നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിനുപോയ ബോട്ടില്‍ ആലപ്പുഴയ്ക്ക് പടിഞ്ഞാറ് കപ്പലിടിക്കുകയും രണ്ട് തൊഴിലാളികള്‍ മരിക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്ത സംഭവം വിരല്‍ചൂണ്ടുന്നത് മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന കടുത്ത അരക്ഷിതാവസ്ഥയിലേക്കാണ്. മീന്‍ പിടിക്കാന്‍ പോയ ബോട്ടിനെ ഇറ്റാലിയന്‍ കപ്പല്‍ വെടിവെക്കുകയും രണ്ട് മത്സ്യത്തൊഴിലാളികളെ അരുംകൊല ചെയ്യുകയും ചെയ്ത സംഭവത്തിന്റെ നടുക്കം വിട്ടും മാറും മുമ്പാണ് ഞെട്ടിപ്പിക്കുന്ന ദുരന്തമുണ്ടായിരിക്കുന്നത്. ഇന്ത്യന്‍ സമുദ്രാര്‍ത്തിയില്‍ തീരത്തുനിന്നും 13 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ടിനെ കപ്പല്‍ തകര്‍ത്തത്. ഇതില്‍ നിന്നുതന്നെ കപ്പല്‍ നിയമം ലംഘിച്ചെന്ന് വ്യക്തമാണ്.
കപ്പലിനെ പിടികൂടാനും നിയമലംഘനം നടത്തിയവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും ഇന്ത്യന്‍ നാവിക സേനയും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും അടിയന്തരമായി ഇടപെടണം. തുടര്‍ച്ചയായി രണ്ടുസംഭവമുണ്ടായ സാഹചര്യത്തില്‍ കേരളതീരത്തുനിന്നും മത്സ്യബന്ധനത്തിനുപോകുന്ന നൗകകള്‍ക്ക് മതിയായ സംരക്ഷണം നല്‍കാനും കപ്പലുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും ദേശീയതലത്തില്‍ ഭരണപരമായ തീരുമാനമെടുക്കണം. കേന്ദ്രവിദേശകാര്യ വകുപ്പും പ്രതിരോധവകുപ്പും ഇക്കാര്യത്തില്‍ ഇടപെടണം.
പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ കോസ്റ്റ്ഗാര്‍ഡോ-നാവികസേനയോ സമയോചിതമായി ഇടപെട്ടില്ല. അതുകൊണ്ടാണ് മറ്റുബോട്ടുകാര്‍ രക്ഷപ്പെടുത്തിയ ഒരു തൊഴിലാളിയുടെ ജീവന്‍ പൊലിഞ്ഞത്. ഇറ്റാലിയന്‍ കപ്പല്‍ മത്സ്യബന്ധന ബോട്ടിലേക്ക് വെടിവെച്ചത് പൊലീസിനെ ആദ്യം അറിയിച്ച വ്യക്തിയാണ് ഇപ്പോഴത്തെ സംഭവത്തില്‍ കൊല്ലപ്പെട്ട ജെസ്റ്റിനെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കാണാതായവരെ കണ്ടെത്തുന്നതിനും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം കൊടുക്കുന്നതിനും സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് പിണറായി ആവശ്യപ്പെട്ടു.
deshabhimani
മത്സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാനും ബോട്ടുകള്‍ക്ക് സുരക്ഷിതത്വം നല്‍കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തരമായി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
ReplyDelete