആഭരണ കച്ചവടക്കാരടക്കമുള്ള സ്വർണക്കടത്ത്‌ ലോബി‌ ബിജെപി ഉന്നതർക്ക്‌ വൻതുക കോഴനൽകിയതായി  നേരത്തേ വാർത്തയുണ്ടായിരുന്നു.  ഉദ്യോഗസ്ഥയെ മാറ്റുന്നത്‌ വൈകിയതോടെ കോഴ കൈമാറിയകാര്യം‌ വ്യാപാരികളിൽ ചിലർ പുറത്തുവിട്ടു. കോഴപ്പണം ഒരുനേതാവ്‌ സ്വന്തമാക്കിയതായി ബിജെപിക്കുള്ളിലും ആക്ഷേപം  ഉയർന്നു. 

റവന്യു വകുപ്പിന് കീഴിലെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസിൽ അണ്ടർ സെക്രട്ടറി ആയാണ്‌ ഡോ. രാജിയെ മാറ്റിയത്‌‌. ഡെപ്യൂട്ടി കമീഷണർ വാഗീഷ് സിങ്ങിനാണ്‌ പകരം ചുമതല. സ്വർണക്കടത്ത്‌ കേസിൽ  മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ടുവെന്ന‌  ആരോപണം   നിഷേധിച്ച കസ്‌റ്റംസ്‌ ജോ. ‌ കമീഷണർ അനീഷ്‌ രാജനെയാണ്‌ ബിജെപി ഇടപെട്ട്‌ ആദ്യം സ്ഥലം മാറ്റിയത്‌. പിന്നീട്‌  സ്വർണക്കടത്ത് അന്വേഷിച്ച ഡെപ്യൂട്ടി കമീഷണർ എൻ എസ് ദേവിനെ  രേഖകൾ മാധ്യമങ്ങളിൽ വന്നു എന്ന കാരണം പറഞ്ഞും‌  ഒഴിവാക്കി.

പി വി ജീജോ 

അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു: സിപിഐ

രാഷ്ട്രീയ മുതലെടുപ്പിനായി അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഈ ഏജൻസികൾ കേരളത്തിൽ നടത്തുന്ന വഴിവിട്ട നീക്കങ്ങൾ ഇത് ശരിവയ്‌ക്കുന്നതാണ്. ഇക്കാര്യം ജനങ്ങൾ തിരിച്ചറിയുന്നുമുണ്ട്. 

രാഷ്ട്രീയ മുതലെടുപ്പിന് കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതിനെ കോൺഗ്രസ് സംസ്ഥാനത്ത് പിന്തുണയ്‌ക്കുമ്പോൾ  എഐസിസി ശക്തമായി എതിർക്കുകയാണെന്നും‌ കാനം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

നേതാവിന്റെ മകൻ പ്രത്യേകതരം പൗരനല്ല. ബിനീഷ് ഒരു വ്യക്തിയാണ്. അദ്ദേഹത്തിനെതിരായ അന്വേഷണത്തിന്‌  സർക്കാരുമായി  ബന്ധമില്ല. സാധാരണ പൗരന്മാരോടെന്നപോലെ ഇന്ത്യയിലെ ശിക്ഷാനിയമം ഉപയോഗിച്ച് കേസെടുക്കാനും അന്വേഷിക്കാനും കഴിയും. ഇക്കാര്യത്തിൽ വേറെ പ്രത്യേകതയൊന്നും കാണുന്നില്ലെന്നും കാനം പറഞ്ഞു.

No comments:

Post a Comment