Saturday, March 24, 2012

പ്രശാന്തി നേഴ്സുമാരുടെ സമരം ഒത്തുതീര്‍ന്നു

മഞ്ചേരി: പ്രശാന്തി ഹൈടെക് ആശുപത്രിയില്‍ ഒമ്പത് ദിവസമായി നേഴ്സുമാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. സമരസഹായ സമിതി നേതൃത്വത്തില്‍ ആശുപത്രി അധികൃതരും കോഴിക്കോട് റീജ്യണല്‍ ലേബര്‍ കമീഷണറും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പിരിച്ചുവിട്ട ജോബി മൈക്കിള്‍ , ജെയ്സണ്‍ എബ്രഹാം എന്നീ നേഴ്സുമാരെ നൂറുദിവസത്തിനുശേഷം ജോലിയില്‍ തിരിച്ചെടുക്കാമെന്ന് ആശുപത്രി അധികൃതര്‍ സമ്മതിച്ചു. ഈ കാലയളവില്‍ ഇവര്‍ക്ക് പകുതി ശമ്പളം നല്‍കും. നേഴ്സുമാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കനുസരിച്ച് ശമ്പളം നല്‍കും. സമരംചെയ്യുന്ന 43 നേഴ്സുമാരും ശനിയാഴ്ച രാവിലെ എട്ടുമുതല്‍ ജോലിയില്‍ പ്രവേശിക്കും.
15 മുതലാണ് യുഎന്‍എയുടെ നേതൃത്വത്തില്‍ പ്രശാന്തിയില്‍ നേഴ്സുമാര്‍ സമരമാരംഭിച്ചത്. ബോണ്ട്, ട്രെയിനി സമ്പ്രദായം നിര്‍ത്തലാക്കുക, ആനുകൂല്യങ്ങള്‍ നല്‍കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം. ഇവ ജില്ലാ ലേബര്‍ ഓഫീസറുമായി ചര്‍ച്ചചെയ്ത് നടപ്പാക്കും. പ്രൈമറി കാറ്റഗറിയില്‍ വരുന്ന പ്രശാന്തി ആശുപത്രിയില്‍ ബിഎസ്സി നേഴ്സിങ് പാസായ ജീവനക്കാര്‍ക്ക് തുടക്കത്തില്‍ 7,500 രൂപയും ജനറല്‍ നേഴ്സിന് 6,800 രൂപയും നല്‍കണം. എന്നാല്‍ ബിഎസ്സി നേഴ്സിന് 3000 രൂപയും ജനറല്‍ നേഴ്സിന് 1500 രൂപയും മാത്രമാണ് നല്‍കിയിരുന്നതെന്ന് നേഴ്സുമാര്‍ പറയുന്നു. പുതുതായി നിയമിക്കപ്പെടുന്ന ജനറല്‍ നേഴ്സുമാര്‍ ശമ്പളമില്ലാതെ മാസങ്ങളോളം ജോലിചെയ്യേണ്ടിവരുന്നുണ്ട്. ട്രെയിനിങ് എന്ന പേരിലാണ് ശമ്പളമില്ലാതെ ജോലിചെയ്യിക്കുന്നത്. ട്രെയിനിങ് കാലയളവ് സംബന്ധിച്ച വ്യക്തത വരുത്താത്തതാണ് കാരണം. തുടര്‍ന്ന് ഇതുണ്ടാവില്ലെന്ന് ഉറപ്പുലഭിച്ചിട്ടുണ്ട്. ഇന്‍ക്രിമെന്റ്, കാഷ്വല്‍ ലീവ്, സിക്ക് ലീവ്, മെറ്റേണിറ്റി ലീവ്, റിസ്ക് അലവന്‍സ് എന്നിവയൊന്നും തങ്ങള്‍ക്ക് ലഭിച്ചിരുന്നില്ലെന്നും നേഴ്സുമാര്‍ അറിയിച്ചു.

ചര്‍ച്ചയില്‍ സമരസഹായസമിതി ചെയര്‍ പേഴ്സണ്‍ സി വിജയലക്ഷ്മി, ജനറല്‍ കണ്‍വീനര്‍ ഷംസു പുന്നയ്ക്കല്‍ , യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസിം ഷാ എന്നിവര്‍ പങ്കെടുത്തു. രാവിലെ 10.30ന് ആരംഭിച്ച ചര്‍ച്ച മൂന്നുമണിക്കൂര്‍ നീണ്ടു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വെള്ളിയാഴ്ച രാവിലെ ഡിവൈഎഫ്ഐ നറുകര വില്ലേജ് കമ്മിറ്റി നേതൃത്വത്തില്‍ ആശുപത്രി പരിസരത്ത് കഞ്ഞിവച്ച് സമരക്കാര്‍ക്ക് വിതരണംചെയ്തു. ചടങ്ങ് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി കെ അബ്ദുള്ള നവാസ് ഉദ്ഘാടനംചെയ്തു. എസ് ഗോപകുമാര്‍ അധ്യക്ഷനായി. ഡിവൈഎഫ്ഐ സംസ്ഥാന ജോ. സെക്രട്ടറി വി പി റജീന, അഡ്വ. കെ മുഹമ്മദ് ഷെരീഫ്, എന്‍ അയ്യപ്പന്‍കുട്ടി, എം ആഷിക് എന്നിവര്‍ സംസാരിച്ചു. എ അജയകുമാര്‍ സ്വാഗതവും കെ അജ്മല്‍ നന്ദിയും പറഞ്ഞു. സമരത്തില്‍ പങ്കെടുത്തവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഡിവൈഎഫ്ഐ മഞ്ചേരി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി.

deshabhimani 240312

1 comment:

  1. പ്രശാന്തി ഹൈടെക് ആശുപത്രിയില്‍ ഒമ്പത് ദിവസമായി നേഴ്സുമാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. സമരസഹായ സമിതി നേതൃത്വത്തില്‍ ആശുപത്രി അധികൃതരും കോഴിക്കോട് റീജ്യണല്‍ ലേബര്‍ കമീഷണറും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പിരിച്ചുവിട്ട ജോബി മൈക്കിള്‍ , ജെയ്സണ്‍ എബ്രഹാം എന്നീ നേഴ്സുമാരെ നൂറുദിവസത്തിനുശേഷം ജോലിയില്‍ തിരിച്ചെടുക്കാമെന്ന് ആശുപത്രി അധികൃതര്‍ സമ്മതിച്ചു. ഈ കാലയളവില്‍ ഇവര്‍ക്ക് പകുതി ശമ്പളം നല്‍കും. നേഴ്സുമാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കനുസരിച്ച് ശമ്പളം നല്‍കും. സമരംചെയ്യുന്ന 43 നേഴ്സുമാരും ശനിയാഴ്ച രാവിലെ എട്ടുമുതല്‍ ജോലിയില്‍ പ്രവേശിക്കും

    ReplyDelete