Tuesday, November 24, 2009

ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് - മറ നീക്കിയ പൊരുള്‍

പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ച അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന ബിജെപിയുടെ തലമുതിര്‍ന്ന നേതാവ് അടല്‍ബിഹാരി വാജ്പേയി അടക്കമുള്ള സംഘപരിവര്‍ നേതൃത്വത്തിന്റെ അവകാശവാദം പൊള്ളയാണെന്ന് ഒരിക്കല്‍കൂടി ബോധ്യപ്പെട്ടിരിക്കുന്നു. ബാബറി മസ്ജിദ് തകര്‍ക്കുന്നതിന് ആസൂത്രണമൊന്നും ഉണ്ടായിട്ടില്ലെന്നും ജനക്കൂട്ടം വികാരം നിയന്ത്രിക്കാനാകാതെ പൊടുന്നനെയാണ് ബാബറി മസ്ജിദ് തകര്‍ത്തതെന്നുമായിരുന്നു സംഘപരിവാര്‍ നേതൃത്വം എന്നും വാദിച്ചിരുന്നത്. ഒരു മിത്തുപോലെ സംഘപരിവാര്‍ വളര്‍ത്തിക്കൊണ്ടുവന്ന ഈ സിദ്ധാന്തമാണ് ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് തകര്‍ത്തത്.

പാര്‍ലമെന്റില്‍ വയ്ക്കുന്നതിനുമുമ്പുതന്നെ ചോര്‍ത്തിയ റിപ്പോര്‍ട്ടനുസരിച്ച് മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയി, പ്രതിപക്ഷ നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ ലാല്‍കൃഷ്ണ അദ്വാനി, മുന്‍ ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായിരുന്ന മുരളീമനോഹര്‍ ജോഷി എന്നിവര്‍ക്ക് ബാബറി മസ്ജിദ് തകര്‍ത്തതില്‍ നേരിട്ട് പങ്കുണ്ടെന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്. സൈനികമായ കൃത്യതയോടെയാണ് ബാബറി മസ്ജിദ് തകര്‍ത്തതെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. ബാബറി മസ്ജിദ് തകര്‍ത്തതിനുശേഷം സിബിഐ രജിസ്റ്റര്‍ചെയ്ത രണ്ടുകേസിലും പേരില്ലാത്ത ആളായിരുന്നു വാജ്പേയി. ആദ്യകേസില്‍ 49 പേരും രണ്ടാമത്തെ കേസില്‍ എട്ടുപേരുമാണ് പ്രതികളായി ഉണ്ടായിരുന്നത്. അദ്വാനി, എം എം ജോഷി, ഉമാഭാരതി, കല്യാസിങ്, അശോക്സിംഗാള്‍, ഗിരിരാജ് കിഷോര്‍, സാധ്വി ഋതാംബര, വിഷ്ണുഹരി ദാല്‍മിയ, വിനയ് കത്യാര്‍, മഹന്ത് അവൈദ്യനാഥ്, രാംവിലാസ് വേദാന്തി തുടങ്ങിയവരാണ് ഈ രണ്ടുകേസിലായി പ്രതിചേര്‍ക്കപ്പെട്ടത്. അതിലൊന്നും വാജ്പേയിയുടെ പേര് ഉണ്ടായിരുന്നില്ല. എന്നാല്‍, സാക്ഷിവിസ്താരത്തിലും തെളിവുകള്‍ ശേഖരിച്ചും റിപ്പോര്‍ട്ട് തയ്യാറാക്കിയ ലിബര്‍ഹാന്‍ പറയുന്നത് വാജ്പേയിക്കും എല്ലാം അറിയാമായിരുന്നെന്നാണ്. സംഘപരിവാര്‍ 'ലിബറല്‍' മുഖഛായയുമായി ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ച വാജ്പേയിയുടെ യഥാര്‍ഥ മുഖമാണ് ലിബര്‍ഹാന്‍ കമീഷന്‍ പുറത്തുകൊണ്ടുവന്നിട്ടുള്ളത്.

ബിജെപിയുടെ മുന്‍ ജനറല്‍ സെക്രട്ടറി ഗോവിന്ദാചാര്യ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ബിബിസി ടെലിവിഷന്‍ ചാനലിനോട് ഇക്കാര്യം തുറന്നു പറഞ്ഞിട്ടുമുണ്ട്. അതിനുശേഷം ഗോവിന്ദാചാര്യക്ക് ബിജെപിയില്‍നിന്ന് പുറത്തുപോകേണ്ടിയും വന്നു.

വളരെ ആസൂത്രിതമായി മുന്‍കൂട്ടിത്തന്നെ വിശദാംശങ്ങളടക്കം ആസൂത്രണംചെയ്താണ് ബാബറി മസ്ജിദ് തകര്‍ത്തതെന്നാണ് ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് പറയുന്നത്. ഇതിനു പിന്നില്‍ ആര്‍എസ്എസും വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും മറ്റും ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. തങ്ങളുടെ ഫാസിസ്റ്റ് പദ്ധതിക്ക് ജനങ്ങളുടെ അംഗീകാരം ലഭിക്കാനാണ് വാജ്പേയിയെയും മറ്റു നേതാക്കളെയും ആര്‍എസ്എസ് മുന്നില്‍ നിര്‍ത്തിയതത്രേ. മാതൃസംഘടനയായ ആര്‍എസ്എസിനെ തള്ളിപ്പറയാന്‍ വാജ്പേയിക്കുപോലും കഴിഞ്ഞിരുന്നില്ലെന്നും ലിബര്‍ഹാന്‍ പറയുന്നു.
വാജ്പേയിയും അദ്വാനിയും മറ്റും ആര്‍എസ്എസിന്റെ ഉപകരണങ്ങള്‍മാത്രമായി മാറിയെന്നുകൂടി പറയുമ്പോള്‍ വാജ്പേയിക്ക് നാഗ്പുരുമായി അകല്‍ച്ചയുണ്ടായിരുന്നെന്ന വാദക്കാരുടെ മുനയാണ് ഒടിയുന്നത്. സംശയത്തിന്റെ ആനുകൂല്യം നല്‍കി സംഘപരിവാര്‍ നേതാക്കളെ കുറ്റവിമുക്തമാക്കരുതെന്നുകൂടി കമീഷന്‍ പറയുന്നുണ്ട്.

വാജ്പേയിയെ ഇതുവരെ ഒരുകേസിലും പ്രതിയാക്കാത്തതില്‍നിന്ന് കോണ്‍ഗ്രസിന് ഒഴിഞ്ഞുമാറാനാകില്ല. മാത്രമല്ല, 2003ല്‍ എന്‍ഡിഎ സര്‍ക്കാര്‍ നിലവിലുള്ളപ്പോഴാണ് ഉപപ്രധാനമന്ത്രിയായിരുന്ന അദ്വാനിക്കെതിരെയുള്ള ക്രിമിനല്‍ ഗൂഢാലോചനാക്കേസ് സിബിഐ പിന്‍വലിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷമായി അധികാരത്തിലിരുന്നിട്ടും ഇത് പുനഃപരിശോധിക്കാനും യുപിഎ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലെങ്കിലും ബാബറിമസ്ജിദ് കേസ് പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നു പ്രതീക്ഷിക്കാം.

ആസൂത്രിതമായാണ് ബാബറി മസ്ജിദ് തകര്‍ത്തതെന്നത് ലിബര്‍ഹാന്‍ പറയുന്നതിനുമുമ്പ് തെളിവുകളോടെ സ്ഥാപിക്കപ്പെട്ട സംഭവമാണ്. വികാരത്തിന്റെ പുറത്ത് പൊടുന്നനെയാണ് പള്ളി നിലംപൊത്തിയതെന്ന വാദം ശരിയല്ലെന്ന് 1992 ഡിസംബര്‍ ആറിന് അയോധ്യയില്‍ നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നു. ചിരപുരാതനവും സാമാന്യം വലിയതുമായ പള്ളി തകര്‍ക്കുക അത്ര എളുപ്പമായിരുന്നില്ല. പൊടുന്നനെ ഒരു കൂട്ടം ആളുകള്‍ക്ക് ഈ പള്ളി തകര്‍ക്കാന്‍ കഴിയുമായിരുന്നില്ല. മുന്‍കൂട്ടിയുള്ള ആസൂത്രണത്തിന്റെ ഭാഗമായാണ് പിക്കാസും മറ്റ് ആയുധങ്ങളുമായി കര്‍സേവകര്‍ 17 വര്‍ഷംമുമ്പ് ഒരു ഡിസംബര്‍ രണ്ടിന് അയോധ്യയിലെത്തിയതും പള്ളി തകര്‍ത്തതും. അന്ന് ഉത്തര്‍പ്രദേശ് ഭരിച്ചിരുന്നത് കല്യാസിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരായിരുന്നു. അതുകൊണ്ടുതന്നെ ആസൂത്രണംചെയ്യുന്നതിനും ആയുധങ്ങളും ഉപകരണങ്ങളും സംഭരിക്കുന്നതിനും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് എളുപ്പത്തില്‍ കഴിയുകയും ചെയ്തു. ബാബറി പള്ളി തകര്‍ക്കുന്നതിന് തലേദിവസംപോലും അയോധ്യതില്‍ ബിജെപിയുടെയും സംഘപരിവാറിന്റെയും നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. മാത്രമല്ല,അയോധ്യയിലേക്ക് എത്തിച്ച ജനങ്ങളെ പള്ളി പൊളിക്കാനുള്ള മാനസികാവസ്ഥയിലേക്ക് നയിച്ചത് അദ്വാനിയും കൂട്ടരുമായിരുന്നെന്ന കാര്യത്തിലും തര്‍ക്കമില്ല. രഥയാത്രയും ശിലാന്യാസവും മറ്റും ഇത്തരമൊരു വികാരം സൃഷ്ടിക്കാനായി നടത്തിയ പരിപാടികളായിരുന്നു. അതുകൊണ്ടുതന്നെ ബാബറി മസ്ജിദ് തകര്‍ത്തതിനു പിന്നില്‍ ബിജെപിക്കും സംഘപരിവാറിനുമുള്ള പങ്ക് നേരത്തെതന്നെ വ്യക്തമാണ്.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ത്ത സംഘപരിവാര്‍ നേതാക്കളെ ശിക്ഷിക്കാന്‍ ഒരു ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് വരാന്‍ കാത്തിരിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. പതിനേഴു വര്‍ഷത്തിനുശേഷം സമര്‍പ്പിക്കപ്പെട്ട ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്ന വസ്തുതകള്‍ നേരത്തെതന്നെ ഭരണാധികാരികള്‍ക്കും മറ്റും വ്യക്തമായി അറിയാവുന്ന കാര്യമായിരുന്നു. എന്നിട്ടും കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടില്ല. അവര്‍ പൊതുപ്രവര്‍ത്തകരുടെ മുഖംമൂടിയണിഞ്ഞ് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന പ്രവര്‍ത്തനവുമായി മുന്നോട്ടുപോയി. അതുകൊണ്ടുതന്നെ ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും എന്തെങ്കിലും നടപടി ഉണ്ടാകുമെന്ന് ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ പറയാനാകില്ല. ഇത്തരം വര്‍ഗീയശക്തികളോട് ഒരു മൃദുസമീപനമാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.

മുംബൈയിലെ വര്‍ഗീയകലാപത്തെക്കുറിച്ച് അന്വേഷിച്ച ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ട് ബിജെപി-ശിവസേനാ നേതാക്കളെ കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടും ഇതുവരെയായും നടപ്പാക്കപ്പെട്ടിട്ടില്ല. കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുണ്ടായിട്ടും ഇതായിരുന്നു സ്ഥിതി. അതുകൊണ്ടുതന്നെ ലിബര്‍ഹാന്‍ കമീഷനും നടപ്പാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാനാകില്ല.

ബാബറി മസ്ജിദ് തകര്‍ത്ത് പത്തു ദിവസത്തിനുശേഷമാണ് ലിബര്‍ഹാന്‍ കമീഷന് നരസിംഹറാവു സര്‍ക്കാര്‍ രൂപം നല്‍കിയത്. 48 തവണ കാലാവധി നീട്ടിയ ഈ കമീഷന്‍ ജൂണിലാണ് റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചത്. അഞ്ചുമാസം കഴിഞ്ഞിട്ടും ഈ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചിട്ടില്ല. നടപടി റിപ്പോര്‍ട്ടിനൊപ്പം ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയുമുണ്ടയി. ഈ ഘട്ടത്തിലാണ് 'ഇന്ത്യന്‍ എക്സ്പ്രസ്' പത്രം റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിട്ടത്. കമീഷനോ അതല്ലെങ്കില്‍ ആഭ്യന്തരമന്ത്രാലയമോ ആണ് റിപ്പോര്‍ട്ട് ചോര്‍ത്തിക്കൊടുത്തിരിക്കുക എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കരിമ്പുകൃഷിക്കാരുടെ സമരവും വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും കേന്ദ്ര സര്‍ക്കാരിനെ വേട്ടയാടുമ്പോഴാണ് ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് ചോര്‍ത്തപ്പെട്ടതെന്നതും ശ്രദ്ധേയമാണ്.

വി ബി പരമേശ്വരന്‍ ദേശാഭിമാനി 241109

3 comments:

  1. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ച അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന ബിജെപിയുടെ തലമുതിര്‍ന്ന നേതാവ് അടല്‍ബിഹാരി വാജ്പേയി അടക്കമുള്ള സംഘപരിവര്‍ നേതൃത്വത്തിന്റെ അവകാശവാദം പൊള്ളയാണെന്ന് ഒരിക്കല്‍കൂടി ബോധ്യപ്പെട്ടിരിക്കുന്നു. ബാബറി മസ്ജിദ് തകര്‍ക്കുന്നതിന് ആസൂത്രണമൊന്നും ഉണ്ടായിട്ടില്ലെന്നും ജനക്കൂട്ടം വികാരം നിയന്ത്രിക്കാനാകാതെ പൊടുന്നനെയാണ് ബാബറി മസ്ജിദ് തകര്‍ത്തതെന്നുമായിരുന്നു സംഘപരിവാര്‍ നേതൃത്വം എന്നും വാദിച്ചിരുന്നത്. ഒരു മിത്തുപോലെ സംഘപരിവാര്‍ വളര്‍ത്തിക്കൊണ്ടുവന്ന ഈ സിദ്ധാന്തമാണ് ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് തകര്‍ത്തത്.

    ReplyDelete
  2. ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് ലോക്സഭയില്‍

    ന്യൂഡല്‍ഹി: ബാബ്റി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ചുള്ള ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ വെച്ചുു. ഉച്ചക്ക് 12മണിയോടെ ആഭ്യന്തരമന്ത്രി പി ചിദംബരമാണ് റിപ്പോര്‍ട്ട് ലോക്സഭയില്‍ വെച്ചത്. ഉച്ചയ്ക്ക് രണ്ടു മണിക്ക് രാജ്യസഭയില്‍ റിപ്പോര്‍ട്ട് വെയ്ക്കും. മുന്‍പ്രധാനമന്ത്രി എ ബി വാജ്പേയി, പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവരെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. കടുത്ത എന്തെങ്കിലും നടപടികള്‍ ഇവര്‍ക്കെതിരെ വേണമെന്ന് റിപ്പോര്‍ട്ടിലില്ല. വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ എന്തെങ്കിലും നിയമ നിര്‍മാണം വേണമെന്ന് റിപ്പോര്‍ട്ടിലുണ്ട്.

    ReplyDelete
  3. ലിബര്‍ഹാന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടും നിക്ഷ്പക്ഷമാണോ , അതൊ കോണ്‍ഗ്രസ്സിന്റെ രാഷ്ടീയ നാടകത്തിന്റെ തിരക്കഥയാണോ എന്നും ബലമായി സംശയമുണ്ടാകുന്നു. റിപ്പോര്‍ട്ടില്‍ വാജ്പേയ് , അദ്വാനി തുടങ്ങിയ ബി.ജെ.പി നേതക്കളേയും കല്യാണ്‍ സിങ്ങിന്റെ യു.പി.സര്‍ക്കാരിനേയും കുറ്റക്കാരായി ചിത്രീകരിച്ചിരിക്കുന്നു. എന്നാല്‍ അന്നത്തെ നരസിംഹ റാവു മന്ത്രി സഭക്ക് ഇതില്‍ യാതൊരു പങ്കുമില്ലത്രെ. അതെന്താ യു.പിയില്‍ കോണ്‍ഗ്രസ്സിനും റാവുവിനും അയിത്തം കല്പ്പിച്ചിരുന്നോ?
    read more here ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിലെ രാഷ്ട്രീയം

    ReplyDelete